ഗുരുവിന്റെ ജീവിതത്തിലും രചനകളിലും സ്വാധീനം ചെലുത്തിയിട്ടുള്ള ഒന്നാണ് ശൈവദര്‍ശനം. ഗുരുവിന്റെ പ്രതിഷ്‌ഠകള്‍ ഏറെയും ശിവകുടുംബ ദേവതകളാണ്. മറ്റു സ്‌തോത്രങ്ങളെക്കാള്‍ അനുഭൂതി തീവ്രമാണ് ഗുരുവിന്റെ ശിവസ്‌തോത്രങ്ങള്‍. ഭക്‌തിക്ക് പരമപ്രാധാന്യം നല്‍കുന്ന ദര്‍ശനമാണ് ശൈവ ദര്‍ശനം. ഭക്‌തി സ്‌നേഹവുമായി ബന്ധപ്പെട്ടു കിടക്കുന്നതായി ശൈവര്‍ വിശ്വസിക്കുന്നു. പ്രപഞ്ചം പലതായി കാണുന്നെങ്കിലും എല്ലാറ്റിന്റെയും അടിസ്‌ഥാനം ശിവമെന്ന ഏകമാണ് എന്നതാണ് ശൈവദര്‍ശനത്തിന്റെ കാതല്‍. ആത്മോപദേശശതകത്തിലും, സദാശിവദര്‍ശനത്തിലും പ്രപഞ്ചപ്പൊരുളിനെ ഗുരു വാഴ്‌ത്തുന്നുണ്ട്. ഈശ്വരനെ രൂപത്തോടെയും അരൂപിയായും വര്‍ണ്ണിക്കുന്നത് ശൈവദര്‍ശനത്തിന്റെ രീതിയാണ്. അതോടൊപ്പം ഗുരുവിന്റെ കൃതികളില്‍ കാണുന്ന `അരുള്‍' സങ്കല്‍പ്പവും ശൈവസിദ്ധാന്ത സ്വാധീനമാണ്. ഗുരുവിന്റെ കൃതികളില്‍ നിരവധി തവണ ആവര്‍ത്തിക്കുന്ന പദമാണ് അരുള്‍.
യോഗസാധനകള്‍ പോലെ തന്നെ സത്യസാക്ഷാത്‌ക്കാരത്തിനായി താന്ത്രിക മാര്‍ഗ്ഗങ്ങളും ഗുരു സ്വീകരിച്ചതായി ഗുരുവിന്റെ സ്‌തോത്രകൃതികളില്‍ നിന്നു മനസ്സിലാക്കാം. ദക്ഷിണേന്ത്യയില്‍ പ്രാചീനകാലം മുതല്‍ നിലനിന്നിരുന്ന ഒന്നാണ് ശാക്തേയ സമ്പ്രദായം. കാളിയെ ആരാധിക്കുന്ന സമ്പ്രദായം ഇതിന്റെ പ്രാഗ്‌രൂപമാണെന്നു കാണാം. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും കാലഘട്ടത്തില്‍ ശക്‌തിയായും മായയായും ഈ സങ്കല്‍പം മാറി. ശൈവ സമ്പ്രദായത്തില്‍ ശിവന്‍ സര്‍വ്വവ്യാപിയും നിഷ്‌ക്രിയവുമായ സ്വരൂപത്തോട് കൂടിയ വിശുദ്ധചൈതന്യമാണ്. ശക്‌തിയാവട്ടെ, ക്രിയാശീലയും സ്വരൂപത്തോട് കൂടിയവളുമാണ്. എല്ലാ ജീവാത്മാക്കളിലും അത് സ്‌ഥിതി ചെയ്യുന്നു. പ്രപഞ്ചത്തിന്റെ ആരംഭം ഈ പരാശക്‌തിയില്‍ നിന്നാണ്.
ഗുരു രചിച്ച `ബാഹുലേയാഷ്‌ടകം', ഭാരതത്തിലെ ഉപാസനാരീതിയുടെ ആഴങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന യോഗശാസ്ര്‌ത കൃതിയായി വിശേഷിപ്പിക്കപ്പെടുന്നു. നാരായണഗുരുവിന്റെ ദേവീസ്‌തുതികളിലെല്ലാം താന്ത്രികവിധിയുടെ സൂചനകള്‍ കാണാം. ഭദ്രകാള്യഷ്‌ടകത്തിലും കാളി നാടകത്തിലും കാളി എന്ന വാക്കു തന്നെ ആവര്‍ത്തിച്ചിരിക്കുന്നതു കാണാം. ദേവിയുടെ സൗമ്യഘോരഭാവങ്ങളെ കാളിനാടകത്തില്‍ ഗുരു വര്‍ണ്ണിക്കുന്നു.
പ്രപഞ്ചത്തിലെ നാനാത്വത്തിന് പിന്നിലെ ഏകത്വമായി ശിവനെ കാണുന്ന ശൈവദർശനമാണ് ഗുരുവിന്റെ മിക്ക പ്രതിഷ്ഠകൾക്കും സ്തോത്രങ്ങൾക്കും അടിസ്ഥാനം. ഭക്തിയെ സ്നേഹമായി കാണുന്ന ഈ രീതിയിൽ നിന്നാണ് ഗുരുവിന്റെ കൃതികളിൽ ആവർത്തിക്കുന്ന 'അരുൾ' എന്ന കാരുണ്യസങ്കല്പം ഉടലെടുക്കുന്നത്. അതോടൊപ്പം തന്നെ, പ്രപഞ്ചത്തിന്റെ ക്രിയാശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ശാക്തേയ ദർശനവും ഗുരുവിന്റെ രചനകളിൽ പ്രകടമാണ്. 'ബാഹുലേയാഷ്ടകം', 'ഭദ്രകാള്യഷ്ടകം', 'കാളിനാടകം' തുടങ്ങിയ കൃതികളിൽ ദേവിയുടെ സൗമ്യ-ഘോര ഭാവങ്ങളെയും താന്ത്രിക വിദ്യകളെയും ഗുരു സമന്വയിപ്പിച്ചിരിക്കുന്നു. നിഷ്ക്രിയമായ ചൈതന്യമായി ശിവനെയും സർവ്വചരാചരങ്ങളിലും പ്രസരിക്കുന്ന ക്രിയാശക്തിയായി ദേവിയെയും ദർശിച്ച ഗുരു, ഈ രണ്ടു ദർശനങ്ങളെയും തത്വചിന്താപരമായും യോഗാത്മകമായും തന്റെ കൃതികളിൽ അവതരിപ്പിച്ചു. ചുരുക്കത്തിൽ, വേദാന്തത്തോടൊപ്പം ദക്ഷിണേന്ത്യൻ ഭക്തിപ്രസ്ഥാനങ്ങളുടെയും താന്ത്രിക വിദ്യകളുടെയും സത്ത ഉൾക്കൊണ്ടാണ് ഗുരു തന്റെ തപസ്സും രചനകളും പൂർത്തീകരിച്ചത്.