ശ്രീനാരായണ ധര്‍മ്മസംഘം - നാരായണ ഗുരുകുലം

ശ്രീനാരായണ ധര്‍മ്മസംഘം

ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം സമുദായത്തിന്റെ ഉന്നമനത്തിനു സഹായകമായ പല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. യോഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്‌തി പ്പെടുത്തുവാനും ഗുരുവിന്റെ നിര്‍ദ്ദേശങ്ങള്‍ സമുദായാംഗങ്ങളില്‍ എത്തിക്കുവാനും, വളരെ ഉണര്‍വോടെ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായ ധാരാളം ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ശ്രീനാരായണ ഗുരു തന്റെ സന്ന്യാസി ശിഷ്യന്മാരെ ചേര്‍ത്ത്‌ 1928-ല്‍ സ്‌ഥാപിച്ച പ്രസ്‌ഥാനമാണ്‌ ശ്രീനാരായണധര്‍മ്മ സംഘം. ബുദ്ധമതവുമായി ബന്ധപ്പെട്ട പേരാണ്‌ ഇതിനു നല്‍കിയിരിക്കുന്നത്‌. ഈ സംഘടനയുടെ ആരംഭത്തോടെ ജാതി-മതങ്ങളില്ലാത്ത ഒരു സംഘടന ജനങ്ങളുടെ മുന്നില്‍ മാതൃകയായി കാട്ടിക്കൊടുക്കുവാന്‍ ഗുരുവിനു സാധിച്ചു.

ഗുരുവിന്റെ സന്ന്യാസി ശിഷ്യരില്‍ വിവിധ ജാതിയില്‍പ്പെട്ടവരും, ഹിന്ദുമതത്തില്‍ പെടാത്തവരും, വിദേശികളും ഉള്‍പ്പെട്ടിരുന്നു. തന്റെ സംഘത്തില്‍ അംഗമായിരിക്കുന്നതിന്‌ വേണ്ട യോഗ്യത ത്യാഗമാണെന്നും ജാതിയോ, മതമോ, വംശമോ അല്ലെന്നും അദ്ദേഹം കാണിച്ചു കൊടുത്തു. സ്വന്തം സ്‌ഥാപനങ്ങളുടെയും, സ്വത്തുക്കളുടെയും ഭരണാധികാരം സന്ന്യാസി ശിഷ്യര്‍ക്കാണ്‌ നല്‍കിയത്‌. സന്ന്യാസി എന്നതിന്‌, പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തി ചെയ്യുന്നവന്‍, പരോപകാരി, ത്യാഗി എന്നീ അര്‍ത്ഥങ്ങളാണ്‌ അദ്ദേഹം നല്‍കിയിരുന്നത്‌.

ജാതിമതഭേദമില്ലാതെ ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുവാനും, ലോകത്തിന്‌ ഉപകാരമുണ്ടാക്കുവാന്‍ അവരെ ശീലിപ്പിക്കുവാനും ധര്‍മ്മ സംഘം ലക്ഷ്യമിട്ടിരുന്നു. കൂടാതെ, ജനങ്ങളുടെ വിദ്യാഭ്യാസപരവും സാമുദായികവും ആധ്യാത്മികവുമായ ഉയര്‍ച്ചയ്‌ക്കും ശ്രമിച്ചിരുന്നു. ധര്‍മ്മസംഘത്തിന്‌ ആവശ്യമായ നിയമങ്ങള്‍ എഴുതിയുണ്ടാക്കുവാന്‍ ചിലരോട്‌ ആവശ്യപ്പെട്ടെങ്കിലും അത്‌ നടപ്പിലാകാത്തതിനാല്‍ ധര്‍മ്മസംഘത്തിനായി ചില നിയമാവലികള്‍ ഗുരു തന്നെ എഴുതിയുണ്ടാക്കി. ആശ്രമനിയമങ്ങള്‍ വിവരിച്ചുകൊണ്ട്‌ `ആശ്രമം' എന്ന കൃതിയും രചിച്ചു. ഹിന്ദുമതത്തിന്റെ ഒരു സംഘമായി ഇത്‌ ചുരുങ്ങിപ്പോകരുതെന്ന്‌ ഗുരുവിന്‌ നിര്‍ബന്ധമുണ്ടായിരുന്നു.

മതത്തിന്റെ പേരിലുള്ള വെറുപ്പും അകല്‍ച്ചയും ഇല്ലാതാക്കാന്‍ ഇത്തരം ധര്‍മ്മസംഘങ്ങള്‍ക്ക്‌ കരുത്തുണ്ടാകുമെന്ന പ്രതീക്ഷ ഗുരു പുലര്‍ത്തിയിരുന്നു. സ്വന്തം സമുദായത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെയും വളര്‍ച്ചയ്‌ക്ക്‌ ഉതകണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍.

