

രവീന്ദ്രനാഥ ടാഗോറും, ശ്രീനാരായണ ഗുരുവും പല കാര്യങ്ങളിലും സമാനത പുലര്‍ത്തിയിരുന്നവരാണ്. ഭാരതീയ നവോത്ഥാനത്തിന് ഊര്‍ജ്‌ജം പകര്‍ന്ന പ്രതിഭാശാലിയായിരുന്നു ടാഗോര്‍. നാരായണ ഗുരുവാകട്ടെ, കേരളീയ ജനതയെ ഉണര്‍വിലേയ്‌ക്കു നയിച്ച ആചാര്യനും. ഗുരുദേവ് എന്നാണ് ടാഗോര്‍ പൊതുവെ അറിയപ്പെട്ടത്. ശാന്തിനികേതന്റെ ധനശേഖരണത്തിനു വേണ്ടി കേരളത്തിലെത്തിയ സന്ദര്‍ഭത്തിലാണ് ടാഗോര്‍ ഗുരുവുമായി കണ്ടുമുട്ടിയത്. സി. എഫ്. ആന്‍ഡ്രൂസിനൊപ്പമെത്തിയ ടാഗോറിന് ഗുരുവിനെ കണ്ട മാത്രയില്‍ തന്നെ ഹൃദയത്തിനൊരു മാറ്റമുണ്ടായി എന്ന മുഖവുരയോടെയാണ് അവരിരുവരും സംഭാഷണമാരംഭിച്ചത്. ഇത്രയും ആത്മീയ പ്രഭാവമുള്ള ഗുരുവിനെ ലോകത്തെങ്ങും കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
'ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു' എന്ന് ആന്‍ഡ്രൂസ്സും രേഖപ്പെടുത്തി. ഒട്ടേറെ മഹാന്മാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്ന ടാഗോറിന് ഗുരുവിന്റെ മാഹാത്മ്യം തിരിച്ചറിയാനായി. ടാഗോറിന്റെ കേരള സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെക്കുറിച്ച് കുമാരനാശാന്‍ എഴുതിയ `ദിവ്യകോകിലം' എന്ന കവിതയില്‍ ദിവ്യകോകിലം എന്നു വിശേഷിപ്പിച്ചത് മഹാകവി ടാഗോറിനെ തന്നെ ആയിരുന്നു.
നാരായണ ഗുരുവുമായി സംഭാഷണത്തിലേര്‍പ്പെട്ട മഹത് വ്യക്‌തികള്‍ പലരും ഗുരുവിന്റെ സമീപത്തേയ്‌ക്ക് എത്തുകയായിരുന്നു. എന്നാല്‍ രമണ മഹര്‍ഷിയെ ഗുരു തന്നെ സന്ദര്‍ശിക്കുകയായിരുന്നു. 1916-ലാണ് ഗുരു രമണമഹര്‍ഷിയുടെ തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയത്. ദക്ഷിണേന്ത്യയിലെങ്ങും ജാതിചിന്ത ശക്‌തമായി നിലനിന്നിരുന്ന കാലത്ത്, ബ്രാഹ്‌മണരെയും, അബ്രാഹ്‌മണരെയും, സ്വദേശികളെയും, വിദേശികളെയും ആശ്രമത്തിലെ അന്തേവാസികളായി മഹര്‍ഷി സ്വീകരിച്ചിരുന്നു. ഭഗവാന്‍ എന്ന പേരിലാണ് ശിഷ്യര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ശ്രീനാരായണ സേവാശ്രമത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിക്കുവാന്‍ നാരായണ ഗുരു എത്തിയിട്ടുണ്ടെന്നറിഞ്ഞ് രമണമഹര്‍ഷിയുടെ ശിഷ്യന്‍ രമണാശ്രമത്തിലേയ്‌ക്ക് ഗുരുവിനെ ക്ഷണിക്കുകയായിരുന്നു.
