ഈശ്വരസ്‌തുതികളിലൂടെ ആത്മീയതയുടെ ലോകത്തേക്ക് വഴിതുറന്ന ശ്രീനാരായണഗുരു, പിന്നീട് സമൂഹത്തിന്റെ സമഗ്രമായ ഉണർവ് ലക്ഷ്യമിട്ട് രചിച്ചത് പ്രബോധനാത്മക കൃതികളാണ്. ധാർമ്മികതയ്ക്കും മാനവികതയ്ക്കും ഊന്നൽ നൽകുന്ന ഈ രചനകൾ കേവലം ഉപദേശങ്ങളല്ല, മറിച്ച് ശാസ്ത്രീയമായ യുക്തിയുടെയും ഹൃദയസ്പർശിയായ അനുകമ്പയുടെയും വിളംബരങ്ങളാണ്. ജീവകാരുണ്യപഞ്ചകം, ജാതിനിര്‍ണ്ണയം, ജാതിലക്ഷണം എന്നിവ ഇവയിൽ പ്രധാനമായ മൂന്നെണ്ണമാണ്.

ശ്രീനാരായണ ദർശനത്തിന്റെ അടിത്തറയായ അഹിംസയെയും കാരുണ്യത്തെയും മുൻനിർത്തി രചിക്കപ്പെട്ട 'ജീവകാരുണ്യപഞ്ചകം' സഹജീവികളോടുള്ള ആർദ്രമായ സമീപനത്തെ ഉയർത്തിക്കാട്ടുന്നു. ഏതൊരു ആശയത്തെയും ഹൃദയം കൊണ്ട് സമീപിക്കണമെന്നും, ജാതിയുടെ അതിർവരമ്പുകൾ ഭേദിച്ച് സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ലോകവീക്ഷണം കെട്ടിപ്പടുക്കണമെന്നും ഗുരു ഇതിലൂടെ ആഹ്വാനം ചെയ്യുന്നു. അതേസമയം, 'ജാതിനിർണ്ണയം', 'ജാതിലക്ഷണം' എന്നീ കൃതികളിലൂടെ ജാതി എന്ന അനാചാരത്തെ ശാസ്ത്രീയമായും തത്വശാസ്ത്രപരമായും ഗുരു ഖണ്ഡിക്കുന്നുണ്ട്. വർണ്ണാശ്രമ ധർമ്മങ്ങളെ നിരാകരിച്ചുകൊണ്ട് സമത്വത്തെ പ്രതിഷ്ഠിക്കാനും, തൊഴിലിന്റെയോ നിറത്തിന്റെയോ പേരിൽ മനുഷ്യർ സ്വയം വേർതിരിയുന്നതിലെ അർത്ഥശൂന്യത വെളിപ്പെടുത്താനും ഈ കൃതികൾ ശ്രമിക്കുന്നു. ഉപദേശങ്ങൾക്കപ്പുറം ശാസ്ത്രീയമായ യുക്തിചിന്തയിലൂടെ ജാതി ചിന്തകളെ പിഴുതെറിയാൻ ശ്രമിച്ച ഗുരുവിന്റെ ഈ അനുശാസനകൃതികൾ ഇന്നും സാമൂഹിക നവോത്ഥാനത്തിന്റെ കരുത്തുറ്റ പാഠപുസ്തകങ്ങളാണ്..

ജീവകാരുണ്യപഞ്ചകം

പഞ്ചകം എന്ന പേരില്‍ ഗുരുവിന്റേതായി 5 കൃതികളുണ്ട്‌. അവയില്‍ ഏറ്റവും ശ്രദ്ധേയമാണ്‌ `ജീവകാരുണ്യപഞ്ചകം`. അഹിംസാ വ്രതത്തിന്റെ മൂല്യത്തെ ആവിഷ്‌ക്കരിക്കുന്ന കൃതിയാണിത്‌. സഹജീവികളോടും, സഹജാതരോടുമുള്ള കാരുണ്യ സൂക്‌തങ്ങളാണ്‌ ഈ കവിതയില്‍ ഉള്ളടങ്ങിയിരിക്കുന്നത്‌.

