ശിവഗിരി

തീര്‍ത്ഥാടനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണ്ണമാകണമെങ്കില്‍ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്‌തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളില്‍ അറിവ്‌ സമ്പാദിച്ച്‌ പ്രവൃത്തിയില്‍ വരുത്താന്‍ ശ്രമിക്കണം. ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകണം. ശിവഗിരി തീര്‍ത്ഥാടകര്‍ പഞ്ച ശുദ്ധിയോടു കൂടി പത്തു ദിവസത്തെ വ്രതം അനുഷ്‌ഠിക്കണം. ഗുരുവില്‍ നിന്ന്‌ തീര്‍ത്ഥാടനത്തിന്‌ അനുമതി കിട്ടിയെങ്കിലും ഗുരുവിന്റെ സമാധിയും മറ്റു കാരണങ്ങളും മൂലം 1929 ജനുവരിയില്‍ തീര്‍ത്ഥാടനം നടന്നില്ല. പിന്നീട്‌ 1933-ല്‍ ചെറിയ തോതില്‍ ഇതിന്‌ ആരംഭം കുറിക്കാന്‍ തീരുമാനിച്ചു. കോട്ടയത്തു നിന്ന്‌ 4 ഭക്‌തന്മാരും, പത്തനംതിട്ട ഇലവുന്തിട്ടയില്‍ നിന്ന്‌ അഞ്ചു ഭക്‌തന്മാരുമാണ്‌ ആദ്യമായി തീര്‍ ത്ഥാടനത്തിന്‌ പുറപ്പെട്ടത്‌.

അങ്ങനെ 9 പേര്‍ ചേര്‍ന്നാണ്‌ തീര്‍ത്ഥാടനം ആരംഭിച്ചത്‌. പിന്നീട്‌ ഇതൊരു മഹാപ്രസ്ഥാനമായിത്തീര്‍ന്നു. വര്‍ഷം തോറും ഡിസംബര്‍ 30, 31, ജനുവരി 1 എന്നീ തീയതികളില്‍ വര്‍ക്കലയിലെ ശിവഗിരി കേന്ദ്രമാക്കി മൂന്നു ദിവസം രാവും പകലും നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥാടനം ധര്‍മ്മസംഘം ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. വിദ്യയുടെ വെളിച്ചം കൊണ്ട്‌ വിജ്‌ഞരായി, ശുചിത്വബോധം കൊണ്ട്‌ ആരോഗ്യപൂര്‍ണ്ണരായി, സംഘടന കൊണ്ട്‌ ശക്‌തരായി, കൃഷിയും, കൈത്തൊഴിലും, സാങ്കേതിക പരിശീലനവും കൊണ്ട്‌ ആത്മാഭിമാനമുള്ള ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യമാണ്‌ ഗുരുവിനുണ്ടായിരുന്നത്‌. ആധുനികമായ കാഴ്‌ചപ്പാട്‌ എല്ലാ കാര്യത്തിലും പുലര്‍ത്തിയ ഗുരു ശിവഗിരി തീര്‍ത്ഥാടനത്തിലും ആധുനികമായ ചില നിര്‍ദ്ദേശങ്ങളാണ്‌ നല്‍കിയത്‌. തീര്‍ത്ഥാടനത്തിന്റെ തീയതി നിശ്‌ചയിച്ചതില്‍ തന്നെ ആധുനികമായ കാഴ്‌ചപ്പാട്‌ ഗുരു നിലനിര്‍ത്തുന്നുണ്ടെന്നു കാണാം.

തീര്‍ത്ഥാടകര്‍ രുദ്രാക്ഷം ധരിക്കണോ എന്ന ഒരു ഭക്‌തന്റെ ചോദ്യത്തിന്‌ അദ്ദേഹം നല്‍കുന്ന മറുപടി ഒരേ സമയം നര്‍മ്മവും, ശാസ്ര്‌തീയതയും കൂടിച്ചേര്‍ന്നതാണ്‌. 'രുദ്രാക്ഷം ധരിക്കേണ്ട ആവശ്യമില്ല. കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കലക്കി കുടിക്കുന്നത്‌ ആരോഗ്യത്തിനു കൊള്ളാം.' ഇക്കാലത്ത്‌ രുദ്രാക്ഷം വെള്ളിയും, പൊന്നുമായി ചേര്‍ന്നാണ്‌ വരുന്നത്‌. അനാവശ്യച്ചെലവുകള്‍ ചെയ്യുന്നതിനുള്ള വാസനകള്‍ നമ്മള്‍ ഉപേക്ഷിക്കണം എന്നാണ്‌ ഗുരു നിര്‍ദ്ദേശിച്ചത്‌. ബാഹ്യമായ ആചാരങ്ങളുടെ അര്‍ത്ഥശൂന്യതയും, അതോടൊപ്പം ശാസ്‌ത്രീയതയുടെ നല്ല വശം ബോധ്യപ്പെടുത്തുകയും കൂടിയാണ്‌ ഗുരു ചെയ്‌തത്‌. ഗുരുവിന്റെ സംഭാഷണത്തിന്റെ ജീവവായു ആയി നില്‍ക്കുന്നത്‌ ഫലിതമാണ്‌.

