തിരണ്ടുകുളി

പല സമുദായങ്ങളിലും നടത്തിവന്നിരുന്ന ആചാരങ്ങള്‍ പലതും സ്‌ത്രീകളുമായി ബന്ധപ്പെട്ടതായിരുന്നു. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ വന്‍തോതില്‍ നടത്തിയിരുന്ന തിരണ്ടു കുളി എന്ന വലിയ ആഘോഷമായിരുന്നു അതിലൊന്ന്‌. പാവപ്പെട്ട ആളുകള്‍ക്ക്‌ വളരെ ചെലവേറിയതും താങ്ങാന്‍ ബുദ്ധിമുട്ടുള്ളതുമായിരുന്നു ഇത്തരം ആചാരങ്ങള്‍. പെണ്‍കുട്ടികള്‍ക്ക്‌ മാനസികവും, ശാരീരികവുമായ മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ട ഒരു സ്വകാര്യ സന്ദര്‍ഭത്തെ പൊതു ആഘോഷമാക്കി മാറ്റി. ഫലത്തില്‍ അവരുടെ സ്വകാര്യതയെ ഇല്ലാതാക്കുക ആയിരുന്നു നടന്നിരുന്നത്‌. വിവേകമതിയായ ഗുരു അനാവശ്യമായ ഇത്തരം ആചാരങ്ങള്‍ കാലത്തിനു യോജിക്കാത്തതാണെന്നും, ഇവ അവസാനിപ്പിക്കേണ്ടതാണെന്നും തന്റെ സമുദായാംഗങ്ങളോട്‌ ആവശ്യപ്പെട്ടു.

പുളികുടി

സ്‌ത്രീകളുടെ ഗര്‍ഭാവസ്‌ഥയുമായി ബന്ധപ്പെട്ട ഒരാചാരമായിരുന്നു ഈഴവ സമുദായത്തില്‍ തുടര്‍ന്നുപോന്നിരുന്ന `പുളി കുടി കല്യാണം'. ഗര്‍ഭിണിയായ ഭാര്യ ഏഴാംമാസത്തില്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ ഒഴിയ്‌ക്കുന്ന പുളിവെള്ളം ആ കൈയ്യില്‍ നിന്നും മോന്തിക്കുടിയ്‌ക്കുക എന്നതായിരുന്നു ആചാരം. വലിയ ആഘോഷപൂര്‍വ്വമാണ്‌ ഈ ആചാരവും നടന്നുപോന്നിരുന്നത്‌.

സമുദായത്തിലെ സമ്പന്നരായവര്‍ക്ക്‌ അവരുടെ പ്രൗഢി കാണിയ്‌ക്കുവാനുള്ള അവസരം ആയിരുന്നു ഇത്തരം ആചാരങ്ങള്‍. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന ആളുകളെ കൂടുതല്‍ ദരിദ്രരാക്കുവാന്‍ മാത്രമെ ഇത്തരം ആചാരങ്ങള്‍ കൊണ്ട്‌ സാധ്യമായുള്ളു. ശാസ്ര്‌തീയമായ ഒരു യുക്‌തിയും ഇത്തരം ആചാരങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നില്ല. ഇതു നിര്‍ത്തലാക്കുന്നതിനും അദ്ദേഹം പ്രയത്‌നിച്ചു.

അറിവിന്റെ പരിമിതിയാണ്‌ ഇത്തരം പ്രവണതയ്‌ക്കു കാരണമെന്ന്‌ മനസ്സിലാക്കിയ ഗുരു ഏറ്റവുമധികം ഊന്നല്‍ നല്‍കിയത്‌ വിദ്യാഭ്യാസത്തിനു തന്നെയായിരുന്നു. വിദ്യ നേടുന്നതിലൂടെ മാത്രമെ ഇതിനെ അതിജീവിക്കുവാന്‍ ജനങ്ങള്‍ക്കു കഴിയൂ എന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. 'വിദ്യ കൊണ്ട്‌ പ്രബുദ്ധരാകുവാന്‍' ആഹ്വാനം ചെയ്‌തതും അതുകൊണ്ടു തന്നെയാണ്‌.