ഏത്‌ ആശയത്തെയും യുക്‌തി കൊണ്ടല്ല, ഹൃദയം കൊണ്ടാണ്‌ സമീപിക്കേണ്ടതെന്ന ഉദ്‌ബോധനമാണ്‌ ഗുരു നല്‍കുന്നത്‌. ആര്‍ദ്രമായ അനുകമ്പയിലാണ്‌ ശ്രീനാരായണ ദര്‍ശനത്തിന്റെ അടിത്തറ ഉറപ്പിച്ചിരിക്കുന്നത്‌. ധര്‍മ്മം അനുഷ്‌ഠിക്കുവാനും അതിനെക്കുറിച്ച്‌ ചിന്തിക്കുവാനും നിരന്തരം നമ്മെ ഓര്‍മ്മിപ്പിച്ചിരുന്ന യതിവര്യനായിരുന്നു നാരായണഗുരു. ഗുരുവിന്റെ ലോകവീക്ഷണം ദൈവത്തെയും, മനുഷ്യനെയും, ചരിത്രത്തെയും ഇണക്കി നിര്‍ത്തുന്നതാണ്‌. ജാതിയുടെ യുക്‌തികളെ മറികടന്ന്‌ എല്ലാവരെയും സ്‌നേഹിക്കുവാനാണ്‌ ഗുരു ആഹ്വാനം ചെയ്‌തത്‌.

ജാതിനിര്‍ണ്ണയം

ജാതിയെന്താണ്‌? ജാതിയും ജന്മവും തമ്മിലുള്ള ബന്ധമെന്താണ്‌ ? ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതിന്റെ സാരാംശമെന്ത്‌ ? ഇത്തരം ചോദ്യങ്ങളെ അഭിസംബോധന ചെയ്‌തു കൊണ്ടാണ്‌ `ജാതി നിര്‍ണ്ണയം' എന്ന കവിത ഗുരു രചിച്ചിരിക്കുന്നത്‌. 1914-ല്‍ രചിച്ച ഈ കൃതിയിലൂടെ ജാതിനിഷേധം, ശാസ്ര്‌തീയ ചിന്തയുടെയും തത്ത്വബോധത്തിന്റെയും ഫലമാണെന്ന്‌ ഗുരു തെളിയിക്കുകയാണ്‌. ജാതി വ്യത്യാസം കൊണ്ട്‌ സാംസ്‌കാരികമായി അധ:പതിച്ചു കൊണ്ടിരുന്ന ഒരു ജനതയെ ശാസ്ര്‌തീയ വെളിച്ചത്താല്‍ ഉണര്‍വു നല്‍കുകയെന്ന ലക്ഷ്യം ഗുരുവിനുണ്ടായിരുന്നു.

വര്‍ണ്ണാശ്രമ ധര്‍മത്തെയും ജാതി ചിന്തയെയും നിരസിച്ചതിലൂടെ സമത്വ സങ്കല്‍പത്തെ പ്രതിഷ്‌ഠിക്കുകയായിരുന്നു ഗുരു.

ജാതിലക്ഷണം

സഹോദരന്‍ അയ്യപ്പന്റെ ആവശ്യപ്രകാരം ഗുരു എഴുതിക്കൊടുത്ത്‌ `സഹോദരന്‍' മാസികയില്‍ പ്രസിദ്ധീകരിച്ച കവിതയാണ്‌ 'ജാതിലക്ഷണം'. ഗുരുവിന്റെ ജാതിനിരാസത്തിന്റെ ശാസ്ര്‌തീയ പശ്‌ചാത്തലം വിവരിക്കുന്ന കവിതയാണിത്‌. 1914-ലാണ്‌ ഈ കവിത രചിച്ചത്‌. ഉപദേശം കൊണ്ട്‌ മനുഷ്യ മനസ്സിലെ ജാതി തുടച്ചുനീക്കാന്‍ സാധ്യമല്ലെന്ന്‌ ബോധ്യമായതിനാല്‍ ശാസ്‌ത്രീയമായി ജാതിയെ സംബന്ധിക്കുന്ന മിഥ്യാധാരണകളെ നിരാകരിക്കുകയാണ്‌ ഈ കവിതയിലൂടെ. തൊഴിലിന്റെയും, തൊലിയുടെ നിറത്തിന്റെയും പേരില്‍ മനുഷ്യന്‍ അവനവനെത്തന്നെ വേര്‍തിരിക്കുമ്പോള്‍ മനുഷ്യജാതിയുടെ ലക്ഷണമെന്ത്‌? അതിന്റെ പൊരുളെന്ത്‌? എന്ന്‌ യുക്‌തി ചിന്തയോടെ ഗുരു അന്വേഷിക്കുകയാണ്‌.

മറ്റ് വിഷയങ്ങൾ