ഒരു മഹത്തായ ദര്‍ശനം ഭാവി ലോകത്തിന് ഉപകാരപ്രദമായി മാറുന്നതും, അത് സംരക്ഷിക്കപ്പെടുന്നതും ശിഷ്യരിലൂടെയാണ്. ഗുരുവിന്റെ ആശയങ്ങള്‍ക്ക് പ്രചാരം നല്‍കുവാന്‍ സമൂഹത്തിന്റെ പല തട്ടുകളില്‍ നിന്നാണ് സന്ന്യാസ ശിഷ്യര്‍ മുന്നോട്ടു വന്നത്. കാഷായ വസ്‌ത്രം ധരിച്ചവരും, അല്ലാത്തവരുമെല്ലാം അതില്‍പ്പെടുന്നു. സന്ന്യാസിയുടെ വേഷഭൂഷകള്‍ക്കപ്പുറം ആധ്യാത്മിക ചൈതന്യത്തിലാണ് അവരില്‍ സമാനത ദൃശ്യമാകുന്നത്. സവര്‍ണ്ണ-അവര്‍ണ്ണ ഭേദമില്ലാതെ, സ്വദേശി-വിദേശി വ്യത്യാസമില്ലാതെ അവരിലെല്ലാം ജ്വലിച്ചു നിന്നത് ഗുരുവിന്റെ ആത്മീയ ദര്‍ശനങ്ങളായിരുന്നു.
ശ്രീനാരായണ സന്ദേശം കേള്‍ക്കാനുള്ളതല്ല, മറിച്ച് പ്രയോഗിക്കുവാനുള്ളതാണെന്ന് കേരള സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ഗുരുവിന്റെ ശിഷ്യര്‍ക്കു കഴിഞ്ഞു. ശ്രീനാരായണ ദര്‍ശനത്തിലൂടെ മാത്രമേ കേരളത്തിന്റെ മോചനം സാധ്യമാകൂ എന്ന് അവര്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു. ഗുരുവിന്റെ ആശയങ്ങള്‍ക്കും, സന്ദേശങ്ങള്‍ക്കും ജീവവായു നല്‍കാന്‍ അവര്‍ ഒരുപോലെ പ്രയത്‌നിച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് ഇത്രയധികം അനുയായികളെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞ ഗുരുക്കന്മാര്‍ വിരളമാണ്. സാഹിത്യ രംഗത്തും, സാമൂഹിക രംഗത്തും, സാംസ്‌കാരിക രംഗത്തും ആധ്യാത്മിക രംഗത്തുമെല്ലാം ഗുരുവിന്റെ ആശയങ്ങളെ പ്രവൃത്തിയിലെത്തിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഏതെങ്കിലും മതത്തിന്റെയോ, സമുദായത്തിന്റെയോ രാജ്യത്തിന്റെയോ ആചാര്യനായിരുന്നില്ല നാരായണഗുരു. അദ്ദേഹത്തിന് ഒട്ടേറെ ശിഷ്യഗണങ്ങളുണ്ട്. അവരില്‍ സന്ന്യാസ ശിഷ്യരും, ഗൃഹസ്‌ഥ ശിഷ്യരും ഉള്‍പ്പെടുന്നുണ്ട്. ഗുരുവിന്റെ ചിന്തയെ സ്വാംശീകരിക്കുവാന്‍ ശിഷ്യര്‍ക്കും, ശിഷ്യരുടെ കഴിവിനെ പ്രചോദിപ്പിക്കുവാന്‍ ഗുരുവിനും സാധിച്ചിരുന്നു. ഗുരുവിന്റെ ശിഷ്യരില്‍ പലരും വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും, ഗുരുവിന്റെ ആശയങ്ങളെ കര്‍മ്മ മണ്ഡലത്തില്‍ പ്രാവര്‍ത്തികമാക്കിയവരുമാണ്.
സന്ന്യാസ ശിഷ്യരെ തെരഞ്ഞെടുക്കുന്നതിലും ഗുരു വ്യത്യസ്‌തമായ കാഴ്‌ചപ്പാട് പുലര്‍ത്തിയിരുന്നു. ശിവലിംഗദാസ സ്വാമികള്‍, ഭൈരവന്‍ ശാന്തി, ബോധാനന്ദ സ്വാമികള്‍, സത്യവ്രതസ്വാമികള്‍, ശ്രീനാരായണ ചൈതന്യസ്വാമി, ശാന്തലിംഗ സ്വാമികള്‍, നടരാജഗുരു, ധര്‍മ്മതീര്‍ത്ഥര്‍, നാരായണതീര്‍ത്ഥ സ്വാമികള്‍, ഏണസ്‌റ്റ് കുര്‍ക്ക് എന്നിവര്‍ ഗുരുവിന്റെ സന്ന്യാസ ശിഷ്യരില്‍ പ്രധാനികളാണ്.
കേരളത്തിലെ നവോത്ഥാന ചരിത്രത്തെ, ഹിന്ദുമതത്തിലുണ്ടായ പരിഷ്‌ക്കാരങ്ങളും, അവര്‍ണരുടെ അവകാശസമരങ്ങളും മാത്രമായി പരിമിതപ്പെടുത്താനാവില്ല. നാരായണ ഗുരുവും, അയ്യങ്കാളിയും, വൈകുണ്‌ഠ സ്വാമിയുമെല്ലാം സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നു വന്നവരാണ്. ബ്രാഹ്‌മണ മേധാവിത്വത്തെ ഒരു പരിധിവരെ നേരിടുവാനും അതിലൂടെ മനുഷ്യ മഹത്വത്തെ ഉയര്‍ത്തുവാനും ഇവര്‍ക്ക് സാധിച്ചു. അതിനെ ഒരു പരിവര്‍ത്തന ശക്‌തിയായി മാറ്റാന്‍ നാരായണഗുരുവിന്റെ ധാര്‍മ്മിക നേതൃത്വത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ പലരും അതിന്റെ നായകത്വം വഹിക്കുവാനും തയ്യാറായി.
ഗുരുവിന്റെ ആശയങ്ങള്‍ക്ക് ഉണര്‍വ് നല്‍കുവാന്‍ കൊച്ചിയിലും, മലബാറിലും തിരുവിതാംകൂറിലുമുള്ള ശിഷ്യര്‍ മുന്നോട്ടു വന്നു. ഡോക്‌ടര്‍ പല്‍പ്പു, ടി.കെ.മാധവന്‍, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍, മുലൂര്‍ പത്മനാഭപ്പണിക്കര്‍, സി. കൃഷ്‌ണന്‍, മൂര്‍ക്കോത്തു കുമാരന്‍ എന്നിവരെല്ലാം അദ്ദേഹത്തിന്റെ ഗൃഹസ്‌ഥശിഷ്യരില്‍ പ്രധാനികളായിരുന്നു.