നാരായണ ഗുരുവിന്റെ 1920-ലെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് അദ്ദേഹം നല്‍കിയ സന്ദേശമായിരുന്നു `മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കുടിക്കരുത്' എന്നത്. ഈഴവ സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു കള്ളുചെത്ത്. മദ്യം ഉല്‍പാദിപ്പിക്കുന്നതും വിപണനം ചെയ്യുന്നതും കുലത്തൊഴിലായി സ്വീകരിച്ച ഒരു സമുദായത്തില്‍ പിറന്നതിനാല്‍ മദ്യത്തിന്റെ നശീകരണ സ്വഭാവം തിരിച്ചറിയാന്‍ അദ്ദേഹത്തിന് വളരെ വേഗം കഴിഞ്ഞു. അതുകൊണ്ട് അതിനെ രൂക്ഷമായി വിമര്‍ശിക്കുവാന്‍ അദ്ദേഹം തയ്യാറായി.
ഈഴവ സമുദായത്തിലെ ചെറിയൊരു വിഭാഗം മാത്രമേ കള്ളു ചെത്തിലേര്‍പ്പെടുന്നുള്ളുവെങ്കിലും അതു സമുദായത്തിനൊന്നാകെ അപമാനകരമാണെന്ന് ഗുരു കരുതി. ഈയൊരു ചിന്തയില്‍ നിന്നാണ്, ചെത്ത് ഒരു മഹാവ്യാധിയാണെന്ന് പറയേണ്ടി വന്നത്. രോഗം പിടിപെട്ട അവയവം മുറിച്ചു കളയുന്നതുപോലെ, ചെത്തുകാരനെ സമുദായത്തില്‍ നിന്നു വേര്‍പെടുത്തണമെന്ന ഗുരുവിന്റെ വാക്കുകള്‍ അദ്ദേഹത്തിന് മദ്യത്തോടും അതു വരുത്തുന്ന ദോഷത്തെയും കുറിച്ചുള്ള ആശങ്കയില്‍ നിന്നുണ്ടായതാണ്. മദ്യത്തിനെതിരെയുള്ള സന്ദേശം തിരുവിതാംകൂറിലെ ഈഴവരില്‍ വലിയ കോളിളക്കം ഉണ്ടാക്കി.
തങ്ങള്‍ ഗുരുവായി അംഗീകരിച്ച ആള്‍ തന്നെ ഇത്തരമൊരു സന്ദേശം നല്‍കിയപ്പോള്‍ പുരോഗമന ചിന്തയുള്ള ചെറുപ്പക്കാര്‍, ഈ സന്ദേശം നടപ്പില്‍ വരുത്തേണ്ടത് തങ്ങളുടെ കടമയാണെന്നു വിശ്വസിച്ചു. ടി. കെ. മാധവനായിരുന്നു അവരില്‍ പ്രധാനി. ജനങ്ങളെ മദ്യപാനത്തില്‍ നിന്നു പിന്‍തിരിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ യുവാക്കളുടെ ഭാഗത്തു നിന്നുമുണ്ടായി. മദ്യ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ തൊഴിലുകളെയും നിരുത്‌സാഹപ്പെടുത്താന്‍ അവര്‍ തയ്യാറായി. ടി.കെ.മാധവന്റെ നേതൃത്വത്തില്‍ നടന്ന മദ്യവര്‍ജ്‌ജന പ്രക്ഷോഭത്തിനു ഗുരുവിന്റെ എല്ലാ പിന്തുണയുമുണ്ടായിരുന്നു.
ജനങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഗുരുവിന് മദ്യം വ്യക്‌തിജീവിതത്തെയും, കുടുംബജീവിതത്തെയും, സമൂഹജീവിതത്തെയും വിഷമയമാക്കുമെന്ന് നേരിട്ട് മനസ്സിലാക്കുവാന്‍ സാധിച്ചിരുന്നു. `ശ്രീനാരായണ ധര്‍മ്മം' എന്ന കവിതയില്‍ പഞ്ചധര്‍മ്മങ്ങളെ സൂചിപ്പിക്കുന്നിടത്ത് അഞ്ചാമത്തെ ധര്‍മ്മമായി മദ്യവര്‍ജ്‌ജനത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്.
മദ്യം സേവിക്കുന്നത് ബുദ്ധിവൈകല്യമുണ്ടാക്കുമെന്നും, മഹാപാതകത്തിനു കാരണം മദ്യമാണെന്നും അദ്ദേഹം കവിതയില്‍ പറഞ്ഞുവെയ്‌ക്കുന്നു. നന്നായിത്തീരേണ്ട മനുഷ്യനെക്കുറിച്ച് സ്വപ്‌നം കാണുകയും, അതിനു വേണ്ടി തന്റെ ചിന്തയെയും, ആശയങ്ങളെയും, വിനിയോഗിക്കുകയും ചെയ്‌തതിനൊപ്പം അതിനെതിരെയുള്ള എല്ലാ വിപത്തുകളെയും ശക്‌തിയുക്‌തം എതിര്‍ത്തിരുന്നു. തന്റെ സന്ദേശങ്ങളിലെല്ലാം തനിക്കു ചുറ്റുമുള്ള ലോകത്തെ നന്നാക്കിയെടുക്കുക എന്ന ദൗത്യം ഗുരുവിനുണ്ടായിരുന്നു.മദ്യപാനം വ്യക്തിയുടെയും കുടുംബത്തിന്റെയും സാമൂഹികജീവിതത്തിന്റെയും താളം തെറ്റിക്കുമെന്ന് നേരിട്ട് ബോധ്യപ്പെട്ട നാരായണഗുരു, "മദ്യം വിഷമാണ്; അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്" എന്ന വിപ്ലവകരമായ സന്ദേശത്തിലൂടെ വലിയൊരു നവോത്ഥാനത്തിനാണ് തുടക്കമിട്ടത്. സ്വന്തം സമുദായത്തിന്റെ കുലത്തൊഴിലായിരുന്നിട്ടും, അതിന്റെ ദോഷവശങ്ങൾ തിരിച്ചറിഞ്ഞ് മദ്യോല്പാദനത്തെയും വിപണനത്തെയും രൂക്ഷമായി വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല. ചെത്തിനെ ഒരു മഹാവ്യാധിയായി കണ്ട ഗുരു, തന്റെ 'ശ്രീനാരായണ ധർമ്മം' എന്ന കവിതയിലൂടെ മദ്യവർജ്ജനം ഒരു പ്രധാന ധർമ്മമായി പ്രഖ്യാപിക്കുകയും ചെയ്തു. ടി.കെ. മാധവനെപ്പോലുള്ള യുവാക്കൾ ഈ ആഹ്വാനം ഏറ്റെടുത്ത് നടത്തിയ മദ്യവർജ്ജന പ്രക്ഷോഭങ്ങൾ തിരുവിതാംകൂറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. മദ്യം ബുദ്ധിവൈകല്യത്തിനും മഹാപാതകങ്ങൾക്കും കാരണമാകുമെന്ന് വിശ്വസിച്ച ഗുരു, മനുഷ്യനെ നന്നാക്കിയെടുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് മദ്യത്തിനെതിരെ ശക്തമായ നിലപാടെടുത്തത്. ഒരു ജനതയുടെ സാംസ്‌കാരികവും ധാർമ്മികവുമായ ഉന്നമനത്തിന് മദ്യവർജ്ജനം അനിവാര്യമാണെന്ന് തന്റെ ജീവിതത്തിലൂടെയും സന്ദേശങ്ങളിലൂടെയും അദ്ദേഹം തെളിയിച്ചു.