ഋഷിഭാവത്തോടെ സംഭവങ്ങളോടും, പ്രശ്‌നങ്ങളോടും പ്രതികരിച്ച ഗുരുവിന്റെ കര്‍മ്മങ്ങളിലും, വാക്കുകളിലും നര്‍മ്മം ഒളിവീശി നില്‍ക്കുന്നതു കാണാം. എന്നാല്‍ പരിഹാസഭാഷണമായി അത്‌ മാറുന്നുമില്ല. കേള്‍വിയുടെ ലോകത്തിനപ്പുറം ഒരാശയ ലോകത്തിലേക്ക്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ കടന്നു ചെല്ലുന്നുണ്ട്‌. അതിനാലാണ്‌ ഗുരുവിന്റെ വാക്കുകള്‍ ചിന്തകളുടെ ഫലിതരൂപങ്ങളായി മാറുന്നത്‌. വെള്ള വസ്‌ത്രം മഞ്ഞളില്‍ മുക്കി അണു വിമുക്‌തമാക്കുന്നതും ഗുരു ഓര്‍മ്മിപ്പിക്കുന്നു. ഏതു പ്രവ്രൃത്തിക്കും ഉദ്ദേശ്യവും, ലക്ഷ്യവും വേണമെന്ന കാര്യത്തില്‍ ഗുരുവിന്‌ നിര്‍ബന്ധമുണ്ടായിരുന്നു.

ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയ്‌ക്കു വഴി തെളിക്കുന്ന വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്‌തി, സംഘടന, കൃഷി, കച്ചവടം, സാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളെ സംബന്ധിച്ച്‌ പ്രസംഗപരമ്പര നടത്തണമെന്ന്‌ ഗുരു ആഹ്വാനം ചെയ്‌തു. ഏറ്റവും പ്രധാനമായി ഗുരു കണ്ടത്‌ വിദ്യാഭ്യാസമാണ്‌. വിദ്യാഭ്യാസ മേലയിലെ പുതിയ അറിവുകള്‍ പങ്കുവെച്ചുകൊണ്ട്‌ ഒരു സമൂഹത്തെ മുന്നേറാന്‍ പ്രാപ്‌തമാക്കുക എന്നതിന്‌ ഗുരു ഊന്നല്‍ നല്‍കുന്നു എന്നത്‌ വളരെ സവിശേഷമായ വസ്‌തുതയാണ്‌. ശുചിത്വം എന്നത്‌ ആരോഗ്യമുള്ള ഒരു സമൂഹത്തിന്‌ ഏറെ ആവശ്യമുള്ള ഒന്നാണെന്ന്‌ ഗുരു തിരിച്ചറിഞ്ഞിരുന്നു.

ക്ഷേത്രനിര്‍മ്മാണത്തിന്‌ ആദ്യ കാലങ്ങളില്‍ പ്രാധാന്യം നല്‍കിയതും ശുചിത്വത്തെ മുന്നില്‍ കണ്ടു കൊണ്ടു തന്നെയാണ്‌. കൃഷിയും, കച്ചവടവും, കൈത്തൊഴിലും ആളുകളെ സ്വാശ്രയരാക്കുവാനും, സാമ്പത്തികഭദ്രത ഉറപ്പുവരുത്തുവാനും പ്രയോജനകരമാണ്‌ എന്ന്‌ ഗുരു മനസ്സിലാക്കിയിരുന്നു. സാങ്കേതിക ശാസ്ര്‌ത പരിശീലനത്തിന്‌ പ്രാധാന്യം നല്‍കണമെന്ന കാഴ്‌ചപ്പാട്‌ മറ്റു നാടുകള്‍ക്കൊപ്പം മുന്നേറാന്‍ ഏറ്റവും യോജിച്ചത്‌ അതാണെന്ന ബോധ്യമാണ്‌.

മറ്റ് വിഷയങ്ങൾ