ചരിത്രത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒട്ടേറെ സന്ദേശങ്ങള്‍ പല മഹാന്മാരും ലോകത്തിന് നല്‍കിയിട്ടുണ്ട്. നാരായണഗുരു, കാലത്തെ അനുവര്‍ത്തിക്കുന്ന സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയ മഹത്‌വ്യക്‌തിയാണ്. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നവയും, അദ്ദേഹത്തിന്റെ പ്രായോഗിക ബുദ്ധിയെയും, വിശാലമായ കാഴ്‌ചപ്പാടിനെയുമാണ് ബോധ്യപ്പെടുത്തുന്നത്.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്', 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി', 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിയ്‌ക്കാനുമാണ്', 'സംഘടന കൊണ്ടു ശക്‌തരാവുക, വിദ്യ കൊണ്ടു പ്രബുദ്ധരാവുക', 'മദ്യം വിഷമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ ഏറെ പ്രസക്‌തമാണ്.
ഗുരുവിന്റെ സന്ദേശങ്ങള്‍ ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ടവയും, വിശാലമായ അര്‍ത്ഥങ്ങള്‍ ഉള്ളവയുമാണ്. ഏറ്റവും മൗലികമായ സന്ദേശമാണ് `ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്നത്. ജാതിയുടെ അടിസ്‌ഥാനത്തില്‍ അടിച്ചേല്‍പിക്കുന്ന നിയമങ്ങള്‍ മനുഷ്യത്വത്തെ നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഒരു ജാതി എന്ന സങ്കല്‍പം 1920-ലെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗുരു അവതരിപ്പിച്ചത്. 1914-ല്‍ രചിച്ച `ജാതിനിര്‍ണ്ണയം' എന്ന കവിതയില്‍ മനുഷ്യന്റെ ജാതി മനുഷ്യത്വം മാത്രമാണെന്ന് ഗുരു ചൂണ്ടിക്കാണിക്കുന്നുണ്ട്.
`ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനി ഒരാകാരം
ഒരു ഭേദവുമില്ലിതില്‍
എന്ന് ജാതിനിര്‍ണ്ണയം എന്ന കവിതയില്‍ ഒരു ജാതി എന്ന ആശയത്തെ വിപുലീകരിച്ചിട്ടുണ്ട്. ഇങ്ങനെ വ്യത്യസ്‌ത മണ്ഡലങ്ങളില്‍ ഏകത്വം ഗുരു കാണുന്നു. ഒരു ജാതി എന്നതുകൊണ്ട് മനുഷ്യ ജാതിയെയാണ് ഗുരു അര്‍ത്ഥമാക്കുന്നത്. മനുഷ്യരെല്ലാം മനുഷ്യ സ്‌ത്രീയില്‍ നിന്നു ജനിക്കുന്നതിനാല്‍ ഒരു യോനിയേയുള്ളു. ആകൃതിയുടെ കാര്യത്തിലും ഒന്നാണ്. ഭേദബുദ്ധി മനുഷ്യന്റെ സങ്കല്‍പത്തില്‍ നിന്നുണ്ടായതാണെന്നും ഈ കവിതാഭാഗത്തിലൂടെ സൂചിപ്പിക്കുന്നു.
മതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞവര്‍ സ്വന്തം മതം ശ്രേഷ്‌ഠമെന്നോ, മറ്റുള്ളവരുടേത് മോശമെന്നോ ചിന്തിക്കാറില്ല. ഈ സന്ദേശത്തിലെ കാതലായ ഭാഗം `ഒരു ജാതിയാണ്'. ഒരു ജാതിയുടെ ചേരുവകള്‍ മാത്രമാണ് ഒരു മതവും, ഒരു ദൈവവും. മതത്തെയും, ദൈവത്തെയും അടിസ്‌ഥാനമാക്കി ജനങ്ങള്‍ ഭിന്നസമുദായങ്ങളാകേണ്ട ആവശ്യമില്ലെന്നതാണ് ഒരു മതവും ഒരു ദൈവവും കൊണ്ട് ഉദ്ദേശിക്കുന്നത്.
ജാതി വ്യവസ്‌ഥയോടുള്ള എതിര്‍പ്പ് സന്ദേശത്തില്‍ മാത്രം ഒതുക്കുവാന്‍ ഗുരു ശ്രമിച്ചില്ല. പ്രവര്‍ത്തിയിലും അവ നടപ്പിലാക്കി. ഗുരുവിന്റെ സ്‌ഥാപനങ്ങളില്‍ ജാതി- മതഭേദമില്ലാതെ കുട്ടികളെ ചേര്‍ത്തിരുന്നു. താഴേത്തട്ടിലുള്ള സമുദായത്തില്‍പെട്ട കുട്ടികളെ അദ്ദേഹം എടുത്തു വളര്‍ത്തി പഠിപ്പിച്ചിരുന്നു. ആശ്രമത്തില്‍ അവരെക്കൊണ്ട് ആഹാരം പാകം ചെയ്യിക്കുകയും, വിളമ്പുകയും ചെയ്യുമായിരുന്നു. ഗുരു സ്‌ഥാപിച്ച ക്ഷേത്രങ്ങളില്‍ താഴ്‌ന്ന ജാതിക്കാര്‍ എന്നു കരുതപ്പെട്ടിരുന്നവരെ മാറ്റി നിര്‍ത്തുന്നതില്‍ അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.