ശ്രീനാരായണ ഗുരുവിന്റെ ജീവിതകഥ ഒരു കാലഘട്ടത്തിലെ കേരള ജനതയുടെ സംസ്‌കാരത്തിന്റെയും, സാമൂഹിക ചരിത്രത്തിന്റെയും കഥ കൂടിയാണ്. മലയാളിയുടെ സ്വത്വബോധത്തെ വിപുലീകരിച്ച ദാര്‍ശനികനാണ് ഗുരു. സമുദായ പരിഷ്‌ക്കരണത്തെയും ആത്മീയ സ്വാതന്ത്ര്യത്തെയുമാണ് ഗുരു ലക്ഷ്യം വെച്ചത്. ആധ്യാത്മിക ചിന്തകനും കവിയുമായ അദ്ദേഹം എക്കാലത്തെയും ജനങ്ങളെ പ്രചോദിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ നിര്‍ണായകമായ ചില ഘടകങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കാം. ജനനം, സംസ്‌കൃത പഠനം, വിവാഹം, അവധൂതകാലം, ഗുരുവര്യന്‍, മരുത്വാമല, മതാതീത സന്ന്യാസം എന്നിവയാണവ.
തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ നിന്ന് 12 കിലോമീറ്റര്‍ വടക്കുള്ള ചെമ്പഴന്തി എന്ന ഗ്രാമത്തിലെ വയല്‍വാരം വീട്ടില്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും പുത്രനായി 1856 ആഗസ്‌റ്റ് 28-ാം തീയതിയാണ് നാരായണഗുരു ജനിച്ചത്. കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം പകര്‍ന്നു നല്‌കുന്ന കുടിപ്പള്ളിക്കുടത്തിലെ അദ്ധ്യാപകന്‍ അഥവാ ആശാനായിരുന്നു പണ്ഡിതനായ മാടനാശാന്‍. നാരായണന്‍ എന്നായിരുന്നു മാതാപിതാക്കളിട്ട പേര്. അതിന്റെ ചുരുക്കരൂപമായ 'നാണു' എന്ന പേരാണ് എല്ലാവരും ആ കുട്ടിയെ വിളിച്ചിരുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണക്കല്‍ ക്ഷേത്രവും, അവിടത്തെ പ്രസിദ്ധമായ വയല്‍വാരം വീടും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായിരുന്നു എന്നു പറയാം. നാട്ടു രാജ്യമായ തിരുവിതാംകൂറിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമായിരുന്ന എട്ടു വീട്ടില്‍ പിള്ളമാരിലുള്‍പ്പെട്ട ചെമ്പഴന്തിപ്പിള്ളയുടെ ബന്ധുക്കള്‍ക്കും വയല്‍വാരം വീട്ടിലെ പ്രശസ്‌തരായ വൈദ്യന്മാര്‍ക്കും മണക്കല്‍ ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ തുല്യമായ അധികാരാവകാശങ്ങള്‍ ഉണ്ടായിരുന്നു.
അശുദ്ധിയുള്ള മറ്റുള്ളയാളുകളെ തൊടുന്നതു വഴി ഒരാള്‍ അശുദ്ധനാവുമെന്നും, അശുദ്ധി മാറാന്‍ വീണ്ടും കുളിക്കണമെന്നുമൊക്കെയുള്ള അനാചാരങ്ങള്‍ അദ്ദേഹം ഒരിയ്ക്കലും പാലിച്ചിരുന്നില്ല.