കേരളത്തിൽ വർഷത്തിലുടനീളം അരങ്ങേറുന്നത് എണ്ണിയാൽ തീരാത്തത്ര ഉത്സവങ്ങളാണ്. ഒട്ടേറെ പ്രദേശങ്ങളും വിഭാഗങ്ങളും ഈ ആഘോഷങ്ങളിൽ പങ്കാളികളാകുന്നു. നാടൊന്നായാണ് ഇത്തരം വിശേഷവേളകളുടെ നടത്തിപ്പിന് ഒത്തുകൂടുന്നത്. പ്രൗഢമായ ഘോഷയാത്രകളും, താളമേളങ്ങളും, അംബരചുംബികളായ അലങ്കാരങ്ങളും, വര്‍ണ്ണാഭമായ കരിമരുന്നു പ്രയോഗവും, ജനസാഗരമിരമ്പുന്ന തെരുവുകളും ഓരോ ഉത്സവവേളകളെയും ആവേശത്തിമിർപ്പിലാഴ്ത്തുന്നു. ഇവയുടെ ഭാഗമാവാൻ ലോകത്തിന്റെ വിവിധകോണിൽ നിന്നും ഓരോ വീടുകളിലേക്കും കുടുംബാംഗങ്ങൾ ഒഴുകിയെത്തും. മലയാളിയുടെ ഉത്സവക്കമ്പം അറിഞ്ഞനുഭവിക്കാനും കൂടെച്ചേർന്ന് ആഘോഷിക്കാനും ഒരുത്സവക്കാലത്ത് കേരളം സന്ദർശിക്കണം.