വാവൂട്ട്‌ യോഗം

ധര്‍മ്മമെന്നത്‌ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന്‌ കേരള ജനത തിരിച്ചറിഞ്ഞത്‌ അരുവിപ്പുറത്തു നടന്ന പ്രതിഷ്‌ഠാ കര്‍മ്മത്തിലൂടെയാണ്‌. അരുവിപ്പുറത്ത്‌ 1888-ല്‍ നാരായണ ഗുരു നടത്തിയ ശിവ ലിംഗ പ്രതിഷ്‌ഠ കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ വലിയ മാറ്റത്തിനു തുടക്കം കുറിക്കുകയായിരുന്നു. അബ്രാഹ്‌മണന്‍ നടത്തിയ പൗരോഹിത്യ കര്‍മ്മത്തെ ഉള്‍ക്കൊള്ളാന്‍ ഉയര്‍ന്ന സമുദായങ്ങളുടെ തലപ്പത്തുള്ളവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. യുക്തിസഹമായ ചിന്തകളിലൂടെയും, വ്യാഖ്യാനങ്ങളിലൂടെയും അദ്ദേഹം അതു നേരിട്ടു.

ശിവപ്രതിഷ്‌ഠയ്‌ക്കു ശേഷമുള്ള കര്‍ക്കിടകവാവു ദിവസം ബലി കര്‍മ്മത്തോടനുബന്ധിച്ചു അരുവിപ്പുറത്തു ചേര്‍ന്ന യോഗമാണ്‌ `വാവൂട്ടുയോഗ'മായി നിലവില്‍ വന്നത്‌. അടുത്ത കറുത്തവാവു ദിവസം അതു `ക്ഷേത്രയോഗ`മായി മാറുകയായിരുന്നു. ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നതിനോടൊപ്പം സമൂഹത്തിലെ അവശവിഭാഗത്തെ എങ്ങനെ ഉയര്‍ത്താന്‍ കഴിയുമെന്ന ചിന്തയും ആ ക്ഷേത്രയോഗ പരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നു. ശ്രീ നാരായണ ധര്‍മ്മ പരിപാലന (എസ്‌.എന്‍.ഡി.പി.) യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന്റെ മാറ്റത്തിനുപകരിക്കുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. സംഘടനാ പ്രവര്‍ത്തനം സാമുദായിക നേട്ടത്തെ എങ്ങനെ സ്വാധീനിക്കുമെന്നുള്ളതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഗുരു മുന്നോട്ടു നയിച്ച സംഘടനകള്‍.

സ്ത്രീകളുടെ സ്വകാര്യതയെയും സാമ്പത്തിക ഭദ്രതയെയും ഹനിക്കുന്ന തിരണ്ടുകുളി, പുളികുടി തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് ശ്രീനാരായണ ഗുരു സ്വീകരിച്ചത്. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം ചടങ്ങുകൾ ദരിദ്രരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, വിദ്യയിലൂടെ മാത്രമേ ഈ അറിവില്ലായ്മയെ മറികടക്കാൻ കഴിയൂ എന്ന് പ്രഖ്യാപിച്ചു. "വിദ്യ കൊണ്ട് സ്വതന്ത്രരാവുകിൻ" എന്ന സന്ദേശത്തിലൂടെ അനാചാരങ്ങളെ വേരോടെ പിഴുതെറിയാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠയും തുടർന്നുണ്ടായ വാവൂട്ട് യോഗവും കേരളീയ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. വ്യക്തിപരമായ പരിഷ്കരണത്തിനപ്പുറം, വാവൂട്ട് യോഗം പിന്നീട് ക്ഷേത്രയോഗമായും എസ്.എൻ.ഡി.പി. യോഗമായും വളർന്നത് സംഘടനാ പ്രവർത്തനത്തിലൂടെ സാമുദായിക പുരോഗതി കൈവരിക്കാമെന്ന ഗുരുവിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണമാണ്. ആരാധനാ സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക നീതിയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുന്ന ഒരു പുതിയ സംസ്‌കാരത്തിനാണ് ഇതിലൂടെ ഗുരു അടിത്തറയിട്ടത്.

മറ്റ് വിഷയങ്ങൾ