Trade Media
     

പ്രാചീന കേരളം

പ്രാക് ചരിത്ര കാലം തൊട്ട് കുല ശേഖര സാമ്രാജ്യത്തിന്റെ അസ്തമയ കാലമായ 12-ാം നൂറ്റാണ്ടു വരെ നീളുന്നതാണ് കേരളത്തിന്റെ പ്രാചീന ചരിത്രഘട്ടം.

മഹാശിലാസ്മാരകങ്ങള്‍
പല സ്ഥലങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള കല്ലുപകരണങ്ങളും വയനാട്ടിലെ എടക്കല്‍, തൊവരി, ഇടുക്കിയിലെ മറയൂരിനടുത്ത് കുടക്കാട് വനം, കൊല്ലം ജില്ലയിലെ തെന്മലയിലെ ചെന്തരുണി എന്നിവിടങ്ങളിലെ ഗുഹകളും കേരളത്തിലെ അതിപുരാതന ജനജീവിതത്തിന്റെ തെളിവുകളാണ്. ഇത്തരം പൗരാണികാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെക്കുറിച്ചു വ്യക്തമായ തെളിവു നല്‍കുന്നത് മഹാശിലാസ്മാരകങ്ങള്‍ (megaliths)ആണ്. ബി. സി. 500 - എ. ഡി. 300 കാലഘട്ടത്തിലേതാണ് ഈ ശവസ്മാരകങ്ങളെന്നു കരുതുന്നു. “മഹാശില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശവം സംസ്കരിക്കാനോ മരിച്ചവരുടെ ഓര്‍മ നിലനിര്‍ത്താനോ കൂറ്റന്‍ കല്ലുകള്‍ കൊണ്ടു പടുത്തുണ്ടാക്കിയ അറകളെയും സ്തംഭങ്ങളെയുമാണ്. തെക്കേ ഇന്ത്യയില്‍ പൊതുവേ ദൃശ്യമായിരുന്ന മഹാശിലാ പ്രസ്ഥാനത്തിന്റെ ഭാഗവും പ്രേതാരാധനത്തോടു ബന്ധപ്പെട്ടതുമാണ് കേരളത്തിലെ മഹാശിലാ നിര്‍മിതികള്‍” കൊടും കല്ലറകള്‍, പഴുതറകള്‍, നടുകല്ലുകള്‍, കുടക്കല്ലുകള്‍, തൊപ്പിക്കല്ലുകള്‍, ശിലാഗുഹകള്‍ മുതലായ പലതരം മഹാശിലാ സ്മാരകങ്ങളുണ്ട്. നടുകല്ല്, തൊപ്പിക്കല്ല്, പടക്കല്ല്, പുലച്ചിക്കല്ല്, പാണ്ടു കുഴി, നന്നങ്ങാടി, പുതുമക്കത്താഴി തുടങ്ങിയ പല പേരുകളില്‍ അവ അറിയപ്പെടുന്നു. വലിയ മണ്‍പാത്രങ്ങളിലും മറ്റുമാണ് ശവങ്ങള്‍ അടക്കിയിരുന്നത്. പ്രാചീന ജനജീവിതത്തിന്റെ ചിത്രം അവതരിപ്പിക്കുന്നുവെങ്കിലും മഹാശിലാവശിഷ്ടങ്ങള്‍ സ്ഥിരമായ പാര്‍പ്പിടങ്ങളുടെ വളര്‍ച്ചയെ കാണിക്കുന്നുവെന്നു പറയാന്‍ സാധിക്കുകയില്ല.


വിദേശബന്ധങ്ങള്‍
അതി പ്രാചീനകാലം തൊട്ടു തന്നെ കേരളവും വിദേശരാജ്യങ്ങളും തമ്മില്‍ ബന്ധങ്ങളുണ്ടായിരുന്നു. മുഖ്യമായും വാണിജ്യാധിഷ്ഠിതമായിരുന്ന ഈ ബന്ധം കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രം രൂപപ്പെടുത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ജൂത, ക്രൈസ്തവ, ഇസ്‌ലാം മതങ്ങള്‍ പുരാതന കാലത്തു തന്നെ കേരളത്തില്‍ പ്രചരിക്കാന്‍ ഇടയാക്കിയത് വിദേശബന്ധമാണ്.

കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളാണ് പ്രാചീന കാലത്തു തന്നെ വിദേശികളെ ആകര്‍ഷിച്ചത്. ബി. സി. 3000 മുതല്‍ തന്നെ വിദേശീയര്‍ കേരളത്തിലെത്തിയിരുന്നു. പ്രാചീന സുമേറിയന്‍ (മെസൊപ്പൊട്ടേമിയ) നാഗരികത വളര്‍ത്തിയെടുത്ത അസീറിയക്കാരും ബാബിലോണിയക്കാരും കേരളത്തിലെത്തി ഏലം, കറുവപ്പട്ട (ഇലവര്‍ങ്ഗം) തുടങ്ങിയവ കൊണ്ടു പോയി. അറബികളും ഫിനീഷ്യരുമാണ് കേരളവുമായുള്ള സുഗന്ധ വ്യജ്ഞന വ്യാപാരത്തില്‍ ആദ്യം പ്രവേശിച്ചത്. ഒമാനിലെയും പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തെയും അറബികളാവണം സമുദ്രമാര്‍ഗം ആദ്യമായി ഇവിടെ എത്തിയത്. ഉത്തരേന്ത്യയിലൂടെയും കേരളത്തിന്റ സുഗന്ധ ദ്രവ്യങ്ങള്‍ മധ്യേഷ്യയിലെത്തി. ബി. സി. അവസാന ശതകങ്ങളില്‍ ഗ്രീക്കുകാരും റോമക്കാരും കേരളവുമായി വ്യപാരത്തിലേര്‍പ്പെട്ടു. പ്രാചീന ഗ്രീക്ക് ഭിഷഗ്വരനായ ദിയോസ്രോര്‍ദീസിന്റെ 'മെറ്റീരിയ മെഡിക്ക' എന്ന വൈദ്യഗ്രന്ഥത്തില്‍ ഏലം, കറുവപ്പട്ട, മഞ്ഞള്‍, ഇഞ്ചി എന്നിവയുടെ ഔഷധഗുണത്തെപ്പറ്റി വിവരിക്കുന്നുണ്ട്.

ബി. സി. ഒന്നാം നൂറ്റാണ്ടില്‍ റോമക്കാര്‍ ഈജിപ്ത് ആക്രമിച്ചതോടെ അറബികള്‍ക്ക് കേരളവുമായുണ്ടായിരുന്ന സുഗന്ധ വ്യജ്ഞന വ്യാപാരക്കുത്തക പൊളിഞ്ഞു. ആ സ്ഥാനത്ത് റോമക്കാര്‍ കടന്നു വന്നു. ഒട്ടേറെ റോമന്‍ നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. എ.ഡി. 45-ല്‍ ഈജിപ്ഷ്യന്‍ നാവികനായ ഹിപ്പാലസ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാലവര്‍ഷക്കാറ്റിന്റെ ഗതി കണ്ടു പിടിച്ചതോടെ കേരളത്തിലേക്കുള്ള സമുദ്രയാത്ര എളുപ്പമായി. കുരുമുളകായിരുന്നു കേരളത്തില്‍ നിന്ന് വിദേശത്തെത്തിയ ചരക്കുകളില്‍ ഏറ്റവും വിലപിടിച്ചത്.

കേരളവുമായി വ്യാപാരത്തിലേര്‍പ്പെട്ട മറ്റൊരു വിദേശജനതയായിരുന്നു ചൈനക്കാര്‍. ചൈനീസ് കപ്പലുകള്‍ കേരളത്തിലെ തുറമുഖങ്ങളില്‍ എത്തിയത് ഒരു പക്ഷെ ഗ്രീക്കുകാര്‍ക്കും റോമക്കാര്‍ക്കും മുമ്പുതന്നെയായിരുന്നിരിക്കണം. പ്രാചീന ചൈനീസ് നാണയങ്ങള്‍ കേരളത്തില്‍ നിന്നു കിട്ടിയിട്ടുണ്ട്. ചീനക്കളിമണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ചീനച്ചട്ടിയും ചീനവലയും കേരളത്തിലെത്തിയ വഴിയും മറ്റൊന്നല്ല.


പ്രാചീന തുറമുഖങ്ങള്‍
പ്രാചീനമായ നാവിക പാരമ്പര്യവും സൗകര്യങ്ങളുള്ള തുറമുഖങ്ങളും പ്രാചീന കേരളത്തിനുണ്ടായിരുന്നു. ആ തുറമുഖങ്ങള്‍ വഴിയാണ് വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടത്. മുസിരിസ് (കൊടുങ്ങല്ലൂര്‍), തിണ്ടിസ്, ബറക്കേ, നെല്‍ക്കിണ്ട എന്നീ പ്രധാന തുറമുഖങ്ങളെപ്പറ്റി പ്രാചീനരായ വിദേശസഞ്ചാരികള്‍ പരാമര്‍ശിച്ചിട്ടുണ്ട്. മുസിരിസ് ഒഴികെയുള്ളവ എവിടെയാണെന്ന കാര്യത്തില്‍ ചരിത്ര ഗവേഷകര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. പ്രാചീന ഭാരതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായിരുന്നു മുസിരിസ്. മേല്‍പരാമര്‍ശിച്ചതല്ലാത്ത ഒട്ടേറെ ചെറു തുറമുഖങ്ങളും പ്രാചീന കേരളത്തില്‍ ഉണ്ടായിരുന്നിരിക്കണം. പില്‍ക്കാലത്ത് കൊല്ലം, കോഴിക്കോട്, കൊച്ചി എന്നിവ പ്രധാന തുറമുഖങ്ങളായി ഉയര്‍ന്നു വന്നു.