അവിടെ പര്‍വത മുകളിലുള്ള സ്‌കന്ദാശ്രമത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഗുരു അവിടെ എത്തിച്ചേര്‍ന്ന വേളയില്‍ മഹര്‍ഷി ധ്യാനനിരതനായിരുന്നു. ഇരുവരും അദൈ്വതികളായ സന്ന്യാസിമാരായതു കൊണ്ടാവാം, കണ്ട മാത്രയില്‍ പരസ്‌പരം അഭിവാദ്യം ചെയ്യുകയോ സംസാരിക്കുകയോ ഉണ്ടായില്ല. അല്‍പസമയം ഗുരുവും ധ്യാനത്തിലിരുന്നു. മഹര്‍ഷിയോടൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കുകൊണ്ടതിനു ശേഷം ഗുരു മടങ്ങി. ശിവഗിരിയില്‍ തിരിച്ചെത്തിയതിനു ശേഷം ഗുരു `നിര്‍വൃതിപഞ്ചകം' എന്ന പേരില്‍ അഞ്ചു ശ്ലോകങ്ങളുള്ള കവിതയെഴുതി മഹര്‍ഷിക്ക് അയച്ചു കൊടുത്തു.

നാരായണ ഗുരുവിനെ നേരില്‍ കണ്ടു സംഭാഷണം നടത്തുവാന്‍ വിദേശികളും തത്‌പരരായിരുന്നു എന്നതിന് ദിവാന്‍ വാട്‌സിന്റെ സന്ദര്‍ശനം തെളിവാണ്. 1925-ലാണ് തിരുവിതാംകൂര്‍ ദിവാനായിരുന്ന വിദേശിയായ വാട്‌സ് ശിവഗിരിയിലെത്തിയത്. വര്‍ക്കലയുടെ പ്രകൃതി സൗന്ദര്യത്തെ ദിവാന്‍ പ്രശംസിക്കുകയും, ഗുരുവിനെ സന്ദര്‍ശിക്കാനിടയായതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. അവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമായി. തിരുവിതാംകൂറിലെ ഭരണാധികാരികള്‍ നേരിടുന്ന വര്‍ഗ്ഗീയ ചേരിതിരിവുകളെക്കുറിച്ച് ദിവാന്‍ ചൂണ്ടിക്കാട്ടി.
അവശതയനുഭവിക്കുന്ന വിഭാഗങ്ങളോട് പ്രത്യേകം കാരുണ്യം കാണിക്കണമെന്ന് ഗുരു നിര്‍ദ്ദേശിച്ചു. മഹര്‍ഷി തുല്യനായ മഹാത്മാവായാണ് വാട്‌സിന്റെ ജീവചരിത്രകാരന്മാര്‍ അദ്ദേഹത്തെ വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ടാവാം ഗുരുവിനെപ്പോലുള്ള ആത്മീയ നേതാവിനെ നേരില്‍ കാണുവാന്‍ അദ്ദേഹം തത്‌പരനായത്.
ടാഗോർ, രമണമഹർഷി, ദിവാൻ വാട്‌സ് തുടങ്ങിയ മഹദ്‌വ്യക്തികളുമായുള്ള ഗുരുവിന്റെ കൂടിക്കാഴ്ചകൾ അദ്ദേഹത്തിന്റെ ആത്മീയ പ്രഭാവവും ആഗോള സ്വീകാര്യതയും വെളിപ്പെടുത്തുന്നു. നിശബ്ദമായ ധ്യാനത്തിലൂടെയും അറിവിലൂടെയും സംഭാഷണങ്ങളിലൂടെയും ഈ പ്രതിഭകളെ ഗുരു സ്വാധീനിച്ചു. ജാതിരഹിതവും കാരുണ്യപൂർണ്ണവുമായ ഒരു ലോകവീക്ഷണം പങ്കുവെച്ച ഈ കൂടിക്കാഴ്ചകൾ ഗുരുവിന്റെ ദർശനങ്ങൾക്ക് സാർവ്വലൗകികമായ അംഗീകാരം നേടിക്കൊടുത്തു. ഗുരു കണ്ട ഒട്ടേറെ പേരിൽ ചിലർ മാത്രമാണ് ഇവർ.