ഈശ്വരസ്‌തുതി ഗീതങ്ങളുടെ ഘട്ടത്തില്‍ നിന്ന് നാരായണഗുരു കടന്നു ചെന്നത് സമൂഹത്തിന്റെ ഉണര്‍ത്തു പാട്ടുകളായ പ്രബോധനാത്മക കൃതികളുടെ രചനയിലേക്കാണ്. തത്ത്വാവിഷ്‌ക്കരണം ലക്ഷ്യമാക്കി രചിച്ച അവ അനുശാസനകൃതികള്‍ എന്ന പേരിലും അറിയപ്പെടുന്നു. ധാര്‍മ്മികതയ്‌ക്ക് ഊന്നല്‍ നല്‍കുന്ന നിരവധി അനുശാസനകൃതികള്‍ ഗുരു രചിച്ചിട്ടുണ്ട്.
'മുനിചര്യാപഞ്ചകം' എന്ന കൃതി, ഗുരു അരുവിപ്പുറത്തു കഴിഞ്ഞ കാലഘട്ടത്തില്‍ രചിച്ച കൃതിയാണ്. ഭൗതിക ജീവിതത്തില്‍ നിന്നു മുക്‌തി നേടിയ ഒരു മുനിവര്യന്‍ ജീവിതത്തില്‍ അനുഷ്‌ഠിക്കേണ്ട ചര്യകളെയാണ് ഇതില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. `മനനമാല' എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നുണ്ട്. വേദാന്തകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പ്രൗഢ കൃതിയായി ഇതിനെ കണക്കാക്കാം.
ആധ്യാത്മിക ലക്ഷ്യത്തില്‍ ഊന്നി നിന്നുകൊണ്ട് ഒരു സന്ന്യാസി സംഘം രൂപീകരിക്കേണ്ടത് ആവശ്യമാണെന്ന് ഗുരു ആഗ്രഹിച്ചു. അങ്ങനെ രൂപപ്പെട്ട ശ്രീനാരായണ ധര്‍മ്മ സംഘത്തിലെ അംഗങ്ങള്‍ക്കു വേണ്ടി ആശ്രമനിയമങ്ങള്‍ വിവരിച്ചു കൊടുക്കുവാനായി സംസ്‌കൃതത്തില്‍ രചിച്ച 5 പദ്യങ്ങളാണ് `ആശ്രമം' എന്ന കൃതി.
1920-ല്‍ ഗുരു രചിച്ച പ്രബോധനാത്മക കൃതിയാണ് `ദത്താപഹാരം'. നല്‍കിയത് തിരിച്ചെടുക്കുക എന്നതാണ് ദത്താപഹാരം എന്ന പദത്തിനര്‍ത്ഥം. ഒരുവന് നല്‍കിയത് അപഹരിക്കുന്നത് മഹാപാപമാണ് എന്ന ഉദ്‌ബോധനമാണ് ഈ പദ്യം മുന്നോട്ടു വെയ്‌ക്കുന്നത്.
`അഹിംസ' എന്ന കൃതി ജീവകാരുണ്യപഞ്ചകം എന്ന കൃതിയിലേയ്‌ക്കു കടക്കുവാനുള്ള ഒരു പടിപ്പുരയാണ്. അഞ്ചു പദ്യങ്ങളാണ് ഇതിലുള്ളത്. നിരുപദ്രവകാരികളായ ജന്തുക്കളെ ഭക്ഷിക്കുന്നതു മൂലം ഒരാള്‍ക്ക് ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും യാതൊരു സൗഖ്യവും ഉണ്ടാവുകയില്ല. ജന്തുക്കളെ ഉപദ്രവിക്കാതെ, കൊല്ലാതെ, അവയെ സ്‌നേഹിക്കുവാന്‍ കഴിഞ്ഞാല്‍ പരമമായ സുഖം കൈവരികയും ചെയ്യും എന്നതാണിതിന്റെ സാരം.
`അനുകമ്പാദശകം` എന്ന കൃതി ഗുരുവിന്റെ മത സമന്വയ സിദ്ധാന്തത്തിന്റെ സാക്ഷാത്‌കാരമാണ്. രചനാകാലത്തെക്കുറിച്ച് അവ്യക്‌തതയുണ്ടെങ്കിലും സര്‍വ്വ മത സമ്മേളനമെന്ന ആശയത്തിനു രൂപം കൊടുത്ത കാലത്ത് ആലുവ അദൈ്വതാശ്രമത്തില്‍ വെച്ചു രചിച്ച കൃതിയാണ് അനുകമ്പാദശകം എന്നു കരുതപ്പെടുന്നു.
അനുകമ്പയില്‍ നിന്ന് വേര്‍പെട്ടു കൊണ്ടിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള ചിന്തയാവാം ഈ കവിതയെഴുതുന്നതിന് ഗുരുവിന് പ്രേരണയായത്. മതചിന്ത, മനുഷ്യ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്നുവെന്ന് ഗുരു തിരിച്ചറിഞ്ഞു. അതു മനസ്സിലാക്കിയ ഗുരുവിന്റെ ഹൃദയം അനുകമ്പാപൂരിതമായി രചിച്ചതാവാം ഈ കൃതി. അനുശാസന കൃതികളില്‍ ഏറ്റവും ശ്രദ്ധേയമെന്ന് വിശേഷിപ്പിക്കാവുന്നതും അനുകമ്പാദശകം തന്നെയാണ്. വൈക്കം സത്യാഗ്രഹമുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളുടെ കാലത്ത് ജാതിയുടെയും, വര്‍ണ്ണത്തിന്റെയും, വര്‍ഗ്ഗത്തിന്റെയും അടിസ്‌ഥാനത്തില്‍ കലഹിക്കുന്ന മനുഷ്യനില്‍ അനുകമ്പ എന്ന മൂല്യത്തെ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യം ഗുരുവിനുണ്ടായിരുന്നു.
മറ്റ് അനുശാസന കൃതികളില്‍ നിന്ന് അനുകമ്പാദശകത്തെ വ്യത്യസ്‌തമാക്കുന്നത് അതില്‍ ചേര്‍ത്തിരിക്കുന്ന ഫലശ്രുതിയാണ്. പത്തു പദ്യങ്ങളുടെ സംഗ്രഹം ഉള്‍ക്കൊള്ളുന്നതാണ് ഫലശ്രുതി. എല്ലാ വേദശാസ്ര്‌തങ്ങളുടെയും പൊരുള്‍ ഒന്നു തന്നെയാണെന്ന സത്യമാണ് ഫലശ്രുതിയിലുള്ളത്. ഏകത്വത്തിന്റെ സന്ദേശമായി അനുകമ്പാ ദശകം മാറുന്നു.