അദ്വൈതത്തെ ഒരു ദര്‍ശന ശാസ്‌ത്രമായി അവതരിപ്പിച്ചതും അതിനു രൂപം നല്‍കിയതും എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശ്രീശങ്കരനാണെന്നു കരുതപ്പെടുന്നു. അന്നു നിലവിലിരുന്ന യുക്‌തിചിന്തയും, ശാസ്‌ത്രീയതയും തന്റെ ഭാഷ്യങ്ങളില്‍ അദ്ദേഹം പ്രയോഗത്തില്‍ വരുത്തുകയായിരുന്നു. രണ്ട് അല്ലാത്ത അവസ്‌ഥയാണ് അദ്വൈതം. പ്രപഞ്ചവും, സത്യാന്വേഷകനും തമ്മിലും ഒന്നായ അവസ്‌ഥയാണുള്ളത്. ഒരുവന്റെ ജീവിതത്തെ അര്‍ത്ഥമുള്ളതാക്കി മാറ്റുന്നത് ആ അറിവാണ്. അതുതന്നെയാണ് ബ്രഹ്‌മം എന്നത്. ബ്രഹ്‌മസത്യം ഏകവും, നിത്യവുമാണ്. തന്നിലും, പ്രപഞ്ചത്തിലും നിറഞ്ഞിരിക്കുന്ന സത്യം ഒന്നു തന്നെയാണെന്നും ആ സത്യം തന്നെയാണു താനെന്നും ഓരോ വ്യക്‌തിയും അനുഭവിച്ചറിയുന്നതാണു അദ്വൈത ദര്‍ശനം.
ആത്മാവിന്റെ സത്യസ്വരൂപം അന്വേഷിച്ചാണ് ഋഷിമാര്‍ തപസ്സിലേര്‍പ്പെട്ടിരുന്നത്. അവര്‍ നേടിയ ആത്മസാക്ഷാത്‌ക്കാരത്തിന്റെ വാങ്‌മയ ചിത്രങ്ങളാണ് ഉപനിഷത്തുകള്‍ എന്നു പറയാം. നാലു വേദങ്ങളുടെയും അവസാന ഭാഗത്ത് വരുന്നതിനാല്‍ വേദത്തിന്റെ അന്തം എന്ന അര്‍ത്ഥത്തില്‍ വേദാന്തം എന്ന് അതിനെ വിളിക്കുന്നു. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂര്‍വമീമാംസ, വേദാന്തം എന്നിവയാണ് ഷഡ്‌ദര്‍ശനങ്ങളെന്നറിയപ്പെടുന്നത്. ആറു ദര്‍ശനങ്ങളില്‍ അവസാനത്തേതു വേദാന്തമാണ്. വേദാന്തത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളായി പരിഗണിക്കുന്നവയാണ് ബ്രഹ്‌മസൂത്രവും, ഭഗവദ് ഗീതയും, ഉപനിഷത്തുക്കളും. വേദാന്തസൂത്രത്തിന് അനവധി ഭാഷ്യങ്ങളുണ്ടായിട്ടുണ്ട്.
ശ്രീശങ്കരന്റെ അദ്വൈത സിദ്ധാന്തത്തെ നാരായണഗുരു പിന്തുടരുകയായിരുന്നു എന്ന അഭിപ്രായം ചിലര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ശ്രീശങ്കരന്‍ അദ്വൈതവാദിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വചനവും, പ്രവൃത്തിയും തമ്മില്‍ അന്തരമുണ്ടെന്ന് പലരും നിരീക്ഷിക്കുന്നുണ്ട്. ബ്രഹ്‌മ സൂത്രഭാഷ്യത്തില്‍, അപശൂദ്രാധികരണം എന്ന ഭാഗത്ത് ഉപനയന സംസ്‌കാരം സിദ്ധിച്ച ത്രൈവര്‍ണ്ണികര്‍ക്കും, ദേവതകള്‍ക്കും മാത്രമേ വേദം അഭ്യസിക്കുവാന്‍ അധികാരമുള്ളു, ശൂദ്രര്‍ക്കു പാടില്ല എന്ന് പ്രസ്‌താവിക്കുന്നുണ്ട്.
