സംഘടന കൊണ്ടു ശക്‌തരാവുക, വിദ്യ കൊണ്ടു പ്രബുദ്ധരാവുക

ഒരു സംഘടനയുടെ ബലം കൊണ്ടു മാത്രമെ ഒരു ജനതയ്‌ക്ക്‌ ഉയര്‍ച്ച നേടാനാവൂ എന്ന സത്യം ശ്രീ നാരായണ ഗുരു മനസ്സിലാക്കിയിരുന്നു. ജാതി-മത ചിന്തയ്‌ക്കതീതമായി സാംസ്‌കാരിക സംഘടനകള്‍ക്ക്‌ പ്രാധാന്യം നല്‍കണമെന്നും ആഗ്രഹിച്ചിരുന്നു. ഒപ്പം സംഘടനയുടെ ആവശ്യകത കേരളീയര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുവാനും കഴിഞ്ഞിരുന്നു. സംഘടനയെന്ന ആശയം ഗുരുവിനു മുന്നില്‍ ആദ്യം അവതരിപ്പിച്ചത്‌ അദ്ദേഹത്തിന്റെ ശിഷ്യനായ ഡോ.പല്‍പ്പുവാണ്‌. അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയതിനെത്തുടര്‍ന്ന്‌ അരുവിപ്പുറം ക്ഷേത്രയോഗം ഒരു സംഘടനയായി മാറ്റണമെന്ന ആശയം ഗുരുവിനുണ്ടായിരുന്നു. അങ്ങനെയാണ്‌ എസ്‌.എന്‍.ഡി.പി. യോഗം എന്ന സംഘടന ജോയിന്റ്‌ സ്‌റ്റോക്ക്‌ കമ്പനിയായി രൂപീകരിച്ചത്‌.

കേരള നവോത്ഥാനത്തിന്റെ ചാലക ശക്‌തിയായി ഗുരു മാറിയപ്പോള്‍ അത്‌ പുരോഗമന പ്രസ്‌ഥാനങ്ങള്‍ക്ക്‌ വളരാനുള്ള അവസരമുണ്ടാക്കി. സമുദായത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്‌ത്രീകൾക്കും വിദ്യാഭ്യാസം ഉണ്ടാവേണ്ടതുണ്ട്‌. പ്രബുദ്ധരാവാനായി സാഹിത്യ സംഘങ്ങളും, വായനശാലകളും ഓരോ ദേശങ്ങളിലും പ്രത്യേകമുണ്ടാകണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസവും, മികവും നേടാനായി ഗുരുവിന്റെ പേരില്‍ ഒട്ടേറെ പ്രസ്‌ഥാനങ്ങളും സംഘടനകളും ഇന്ന്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.

എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവസരമുണ്ടാക്കണം. സമൂഹത്തിന്റെ ഒന്നിപ്പിക്കലിന്‌ വിദ്യാഭ്യാസം ആവശ്യമാണ്‌. 1917-ല്‍ ഗുരു പുറപ്പെടുവിച്ച ഈ സന്ദേശത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്‌. ഇനി ക്ഷേത്ര നിര്‍മ്മാണത്തെ പ്രോത്‌സാഹിപ്പിക്കരുത്‌, പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ച്‌ പള്ളിക്കൂടങ്ങള്‍ കെട്ടുവാനാണ്‌ ഉത്‌സാഹിക്കേണ്ടത്‌. വിദ്യാലയങ്ങള്‍, നിശാപാഠശാലകള്‍, തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ എന്നിവ സ്‌ഥാപിക്കുവാന്‍ ഗുരു അമിതതാത്‌പര്യം കാട്ടിയിരുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നതിനാല്‍ അതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. സാമൂഹ്യ സ്വാതന്ത്ര്യത്തിന്‌ യോജിച്ച വിദ്യാഭ്യാസം നല്‍കുന്നതിനോടായിരുന്നു ഗുരുവിന്‌ യോജിപ്പ്‌. വിദ്യാഭ്യാസവും സംഘടനയുടെ രൂപീകരണവും സമൂഹത്തിന്റെ ഉയര്‍ച്ചയ്‌ക്ക്‌ ഏറ്റവും അത്യാവശ്യമാണെന്ന തിരിച്ചറിവ്‌ കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്‌.

മറ്റ് വിഷയങ്ങൾ