സംഘകാലം
ക്രിസ്തു വര്‍ഷത്തിന്റെ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകള്‍ കേരള ചരിത്രം രൂപപ്പെട്ടു തുടങ്ങുന്ന കാലഘട്ടമാണെന്ന് പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ അഭിപ്രായപ്പെടുന്നു. തമിഴ് സാഹിത്യത്തിലെ പ്രസിദ്ധമായ സംഘകാലമാണിത്. അന്ന് തമിഴകത്തിന്റെ ഭാഗമായിരുന്നു കേരളവും.

പഴന്തമിഴ് പാട്ടുകള്‍ എന്നു വിളിക്കപ്പെടുന്ന സംഘസാഹിത്യത്തില്‍ നിന്ന് ഈ കാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നു. ബി. സി. ഒന്നാം ശതകത്തിനും എ. ഡി. ആറാം ശതകത്തിനും ഇടയ്ക്കാണ് സംഘകാലമെന്ന് പൊതുവെ എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. എ. ഡി. ആദ്യ മൂന്നു ശതകങ്ങളാണ് ഇക്കാലമെന്ന് ഡോ. എസ്. കൃഷ്ണസ്വാമി അയ്യങ്കാര്‍, നീലകണ്ഠശാസ്ത്രി, കനകസഭ, ശേഷയ്യര്‍, പി. കെ. ഗോപാലകൃഷ്ണന്‍ എന്നീ ചരിത്രകാരന്മാരും Cambridge History of Indiaയും അഭിപ്രായപ്പെടുന്നു. എ. ഡി. ഒന്നു മുതല്‍ അഞ്ചു വരെ ശതകങ്ങളെന്ന് എ. ശ്രീധരമേനോനും എ.ഡി. അഞ്ച്, ആറ് ശതകങ്ങളെന്ന് ഇളംകുളവും സമര്‍ഥിച്ചിട്ടുണ്ട്. സംഘസാഹിത്യവും മഹാശിലാസ്മാരകങ്ങളും ഏതാണ്ട് ഒരേ കാലത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ആധുനിക ചരിത്ര ഗവേഷകര്‍ സ്ഥാപിച്ചിട്ടുണ്ട്.

സംഘകാല തമിഴകത്തെ പ്രബല രാജാധികാരങ്ങളായിരുന്നു തൊണ്ടൈമണ്ഡലം, ചോളം, പാണ്ഡ്യം, ചേരം, കൊങ്ങുനാട് എന്നിവ. ചേരനാടാണ് പില്ക്കാല കേരളം. വഞ്ചിയായിരുന്നു തലസ്ഥാനം. ദക്ഷിണഭാഗത്തെ ആയ് വംശവും ഏഴിമല ആസ്ഥാനമാക്കിയ (പൂഴിനാട്) നന്നവംശവും ഇവയ്ക്കിടയിലുള്ള പ്രദേശം ഭരിച്ച ചേരവംശവുമായിരുന്നു സംഘകാല കേരളത്തിലെ പ്രബലരാജാക്കന്മാര്‍.

സംഘം കൃതികളില്‍ നിന്ന് സംഘകാലകേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരികാവസ്ഥകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിക്കുന്നു. ഗോത്രവര്‍ഗാടിസ്ഥാനത്തില്‍ പലവര്‍ഗങ്ങളായി തിരിഞ്ഞ സമൂഹമായിരുന്നു ഇക്കാലത്തുണ്ടായിരുന്നത്. സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകം കുടുംബമായിരുന്നു. ഗ്രാമകാരണവന്മാരടങ്ങിയ മന്‍റം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. ഗോത്രഭരണവ്യവസ്ഥയില്‍ നിന്ന് രാജവാഴ്ചയിലേക്കുള്ള പരിവര്‍ത്തന കാലമാണിതെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ കാര്‍ഷിക പ്രധാനമായ ഒരു സമ്പദ് വ്യവസ്ഥ ഉരുത്തിരിഞ്ഞു തുടങ്ങിയത് സംഘകാലത്താണ്. ഭൂമിയെ അഞ്ചു തിണകള്‍ (നിലങ്ങള്‍) ആയിത്തിരിച്ചിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ 'കുറിഞ്ഞി' തിണപ്രദേശത്ത് കുറവര്‍, കാനവര്‍ തുടങ്ങിയ ഗോത്രക്കാരും മണല്‍ക്കാടുകളായ 'പാല' തിണയില്‍ മറവര്‍, വേടര്‍ എന്നിവരും കാട്ടുപ്രദേശമായ 'മുല്ല' തിണയില്‍ ഇടയന്മാരും ആയരും നാട്ടുപ്രദേശമായ 'മരുത'യില്‍ കൃഷിക്കാരായ ഉഴവരും കടല്‍ത്തീരമായ 'നെയ്തലി'ല്‍ പരതവര്‍, നുളൈയര്‍, അളവര്‍ എന്നിവരും വസിച്ചു. കൃഷിക്കൊപ്പം കച്ചവടവും അഭിവൃദ്ധി പ്രാപിച്ചിരുന്നു. മുസിരിസ് (മുയിരി), നൗറ, തുണ്ടിസ്, നെല്‍കിന്ദ, ബകരെ, കൊട്ടനാര എന്നിവ സംഘകാലകേരളത്തിലെ പ്രധാന തുറമുഖങ്ങളായിരുന്നു. യവനരുടെ വലിയ കപ്പലുകള്‍ ചേരരാജാവിനു ചേര്‍ന്ന മനോഹരമായ ചുള്ളിയിലെ (പെരിയാര്‍) നുരകളിളക്കി മുയിരിപ്പട്ടണത്തിലെത്തി സ്വര്‍ണം കൊടുത്ത് കുരുമുളക് വാങ്ങിക്കൊണ്ടു പോയെന്ന് അകനാന്നൂറില്‍ പാട്ടുണ്ട്. മുയിരി എന്ന മുസിരിസ് (Mousiris) കൊടുങ്ങല്ലൂരാണെന്നാണ് അഭിപ്രായം.


