ശ്രീ നാരായണ ഗുരു

ആധുനിക യുഗത്തിലാണ്‌ നാരായണഗുരു ജീവിച്ചിരുന്നത്‌. 'ബ്രഹ്‌മസത്യം ജഗന്‌ മിഥ്യ' എന്ന മന്ത്രം ഉരുവിടുന്നതിനപ്പുറം അതിന്റെ സാമൂഹിക പ്രസക്‌തി കണ്ടെത്തുവാന്‍ ഗുരുവിനു മുന്‍പ്‌ ആരും ശ്രമിച്ചു കാണുന്നില്ല. അദ്വൈത വേദാന്തമാണ്‌ ഗുരുവിന്റെ ദര്‍ശനം എന്നു പൊതുവെ കരുതി വരുന്നെങ്കിലും ശൈവദര്‍ശനവും, ശാക്തേയദര്‍ശനവും, യോഗദര്‍ശനവും ഗുരുവിന്റെ കൃതികളില്‍ പ്രതിഫലിച്ചുകാണാം. ഉപനിഷദ്‌ രഹസ്യത്തെ ആധുനിക ശാസ്ര്‌തവുമായി ബന്ധപ്പെടുത്തി പുനരാവിഷ്‌ക്കരിക്കുകയാണ്‌ ഗുരു ചെയ്‌തത്‌. ഏകമായ പരമസത്യത്തെ ഗുരു ആത്മാവ്‌, ബ്രഹ്‌മം, അറിവ്‌ എന്നീ പേരുകളിലാണ്‌ വിളിച്ചത്‌.

ജീവന്‍ എന്നതിന്റെ പര്യായമായി ആത്മാവിനെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രയോഗിക്കുന്നുണ്ട്‌. ഉപനിഷത്തുകള്‍ സച്ചിദാനന്ദം എന്നാണ്‌ വിവക്ഷിക്കുന്നത്‌. സത്ത്‌, ചിത്ത്‌, ആനന്ദം ഇവ കൂടിച്ചേര്‍ന്നതാണ്‌ സച്ചിദാനന്ദം. സത്ത്‌ എന്നത്‌ കാലപരമോ, ദേശപരമോ, വസ്‌തുപരമോ ആയ പരിമിതികള്‍ ഒന്നുമില്ലാത്ത സത്യമാണ്‌. ചിത്ത്‌ എന്നാല്‍ അറിവ്‌. യാതൊരു പരിമിതികളുമില്ലാത്ത ഉണ്‍മയാണ്‌ സത്ത്‌. അവരവരുടെ ഉണ്‍മയെ സംബന്ധിക്കുന്ന ബോധം-ആത്മ ബോധമായിട്ടാണ്‌ ആ അറിവിനെ ഓരോരുത്തരും മനസ്സിലാക്കുന്നത്‌. ആത്മാവിനെ നാരായണഗുരു, ഇരുളിലിരുന്നു കൊണ്ട്‌ സ്വയം അറിയുന്ന ഒന്നായിട്ടാണ്‌ കാണുന്നത്‌.

തികഞ്ഞ നിരീശ്വരവാദികളെപ്പോലും യുക്‌തിയുക്‌തം സത്യത്തിലേയ്‌ക്കു തിരിച്ചുവിടാന്‍ കഴിവുള്ളതാണു വേദാന്തശാസ്ര്‌തമെന്ന്‌ ഗുരു ഓര്‍മ്മിപ്പിക്കുന്നു. പൗരാണിക കാലം മുതല്‍ എല്ലാ ചിന്തകരും പരമമായ സത്യത്തെ അറിയുവാനുള്ള വഴി അവരവരിലേക്കു നോക്കി അതില്‍ പ്രകാശിക്കുന്ന പൊരുളിനെ കണ്ടെത്തുക എന്നതാണെന്ന്‌ വിളംബരം ചെയ്‌തിട്ടൂണ്ട്‌. പ്രപഞ്ചത്തിനാകെ ആധാരമായിരിക്കുന്ന സത്യത്തെ കണ്ടെത്തുവാനുള്ള വഴി അവരവരിലുള്ള സത്യം എന്തെന്ന്‌ കണ്ടെത്തുകയാണ്‌. ബാഹ്യലോകത്തേക്ക്‌ തുറന്നിരിക്കുന്ന കണ്ണിനെ അടച്ചിട്ട്‌ ശ്രദ്ധയെ ഉള്ളിലേക്ക്‌ തിരിക്കുക എന്നാണ്‌ നാരായണ ഗുരുവും വെളിപ്പെടുത്തുന്നത്‌. അന്തര്‍മുഖമായ സത്യാന്വേഷണമാണ്‌ ഗുരുവിന്‌ സ്വീകാര്യം എന്നര്‍ത്ഥം. അന്തര്‍മുഖമായി ആത്മസത്യത്തെ അന്വേഷിക്കുന്നതും പിന്നീട്‌ ആന്തരികം-ബാഹ്യം, ചിത്ത്‌-ജഡം എന്നീ ദൈ്വതങ്ങളെ നിരാകരിക്കുന്നതുമായ ഒരു അന്വേഷണ രീതിയാണ്‌ ഗുരു സ്വീകരിച്ചിരിക്കുന്നത്‌.

