ഗുരു രചിച്ച `ദൈവദശകം' എന്ന കൃതി ഒരു സാര്‍വ്വലൗകിക പ്രാര്‍ത്ഥന എന്ന നിലയില്‍ പ്രസക്‌തമാണ്. പൊതുവെ ഭാരതീയ സംസ്‌കാരത്തിന്റെ സത്ത ഉള്‍ക്കൊണ്ട് രചിക്കപ്പെട്ടിരിക്കുന്ന കൃതികള്‍ക്ക് പ്രാര്‍ത്ഥനയുടെ സ്വഭാവമുണ്ട്. ഋഗ്വേദത്തില്‍ പ്രാര്‍ത്ഥനയുണ്ടെങ്കിലും ഏകദൈവത്തെ പ്രകീര്‍ത്തിക്കുന്ന പ്രാര്‍ത്ഥന ഗായത്രിയാണ്. അതിനു സമാനമായി എല്ലാ ജനങ്ങള്‍ക്കും ആദരണീയമായ ഒരു പ്രാര്‍ത്ഥന രൂപം കൊള്ളുന്നത് ഗുരുവിന്റെ ഈ കൃതിയിലാണ്. ദു:ഖനിവാരണത്തിനും, ആത്മസാക്ഷാത്‌ക്കാരത്തിനും ഏറ്റവും ഉചിതമായത് ഭക്‌തിയാണെങ്കില്‍ ഭക്‌തന്‍ ആദ്യമായി അഹന്ത ഉപേക്ഷിക്കണമെന്നും ഈശ്വരനെ സാക്ഷാത്‌ക്കരിക്കാന്‍ ശ്രമിക്കുകയും വേണമെന്ന് ഗുരു നിര്‍ദ്ദേശിക്കുന്നു.
ലോകത്തെ ദു:ഖമയമായ സംസാര സാഗരമായും, ഭക്‌തനെ അതിലകപ്പെട്ടു പോകുന്ന ആശ്രയഹീനനായും, ഈശ്വരനെ ശക്‌തനായ കപ്പിത്താനായും, ഈശ്വരപദത്തെ കപ്പലായും ഗുരു സങ്കല്‍പിക്കുന്നു. അജ്‌ഞാനമെന്ന ഇരുളിനെ ഗുരു എങ്ങനെ നശിപ്പിക്കുമോ അതുപോലെ ഭക്‌തനെ പിടികൂടിയിരിക്കുന്ന സംസാര ദു:ഖമെന്ന ഭയത്തെ ഇല്ലാതാക്കാന്‍ ഈശ്വരനു കഴിവുണ്ട്. മനസ്സിനെ ഏകാഗ്രമാക്കിയാല്‍ ശാശ്വതമായ ആനന്ദത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. സമുദ്രവും, തിരയും, കാറ്റും, ആഴവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നതു പോലെ മായയും, മഹിമയും, ഞങ്ങളും, നീയും ബന്ധപ്പെട്ടിരിക്കുന്നു.
ഗുരു തന്റെ അദ്വൈതദര്‍ശനത്തിന്റെ പിന്‍ബലത്തിലാണ് `ഒരു പീഡ എറുമ്പിനും വരുത്തരുത്' എന്നത് ഒരു ആദര്‍ശമായി കണ്ടത്. ജീവകാരുണ്യത്തോടൊപ്പം സഹജാതരായ മനുഷ്യര്‍ സാമൂഹികമായ അടിമത്തത്തില്‍പ്പെട്ടു നട്ടം തിരിയുന്നതിനെതിരെ ഗുരു ഒരു ശക്‌തിയായി ഉയര്‍ന്നത് ഈ അദ്വൈത ദര്‍ശനത്തിന്റെ പിന്‍ബലത്തിലാണ്.
ജാതി ഭേദത്തിനെതിരെയുണ്ടായ ഉണര്‍വ്വ് രൂപപ്പെട്ടത് അതിനെത്തുടര്‍ന്നാണ്. അദ്വൈതസത്യം സാക്ഷാത്‌കരിച്ചവരില്‍ കണ്ടുവരുന്ന അഹിംസ, ജീവകാരുണ്യം എന്നീ ഗുണങ്ങള്‍ ഗുരുവില്‍ തെളിഞ്ഞു നില്‍ക്കുന്നു. സാമ്പ്രദായികമായ അദ്വൈതവേദാന്തത്തില്‍ ആത്മാവല്ലാത്തതെന്താണെന്ന് നിര്‍വ്വചിക്കുവാന്‍ ശ്രമിക്കുമ്പോള്‍ നാരായണഗുരു ആത്മാവ് എന്താണെന്ന് നിര്‍വ്വചിക്കുന്നു. ഇരുളിലിരുന്നു കൊണ്ട് സ്വയം അറിയുകയും മറ്റുള്ളവയെ പ്രകാശിപ്പിച്ച് അവയെ അറിയുകയും ചെയ്യുന്നു എന്ന് `ആത്മോപദേശശതക'ത്തില്‍ ഗുരു വിവരിക്കുന്നു. ജ്യോതി സ്വരൂപമാണ് ആത്മാവെന്ന് `വേദാന്ത സൂത്രത്തിലും' പറഞ്ഞിട്ടുണ്ട്. ആത്മാവ് പ്രകാശ രൂപമാണെന്നുള്ള അറിവ് സ്വയം സിദ്ധമാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തുന്നു.
താനുള്‍ക്കൊണ്ട അദ്വൈതരഹസ്യം തന്റേതായ ശൈലിയില്‍ ശാസ്ര്‌തബുദ്ധിയോടു കൂടി അവതരിപ്പിക്കുകയാണ് ഗുരു ചെയ്‌തത്. ഗുരുവിന്റേത് അദ്വൈത വാദമല്ല, മറിച്ച് `അദ്വൈതദര്‍ശന'മാണെന്ന് മുനി നാരായണപ്രസാദ് രേഖപ്പെടുത്തുന്നു.