കൃഷിയിലും വാണിജ്യത്തിലും ഉണ്ടായ പുരോഗതിയുടെ ഫലമായി സമൃദ്ധിയുടെയും സന്തോഷത്തിന്റെയും അന്തരീക്ഷം രാജ്യമെങ്ങും നിറഞ്ഞു (പതിറ്റുപ്പത്ത് VI, 6) ഇതോടൊപ്പം ഉഴവര്‍ (കൃഷിക്കാര്‍), ചാന്റോര്‍ (മദ്യോല്‍പാദകര്‍), വണിക്കുകള്‍ (വ്യാപാരികള്‍) എന്നിവരില്‍ നിന്ന് ഒരു സമ്പന്നവര്‍ഗ്ഗം (മേലോര്‍) ഉയര്‍ന്നു വന്നു. ഉഴവര്‍ക്കായിരുന്നു കൂടുതല്‍ സ്വകാര്യസ്വത്തിന്റെയും അവകാശം. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കള്ളുകുടിച്ചിരുന്ന നാട്ടില്‍ മദ്യോല്‍പാദകരുടെ സംരക്ഷകരായിരുന്നു ('ചാന്റോര്‍ മെയ്മ്മറൈ' - പതിറ്റു VI, 8)രാജാക്കന്മാര്‍. പുലവര്‍, പറവര്‍, പാണര്‍, പൊരുനര്‍ എന്നിവര്‍ക്ക് സമൂഹത്തില്‍ ഉയര്‍ന്ന അംഗീകാരമാണുണ്ടായിരുന്നത്. വിനൈഞര്‍ (തൊഴിലാളികള്‍), അടിയോര്‍ (ദാസന്മാര്‍) എന്നിവര്‍ താഴേക്കിടയിലായിരുന്നു (കീഴോര്‍). എന്നാല്‍ കുലവ്യത്യാസം കൂടാതെ വിവാഹങ്ങള്‍ നടന്നിരുന്നു. പില്‍ക്കാലത്ത് ബ്രാഹ്മണ മതത്തിന് ആധിപത്യം ലഭിച്ചപ്പോഴുണ്ടായ വര്‍ണ-ജാതി വ്യവസ്ഥ സംഘകാലത്ത് നിലവിലുണ്ടായിരുന്നില്ല.

കളവ്, കര്‍പ്പ് എന്നിങ്ങനെ രണ്ടു രീതിയിലുള്ള വിവാഹം പ്രചാരത്തിലിരുന്നു. പ്രേമവിവാഹമായ 'കളവി'ല്‍ നിന്ന് ചടങ്ങുകളോടു കൂടി 'കര്‍പ്പി'ലേക്കുള്ള മാറ്റം മാതൃമേധാവിത്വത്തില്‍ നിന്ന് പിതൃമേധാവിത്വത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ സൂചനയാണെന്ന് വാദമുണ്ട്. പെണ്‍കുട്ടികള്‍ സാധാരണ 'തഴയുട' ധരിക്കുന്നു. നൊച്ചിപ്പൂക്കളും ആമ്പല്‍പ്പൂക്കളും കോര്‍ത്തിണക്കി അരയില്‍ ധരിക്കുന്ന പൂവാടയാണിത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ പരുത്തിയിലോ പട്ടിലോ ഉള്ള വസ്ത്രങ്ങളണിയുന്നു. അരക്കു മീതേ മറച്ചിരുന്നില്ല. ചിലമ്പ്, പൂമാല, മുത്തുമാല, പുലിപ്പല്‍ താലി, വള, തോട തുടങ്ങിയ ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. പുരുഷന്‍മാര്‍ മാറില്‍ ചന്ദനം പൂശി, പരുത്തിയിലോ പട്ടിലോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കും. യുദ്ധത്തിനു പോകുമ്പോള്‍ പുരുഷന്മാര്‍തുമ്പപ്പൂമാല ചൂടുന്നു. വീരന്മാരായ പൂര്‍വികരായിരുന്നു (നടുകല്ല്) ദൈവം. ഉഴവര്‍ 'വേന്തന്‍' (ഇന്ദ്രന്‍), 'മായോന്‍' (വിഷ്ണു) എന്നിവരെയും പരതവര്‍ 'വരുണ'നെയും കുറവര്‍ 'ചേയോനെ'യും (മുരുകന്‍) മറവര്‍ 'കൊറ്റവൈ' (ദേവി) യെയും ആരാധിച്ചു പോന്നു. ശിവന്‍, യമന്‍, ബലരാമന്‍ എന്നീ ദൈവങ്ങളെക്കുറിച്ചും സംഘംകൃതികളില്‍ പരാമര്‍ശമുണ്ട്. ചിട്ടയോടു കൂടിയ ഒരു മതവിശ്വാസം സംഘകാലത്ത് പ്രചരിച്ചിരുന്നില്ല.