നാരായണ ഗുരുകുലം

നാരായണ ഗുരുകുലം
സാമുദായിക സംഘടനകള്‍ക്കും ധര്‍മ്മ സംഘടനയ്‌ക്കും ഗുരു ഊന്നല്‍ നല്‍കിയപ്പോള്‍ ശിഷ്യഗണങ്ങളും അത്തരം ചിന്തകള്‍ സമൂഹത്തിന്റെ നന്മയ്‌ക്ക്‌ എത്രമാത്രം യോജിച്ചതാണെന്ന്‌ മനസ്സിലാക്കിയിരുന്നു. അതില്‍ പ്രധാനമാണ്‌ നാരായണ ഗുരുകുലം. ഗുരു-ശിഷ്യ ബന്ധത്തിലധിഷ്‌ഠിതമായ ഒരു മാതൃകാ വിദ്യാഭ്യാസ സ്‌ഥാപനം എന്ന നിലയില്‍ ഗുരുശിഷ്യനായ, നടരാജഗുരു സ്‌ഥാപിച്ചതാണിത്‌. ഗുരുകുലം എന്നത്‌ ഗുരുവിന്റെയും, ശിഷ്യന്റെയും പരസ്‌പര ബന്ധത്തിന്റെ ഇടമാണ്‌. ഗുരുകുലം തുടങ്ങുന്നതിന്‌ അനുമതിയുമായി നാരായണ ഗുരുവിനെ ശിഷ്യന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മൂന്നു നിര്‍ദ്ദേശങ്ങള്‍ നല്‍കി.

വിവാഹം തടയരുത്‌. ഗുരുവും ശിഷ്യനും ഒരു കുടുംബം പോലെ സഹകരിച്ചു ജീവിക്കണം. ലോകം മുഴുവന്‍ ഗുരുകുലമായിരിക്കണം. ഈ നിര്‍ദ്ദേശങ്ങളെല്ലാം ഉള്‍ക്കൊണ്ടു കൊണ്ടാണ്‌ നാരായണ ഗുരുകുലം പ്രവര്‍ത്തിച്ചത്‌. ഹിന്ദുമതത്തിലെ മഠം, ആശ്രമം എന്നിവയ്‌ക്കു തുല്യമായ പദവിയാണ്‌ ഗുരുകുലത്തിനുള്ളത്‌. അതിന്റെ പ്രധാന ലക്ഷ്യം ഗുരുവില്‍ നിന്ന്‌ നേരിട്ട്‌ ബ്രഹ്‌മവിദ്യ നേടുക, അത്‌ നേടാന്‍ മറ്റുള്ളവര്‍ക്കും അവസരം നല്‍കുക എന്നതാണ്‌. തമിഴ്‌നാട്ടില്‍ നീലഗിരിയിലുള്ള കൂന്നൂരില്‍ ആണ്‌ ഗുരുകുലം ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങിയത്‌. ഗുരുകുലം തുടങ്ങുന്നതിനുള്ള എല്ലാ സഹായങ്ങളും നല്‍കാന്‍ ഗുരുവിന്റെ സന്ന്യാസ ശിഷ്യനായ ബോധാനന്ദസ്വാമിയും, നടരാജ ഗുരുവിനോടൊപ്പമുണ്ടായിരുന്നു.

ഇന്ന്‌ നാരായണഗുരുകുലത്തിന്‌ കേരളത്തിലും, തമിഴ്‌നാട്ടിലും, കര്‍ണാടകയിലും, അമേരിക്ക, ഇംഗ്ലണ്ട്‌, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും ശാഖകളുണ്ട്‌. നടരാജഗുരുവിന്റെ മരണത്തിനു ശേഷം ഗുരു നിത്യചൈതന്യയതിയും ശ്രീ മുനി നാരായണ പ്രസാദും അതിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ശിവഗിരി മഠത്തെ നടരാജഗുരു മാതൃകാ സ്‌ഥാപനമായി കരുതിയിരുന്നതിനാല്‍ നാരായണ ഗുരുകുലത്തിന്റെ പ്രധാന കാര്യാലയം തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ശ്രീനിവാസപുരത്താണ്‌ ഉറപ്പിച്ചിരിക്കുന്നത്‌. ഗുരുവിന്റെ സങ്കല്‍പത്തെ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഈസ്‌റ്റ്‌ വെസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി എന്ന പേരിലൊരു വന്‍ ഗ്രന്ഥശാല തന്നെ വര്‍ക്കലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌.

എല്ലാ വര്‍ഷവും ഡിസംബറില്‍ ശിവഗിരി തീര്‍ത്ഥാടനകാലത്ത്‌ വര്‍ക്കല ഗുരുകുലത്തില്‍ ഒരു കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു വരുന്നുണ്ട്‌. ഗുരുവിന്റെ ദര്‍ശനം സംബന്ധിച്ച താത്വികമായ അറിവുകള്‍ പകര്‍ന്നു കൊടുക്കുക എന്നതാണ്‌ ഈ കണ്‍വെന്‍ഷന്റെ ലക്ഷ്യം.

മറ്റ് വിഷയങ്ങൾ