ശ്രീനാരായണ ഗുരുവിന്റെ സാഹിത്യ സംഭാവനകൾ

സാമൂഹിക പരിഷ്‌കര്‍ത്താവും, ആധ്യാത്മികാചാര്യനും, ദാര്‍ശനികനും എന്നതിനപ്പുറം ഒരു കവി കൂടി ആയിരുന്നു ശ്രീനാരായണ ഗുരു. സ്‌തോത്രകൃതികളും, ദാര്‍ശനിക കാവ്യങ്ങളും, പ്രബോധന കവിതകളുമുള്‍പ്പെടെ അറുപതിലേറെ കൃതികള്‍ ഗുരു രചിച്ചിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച്‌ പരിമിതമായ പഠനങ്ങള്‍ മാത്രമെ നടന്നിട്ടുള്ളു. അദ്ദേഹത്തിന്റെ കാവ്യ സംഭാവനകളെ പൊതുവെ, മലയാള സാഹിത്യ ചരിത്ര രചയിതാക്കള്‍ വേണ്ട പരിഗണന നല്‍കുവാന്‍ ശ്രമിച്ചിട്ടില്ല. ഡോ.എം ലീലാവതി, കവിതാ സാഹിത്യ ചരിത്രത്തില്‍ ഗുരുവിന്റെ കാവ്യസരണിയെ അനുഭൂതിദായകമായി അടയാളപ്പെടുത്തുന്നുണ്ട്‌. ഗുരുവിന്റെ ജീവചരിത്ര രചയിതാക്കള്‍ അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ വിലയിരുത്താന്‍ ഒരു പരിധിവരെ ശ്രമിക്കുന്നുണ്ടെന്നു കാണാം. നാരായണ ഗുരുവിന്റെ കൃതികളെ സൂക്ഷ്‌മമായി വിലയിരുത്തിയ ജീവചരിത്രകാരന്‍ ഡോ.ടി. ഭാസ്‌ക്കരന്‍ ആണ്‌. കുമാരനാശാന്‍ എന്ന കവിയെ ഗുരു സ്വാധീനിച്ചതെങ്ങനെ എന്ന അന്വേഷണത്തിനാണ്‌ പലരും പ്രാധാന്യം നല്‍കിയിരിക്കുന്നത്‌.

മലയാള കവിതയില്‍ തികച്ചും വ്യത്യസ്‌തമായ ഒരു കാവ്യപന്ഥാവിന്‌ ഗുരു തുടക്കം കുറിച്ചു എന്നു പറയാം. ഒരേ സമയം പാട്ടു പാരമ്പര്യത്തെയും, സ്‌തോത്രപാരമ്പര്യത്തെയും, ദാര്‍ശനിക പാരമ്പര്യത്തെയും ഒന്നിപ്പിക്കുവാന്‍ ഗുരുവിനു കഴിഞ്ഞു. ദ്രാവിഡ വഴക്കവും, തെളിമയാര്‍ന്ന മലയാളവും, സംസ്‌കൃതത്തിന്റെ ഗരിമയും കവിതകളിലൂടെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

അദ്ദേഹത്തിന്റെ കാവ്യസംഭാവനകളെ പല വിഭാഗങ്ങളായി തിരിക്കാം. സ്‌തോത്രകൃതികള്‍, ദാര്‍ശനിക കൃതികള്‍, അനുശാസന കൃതികള്‍, ഗദ്യകൃതികള്‍, വിവര്‍ത്തനങ്ങള്‍ എന്നിവയാണവ.

സ്‌തോത്രകൃതികള്‍

ഒരേസമയം ഋഷിയും, കവിയുമായിരുന്നതിനാല്‍ കവിത്വസിദ്ധിയും, ദാര്‍ശനികമായ ഉള്‍ക്കാഴ്‌ചയും അദ്ദേഹത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു. പൊതുവെ ഭക്‌തിയാണ്‌ സ്‌തോത്രത്തിന്റെ അടിസ്‌ഥാന ഭാവം. ഈശ്വരനോടുള്ള സ്‌നേഹമാണ്‌ ഭക്‌തി എന്നു പറയാം. ശബ്‌ദത്തിന്റെ ആവര്‍ത്തനത്തിലൂടെ മനസ്സിന്‌ കൈവരുന്ന ഏകാഗ്രതയാണ്‌ സ്‌തോത്രങ്ങളുടെ മന:ശാസ്ര്‌തപരമായ വശം. ഗുരുവിന്റെ കൃതികളില്‍ വേദാന്തകൃതികളുടെ മുഴക്കവും, സ്വാനുഭൂതിയുടെ തിളക്കവും ഒരുപോലെ കാണുവാന്‍ കഴിയും. ഗുരുവിന്റെ കാവ്യരചനയുടെ ആദ്യഘട്ടം സ്‌തോത്ര രചനയുടേതാണ്‌.