ആദിചേരന്മാര്‍
ഉതിയന്‍ ചേരല്‍ ആതന്‍, നെടും ചേരല്‍ ആതന്‍, പല്‍യാനൈ ചെല്‍ കെഴുകുട്ടുവന്‍, നാര്‍മുടിചേരല്‍, വേല്‍ കെഴു കുട്ടുവന്‍, ആടുകോട് പാട്ട് ചേരല്‍ ആതന്‍, ചെല്‍വകടും കോവാഴി ആതന്‍, പെരും ചേരല്‍ ഇരുമ്പൊറൈ, ഇളം ചേരല്‍ ഇരുമ്പൊറൈ തുടങ്ങിയവരായിരുന്നു ചേരനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാജാക്കന്മാര്‍. ആദി ചേരന്മാര്‍ എന്നും ഇവരെ വിളിക്കാറുണ്ട്.


ആയ് രാജാക്കന്മാര്‍
തെക്കന്‍ കേരളത്തില്‍ നിലനിന്നിരുന്ന ആയ് രാജവംശത്തിന്റെ ഉദ്ഭവത്തെപ്പറ്റി മതിയായ രേഖകളൊന്നുമില്ല. അണ്ടിരന്‍, തിതിയന്‍, അതിയന്‍ എന്നിവരാണ് സംഘകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആയ് രാജാക്കന്മാര്‍. സംഘസാഹിത്യ കൃതികള്‍ ഇവരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. എ.ഡി. എട്ടാം നൂറ്റാണ്ടിനു ശേഷം കരുനന്തന്‍, കരുനന്തടക്കന്‍, വിക്രമാദിത്യ വരഗുണന്‍ തുടങ്ങിയ രാജാക്കന്മാര്‍ ആയ് വംശത്തിലുണ്ടായി. വിക്രമാദിത്യവരഗുണനു ശേഷം ആയ് വംശത്തിന് പ്രത്യേക രാജവംശം എന്ന സ്ഥാനം നഷ്ടമായി. പിന്നീട് ആയ് വംശം
അപ്രത്യക്ഷമായി.

കുലശേഖര സാമ്രാജ്യം
സംഘകാലത്തിനു ശേഷം എ.ഡി. ഒമ്പതാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്റെ തെളിമയുള്ള ചിത്രം അവതരിപ്പിക്കാന്‍ ചരിത്രകാരന്മാര്‍ക്കു കഴിഞ്ഞിട്ടില്ല. ജനജീവിതത്തെയോ രാഷ്ട്രീയ സ്ഥിതിഗതികളെയോ സാംസ്കാരിക വികാസത്തെയോ കുറിച്ചുള്ള വ്യക്തമായ ചിത്രമില്ലാത്ത ഏകദേശം മൂന്നു നൂറ്റാണ്ടിലധികം വരുന്ന ഈ കാലയളവിനെ 'നീണ്ടരാത്രി'യെന്നു വിശേഷിപ്പിക്കാറുണ്ട്. എ.ഡി. 800-ന് അടുത്ത് ആ നീണ്ട രാത്രിക്ക് അന്ത്യം കുറിച്ചു കൊണ്ട് കുലശേഖരന്മാര്‍ എന്നു പ്രസിദ്ധരായ രാജാക്കന്മാര്‍ക്കു കീഴില്‍ ഒരു ചേര സാമ്രാജ്യം ഉയര്‍ന്നു വന്നു. രണ്ടാം ചേര സാമ്രാജ്യം, കുലശേഖര സാമ്രാജ്യം എന്നീ പേരുകളില്‍ ചരിത്ര ഗവേഷകര്‍ വിളിക്കുന്ന ഈ സാമ്രാജ്യം 12-ാം നൂറ്റാണ്ടു വരെ നിലനിന്നു. 800 മുതല്‍ 1102 വരെയുള്ള കാലയളവാണ് കുലശേഖരകാലമായി ഗണിക്കുന്നത്.

