നടരാജ ഗുരു

ശ്രീശങ്കരന്റെ കാഴചപ്പാടില്‍ നിന്ന്‌ ചില കാര്യങ്ങളില്‍ ഗുരുവിന്റെ വീക്ഷണം വ്യത്യാസപ്പെട്ടിരിക്കുന്നതു കാണാം. ശാസ്‌ത്രീയമായി അദൈ്വതത്തെ സമീപിക്കുന്ന സന്ദര്‍ഭത്തില്‍ ശങ്കരന്‍ ജീവാത്മാവ്‌, പരമാത്മാവ്‌ എന്ന ഭേദബുദ്ധിയ്‌ക്ക്‌ പ്രാധാന്യം നല്‍കുന്നുണ്ട്‌. എന്നാല്‍ ഗുരുവിന്റെ ഒരു കൃതികളിലും ഈ ദൈ്വതസങ്കല്‍പം ആവിഷ്‌ക്കരിക്കുന്നില്ല.

അറിവ്‌ മായാവിയാണ്‌, മായാവിനോദനുമാണ്‌ എന്ന്‌ `ദൈവദശക'ത്തില്‍ ഗുരു ചൂണ്ടിക്കാണിക്കുന്നു. അദൈ്വത തത്ത്വങ്ങള്‍ക്ക്‌ ജാതി വിനാശത്തിനുള്ള അടിസ്‌ഥാന ശിലയായി നിലനില്‍ക്കാനുള്ള ശക്‌തിയുണ്ടെന്ന്‌ ബോധ്യപ്പെടുകയും ആ തത്ത്വ ശാസ്‌ത്രത്തെ സ്വന്തം ജീവിതത്തില്‍ സാക്ഷാത്‌ക്കരിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ അദൈ്വതത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്‌തി, ദൈ്വതപ്രകടനങ്ങളുടെ ദൂഷ്യഫലങ്ങളെ ദൂരീകരിക്കുവാന്‍ ശ്രമിക്കണമെന്ന്‌ ഗുരു കാട്ടിത്തരികയും ചെയ്‌തു.

ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദിശാബോധം നല്‍കിയ തത്ത്വചിന്ത എന്തായിരുന്നു? `തത്വത്തില്‍ ശങ്കരന്റെ മതം തന്നെയാണ്‌ നമ്മുടേതും' എന്ന്‌ ശിഷ്യനായ നടരാജഗുരുവിനോട്‌ ഒരിക്കല്‍ നാരായണഗുരു പറഞ്ഞിട്ടുണ്ട്‌ എന്ന്‌ രേപ്പെടുത്തിയിട്ടുണ്ട്‌. നടരാജഗുരുവിന്‌ ഏറ്റവും പ്രാമാണികനായ ഋഷിയും, ശാസ്‌ത്രജ്ഞനും നാരായണ ഗുരുവായിരുന്നു. ഗുരുവിന്റെ ദര്‍ശനം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട ജ്ഞാനിയായിരുന്നു നടരാജഗുരു. ഗുരുവിന്റെ ദര്‍ശനം അനുഭൂതിപരവും ഒപ്പം ശാസ്‌ത്രയുക്തവുമാണ്‌. നാരായണഗുരുവിന്റെ ദര്‍ശനത്തെ നടരാജഗുരു അവതരിപ്പിക്കുന്നത്‌, അദ്ധ്യാത്മ ബുദ്ധിയില്‍ക്കൂടിയും, ശാസ്‌ത്ര ബുദ്ധിയില്‍ കൂടിയും ഏവര്‍ക്കും ഒരുപോലെ അംഗീകരിക്കത്തക്കവിധമാണ്‌.

ഗുരുവിന്റെ ദര്‍ശനത്തെ മറ്റു ദേശങ്ങളിലെ തത്വചിന്തകളുമായി താരതമ്യപ്പെടുത്തി അതിന്റെ സമഗ്രതയും, ശാസ്‌ത്രീയതയും, തെളിമയും എടുത്തു കാണിക്കുകയാണ്‌ നടരാജഗുരു ചെയ്‌തത്‌. ഗുരുവിന്റെ ദര്‍ശനത്തെ ആധുനിക ലോകത്തിന്‌ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അതിനെ സമന്വയിപ്പിക്കുകയും മൂല്യനവീകരണം നടത്തുകയുമാണ്‌ അദ്ദേഹം ചെയ്‌തത്‌. ഗുരു വീക്ഷിച്ച ഏകലോകം എന്ന കാഴ്‌ചപ്പാട്‌ തന്റെ ജീവിതത്തിലൂടെയും, കൃതികളിലൂടെയും, തന്റെ സ്‌ഥാപനങ്ങളിലൂടെയും സാക്ഷാത്‌ക്കരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഗുരുവിന്റെ ദര്‍ശനത്തിലേയ്‌ക്കു വെളിച്ചം വീശുന്ന ഒട്ടേറെ കൃതികള്‍ നടരാജഗുരു എഴുതിയിട്ടുണ്ട്‌. അതോടൊപ്പം ഗുരുവിന്റെ മിക്ക കൃതികളും ഇംഗ്ലീഷിലേയ്‌ക്ക്‌ വിവര്‍ത്തനം ചെയ്യുകയും ചെയ്‌തു.

