ശിവഗിരി തീര്‍ത്ഥാടനത്തെപ്പറ്റി ഗുരുവിനുള്ള സങ്കല്‍പം മതപരമായ സങ്കുചിതത്വത്തിന്റേതായിരുന്നില്ല. ശിവഗിരി ഒരു തീര്‍ത്ഥാടന കേന്ദ്രമായിരിക്കണമെന്ന ആഗ്രഹം ആദ്യം പ്രകടിപ്പിച്ചത് ഗുരുവിന്റെ ശിഷ്യനായ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരാണ്. ഗുരുവിന്റെ ദാര്‍ശനികവും, സാംസ്‌കാരികവും, വിദ്യാഭ്യാസപരവും, മതപരവുമായ പരിപാടികളുടെ കേന്ദ്രസ്‌ഥാനമാണ് ശിവഗിരി. ക്ഷേത്രങ്ങളെ സംബന്ധിച്ചുണ്ടായ പരമ്പരാഗത ആശയങ്ങളെ നവീകരിച്ച് വിദ്യാദേവതയായ ശരദാദേവിയുടെ പ്രതിഷ്‌ഠ നടത്തിയത് ശിവഗിരിയിലെ ശാരദാമഠത്തിലാണ്.
തൊട്ടുകൂടാത്തവര്‍ എന്ന് പറയപ്പെട്ടിരുന്ന സമുദായങ്ങളിലെ കുട്ടികളെ ശിവഗിരിയിലെ ആശ്രമത്തില്‍ താമസിപ്പിച്ച് ആധ്യാത്മിക തത്ത്വങ്ങള്‍ പകര്‍ന്നു നല്‍കി. വൈദികകര്‍മ്മങ്ങള്‍ പഠിപ്പിച്ച് ക്ഷേത്രത്തില്‍ പൂജാരികളാക്കി. ആത്മീയ ജീവിതത്തിലേക്ക് ആകൃഷ്‌ടരായി വന്നവര്‍ക്ക് ജാതി-മത-ദേശം കൂടാതെ, സന്ന്യാസദീക്ഷ നല്‍കി. സാധു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിശാപാഠശാല, സംസ്‌കൃത പാഠശാല, ആയുര്‍വേദപാഠശാല, വൈദികപാഠശാല എന്നിവയ്‌ക്കെല്ലാം ശിവഗിരി മഠത്തില്‍ ഗുരു ആരംഭം കുറിച്ചു. പലതരത്തില്‍ ഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനവും കൊണ്ട് അതീവശ്രദ്ധ നേടിയ ശിവഗിരിയാണ് തീര്‍ത്ഥാടന കേന്ദ്രമായി ഭക്‌തര്‍ തീരുമാനിച്ചതെന്നത് ഏറെ സവിശേഷതയാണ്. ഗുരുവിനോട് തോന്നിയ ഭക്‌തിയും ആരാധനയുമായിരിക്കാം ഇത്തരമൊരാശയം വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യരുടെ മനസ്സിലുണ്ടാകുവാനുള്ള കാരണം.
കാശിയില്‍ തീര്‍ത്ഥാടനം നടത്താന്‍ കഴിവില്ലാത്തവര്‍ ദക്ഷിണകാശി എന്നറിയപ്പെട്ടിരുന്ന വര്‍ക്കല പാപനാശത്തും, ജനാര്‍ദ്ദന സ്വാമിക്ഷേത്ര ത്തിലും ദര്‍ശനം നടത്താന്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ അന്ന് പിന്നാക്ക സമുദായത്തിലുള്ളവര്‍ക്ക് ആ ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ അര്‍ഹതയില്ലായിരുന്നു. അതിനാല്‍ ശിവഗിരി ഒരു തീര്‍ത്ഥാടന കേന്ദ്രമായി തീരുകയാണെങ്കില്‍ ആരാധനാ സ്വാതന്ത്ര്യവും, സഞ്ചാരസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗത്തിനു അതു ലഭിക്കുമെന്ന വിശ്വാസമാവാം വൈദ്യരെ ഇത്തരമൊരു ആശയത്തിനു പ്രേരിപ്പിച്ചത്. ഗോവിന്ദന്‍ വൈദ്യര്‍ തന്റെ അഭിപ്രായം എസ്.എന്‍.ഡി.പി യോഗത്തിന്റെ സജീവ പ്രവര്‍ത്തകരുമായി കൂടിയാലോചിച്ചെങ്കിലും കെ. കിട്ടന്‍ റൈട്ടര്‍ക്കു മാത്രമേ അതിനോട് അനുഭാവമുണ്ടായിരുന്നുള്ളു.
