ജീവിതത്തിന്റെ പൊരുളിലേയ്‌ക്കുള്ള ഉള്‍ക്കാഴ്‌ചയാണ് ദര്‍ശനം. തന്റെ അടിസ്‌ഥാനസ്വരൂപത്തെ തിരിച്ചറിഞ്ഞ് അതിനെ പ്രാപിക്കാന്‍ ജീവാത്മാവിനെ സഹായിക്കുകയാണ് ദര്‍ശനത്തിന്റെ ധര്‍മ്മം. വെറും മോക്ഷത്തിനുള്ള ഉപായങ്ങള്‍ തേടുക എന്നതല്ല ദര്‍ശനങ്ങള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജീവിതത്തെ ക്രമപ്പെടുത്തുന്നതിലും കര്‍മ്മത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിലും അതിന് വലിയ സ്വാധീനമുണ്ട്. ബുദ്ധന്‍, മഹാവീരന്‍, ഗൗതമന്‍, കണാദന്‍, കപിലന്‍, ബാദരായണന്‍, ജൈമിനി, ശങ്കരന്‍, രാമാനുജന്‍ എന്നീ ഗുരുപരമ്പരയിലെ മറ്റൊരു കണ്ണിയാണ് ശ്രീനാരായണഗുരു.
യുക്‌തിയില്‍ അടിയുറച്ച ഒരു ദര്‍ശനപദ്ധതി അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അത് തത്ത്വശാസ്ര്‌തത്തിന്റെ ഭാഗമായി മാറുന്നു. ജീവന്റെയും നിലനില്‍പ്പിന്റെയും സ്വഭാവത്തെക്കുറിച്ചുള്ള അന്വേഷണമാണ് തത്ത്വശാസ്ര്‌തം. സത്യത്തെ രണ്ടു വിധത്തില്‍ സമീപിക്കാവുന്നതാണ്. ഒന്ന്, ആരംഭവും അവസാനവും, വെളിപാടിലും പാരമ്പര്യത്തിലും ഊന്നിയത്. രണ്ടാമത്തേത് യുക്‌തിയുടെയും ചിന്തയുടെയും സ്വതന്ത്ര വ്യാപാരത്തില്‍ അടിയുറച്ചത്. ആദ്യത്തേതിനെ മതമെന്നും രണ്ടാമത്തേതിനെ തത്ത്വ ശാസ്ര്‌തമെന്നും വിളിക്കുന്നു. ഭാരതീയ തത്ത്വ ശാസ്ര്‌തത്തിന്റെ പ്രത്യേകത, അത് ആന്തരിക ലോകത്തിനു പ്രാധാന്യം നല്‍കുന്നു എന്നതാണ്.
മലയാള കാവ്യപാരമ്പര്യത്തിലെ ഋഷി എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനാണ് നാരായണഗുരു. മലയാള കവിതയുടെ ചരിത്രത്തില്‍ തപോനിഷ്‌ഠനായ ഒരാള്‍ കവിയായി അറിയപ്പെടുന്നത് ഗുരുവിലൂടെയാണെന്നു കാണാം. എല്ലാ ദര്‍ശനങ്ങളുടെയും സത്തയുള്‍ക്കൊണ്ട് ഒരു പുതിയ മാനവിക ദര്‍ശനത്തിന് രൂപം കൊടുക്കുവാന്‍ കഴിഞ്ഞു എന്നതാണ് നാരായണഗുരുവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‌തനാക്കുന്നത്. നാരായണഗുരു തന്റെ ദര്‍ശനം സ്വന്തം കൃതികളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപനിഷത്തുകള്‍ മുന്നോട്ടു വെയ്‌ക്കുന്ന ഉള്‍ക്കാഴ്‌ചയും ആധുനികമായ ശാസ്ര്‌തീയതയും ഒരേസമയം ഗുരുവിന്റെ ദാര്‍ശനിക ചിന്തയില്‍ കാണാം.