`ഗുരുവരുള്‍' എന്ന കൃതി, ഗുരു എന്ന ആശയത്തെ താത്വികമായി പറഞ്ഞുവെച്ചതിനു ശേഷം ഗുരുവിന്റെ ജീവചരിത്രം മാതൃകയായി എഴുതിയിട്ടുള്ളതാണ്‌. നാരായണഗുരുവിലേക്കും ഗുരുവിന്റെ മാര്‍ഗ്ഗത്തിലേക്കും ആകൃഷ്‌ടരായവര്‍ക്ക്‌ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനത്തെയും മനസ്സിലാക്കിക്കൊടുക്കണമെന്ന ലക്ഷ്യത്തോടു കൂടിയാണ്‌ ഈ കൃതി രചിച്ചിരിക്കുന്നത്‌. യുക്‌തിവിചാരം എന്നതിനെക്കാള്‍ യോഗബുദ്ധിയാണ്‌ സത്യദര്‍ശനം എന്ന്‌ ഈ പഠനത്തിലൂടെ അദ്ദേഹം തെളിയിക്കുകയാണ്‌. ഗുരുവിന്റ `ആത്മോപദേശശതക'ത്തിന്‌ വ്യാഖ്യാനമെഴുതിയ നടരാജഗുരു, വേദാന്തത്തിലെ വ്യത്യസ്‌ത സമ്പ്രദായങ്ങളായ ശ്രീശങ്കരന്റെ അദൈ്വതം, രാമാനുന്റെ വിശിഷ്‌ടാദൈ്വതം, മധ്വാചാര്യരുടെ ദൈ്വതം എന്നിവയുടെ മൗലിക സിദ്ധാന്തങ്ങള്‍ക്ക്‌ ഒരു ചിന്താപദ്ധതി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിലാണ്‌ ഗുരു ഈ കൃതി രചിച്ചിരിക്കുന്നതെന്ന്‌ സ്‌ഥാപിക്കുന്നു.

അത്യന്തം വിരുദ്ധമായ ഈ മാര്‍ഗ്ഗങ്ങളെ സമന്വയിപ്പിച്ച്‌ അതിനെ പ്രായോഗികതലത്തില്‍ പ്രയോജനപ്പെടുത്താമെന്ന്‌ ഗുരു ഇതിലൂടെ കാട്ടിത്തരുന്നു. ഗുരുവിന്റെ `ദര്‍ശനമാല'യുടെ വ്യാഖ്യാനത്തില്‍ എല്ലാ ദര്‍ശനങ്ങളുടെയും സമന്വയത്തിനായി സാമ്പ്രദായക ശൈലിയില്‍ രചിച്ച കൃതിയായി അതിനെ അദ്ദേഹം അവതരിപ്പിക്കുന്നു. അറിവിന്റെ ഇഴയില്‍ കൊരുത്ത ദര്‍ശനങ്ങളുടെ മാലയായി അദ്ദേഹം ഈ കൃതിയെ കാണുന്നു. സത്യത്തെ വ്യത്യസ്‌തമായ പത്തു ദര്‍ശനങ്ങളിലൂടെ ഗുരു കാണുന്ന കൃതിയാണിത്‌. കര്‍മത്തെ ഉദാത്തീകരിച്ച്‌, അറിവു നേടാനുള്ള വഴിയാക്കി അതിനെ എങ്ങനെ മാറ്റാമെന്നാണ്‌ നാരായണഗുരു കാട്ടിത്തന്നത്‌. അറിവും, കര്‍മ്മവും തമ്മിലുള്ള സമന്വയനം അദ്ദേഹത്തിന്റെ ജീവിതത്തിലെന്ന പോലെ ദര്‍ശനങ്ങളിലും കാണപ്പെടുന്നു.

മാനവരാശിയുടെ വേര്‌ മനുഷ്യനിലാണെന്നും മനുഷ്യനു വേണ്ടിയാണ്‌ എല്ലാ വിചാരങ്ങളുമെന്ന്‌ നാരായണഗുരു ഉദ്‌ബോധിപ്പിച്ചു. ഗുരുവിന്റെ ചിന്തയെയും, ദര്‍ശനത്തെയും പഠിക്കാന്‍ ശ്രമിച്ചവര്‍ പലരും അദൈ്വത ദര്‍ശനത്തിനാണ്‌ പ്രാമുഖ്യം കല്‍പിച്ചത്‌. പ്രത്യേകിച്ച്‌, സ്‌തോത്രകൃതികളെക്കാള്‍ ദാര്‍ശനിക കൃതികളിലൂന്നിയാണ്‌ അവര്‍ തങ്ങളുടെ അഭിപ്രായം മുന്നോട്ടു വെച്ചത്‌. ദാര്‍ശനികര്‍ പലരും ജീവിതബദ്ധമല്ലാത്ത, മനുഷ്യരെ സ്‌പര്‍ശിക്കാത്ത തര്‍ക്ക-വിതര്‍ക്കങ്ങളിലാണ്‌ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്‌. അറിവെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണെന്നും ആത്മസുഖം എന്നത്‌ പ്രധാനമാണെന്നും ഗുരു വിശ്വസിച്ചു. മാനവികതയാണ്‌ പരമപ്രധാനമെന്ന്‌ ഗുരു മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ്‌ ഗുരുവിന്റെ ചിന്തകളും, ദാര്‍ശനിക വീക്ഷണങ്ങളും ആധുനിക കാലത്തും കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌.

മറ്റ് വിഷയങ്ങൾ