ഗോവിന്ദന്‍ വൈദ്യര്‍ തന്റെ ഗുരുവായിരുന്ന മുലൂര്‍ പത്മനാഭപ്പണിക്കരുടെ ഉപദേശം കത്തിലൂടെ ആരാഞ്ഞു. വൈദ്യരും, റൈട്ടരും കൂടി ഒരു രൂപരേഖ തയ്യാറാക്കി. ഈ അവസരത്തിലാണ് ഗുരു വൈക്കത്തേയ്‌ക്കുള്ള യാത്രാമദ്ധ്യേ കോട്ടയത്ത് നാഗമ്പടം ശിവക്ഷേത്രത്തിലെത്തിയത്. വൈദ്യര്‍, റൈട്ടരുടെ നേതൃത്വത്തില്‍ ഗുരുവിന്റെ സമീപത്തു വന്ന് ശിവഗിരിയില്‍ വര്‍ഷത്തിലൊരിക്കല്‍ തീര്‍ത്ഥയാത്ര നടത്തുന്നതിന് അനുമതി നല്‍കണമെന്ന് അപേക്ഷിച്ചു. അതു കേട്ടമാത്രയില്‍ `അത് നല്ല തീരുമാനമാണ്, നമ്മുടെ കുഴല്‍ വെള്ളത്തില്‍ കുളിക്കാം, ശാരദാദേവിയെ വന്ദിക്കുകയും ചെയ്യാം' എന്ന് ഗുരു മറുപടി നല്‍കി. എന്നാല്‍ തീര്‍ഥയാത്രയ്‌ക്ക് വൈദ്യര്‍ നിര്‍ദ്ദേശിച്ച ചില രീതികള്‍ ഗുരു സ്വീകരിക്കുകയും, മറ്റു ചിലത് ചില മാറ്റങ്ങളോടെ നടപ്പില്‍ വരുത്തുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു.
ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് ശബരിമല തീര്‍ത്ഥാടകരുടേതു പോലെ ഭാണ്ഡക്കെട്ടുകളും വേണ്ട, ദീക്ഷയും വളര്‍ത്തേണ്ട. നീണ്ട വ്രതവും, കഠിന വ്യവസ്‌ഥകളും ആവശ്യമില്ലെന്ന് ഗുരു അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നു കൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിനായിക്കൊള്ളട്ടെ, അതായത് ജനുവരി ഒന്നാം തീയതി എന്നും ഗുരു നിര്‍ദ്ദേശിച്ചു. തീര്‍ത്ഥ യാത്രക്കാരെ തിരിച്ചറിയുന്നതിന് മഞ്ഞ വസ്‌ത്രം ആകാമെന്നും ഗുരു അഭിപ്രായപ്പെട്ടു. ഉപയോഗിച്ചിരിക്കുന്ന വെള്ള വസ്‌ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിക്കാം. യാത്ര ആര്‍ഭാടരഹിതമാകണം. പിന്നീട് ശിവഗിരിയില്‍ ഗുരുവിനെ സന്ദര്‍ശിച്ച വല്ലഭശ്ശേരിയോട് ഗുരു ചില കാര്യങ്ങള്‍ കൂടി നിര്‍ദ്ദേശിക്കുകയുണ്ടായി.
വിദ്യാഭ്യാസം, ശുചിത്വം, ഭക്തി തുടങ്ങിയ മൂല്യങ്ങളിലൂന്നിയ ശിവഗിരി തീർത്ഥാടനം, ആചാരബദ്ധമായ തീർത്ഥാടന സങ്കൽപ്പങ്ങളെ പരിഷ്കരിച്ച് ഒരു സാംസ്‌കാരിക നവോത്ഥാനമായി ഗുരു മാറ്റി. ജാതിമത ഭേദമന്യേ എല്ലാവർക്കും അറിവും ആത്മീയതയും പകർന്നുനൽകുന്ന ഒരു പുണ്യകേന്ദ്രമായി ശിവഗിരി ഇന്നും ശോഭിക്കുന്നു.