വിദ്യയുടെ വൈശിഷ്‌ട്യത്തെക്കുറിച്ച് വാചാലനാകുന്ന ശങ്കരാചാര്യര്‍, നീചജാതിയില്‍ പിറന്നതുകൊണ്ട് ശൂദ്രര്‍ക്ക് അത് നിഷേധിക്കണമെന്ന് പറയുന്നു. ബ്രഹ്‌മസൂത്രത്തിലെ അപശൂദ്രാധികരണത്തെപ്പറ്റിയുള്ള ശാങ്കര ഭാഷ്യം ചിന്താവിഷയമായ സന്ദര്‍ഭത്തില്‍ `അവിടെ ശങ്കരനു തെറ്റിപ്പോയി' എന്ന് നാരായണഗുരു സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ `പലമതസാരവുമേകമെന്നു' ധരിച്ച ഗുരു തന്റെ മതം ശ്രേഷ്‌ഠമാണെന്നോ, അന്യന്റെ മതം നികൃഷ്‌ടമാണെന്നോ അഭിപ്രായപ്പെട്ടില്ല. അധ:സ്‌ഥിതര്‍ക്ക് വിദ്യ നിഷേധിക്കുകയല്ല, മറിച്ച് വിദ്യ കൊണ്ട് സ്വതന്ത്രരാവാനാണ് ഗുരു ആഹ്വാനം ചെയ്‌തത്.
ഒരു സന്ദര്‍ഭത്തില്‍ ശങ്കരന്റെ മതം തന്നെയാണ് തന്റെ മതമെന്ന് നാരായണഗുരു പറഞ്ഞിട്ടുണ്ടെങ്കിലും ശങ്കരാചാര്യരുടെ ഖണ്ഡന മണ്ഡനരീതിയിലുള്ള ചര്‍ച്ചാരീതി ഗുരു സ്വീകരിച്ചിട്ടില്ല. ഒരു വാദത്തെ എതിര്‍ത്തു കൊണ്ടുള്ള സമീപനരീതിയാണ് ഖണ്ഡനരീതി. എന്നാല്‍ മണ്ഡനരീതിയില്‍ ഒരു വാദത്തോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. എതിരാളികളെ വാദത്തില്‍ തോല്‍പിച്ച് സ്വന്തം മതം സ്‌ഥാപിക്കുക എന്നത് ഗുരുവിന്റെ ലക്ഷ്യമായിരുന്നില്ല.
എട്ടാം നൂറ്റാണ്ടില്‍ അന്ന് നിലവിലുണ്ടായിരുന്ന ശാസ്‌ത്രീയതയും, യുക്‌തി ഭദ്രതയും തന്റെ ഭാഷ്യങ്ങളില്‍ ശങ്കരാചാര്യര്‍ പ്രയോഗിച്ചു. നാരായണ ഗുരുവാകട്ടെ, ആധുനിക ശാസ്ര്‌തത്തിന്റെ യുക്‌തിയില്‍ എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ അതിനെ പുനരാവിഷ്‌ക്കരിച്ചു. അദ്വൈതദര്‍ശനം പ്രയോഗക്ഷമമാവുമ്പോള്‍ അത് മനുഷ്യജീവിതത്തെ മൂല്യവത്താക്കുന്നത് എങ്ങനെയെന്നും മനുഷ്യജീവിതത്തെ ഉയര്‍ത്തുന്നതെങ്ങനെയെന്നുമുള്ളതിന് ഗുരു ഊന്നല്‍ നല്‍കി.
ശ്രീശങ്കരന്റെ അദ്വൈത ദർശനത്തെ പിന്തുടരുമ്പോഴും, അതിലെ ജാതിവിവേചനപരമായ നിലപാടുകളെ തിരുത്തിക്കൊണ്ട് ആധുനിക യുക്തിക്കനുസൃതമായി ഗുരു അതിനെ പുനരാവിഷ്‌കരിച്ചു. വിദ്യ എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം, വാദിച്ചു ജയിക്കാനല്ല മറിച്ച് അറിവിലൂടെ മനുഷ്യനെ സ്വതന്ത്രനാക്കാനാണ് ശ്രമിച്ചത്. കേവലം ഒരു തത്വചിന്ത എന്നതിലുപരി, മനുഷ്യജീവിതത്തെ മൂല്യവത്താക്കുന്ന പ്രായോഗിക ദർശനമായി അദ്വൈതത്തെ മാറ്റിയെടുക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഗുരുവിന് കൂടുതൽ സ്വീകാര്യതയും സാമാന്യ ജനത്തിൻ്റെ സനേഹവും കിട്ടാൻ ഈ മാർഗ്ഗം സഹായകമായി.