Trade Media
     

ഫോര്‍ട്ട് കൊച്ചി


A. D. 1341 ല്‍ ഉണ്ടായ വലിയൊരു വെള്ളപ്പൊക്കത്തോടെയാണ് ഫോര്‍ട്ട് കൊച്ചിയുടെ ചരിത്രം തുടങ്ങുന്നത്. തികഞ്ഞ കരപ്രദേശമായിരുന്ന ഇവിടം ഒരഴിമുഖമായിമാറുകയും ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായി വികസിക്കുകയും ചെയ്്്്ത അന്നുമുതലാണ്. സമുദ്ര സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യ സ്ഥാനമായി കൊച്ചി വൈകാതെ അറിയപ്പെട്ടു. 15-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരുടെ വരവോടെ ഇന്ത്യയിലെ യൂറോപ്യന്‍ ശൈലിയിലുള്ള ആദ്യ പട്ടണവും ഇവിടെ രൂപപ്പെട്ടു.

A.D. 1663-ല്‍ പോര്‍ട്ടുഗീസുകാരില്‍ നിന്ന് ഡച്ചുകാരും പിന്നീട് അവസാന കൊളോണിയല്‍ ആധിനിവേശമായി 1795 ല്‍ ബ്രിട്ടീഷുകാരും ഫോര്‍ട്ട് കൊച്ചി പിടിച്ചെടുത്തു. ഒരു പ്രമുഖ വാണിജ്യ കേന്ദ്രം, സൈനികത്താവളം, സജീവമായ സാംസ്‌കാരിക കേന്ദ്രം, കപ്പല്‍ നിര്‍മ്മാണശാല, പ്രമുഖ ക്രിസ്ത്യന്‍ മേഖല എന്നിങ്ങനെയെല്ലാം ഫോര്‍ട്ട് കൊച്ചി കീര്‍ത്തി കേട്ടു. ഇപ്പോള്‍, നൂറ്റാണ്ടുകള്‍ക്കിപ്പുറം, വ്യത്യസ്തമായ ഏകദേശം പതിമൂന്ന് സമൂഹങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന പ്രദേശമാണിത്.

ഭീമന്‍ ചീനവലകള്‍, വാസ്‌കോ-ഡ-ഗാമ സ്‌ക്വയര്‍, സാന്താക്രൂസ് ബസലിക്ക, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്, വി.ഒ.സി. ഗേറ്റ്, ബാസ്റ്റിയന്‍ ബംഗ്ലാവ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

തേക്കു തടിയും മുളയുപയോഗിച്ചാണ് ഭീമാകാരമായ ചീനവലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. AD 1350 നും 1450 നും ഇടയിലാണ് ആദ്യമായി ഇത്തരം മീന്‍ പിടുത്ത വലകള്‍ സ്ഥാപിക്കപ്പെട്ടതെന്നാണ് രേഖകള്‍. ബീച്ചിനഭിമുഖമായി നിര്‍മ്മിച്ചിട്ടുള്ള വാസ്‌കോ-ഡ-ഗാമ സ്‌ക്വയറില്‍ നിന്നു കൊണ്ട് ചീനവലകള്‍ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും കാണാം.

പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ആരാധനാലയമാണ് സാന്താക്രൂസ് ബസിലിക്ക. 1558 ല്‍ പോള്‍ IV മാര്‍പാപ്പ ഇത് കത്തീഡ്രലായി ഉയര്‍ത്തി. ഡച്ച് അധിനിവേശ കാലത്ത് അവര്‍ നിരവധി കത്തോലിക്കാ ദേവാലയങ്ങള്‍ നശിപ്പിച്ചെങ്കിലും സാന്താക്രൂസ് പള്ളി നിലനിര്‍ത്തി. പിന്നീട് ബ്രിട്ടീഷുകാര്‍ പള്ളിയുടെ പഴയ കെട്ടിടം ഇടിച്ചു നിരത്തി. 1887 ല്‍ ബിഷപ് ഡോം ഗോമസ് വെറീറ്റയുടെ കാലത്താണ് പുതിയ കെട്ടിടം ആരാധനയ്ക്കായി തുറന്നത്. 1984-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ബസിലിക്കയായി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്രിസ്തീയ ദേവാലയവും ഇവിടെയാണ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്. 1503 മുതല്‍ 1663 വരെ നീണ്ടു നിന്ന പോര്‍ട്ടുഗീസ് അധിനിവേശ കാലത്ത് റോമന്‍ കത്തോലിക്കാ ആരാധനാലയമായിരുന്ന ഇത്, 1664 മുതല്‍ 1804 വരെ ഡച്ചുകാരുടെ കൈയ്യില്‍ നവോത്ഥാന ചര്‍ച്ചായും, 1804 മുതല്‍ 1947 വരെ ബ്രിട്ടീഷ് കാലത്ത് ആംഗ്ലിക്കന്‍ സഭയുടെ കീഴിലുള്ള ആരാധനാലയമായും മാറി. ഇപ്പോള്‍ C.S.I. സഭയുടെ കൈവശമാണ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്. ഈ പള്ളിയുടെ ചരിത്രപരമായ പ്രാധാന്യം ഇതു മാത്രമല്ല. 1524 ല്‍ വാസ്‌കോ-ഡ-ഗാമ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്തത് ഇവിടെയാണ്. പിന്നീട് 14 വര്‍ഷത്തിനു ശേഷമാണ് പോര്‍ട്ടുഗലിലേക്ക് കൊണ്ടുപോയത്. ഫോര്‍ട്ട് കൊച്ചിയിലെ ഓരോ കെട്ടിടത്തിനും, തെരുവിനും, വാതിലുകള്‍ക്കും, ജനാലകള്‍ക്കും, ശിലകള്‍ക്കും ഇങ്ങനെ ധാരാളം കഥകള്‍ പറയാനുണ്ട്.

ചരിത്രസ്മാരകങ്ങള്‍ക്കു പുറമെ വ്യത്യസ്ത തരം മത്സ്യവിഭവങ്ങള്‍ വിളമ്പുന്ന ഒട്ടേറെ ഭക്ഷണ ശാലകളും ഫോര്‍ട്ട് കൊച്ചിയെ ശ്രദ്ധേയമാക്കുന്നു.

യാത്രാസൗകര്യം
എറണാകുളത്തു നിന്ന് ബസിലോ, ഫെറി വഴിയോ ഫോര്‍ട്ട് കൊച്ചിയിലെത്താം. ബസില്‍ 13 കി. മീ. ദൂരം സഞ്ചരിച്ചെത്താന്‍ ഒരു മണിക്കൂര്‍ വേണ്ടി വരും. എന്നാല്‍ എറണാകുളം ജെട്ടിയില്‍ നിന്ന് ജങ്കാറില്‍ 20 മിനിട്ടു മാത്രമേ വേണ്ടൂ.
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : എറണാകുളം, പ്രധാന ജെട്ടിയില്‍ നിന്നും 1 കി. മീ.
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഏകദേശം 20 കി. മീ.