ഗുരു പല കൃതികളിലൂടെയും തന്റെ ദാര്‍ശനിക വീക്ഷണം അവതരിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ആത്മോപദേശശതകം, അദൈ്വത ദീപിക, ബ്രഹ്‌മവിദ്യാപഞ്ചകം, അറിവ്, ദൈവദശകം, ദര്‍ശനമാല, വേദാന്തസൂത്രം എന്നിവയിലെല്ലാം ഗുരുവിന്റെ ദാര്‍ശനിക കാഴ്‌ചപ്പാട് കണ്ടെത്തുവാന്‍ കഴിയും. യോഗം, തന്ത്രം, ശൈവം, അദൈ്വതം എന്നീ ദര്‍ശനങ്ങള്‍ ഗുരുവിനെ സ്വാധീനിച്ചിട്ടുണ്ട്. ആത്മീയമായ അശാന്തി അദ്ദേഹത്തെ പീഢിപ്പിച്ചിരുന്ന വേളയില്‍ യോഗവും, തന്ത്രവും അദ്ദേഹം പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. തമിഴ് ഭക്‌തിസാഹിത്യത്തിലൂടെ ശൈവദര്‍ശനവും, വേദാന്തഗ്രന്ഥങ്ങളിലൂടെ അദൈ്വതവും അദ്ദേഹം മനസ്സിലാക്കി. അദ്ദേഹത്തിന്റെ സ്‌തോത്രങ്ങളില്‍ യോഗ, തന്ത്ര, ശൈവ ദര്‍ശനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്നതിനു തെളിവുകളുണ്ട്. ശങ്കരാചാര്യരുടെ അദൈ്വത സിദ്ധാന്തം, ശങ്കരദര്‍ശനത്തില്‍ നിന്നുള്ള വ്യതിയാനം എന്നിവ ഗുരുദര്‍ശനം മനസ്സിലാക്കുവാനും വിവേചിച്ചറിയുവാനും സഹായകമാണ്.
നാരായണ ഗുരുവിന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒന്നാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുമായുള്ള അടുപ്പം. വാമനപുരത്തും, തിരുവനന്തപുരത്തും ചട്ടമ്പിസ്വാമികളോടൊപ്പം നടന്നിരുന്ന വേളയില്‍ തൈക്കാട്ട് അയ്യാവു സ്വാമികളുമായി പരിചയപ്പെടാനിടയായി. യോഗാഭ്യാസത്തിലൂടെ അനവധി സിദ്ധിമുറകള്‍ സ്വന്തമാക്കിയിരുന്ന അയ്യാവു സ്വാമികളില്‍ നിന്ന് യോഗസാധനകള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞു. യോഗം എന്നത് മനസ്സിന്റെ ഏകാഗ്രതയിലൂടെ അതിന്റെ ഉന്നതതലത്തിലെത്താനുള്ള മാര്‍ഗ്ഗമാണ്. ഒരു ജനതയുടെ മോക്ഷത്തിന് തന്റെ യോഗസിദ്ധികളെയും, തപസിദ്ധികളെയും ഗുരു ഉപയോഗിക്കുകയായിരുന്നു. ദര്‍ശനമാലയില്‍ ഗുരു യോഗത്തെ നിര്‍വചിക്കുന്നുണ്ട്.
മനസ്സിനെ ആത്മാവില്‍ ലയിപ്പിക്കുന്നതുമാണ് യോഗമെന്ന് ഗുരു അഭിപ്രായപ്പെടുന്നു. വാസനകളെ വേരോടെ പിഴുതെറിഞ്ഞ് മനസ്സിനെ ദേഹത്തിന്റെ അന്തര്‍ഭാഗത്ത് ഉറപ്പിക്കുന്നതാണ് യോഗം. തികച്ചും ഒരു കര്‍മ്മയോഗിയായി ഗുരു മാറിയ കാലത്താണ് `ദര്‍ശനമാല' ബ്രഹ്‌മവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗുരു രചിച്ചത്. ആദ്യകാലങ്ങളില്‍ ഗുരു യോഗം അനുഷ്‌ഠിച്ചിരുന്നെന്നും ഈശ്വര സാക്ഷാത്‌ക്കാരത്തിനുള്ള വഴിയായി അതിനെ കണ്ടിരുന്നെന്നും സ്‌തോത്രങ്ങളില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയും. ആ കാലഘട്ടത്തിലാവണം സുബ്രഹ്‌മണ്യകീര്‍ത്തനം പോലുള്ള കൃതി രചിച്ചതെന്ന് അനുമാനിക്കാം.
ബാഹ്യലോകത്തെക്കാൾ ഉപരിയായി മനുഷ്യന്റെ ആന്തരിക ലോകത്തിന് (മനസ്സിനും ആത്മാവിനും) വലിയ പ്രാധാന്യം നൽകുന്നു എന്നതാണ് ഭാരതീയ തത്ത്വശാസ്ത്രത്തിന്റെ പ്രധാന സവിശേഷത.