Trade Media
     

അഷ്ടമുടിക്കായല്‍


കൊല്ലം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അഷ്ടമുടിക്കായലിന്റെ സൗന്ദര്യമാസ്വദിച്ച് ഉല്ലാസയാത്ര നടത്താം.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മൂന്നു തരം പാക്കേജുകളാണ് അവതരിപ്പിക്കുന്നത്.

ബ്ലൂ വാട്ടര്‍ ക്രൂയിസസ്
ഈ പാക്കേജ് 3 രൂപത്തിലുണ്ട്. 1. റൗണ്ട്-ദ-ട്രിപ്പ്, 2. സീ അന്റ് സ്ലീപ്, 3. സ്റ്റാര്‍ നൈറ്റ്

റൗണ്ട്-ദ-ട്രിപ് പാക്കേജില്‍ ഒരു പകല്‍ കൊണ്ട് അഷ്ടമുടിക്കായലിലെ മുഴുവന്‍ ദ്വീപുകളും സന്ദര്‍ശിക്കാം. സീ ആന്റ് സ്ലീപ് പാക്കേജിലാകട്ടെ പകല്‍ മുഴുവന്‍ കാഴ്ച കാണാനും രാത്രി കായലില്‍ ഹൗസ്‌ബോട്ടിനുള്ളില്‍ ഉറങ്ങാനും അവസരമൊരുക്കുന്നു. മൂന്നാമത്തെ സ്റ്റാര്‍ നൈറ്റ് പാക്കേജില്‍ യാത്ര തുടങ്ങുന്നത് വൈകുന്നേരമാണ്. രാത്രിയില്‍ ഹൗസ്‌ബോട്ട് താമസ സൗകര്യവുമുണ്ടാകും.

ഹൗസ്‌ബോട്ട് യാത്രയും റിസോര്‍ട്ടിലെ താമസവും
ഈ പാക്കേജില്‍ ഡി.റ്റി.പി.സി. ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരു ദിവസം ഹൗസ്‌ബോട്ടിലുള്ള ജലയാത്രയും പ്രമുഖമായ റിസോര്‍ട്ടിലെ താമസവുമാണ്. മൂന്നു രീതിയില്‍ ഈ പാക്കേജ് ക്രമീകരിച്ചിരിക്കുന്നു. 1. മജസ്റ്റിക് ക്രൂയിസ് ആന്‍ഡ് റിസോര്‍ട്ട് സ്‌റ്റേ, 2. എലഗന്റ് ക്രൂയിസ് ആന്റ് റിസോര്‍ട്ട് സ്‌റ്റേ, 3. സെറീന്‍ ആന്റ് റിസോര്‍ട്ട് സ്‌റ്റേ.

മജസ്റ്റിക് ക്രൂയിസ് സ്വീകരിക്കുന്നവര്‍ക്ക് ഒരു പകല്‍ മുഴുവന്‍ ഹൗസ്‌ബോട്ടില്‍ സഞ്ചാരത്തിനു ശേഷം വൈകുന്നേരം അഷ്ടമുടി റിസോര്‍ട്ടില്‍ താമസസൗകര്യം ലഭിക്കും. എയര്‍ കണ്ടീഷനും മള്‍ട്ടി ക്യൂസിന്‍ റസ്റ്ററന്റുമുള്ള റിസോര്‍ട്ടാണിത്. പിറ്റേന്ന് രാവിലെ റിസോര്‍ട്ടില്‍ നിന്ന് ഹൗസ്‌ബോട്ടില്‍ കൊല്ലത്ത് യാത്ര പുറപ്പെടുന്ന കേന്ദ്രത്തിലെത്തിക്കുന്നു.

എലഗന്റ് ക്രൂയിസ് പാക്കേജില്‍ പകല്‍ മുഴുവന്‍ ഹൗസ്‌ബോട്ട് യാത്രയ്ക്കു ശേഷം പാംലഗൂണ്‍ റിസോര്‍ട്ടിലാണ് താമസസൗകര്യം നല്‍കുന്നത്. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന കോട്ടേജുകളാണ് ഈ റിസോര്‍ട്ടിന്റെ പ്രത്യേകത. വിവിധ തരം മല്‍സ്യവിഭവങ്ങളും ലഭിക്കും. പിറ്റേദിവസം രാവിലെ ഹൗസ്‌ബോട്ടില്‍ പുറപ്പെട്ട സ്ഥലത്തെത്തിക്കും.

'സെറീന്‍' പാക്കേജില്‍ പകല്‍ നേരത്തെ ഹൗസ്‌ബോട്ടിലുള്ള ഉല്ലാസയാത്രയ്ക്കു ശേഷം താമസം അക്വാസെറീന്‍ റിസോര്‍ട്ടിലായിരിക്കും. പിറ്റേ ദിവസം രാവിലെ ഹൗസ് ബോട്ടില്‍ യാത്രയാരംഭിച്ച സ്ഥലത്തെത്തിക്കുകയും ചെയ്യും.

ഹൗസ്‌ബോട്ട് സഞ്ചാരവും കഥകളി അവതരണവും
ഒരു ദിവസം മുഴുവന്‍ ഹൗസ്‌ബോട്ടിലെ യാത്രയും വൈകുന്നേരം കഥകളിയും രാത്രി ഹൗസ്‌ബോട്ടില്‍ തന്നെ താമസവുമുള്‍പ്പെടുന്ന പാക്കേജാണിത്. പിറ്റേ ദിവസം ഉച്ചയ്ക്കു ശേഷം പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തും.

ഈ പാക്കേജുകളില്‍ താല്‍പര്യമുള്ളവര്‍ക്ക് കൊല്ലം ഡി.റ്റി.പി.സി.യുമായി ബന്ധപ്പെട്ടാല്‍ വിശദാംശങ്ങളും താരിഫും ലഭിക്കും.

വിലാസം
ഡി.റ്റി.പി.സി. ഓഫീസ്
ഗസ്റ്റ് ഹൗസ് കോംപ്ലക്‌സ്
ആശ്രാമം, കൊല്ലം
ഫോണ്‍ : + 91 474 2750170
ഇ-മെയില്‍ : dtpcqln@vsnl.net.in