ഗുരുവിന്റെ സ്‌തോത്രങ്ങള്‍ക്ക്‌ സാഹിത്യപരമായും, ചരിത്രപരമായും പ്രാധാന്യമുണ്ട്‌. ഈശ്വരാരാധന വിലക്കപ്പെട്ടിരുന്ന സമൂഹത്തിന്‌ ആരാധിക്കുവാന്‍ ഈശ്വരനെയും, ഭജിക്കുവാന്‍ സ്‌തോത്രങ്ങളും നല്‍കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അതുകൊണ്ടാണ്‌ അവ ഒരു ജനതയുടെ മോക്ഷമന്ത്രങ്ങളായി മാറിയത്‌. വാരണപ്പള്ളിയില്‍ സംസ്‌കൃത പഠനത്തിന്‌ എത്തിയ വേളയിലാണ്‌ ഗുരു ആദ്യസ്‌തോത്രം രചിച്ചതെന്ന്‌ കരുതുന്നു. ശ്രീവാസുദേവാഷ്‌ടകം, വിഷ്‌ണ്വഷ്‌ടകം എന്നിവ അക്കാലത്ത്‌ രചിച്ചതായി കരുതുന്നു. അന്ന്‌ ഗുരുവിന്റെ ഇഷ്ടദേവന്‍ വിഷ്‌ണുവായിരുന്നു.

സ്‌തോത്രരചനയുടെ രണ്ടാം ഘട്ടം അവധൂതകാലമാണ്‌. ഏറെ സ്‌തോത്രങ്ങളും എഴുതിയത്‌ അവധൂത കാലഘട്ടത്തിലാണ്‌. അസ്വസ്‌ഥമായ സഞ്ചാരങ്ങളുടെയും, ഏകാന്തമായ ധ്യാനത്തിന്റെയും കാലമായിരുന്നു ഇത്‌. ഗുരുവിന്റെ ഉപാസനാ സങ്കല്‍പത്തില്‍ മാറ്റമുണ്ടാകുന്നതും, വൈഷ്‌ണവ സ്‌തോത്രങ്ങള്‍ക്കു പകരം ശൈവ സ്‌തോത്രങ്ങളിലേയ്‌ക്കു ഗുരു കടന്നതും ഇക്കാലത്താണ്‌. തമിഴ്‌ സാഹിത്യത്തില്‍ ഈ കാലയളവില്‍ നേടിയ അറിവും ശൈവ സ്‌തോത്രങ്ങള്‍ രചിക്കുവാന്‍ കാരണമായിരുന്നിരിയ്‌ക്കാം. ചട്ടമ്പി സ്വാമികളുമായുള്ള അടുപ്പവും, തൈക്കാട്ട്‌ അയ്യാവു സ്വാമികളുമായുള്ള അടുപ്പവും, തമിഴ്‌ ഭക്‌തി സാഹിത്യവുമായുള്ള ബന്ധവും, സ്‌തോത്ര രചനയില്‍ മാറ്റങ്ങള്‍ക്ക്‌ കാരണമായി.

മലയാളത്തിലെ സ്‌തോത്രരചനയുടെ ഗതി മാറ്റുവാനും ഗുരുവിന്റെ ഭാഷാസ്‌തോത്രങ്ങള്‍ക്കു സാധിച്ചു. വെണ്മണി പാരമ്പര്യത്തിലെ ശ്രംഗാരം കലര്‍ന്ന ഭക്‌തി സംശുദ്ധമായി മാറിയതിനും നിമിത്തമായത്‌ ഗുരുവിന്റെ സ്‌തോത്രങ്ങളാണ്‌. രണ്ടാം ഘട്ടത്തില്‍ ഗുരു എഴുതിയ സ്‌തോത്രങ്ങളില്‍ അദ്ദേഹത്തിന്റെ ആത്മാംശം അലിഞ്ഞു ചേര്‍ന്നിരിക്കുന്നതു കാണാം. മൂന്നാം ഘട്ടത്തില്‍ അദ്ദേഹം രചിച്ചിട്ടുള്ള സ്‌തോത്രങ്ങള്‍ ക്ഷേത്ര പ്രതിഷ്‌ഠകളോട്‌ ബന്ധപ്പെട്ടിട്ടുള്ളതാണ്‌.

ആരാധനാരീതികളും, വിഗ്രഹങ്ങളും മാറിയതോടെ സ്‌തോത്രങ്ങളുടെ ആവശ്യവും കൂടിവന്നു. ക്ഷേത്ര പ്രതിഷ്‌ഠകളോടൊപ്പം ആ ദേവതയെ സ്‌തുതിക്കുവാനുള്ള സ്‌തോത്രങ്ങളും ഗുരു എഴുതി നല്‍കി. ക്ഷേത്ര പ്രതിഷ്‌ഠകളിലൂടെ, സമൂഹത്തില്‍ പ്രതീക്ഷിച്ച മാറ്റം കാണുന്നില്ല എന്നു മനസ്സിലാക്കിയ ഗുരു, സ്‌തോത്രരചനകളില്‍ നിന്ന്‌ സാവധാനം പിന്‍വാങ്ങി. ഈ നാലാം ഘട്ടത്തില്‍ പരമ്പരാഗത രചനാരീതിയില്‍ നിന്നു മാറി സ്വതന്ത്രമായ ശൈലി സ്വീകരിക്കുന്നതു കാണാം. ഗുരുവിന്റെ ചിന്തയിലുണ്ടായ മാറ്റങ്ങള്‍ സ്‌തോത്രങ്ങളുടെ രചനാരീതിയിലും ഭാഷയിലും കാണാന്‍ സാധിക്കും. ഭാഷാരീതിയുടെ അടിസ്‌ഥാനത്തില്‍ സംസ്‌കൃത സ്‌തോത്രങ്ങള്‍, തമിഴ്‌ സ്‌തോത്രങ്ങള്‍, ഭാഷാ സ്‌തോത്രങ്ങള്‍ എന്നിങ്ങനെ ഗുരുവിന്റെ സ്‌തോത്രങ്ങളെ വിഭജിക്കാവുന്നതാണ്‌.

മറ്റ് വിഷയങ്ങൾ