ശിവഗിരിമഠത്തില്‍ വര്‍ഷം തോറും നടന്നുവരുന്ന തീര്‍ത്ഥാടനം നാരായണ ഗുരുവിന്റെ മഹത്തായ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള അവസരമാണ്‌. ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക്‌ ചേര്‍ന്ന രീതിയില്‍ തീര്‍ത്ഥാടന സമ്മേളനങ്ങള്‍ നടത്താന്‍ നടരാജഗുരു തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ അന്നത്തെ ഭാരവാഹികള്‍ സ്വീകരിക്കാതെ വന്നപ്പോള്‍ ശിവഗിരിയിലെ പരിപാടികളില്‍ പങ്കെടുക്കാതെ നടരാജഗുരു അടുത്തുള്ള ഗുരുകുലത്തില്‍ വിശ്രമിച്ചിരുന്നു. ഈ അവസരത്തില്‍ തീര്‍ത്ഥാടകരായി വന്നവര്‍ നടരാജഗുരുവിനെ സന്ദര്‍ശിക്കുവാനായി അവിടെ എത്തിയിരുന്നു. അവര്‍ക്കായി ചില വിശദീകരണങ്ങള്‍ അദ്ദേഹം നല്‍കി. ഈ അനൗപചാരികയോഗം ആയിരുന്നു 1951-ലെ ആദ്യത്തെ ഗുരുകുല കണ്‍വെന്‍ഷന്‍.

അദ്ദേഹത്തിന്‌ സഹായിയായി നിത്യചൈതന്യയതിയും ഉണ്ടായിരുന്നു. അന്ന്‌ നടരാജഗുരുവും, ശിഷ്യരും ചേര്‍ന്ന്‌ ഒരു തീരുമാനം എടുത്തു. എല്ലാ വര്‍ഷവും ശിവഗിരി തീര്‍ത്ഥാടന സമയത്ത്‌ താത്വികമായ അറിവുകള്‍ ഗുരുവിന്റെ ഭക്‌തന്മാര്‍ക്ക്‌ പകര്‍ന്നു കൊടുക്കുവാന്‍ ഗുരുകുലത്തില്‍ ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന്‌. അങ്ങനെ 1952-മുതല്‍ ശിവഗിരി തീര്‍ത്ഥാടനത്തോടൊപ്പം ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക്‌ രൂപം നല്‍കിക്കൊണ്ട്‌ ഔപചാരികമായ ഗുരുകുല കണ്‍വെന്‍ഷന്‍ ആരംഭിച്ചു. നടരാജഗുരു, ജോണ്‍ പിയേഴ്‌സ്‌, സ്വാമി മംഗളാനന്ദ, നിത്യചൈതന്യയതി എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. സമീപവാസികളായ പാവപ്പെട്ടവര്‍ക്ക്‌ ആണ്ടിലൊരിക്കലെങ്കിലും കലാപരിപാടികള്‍ ആസ്വദിക്കുവാനുള്ള അവസരം നല്‍കാനും നടരാജഗുരു നിര്‍ദ്ദേശിച്ചു.

നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്നവരുടെ ശ്രദ്ധ ഗുരുകുലത്തിലേക്ക്‌ തിരിയുന്നതിന്‌ ഈ സമ്മേളനം സഹായകമായി. ഗുരുവിനെ ഗൗരവബുദ്ധ്യാ പഠിക്കാന്‍ താത്‌പര്യമുള്ളവര്‍ക്കും ഗുരുകുലപ്രസ്‌ഥാനത്തിന്റെ അനുഭാവികള്‍ക്കും ഒന്നിച്ചുകൂടി ഒരാഴ്‌ചക്കാലം സഹവസിക്കുവാനുള്ള ഒരവസരമാണ്‌ ഗുരുകുല കണ്‍വെന്‍ഷന്‍. ജാതി, മതം, ഭാഷ, ദേശം, പ്രായം, സ്ര്‌തീ, പുരുഷന്‍, വിദ്യാഭ്യാസ യോഗ്യത, വിശ്വാസപ്രമാണം എന്നിങ്ങനെയുള്ള വേര്‍തിരിവുകളൊന്നും കൂടാതെ എല്ലാവരും ഗുരുവിന്റെ സാന്നിധ്യത്തില്‍ ഒത്തുചേര്‍ന്ന്‌ ഹോമമന്ത്രവും, വേദങ്ങളും, ഉപനിഷത്തുക്കളും ഉരുവിടുന്നു. ഔപചാരികതയ്‌ക്ക്‌ ഒരു സ്‌ഥാനവും കല്‍പിക്കാതെയാണ്‌ കണ്‍വെന്‍ഷന്‍ നടത്തുന്നത്‌.

ജനങ്ങള്‍ക്കും, രാഷ്‌ട്രത്തിനും അഭിവൃദ്ധിയും, പുരോഗതിയും ഉണ്ടാകണമെന്ന നവീന കാഴ്‌ചപ്പാട്‌ തീര്‍ത്ഥാടനത്തിന്റെ പ്രധാന ലക്ഷ്യമായി ഇന്നും തുടര്‍ന്നു പോകുന്നു. പരിമിതമായ ആളുകളുള്ള ഒരു പ്രവര്‍ത്തനമായി ആരംഭിച്ച ശിവഗിരി തീര്‍ത്ഥാടനം ഇന്ന്‌ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഒരു പ്രസ്‌ഥാനമായി വളര്‍ന്നു എന്നത്‌ ഗുരുവിന്റെ ദീര്‍ഘവീക്ഷണത്തിന്റെ നിദര്‍ശനം കൂടിയാണ്‌.

മറ്റ് വിഷയങ്ങൾ