മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി 

സമബുദ്ധിയോടും സമഭക്‌തിയോടും കൂടി എല്ലാ മതങ്ങളെയും പഠിക്കുവാനും ലഭിച്ച അറിവിനെ വിനിമയം ചെയ്യുവാനും ശ്രമിക്കണമെന്ന്‌ നാരായണഗുരു ആഗ്രഹിച്ചിരുന്നു. മതപരിവര്‍ത്തനത്തെക്കുറിച്ച്‌ ശിഷ്യനായ സഹോദരന്‍ അയ്യപ്പനുമായുള്ള ഒരു ചര്‍ച്ചയ്‌ക്കിടയിലാണ്‌ `മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി` എന്ന സന്ദേശം നല്‍കിയത്‌. ഹിന്ദുമതത്തിലെ യാതനകളില്‍ മനം മടുത്ത്‌ ദളിത്‌ ജനതയുടെ ഉണര്‍വിനു വേണ്ടി പ്രവര്‍ത്തിച്ച അംബേദ്‌കറെപ്പോലെ ബുദ്ധമതം സ്വീകരിക്കണമെന്ന അഭിപ്രായം ഗുരുവിന്റെ ശിഷ്യനായ പല്‍പ്പുവില്‍ നിന്നുണ്ടായി. ആ സന്ദര്‍ഭത്തില്‍ സഹോദരന്‍ അയ്യപ്പനുമായി അതിനെക്കുറിച്ച്‌ വിശദമായി ചര്‍ച്ച ചെയ്‌തു. 1923-ല്‍ നടന്ന ആ സംവാദത്തിലാണ്‌ `മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി` എന്ന സന്ദേശം ഗുരു നല്‍കിയത്‌.

ഭക്‌തിയുടെ പരിവേഷത്തിനുള്ളില്‍ മതം പിടിമുറുക്കിയിരുന്നു. മതം എന്നതിനെക്കാള്‍ മതഭേദത്തെയാണ്‌ ഗുരു ദോഷമായി കണ്ടത്‌. നന്നായിത്തീരേണ്ട മനുഷ്യനെക്കുറിച്ചാണ്‌ അദ്ദേഹം ചിന്തിച്ചിരുന്നത്‌. മതം മാനവികതയോട്‌ അടുത്തു നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. മനുഷ്യസ്‌നേഹത്തില്‍ അടിയുറച്ച വിശ്വാസത്തില്‍ നിന്നാണ്‌ ഇത്തരമൊരു സന്ദേശം രൂപപ്പെട്ടത്‌. മതത്തെ ഒരു പുത്തന്‍ കാഴ്‌ചപ്പാടിലൂടെ കാണുവാന്‍ ശ്രമിച്ചു എന്നതാണ്‌ ഗുരുവിന്റെ സംഭാവന.

വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്‌

നാരായണ ഗുരുവിന്റെ `ഒരു മതം' എന്ന ചിന്തയുടെ പൂര്‍ത്തീകരണമാണ്‌ 1924-ല്‍ നടന്ന സര്‍വ്വമത സമ്മേളനം. ജാതിയും, മതവും ദൈവവുമില്ലാത്ത അദ്വൈതാശ്രമത്തിന്റെ സന്നിധിയിലാണ്‌ സര്‍വ്വമതസമ്മേളനം നടന്നത്‌. ലോകത്തിലെ രണ്ടാമത്തെയും, ഏഷ്യയിലെ ആദ്യത്തെയും സര്‍വ്വമത സമ്മേളനമായിരുന്നു ആലുവയില്‍ നടന്നത്‌.

മതങ്ങളെല്ലാം ഒന്നാണെന്നും, അവയുടെ അന്തസത്ത ഒന്നാണെന്നും, ബോധ്യപ്പെടുത്തുവാന്‍ വേണ്ടിയാണ്‌ സര്‍വ്വമതസമ്മേളനം വിളിച്ചു ചേര്‍ത്തത്‌. സമ്മേളനപ്പന്തലിന്റെ കവാടത്തില്‍ തന്റെ സന്ദേശം എഴുതിവെച്ചു. `വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്‌. എല്ലാ മതങ്ങളുടെയും അടിസ്‌ഥാന തത്വങ്ങള്‍ മനസ്സിലാക്കുവാന്‍ സാമാന്യ ജനങ്ങള്‍ക്ക്‌ അവസരമുണ്ടാക്കിക്കൊടുക്കുവാനാണ്‌ സമ്മേളനം വിളിച്ചു കൂട്ടിയത്‌. സമ്മേളനത്തില്‍, ഹിന്ദുമതം, ബുദ്ധമതം, ക്രിസ്‌തുമതം, ഇസ്ലാം മതം എന്നീ മതങ്ങളിലെ പണ്ഡിതന്മാര്‍ പ്രസംഗിച്ചു. ആര്യസമാജം, ബ്രഹ്മസമാജം മുതലായ വിശ്വാസധാരകളെ പ്രതിനിധീകരിച്ചും പ്രഭാഷണങ്ങൾ നടന്നു.

ആ സമ്മേളനത്തില്‍ വെച്ച്‌ ശിവഗിരിയില്‍ സ്‌ഥാപിക്കുവാന്‍ കരുതിയിരുന്ന പാഠശാലയില്‍ എല്ലാ മതങ്ങളും പഠിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കുമെന്ന്‌ ഗുരു അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായി മതങ്ങള്‍ തമ്മിലുള്ള സംവാദം എന്ന ആശയം രൂപപ്പെട്ടത്‌ സര്‍വ്വമത സമ്മേളനത്തില്‍ വെച്ചാണ്‌. താരതമ്യ മതപഠനത്തിനുള്ള ഒരു കേന്ദ്രം എന്ന ആശയം ഗുരു അവിടെ വച്ച് മുന്നോട്ട് വയ്ക്കുകയും പില്കാലത്ത് അത് നടപ്പിൽ വരികയും ചെയ്തു.

മറ്റ് വിഷയങ്ങൾ