അദ്വൈത ദര്‍ശനത്തെ, അറിവിനെ സംബന്ധിക്കുന്ന ശാസ്‌ത്രമായി കണ്ടാല്‍ എങ്ങനെയിരിക്കുമെന്ന്‌ നാരായണ ഗുരു `അറിവ്‌` എന്ന കൃതിയില്‍ ബോധ്യപ്പെടുത്തുന്നു. ദാര്‍ശനിക ലോകത്തിനു മാത്രമല്ല, വേദാന്തത്തിനും തനിമ നല്‍കുന്ന ഒരു ചെറുകൃതിയാണിത്‌. അറിവ്‌ എന്നത്‌ ബാഹ്യലോകത്തുള്ള വസ്‌തുക്കളെ കണ്ടറിയുന്നതു മുതല്‍ അറിവു വരെ വ്യാപിച്ചു കിടക്കുന്നതാണ്‌.

വേദാന്തത്തിലെ സത്യാന്വേഷണ രീതി അന്തര്‍മുഖമായതാണ്‌. `ആത്മോപദേശശതക'ത്തിലും ഇത്‌ ഗുരു വ്യക്‌തമാക്കുന്നു. സത്യത്തെ സംബന്ധിച്ച ശരിയായ അറിവിനെയും, തെറ്റായ അറിവിനെയും ഗുരു വേര്‍തിരിച്ചു കാണുന്നുണ്ട്‌. ജ്‌ഞാനാനുഭൂതിയുടെ അന്തിമമായ അവസ്‌ഥയാണ്‌ `തുരീയം' എന്ന്‌ അറിയപ്പെടുന്നത്‌. മാണ്ഡൂക്യോപനിഷത്തില്‍ തുരീയം എന്തെന്ന്‌ വിശദമാക്കുന്നുണ്ടെങ്കിലും അത്‌ എന്താണെന്നല്ല, എന്തല്ല എന്നാണ്‌ പറഞ്ഞുവെക്കുന്നത്‌. ആത്മോപദേശശതകത്തിലെ 28-ാം ശ്ലോകത്തില്‍ ഗുരു അത്‌ എന്താണെന്ന്‌ പറയുന്നു. ശാസ്ര്‌തീയമായ നിര്‍വചനം എന്നതിനപ്പുറം ഒരാള്‍ക്ക്‌ തെളിഞ്ഞു കിട്ടുന്ന അനുഭൂതിയാണെന്ന്‌ പറയുന്നു.

അറിവിന്റെ നീരുറവയാണ്‌ `ആത്മോപദേശശതകം` എന്ന കൃതി. തത്ത്വാന്വേഷികള്‍ക്ക്‌ അറിവിന്റെ ദാഹം ശമിപ്പിക്കാന്‍ പര്യാപ്‌തമാണത്‌. എന്നാല്‍ ഗുരു അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന, മായാജീവിതത്തിന്റെയും, തത്വചിന്തയുടെയും, ആത്മീയ ചൈതന്യം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ പ്രയാസമാണ്‌.

ഞാനെന്നും, അറിവെന്നും വ്യവഹരിക്കുന്നത്‌ രണ്ടല്ല, ഒന്നാണ്‌. മായയാകുന്ന മറ നീങ്ങിയവര്‍ക്കു മാത്രമെ അതു ബോധ്യമാവൂ. ഞാന്‍ അറിവാണെന്നും അല്ലാതെ മറ്റൊന്നുമല്ലെന്നും, ഈശ്വരസാക്ഷാത്‌ക്കാരം നേടാനുള്ള മാര്‍ഗ്ഗമാണ്‌ നാം അന്വേഷിക്കേണ്ടതെന്നും ഈ കൃതിയില്‍ ഗുരു പറഞ്ഞു വെയ്‌ക്കുന്നു. ദര്‍ശനമാലയിലെ ജ്‌ഞാനദര്‍ശനത്തില്‍ ഗുരു യഥാര്‍ത്ഥ ജ്‌ഞാനത്തെയും അയഥാര്‍ത്ഥ ജ്‌ഞാനത്തെയും നിര്‍വചിക്കുന്നുണ്ട്‌. കയറിനെ കയറായിത്തന്നെ കാണുന്നതു പോലെ, വസ്‌തുവിനെ ഉള്ളതുപോലെ അറിയുന്നതിനെ യഥാര്‍ത്ഥ ജ്‌ഞാനം എന്നു വിളിക്കുന്നു.

മറ്റ് വിഷയങ്ങൾ