ആധുനിക കേരളത്തിന് അടിത്തറയൊരുക്കിയത് കുലശേഖര സാമ്രാജ്യമായിരുന്നു. ഇന്നത്തെ കൊടുങ്ങല്ലൂര്‍, തിരുവഞ്ചിക്കുളം, പ്രദേശങ്ങളിലാണെന്നു പൊതുവേ കരുതപ്പെടുന്ന മഹോദയപുരമായിരുന്നു കുലശേഖരന്മാരുടെ തലസ്ഥാനം. 13 കുലശേഖര ചക്രവര്‍ത്തിമാര്‍ ഈ പ്രാചീന സാമ്രാജ്യം ഭരിച്ചു. കുലശേഖര ആഴ്‌വാര്‍ (800 - 820), രാജശേഖര വര്‍മ (820 - 844), സ്ഥാണു രവിവര്‍മ (844 - 885), രാമവര്‍മ കുലശേഖരന്‍ (885 - 917), ഗോദ രവിവര്‍മ (917 - 944), ഇന്ദുക്കോതവര്‍മ (944 - 962), ഭാസ്കര രവിവര്‍മ ഒന്നാമന്‍ (962 - 1019), ഭാസ്കര രവി വര്‍മ (1019 - 1021), വീരകേരളന്‍ (1022 - 1028), രാജസിംഹന്‍ (1028 - 1043), ഭാസ്കര രവി വര്‍മ മൂന്നാമന്‍ (1043 - 1082), രവി രാമവര്‍മ (1082 - 1090), രാമവര്‍മ കുലശേഖരന്‍ (1090 - 1102) എന്നിവരാണവര്‍.

ചോളരാജാക്കന്മാരുടെ ആക്രമണമാണ് രണ്ടാം ചേരസാമ്രാജ്യത്തിന് അന്ത്യം കുറിച്ചത്. ചോള ചക്രവര്‍ത്തിയായ കുലോത്തുംഗന്റെ സൈന്യം മഹോദയപുരം ചുട്ടെരിച്ചതായി പറയപ്പെടുന്നു(7). അവസാനത്തെ ചേര ചക്രവര്‍ത്തി (ചേരമാന്‍ പെരുമാള്‍) രാജ്യം പലര്‍ക്കായി വീതം വച്ചശേഷം ഇസ്‌ലാം മതം സ്വീകരിച്ച് അറേബ്യയിലേക്കു പോയി എന്നൊരു ഐതിഹ്യമുണ്ട്. ഈ ചേരമാന്‍ കഥയെ ഏതെങ്കിലും സമകാലിക രേഖയോ തെളിവോ സ്ഥിരീകരിക്കുന്നില്ല. പ്രാചീന കാലത്തോ മധ്യകാലത്തോ കേരളം സന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരികളാരും തങ്ങളുടെ രേഖകളില്‍ ഇതിനെക്കുറിച്ചു സൂചിപ്പിച്ചിട്ടുമില്ല(8).

കുലശേഖരകാലത്തെ കേരളം
കുലശേഖര ഭരണകാലയളവില്‍പ്പെട്ട ഒമ്പതും പത്തും നൂറ്റാണ്ടുകള്‍ കേരള ചരിത്രത്തിലെ സുവര്‍ണയുഗമായിരുന്നു. ഒട്ടേറെ നാടുകളായി കുലശേഖരന്മാര്‍ രാജ്യത്തെ ഭരണസൗകര്യത്തിനു വേണ്ടി വിഭജിച്ചു. നാടുകളെ ദേശങ്ങളായും വേര്‍തിരിച്ചു. കരയായിരുന്നു ഏറ്റവും ചെറിയ ദേശഘടകം. പതവാരം എന്നറിയപ്പെട്ട പലതരം നികുതികള്‍ അന്നുണ്ടായിരുന്നു. വാണിജ്യം, ശാസ്ത്രം, കല, സാഹിത്യം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളം പുരോഗതി നേടി. മഹോദയപുരത്ത് ജ്യോതിശ്ശാസ്ത്രജ്ഞനായ ശങ്കരനാരായണന്റെ മേല്‍നോട്ടത്തില്‍ ഒരു ഗോളനിരീക്ഷണാലയം പ്രവര്‍ത്തിച്ചിരുന്നു.

കാന്തളൂര്‍, കൊല്ലം, വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍ എന്നീ തുറമുഖങ്ങള്‍ കുലശേഖരകാലത്തെ വിദേശവ്യാപാരത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ചൈനയുമായാണ് ഏറ്റവുമധികം വ്യാപാരം നടന്നിരുന്നത്. സുലൈമാന്‍, മസൂദി, തുടങ്ങിയ അറബി സഞ്ചാരികള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് സംഘടനകള്‍ ഉണ്ടായിരുന്നു. അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയര്‍, നാനാദേശികര്‍ എന്നിവയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ സംഘടനകള്‍.


