അരുവിപ്പുറത്ത് എസ്എൻഡിപിയുടെ ഒന്നാം വാർഷിക യോഗം

കേരളത്തിന്റെ സാമൂഹ്യ പശ്‌ചാത്തലത്തില്‍ അവശതയനുഭവിക്കുന്ന ജനങ്ങളെ ഒരുമിച്ചു നിര്‍ത്തേണ്ടത്‌ അത്യാവശ്യമാണെന്നും അതിനൊരു സാമൂഹ്യസംഘടനയുടെ സഹായം വേണമെന്നുമുള്ള ചിന്ത നാരായണഗുരുവിനുണ്ടായിരുന്നു.ആ വേളയിലാണ്‌ സമാനചിന്തയുമായി മൈസൂര്‍ രാജാവിന്റെ ആസ്‌ഥാന ഡോക്‌ടറായ ഡോ പല്‍പ്പു ഗുരുവിനെ സമീപിച്ചത്‌. പിന്നാക്കജനതയുടെ ഉന്നമനത്തിന്‌ തന്റെ എല്ലാ കഴിവും ഉപയോഗിക്കുവാന്‍ മുന്നോട്ടുവന്ന പ്രതിഭാശാലിയായിരുന്നു ഡോ. പല്‍പ്പു.

ഈഴവ ജാതിയില്‍ പിറന്നതു കൊണ്ട്‌ സ്വന്തം നാടായ കേരളത്തില്‍ ജോലി ലഭിച്ചില്ല. മദ്രാസ്സിലും, മൈസൂറിലുമായിരുന്നു ഡോ. പല്‍പ്പു ജോലി ചെയ്‌തിരുന്നത്‌. സ്വാമി വിവേകാനന്ദന്‍ മൈസൂര്‍ മഹാരാജാവിന്റെ കൊട്ടാരത്തില്‍ വിരുന്നുകാരനായി എത്തിയ അവസരത്തില്‍ ഡോ. പല്‍പ്പുവുമായി പരിചയപ്പെടുവാനിടയായി. അവരിരുവരും കണ്ടുമുട്ടുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്‌ വിവേകാനന്ദന്‍ കേരളത്തിലെത്തിയതും, ജാത്യാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന കേരളത്തെ ഭ്രാന്താലയമെന്ന്‌ വിശേഷിപ്പിച്ചതിന് ആസ്പദമായ കാഴ്ചകൾ കണ്ടതും. കേരളത്തെക്കുറിച്ചുള്ള തന്റെ ആശങ്ക പല്‍പ്പുവുമായി അദ്ദേഹം പങ്കിടുകയും ഇതിനൊരു പരിഹാരം കാണേണ്ടത്‌ ആവശ്യമാണെന്ന്‌ സൂചിപ്പിക്കുകയും ചെയ്‌തു.

അവശജനങ്ങള്‍ക്ക്‌ പുരോഗതിയുണ്ടാകുന്നതിന്‌ ഒരു സാമൂഹിക സംഘടന ആവശ്യമാണെന്ന്‌ പല്‍പ്പു ഗുരുവിനെ അറിയിച്ചു. വാവൂട്ടു സംഘത്തെ ക്ഷേത്രയോഗമായി രൂപപ്പെടുത്തിയതു പോലെ അതിനെ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗമായി മാറ്റേണ്ടത്‌ കാലത്തിന്റെ ആവശ്യമാണെന്ന്‌ ഡോ.പല്‍പ്പു അഭിപ്രായപ്പെടുകയും ഗുരു അതിനോട്‌ യോജിക്കുകയും ചെയ്‌തു.

1903-ല്‍ വിവിധ ഭാഗങ്ങളിലുള്ള സമുദായാംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു ജോയിന്റ്‌ സ്‌റ്റോക്കു കമ്പനിയായി രജിസ്‌റ്റര്‍ ചെയ്‌തു പ്രവര്‍ത്തനം തുടങ്ങിയ ഒരു സംഘടനയാണ്‌ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം. ഡോ.പല്‍പ്പുവിന്റെ ചുമതലയില്‍ ബാംഗ്ലൂര്‍, കല്‍ക്കട്ട എന്നിവിടങ്ങളില്‍ നിന്ന്‌ ഉപരിപഠനം കഴിഞ്ഞ്‌ അരുവിപ്പുറത്തു തിരിച്ചെത്തിയ കുമാരനാശാന്‍, ഗുരുവിന്റെ ആഗ്രഹപ്രകാരം എസ്‌.എന്‍.ഡി.പി യോഗത്തിന്റെ സെക്രട്ടറി സ്‌ഥാനം ഏറ്റെടുത്തു. പില്‍ക്കാലത്തു മലയാളത്തിന്റെ മഹാകവിയായി മാറിയ കുമാരനാശാന്‍ പതിനാറു വര്‍ഷക്കാലത്തോളം യോഗം സെക്രട്ടറിയായി തുടര്‍ന്നു. അതിന്റെ ആദ്യ പ്രസിഡന്റ്‌ നാരായണഗുരു തന്നെയായിരുന്നു.

നാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുക, ഈഴവരുള്‍പ്പെട്ട അവശസമുദായങ്ങളുടെ പുരോഗതിയ്‌ക്കു വേണ്ടി വിദ്യാഭ്യാസം, ക്ഷേത്രനിര്‍മ്മാണം, വ്യവസായം, കൈത്തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ ആവശ്യമായ സഹായവും പ്രോത്‌സാഹനവും നല്‍കുക എന്നിവയായിരുന്നു എസ്‌.എന്‍.ഡി.പി യോഗത്തിന്റെ ലക്ഷ്യങ്ങള്‍. 1904-ല്‍ യോഗത്തിന്റെ മുഖപത്രം എന്ന നിലയില്‍ `വിവേകോദയം' എന്ന ദ്വൈമാസിക കുമാരനാശാന്റെ പത്രാധിപത്യത്തില്‍ ആരംഭിച്ചു. ഗുരുവിന്റെ ക്ഷേത്രനിര്‍മ്മാണത്തിലും മറ്റും യോഗത്തിന്റെ പൂര്‍ണ്ണപിന്തുണ ലഭിച്ചിരുന്നു.

വിദ്യ കൊണ്ടു സ്വതന്ത്രരാവുക :
ക്ഷേത്രപ്രവേശനവാദം, മദ്യവര്‍ജ്‌ജനപ്രക്ഷോഭം, വൈക്കം സത്യാഗ്രഹം തുടങ്ങിയ പ്രക്ഷോഭങ്ങളിലെല്ലാം യോഗത്തിന്‌ നിര്‍ണ്ണായകമായ പങ്കു വഹിക്കുവാന്‍ സാധിച്ചു. എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ വരവോടെ പൊതുവില്‍ ഈഴവരുള്‍പ്പെടെയുള്ള അവര്‍ണ്ണ സമുദായങ്ങള്‍ക്ക്‌ വലിയ മാറ്റങ്ങളുണ്ടായി. പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരങ്ങള്‍ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കു ചേര്‍ന്നതല്ലെന്നും, അതിനാല്‍ അവയെ ഇല്ലാതാക്കേണ്ടത്‌ പുരോഗതിയ്‌ക്കാവശ്യമാണെന്നും സമുദായാംഗങ്ങളെ ധരിപ്പിച്ചു. യോഗത്തിന്റെ വരവോടെ സാമൂഹികമായും, സാമ്പത്തികമായും തങ്ങള്‍ക്കു നഷ്‌ടപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുക്കുവാനുള്ള പ്രചോദനം സമുദായാംഗങ്ങള്‍ക്കുണ്ടായി.

അരുവിപ്പുറത്തു നടന്ന എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളനത്തില്‍ ഗുരു ചില സന്ദേശങ്ങള്‍ പുറപ്പെടുവിച്ചു. `വിദ്യ കൊണ്ടു പ്രബുദ്ധരാവുക,' `സംഘടിച്ചു ശക്‌തരാവുക' തുടങ്ങിയ സന്ദേശങ്ങള്‍ ഈ അവസരത്തിലാണ്‌ പ്ര്യാപിച്ചത്‌. ഗുരു ജീവിച്ചിരുന്ന വേളയില്‍ ഇരുപത്തഞ്ചു വാര്‍ഷിക യോഗങ്ങള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച്‌ നടത്തുകയുണ്ടായി. ഈ വാര്‍ഷിക സമ്മേളനങ്ങള്‍ ഈഴവ ജനതയെ സാമൂഹികമായും, സാംസ്‌കാരികമായും ഉണര്‍ത്താന്‍ ഉതകിയെന്നതാണ്‌ സത്യം. മാത്രവുമല്ല, നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി യോഗക്ഷേമസഭ, സാധു ജനപരിപാലനയോഗം തുടങ്ങിയ മറ്റു സമുദായ സംഘടനകള്‍ കേരളത്തില്‍ രൂപപ്പെടാന്‍ വേണ്ട പശ്‌ചാത്തലമൊരുക്കുവാനും ഇതിനു കഴിഞ്ഞു.

എല്ലാ സമുദായങ്ങളിലെയും ദുഷിച്ച ആചാരങ്ങള്‍ ഇല്ലാതാക്കുവാനും സാമുദായിക സമത്വം വളര്‍ത്തുവാനും ഈ സംഘടനകള്‍ ശ്രമിച്ചുകൊണ്ടിരുന്നു. സാമൂഹിക-സാംസ്‌കാരിക മുന്നേറ്റത്തില്‍ അതിപ്രധാന പങ്കു വഹിക്കുവാന്‍ എസ്‌.എന്‍.ഡി.പി.യ്‌ക്കു സാധിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ മാറ്റങ്ങളെ എങ്ങനെ സ്വാധീനിക്കാമെന്നതിന്‌ മികച്ച ഉദാഹരണമാണ്‌ ഗുരു നയിച്ച സംഘടനകള്‍.

മറ്റ് വിഷയങ്ങൾ