ഭാഷ, സാഹിത്യം
മലയാളം സ്വതന്ത്രഭാഷയായി ഉരുത്തിരിയാന്‍ ആരംഭിച്ചത് കുലശേഖര കാലത്താണ്. അന്നത്തെ കേരളത്തില്‍ പ്രചരിച്ചിരുന്ന കൊടും തമിഴ് എന്ന ഭാഷാഭേദത്തില്‍ നിന്നാണ് മലയാളം ഉരുത്തിരിഞ്ഞതെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഭാഷോത്പത്തി സിദ്ധാന്തം. കുലശേഖരകാലം മലയാളത്തിന്റെ ആവിര്‍ഭാവദശയായിരുന്നതിനാല്‍ അന്ന് സാഹിത്യ കൃതികളൊന്നും ഉണ്ടായില്ല. തമിഴിലും സംസ്കൃതത്തിലുമായിരുന്നു കേരളീയര്‍ സാഹിത്യ സൃഷ്ടി നടത്തിയിരുന്നത്. ആദ്യത്തെ കുലശേഖര രാജാവായ കുലശേഖര ആഴ്‌വാരാണ് 'പെരുമാള്‍ തിരുമൊഴി' എന്ന തമിഴ് കൃതിയും 'മുകുന്ദമാല' എന്ന സംസ്കൃതകാവ്യവും രചിച്ചതെന്നു കരുതപ്പെടുന്നു. 'തപതീസംവരണം', 'സുഭദ്രാധനഞ്ജയം', 'വിച്ഛിന്നാഭിഷേകം' എന്നീ സംസ്കൃത നാടകങ്ങളും 'ആശ്ചര്യമഞ്ജരി' എന്ന ഗദ്യഗ്രന്ഥവും എഴുതിയത് ഒരു കുലശേഖര രാജാവാണെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 'യുധിഷ്ഠിര വിജയം' എന്ന സംസ്കൃത മഹാകാവ്യം രചിച്ച വാസുദേവന്‍ കുലശേഖര കാലത്തെ കവിയായിരുന്നു.

തത്ത്വചിന്ത, ശാസ്ത്രം എന്നീ രംഗങ്ങളിലും ഒട്ടേറെ ഗ്രന്ഥങ്ങളുണ്ടായി. അദൈ്വത വേദാന്തിയായ ശങ്കരാചാര്യര്‍, കവിയായ തോലന്‍, 'ആശ്ചര്യ ചൂഡാമണി' എന്ന നാടകമെഴുതിയ ശക്തിഭദ്രന്‍ 'ശങ്കരനാരായണീയ'മെഴുതിയ ജ്യോതിശ്ശാസ്ത്രജ്ഞനായ ശങ്കരനാരായണന്‍ം തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'മെഴുതിയ ഇളംകോ അടികള്‍ തുടങ്ങിയ ഒട്ടേറെ പ്രതിഭാശാലികള്‍ കുലശേഖര കാലത്തെ കേരളത്തില്‍ വെളിച്ചം പരത്തി.


മതം
സംഘടിതമതത്തിന്റെ സ്വഭാവമില്ലാത്ത ദ്രാവിഡാചാരങ്ങളും അനുഷ്ഠാനങ്ങളുമായിരുന്നു പ്രാചീന കേരളത്തില്‍ നിലനിന്നിരുന്നത്. കുലദൈവങ്ങളെയും പ്രകൃതി ശക്തികളെയും കൊറ്റവൈ എന്ന യുദ്ധദേവതയെയും അവര്‍ ആരാധിച്ചു. പരേതരെ ആരാധിക്കുന്നതും പതിവുണ്ടായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിനു മുമ്പുള്ള വര്‍ഷങ്ങളില്‍ പുറത്തുനിന്നും ജൈന, ബുദ്ധ, ബ്രാഹ്മണ മതങ്ങള്‍ ഇങ്ങോട്ടു കടന്നു വന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് അവ ദ്രാവിഡാചാരങ്ങളെ കീഴ്‌പ്പെടുത്തി കേരളത്തില്‍ മേധാവിത്വമുറപ്പിച്ചു. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ എത്തിയ ജൈന, ബുദ്ധ മതങ്ങള്‍ക്ക് കേരളത്തില്‍ നിര്‍ണായകമായ സ്വാധീനതയുണ്ടായിരുന്നു. അവര്‍ക്കു പിന്നാലേ തന്നെ ആര്യവംശജരായ ബ്രാഹ്മണരും തങ്ങളുടെ മതവിശ്വാസവുമായി കേരളത്തില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ എ.ഡി. എട്ടാം നൂറ്റാണ്ടു മുതലാണ് ശക്തമായ ബ്രാഹ്മണാധിനിവേശമുണ്ടായത്. ഇതോടെ ഹിന്ദുമതം വേരുറപ്പിച്ചു. ജൈന, ബുദ്ധമതങ്ങളുടെ സ്വാധീനത ഇല്ലാതാക്കിയ ബ്രാഹ്മണ ഹിന്ദുമതം ദ്രാവിഡ സങ്കല്പങ്ങളെയും ദേവതകളെയുമെല്ലാം സ്വാംശീകരിച്ചു വളര്‍ന്നു.

കുലശേഖര ചക്രവര്‍ത്തിമാരുടെ കാലത്താണ് ഹിന്ദുമതം വമ്പിച്ച വളര്‍ച്ച നേടിയത്. ശങ്കരാചാര്യര്‍ (788 - 820) നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെന്നല്ല ഇന്ത്യയില്‍ ഉടനീളം തന്നെ ഹിന്ദുമതത്തിന് ഉണര്‍വും സംഘടിത സ്വഭാവവും നല്‍കി. ഇന്ത്യന്‍ തത്ത്വചിന്തക്ക് മഹത്തായ സംഭാവനകളാണ് തന്റെ കൃതികളിലൂടെ ശങ്കരാചാര്യര്‍ നല്‍കിയത്. ഹിന്ദുമതത്തിന്റെ വളര്‍ച്ച സ്വാഭാവികമായും ക്ഷേത്രങ്ങളുടെ രൂപപ്പെടലിനും വഴി തെളിച്ചു. എ.ഡി. ഒമ്പതാം നൂറ്റാണ്ടു മുതല്‍ ഒട്ടേറെ ക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നു. ദ്രാവിഡ ദൈവങ്ങള്‍ പലതും ഹിന്ദു ദൈവങ്ങളായി മാറ്റപ്പെടുകയും ചെയ്തു. ക്ഷേത്രഭരണസമിതികളും ഇതിനു പിന്നാലേ ഉണ്ടായി. ക്ഷേത്രഭരണത്തിനുള്ള നിയമങ്ങളും വ്യവസ്ഥകളും രേഖപ്പെടുത്തിയിട്ടുള്ള മൂഴിക്കുളം കച്ചം പ്രസിദ്ധമാണ്. എറണാകുളത്തെ പറവൂരിനടുത്തുള്ള മൂഴിക്കുളത്ത് നാടുവാഴികളും ക്ഷേത്രാധികാരികളും ഒമ്പതാം നൂറ്റാണ്ടില്‍ ചേര്‍ന്ന പൊതുയോഗത്തെയാണ് മൂഴിക്കുളം കച്ചം എന്നു പറയുന്നത്. ഒട്ടേറെ മറ്റു കച്ചങ്ങളുമുണ്ട്. അക്കാലത്തെ രാജകീയ ശാസനങ്ങള്‍ കച്ചങ്ങളെയും ക്ഷേത്രങ്ങളെയും പറ്റിയുള്ള വില പിടിച്ച പരാമര്‍ശങ്ങള്‍ നല്‍കിയിട്ടുണ്ട്.

മതവും ക്ഷേത്രങ്ങളും കലയ്ക്കും വിജ്ഞാന വിതരണത്തിനും പ്രോത്സാഹനം നല്‍കി. കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ ഉണ്ടായത് ഒമ്പതാം നൂറ്റാണ്ടു മുതലാണ്. ശില്പ കലയും വാസ്തു വിദ്യയും ഒപ്പം വികസിച്ചു. മൂഴിക്കുളം ശാല, തിരുവല്ലാശാല തുടങ്ങിയവ പോലുള്ള ഒട്ടേറെ വിദ്യാകേന്ദ്രങ്ങളും കുലശേഖരകാലത്ത് കേരളത്തില്‍ പലഭാഗങ്ങളിലായി ഉണ്ടായി. ക്ഷേത്രങ്ങളില്‍ വേദപാരായണവും മതസംഹിതകളില്‍ പരീക്ഷകളും ഉണ്ടായിരുന്നു. ഋഗ്വേദ വൈദഗ്ധ്യം പരീക്ഷിക്കുന്ന കടവല്ലൂര്‍ അന്യോന്യം ഇതിനു മാതൃകയാണ്. ബുദ്ധ ജൈന മതങ്ങള്‍ പിന്തള്ളപ്പെട്ടുവെങ്കിലും ക്രിസ്തുമതത്തിനും ജൂതമതത്തിനും ഒട്ടേറെ അവകാശങ്ങള്‍ കുലശേഖര കാലത്ത് ലഭിച്ചിരുന്നു.


യുഗാന്ത്യം
ചോളന്മാരുമായി നടന്ന യുദ്ധങ്ങള്‍ അന്തിമമായി കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയിലാണു കലാശിച്ചത്. യുദ്ധം കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരുടെ സ്വാധീനശക്തി വളര്‍ത്തി. ക്ഷേത്രങ്ങള്‍ക്കു ലഭിച്ച വമ്പിച്ച ഭൂസ്വത്തിന്റെ അധിപന്മാര്‍ എന്ന നിലയില്‍ ബ്രാഹ്മണര്‍ സാമ്പത്തിക ശക്തി കേന്ദ്രങ്ങളായി മാറി. ജന്മി സമ്പ്രദായം രൂപം കൊണ്ടതും മക്കത്തായം തിരോഭവിച്ച് മരുമക്കത്തായം ഉടലെടുത്തതും ഇക്കാലത്താണ്. ബ്രാഹ്മണമേധാവിത്തം ശക്തമായതോടെ അതുവരെ കുലശേഖര സാമ്രാജ്യത്തെ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സാമൂഹിക ബന്ധങ്ങളും രാഷ്ട്രീയമായ കെട്ടുറപ്പും അപ്രത്യക്ഷമായി.


 

Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia