Trade Media
     

മലയാള നോവല്‍ സാഹിത്യം

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ നടപ്പായ ഗദ്യഭാഷാക്രമത്തിന്റെയും കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെയും പത്രമാസികകളുടെ ആവിര്‍ഭാവത്തിന്റെയും ഫലമായ പുതിയ ആശയാന്തരീക്ഷത്തിലാണ് നോവല്‍ എന്ന സാഹിത്യരൂപം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. നോവലിന്റെ പ്രാഗ് രൂപങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഥാഖ്യാനകൃതികളില്‍ നിന്നാണ് 'ഇന്ദുലേഖ' (1889) എന്ന യഥാര്‍ത്ഥ നോവലില്‍ മലയാളം എത്തിച്ചേര്‍ന്നത്. 1847 - 1887 കാലഘട്ടത്തില്‍ പന്ത്രണ്ട് കഥാഖ്യാന കൃതികള്‍ മലയാളത്തിലുണ്ടായി. ആര്‍ച്ച് ഡീക്കന്‍ കോശിയുടെ 'പരദേശി മോക്ഷയാത്ര' (1847) ജോണ്‍ ബന്യന്റെ ഇംഗ്ലീഷ് കൃതിയായ 'പില്‍ഗ്രിംസ് പ്രോഗ്രസി'ന്റെ വിവര്‍ത്തനമായിരുന്നു. ഇതേ കൃതിക്ക് റവ. സി. മുള്ളര്‍ നടത്തിയ വിവര്‍ത്തനമായ 'സഞ്ചാരിയുടെ പ്രയാണം', കാളിദാസന്റെ ശാകുന്തളത്തിന് തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ രാമവര്‍മ നല്‍കിയ ഗദ്യപരിഭാഷയായ 'ഭാഷാശാകുന്തളം', ഒരു അറബിക്കഥയെ ആധാരമാക്കി ആയില്യം തിരുനാള്‍ രചിച്ച 'മീനകേതനന്‍', ജോണ്‍ ബന്യന്റെ 'ഹോളിവാറി'ന് ആര്‍ച്ച് ഡീക്കന്‍ കോശിയുടെ വിവര്‍ത്തനമായ 'തിരുപ്പോരാട്ടം' (1865), ഷെയ്ക്‌സ്പിയറുടെ 'കോമഡി ഓഫ് എറേഴ്‌സ്' എന്ന നാടകത്തിന് കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് നല്‍കിയ ഗദ്യരൂപാന്തരമായ 'ആള്‍മാറാട്ടം' (1866), മിസ്സിസ് കോളിന്‍സ് എന്ന ബ്രിട്ടീഷുകാരി ഇംഗ്ലീഷില്‍ എഴുതിയ 'സ്ലേയേഴ്‌സ് സ്‌ലെയിന്‍' എന്ന കൃതിയുടെ മലയാള പരിഭാഷയായ 'ഘാതകവധം' (1872), ആര്‍ച്ച് ഡീക്കന്‍ കോശിയുടെ സ്വതന്ത്രഗദ്യകൃതിയായ 'പുല്ലേലിക്കുഞ്ചു' (1882), ചാള്‍സ് ലാംബിന്റെ ഷെയ്ക്‌സ്പിയര്‍ കഥകളെ ആധാരമാക്കി കെ. ചിദംബരവാധ്യാര്‍ രചിച്ച 'കാമാക്ഷീചരിതം', 'വര്‍ഷകാലകഥ', ഹന്ന കാതറിന്‍ മ്യൂലിന്‍സിന്റെ 'ഫൂല്‍മണി ആന്റ് കരുണ'യുടെ പരിഭാഷ, അപ്പു നെടുങ്ങാടിയുടെ 'കുന്ദലത' (1887) എന്നിവയാണ് ഈ കാലയളവില്‍ ഉണ്ടായ കൃതികള്‍. എന്നാല്‍ ഇവയൊന്നും നോവല്‍ എന്ന ഗണനാമത്തിനു യോഗ്യമായിരുന്നില്ല.


ചന്തുമേനോന്‍ നട്ട തൈ
ഒ. ചന്തുമേനോന്റെ 'ഇന്ദു ലേഖ' (1889) യോടെയാണ് മലയാള നോവല്‍ ജനിച്ചത്. 'ഇന്ദുലേഖ'യ്ക്കു ശേഷമെഴുതിയ 'ശാരദ' പൂര്‍ത്തിയാകുംമുമ്പേ ചന്തുമേനോന്‍ അന്തരിച്ചു. 1891-ല്‍ സി. വി. രാമന്‍ പിള്ളയുടെ 'മാര്‍ത്താണ്ഡവര്‍മ' കൂടി പ്രസിദ്ധീകരിച്ചതോടെ മലയാള നോവല്‍ സാഹിത്യത്തിന് ബലിഷ്ഠമായ അടിത്തറ ഒരുങ്ങി. പടിഞ്ഞാറേക്കോവിലകത്ത് അമ്മാമന്‍ രാജായുടെ 'ഇന്ദുമതീസ്വയംവരം' (1890), സി. ചാത്തുനായരുടെ 'മീനാക്ഷി' (1890), പോത്തേരി തൊമ്മന്‍ അപ്പോത്തിക്കിരിയുടെ 'പരിഷ്കാരപ്പാതി' (1892), കിഴക്കേപ്പാട്ട് രാമന്‍ മേനോന്റെ 'പറങ്ങോടി പരിണയം' (1892), കോമാട്ടില്‍ പാഡുമേനോന്റെ 'ലക്ഷ്മീ കേശവം', സി. അന്തപ്പായിയുടെ 'നാലുപേരിലൊരുത്തന്‍' (1893). കേരള വര്‍മ വലിയ കോയിത്തമ്പുരാന്റെ 'അക്ബര്‍' (1894), ജോസഫ് മൂളിയിലിന്റെ 'സുകുമാരി' (1897) എന്നിവയാണ് 19-ാം നൂറ്റാണ്ടിലുണ്ടായ മറ്റു നോവലുകള്‍.

സി. വി. യുടെ വടവൃക്ഷങ്ങള്‍
'ഇന്ദുലേഖ'യെന്ന പൂത്തുലഞ്ഞ തണല്‍മരം നട്ടുവളര്‍ത്തിയ ചന്തുമേനോനു പിന്നാലേ വന്ന സി. വി. രാമന്‍പിള്ള വടവൃക്ഷങ്ങളാണ് സൃഷ്ടിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രത്തെ ആധാരമാക്കിയുള്ള 'മാര്‍ത്താണ്ഡവര്‍മ' (1891), 'ധര്‍മരാജാ' (1913), 'രാമരാജാ ബഹദൂര്‍' (1921) എന്നിവയും സാമൂഹിക നോവലായ 'പ്രേമാമൃത' (1917)വുമാണ് സി. വി. യുടെ നോവലുകള്‍. ദര്‍ശനത്തിന്റെയും രചനാവൈഭവത്തിന്റെയും അസാധാരണത്വര കൊണ്ട് 'ധര്‍മ്മരാജാ'യും 'രാമരാജാബഹദൂറും' നിത്യവിസ്മയങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു. സി. വി. യുടെ സ്വാധീനതയാല്‍ ഒട്ടേറെ ചരിത്ര നോവലുകള്‍ പിന്നീടുണ്ടായി. കാരാട്ട് അച്യുതമേനോന്‍ (വിരുതന്‍ ശങ്കു, 1913), കെ. നാരായണക്കുരുക്കള്‍ (പാറപ്പുറം, 1960 - 1907, ഉദയഭാനു) അപ്പന്‍ തമ്പുരാന്‍ (ഭാസ്കര മേനോന്‍, 1924, ഭൂതരായര്‍ 1923), അമ്പാടി നാരായണപ്പുതുവാള്‍ (കേരള പുത്രന്‍, 1924), ടി. രാമന്‍ നമ്പീശന്‍ (കേരളേശ്വരന്‍, 1929) തുടങ്ങിയവരാണ് സി. വിക്കു ശേഷം വന്ന നോവലിസ്റ്റുകളില്‍ ശ്രദ്ധേയര്‍.

നാരായണക്കുരുക്കളുടെ 'ഉദയഭാനു', 'പാറപ്പുറം' എന്നിവ ആദ്യത്തെ രാഷ്ട്രീയ നോവലുകളാണെന്നു സാഹിത്യചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ആദ്യത്തെ അപസര്‍പ്പകനോവലാണ് 'ഭാസ്കര മേനോന്‍'. കേശവക്കുറുപ്പിന്റെ 'മാധവക്കുറുപ്പ്' (1922), ഒ. എം ചെറിയാന്റെ 'കാലന്റെ കൊലയറ' (1928) അനന്തപദ്മനാഭപിള്ളയുടെ 'വീരപാലന്‍' (1933), ചേലനാട്ട് അച്യുതമേനോന്റെ 'അജ്ഞാതസഹായി' (1936) തുടങ്ങിയ അപസര്‍പ്പക നോവലുകളും തുടര്‍ന്നുണ്ടായ കപ്പന കൃഷ്ണമേനോന്റെ 'ചേരമാന്‍ പെരുമാള്‍', കെ. എം. പണിക്കരുടെ 'കേരള സിംഹം', പള്ളത്തു രാമന്റെ 'അമൃത പുളിനം', സി. കുഞ്ഞിരാമമേനോന്റെ 'വെളുവക്കമ്മാരന്‍' തുടങ്ങിയ ചരിത്രനോവലുകളും ഇക്കാലത്തുണ്ടായി. മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാടിന്റെ 'അപ്ഫന്റെ മകള്‍' നമ്പൂതിരി സമുദായത്തെ കേന്ദ്രമാക്കി സാമൂഹിക നോവലിന്റെ മാതൃക അവതരിപ്പിച്ചു.

റിയലിസം
ദേശീയ സ്വാതന്ത്ര്യസമരം, കമ്യൂണിസ്റ്റ് പ്രസ്ഥാനം, ശാസ്ത്രരംഗത്തുണ്ടായ ആഗോള മുന്നേറ്റങ്ങള്‍, ലോക സാഹിത്യത്തിലെ പരിവര്‍ത്തനങ്ങളുമായുള്ള പരിചയം തുടങ്ങിയ ഘടകങ്ങള്‍ 1930-കള്‍ തൊട്ട് മലയാള സാഹിത്യത്തില്‍ മാറ്റം വരുത്താന്‍ തുടങ്ങി. സാഹിത്യവിമര്‍ശകനായ കേസരി ബാലകൃഷ്ണപിള്ള ലോകസാഹിത്യം, ശാസ്ത്രം, തത്ത്വചിന്ത, സാഹിത്യദര്‍ശനം തുടങ്ങിയവയെക്കുറിച്ചെഴുതിയ പ്രബന്ധങ്ങള്‍ ഭാവനാ പരിവര്‍ത്തനത്തിന് ആക്കം കൂട്ടി. ചെറുകഥയിലാണ് ഈ മാറ്റം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. സാമൂഹിക യാഥാത്ഥ്യത്തെ അതേപടി ആവിഷ്കരിക്കുന്ന യഥാതഥസമ്പ്രദായ (റിയലിസം) ത്തോട് താല്‍പര്യം കാട്ടിയ ഒരു സംഘം എഴുത്തുകാര്‍ 1940-കളില്‍ രംഗത്തു വന്നു. പി. കേശവദേവ്, തകഴി, എസ്. കെ. പൊറ്റക്കാട്, ഉറൂബ് (പി. സി.കുട്ടികൃഷ്ണന്‍) തുടങ്ങിയവരായിരുന്നു റിയലിസ്റ്റുകളില്‍ പ്രമുഖര്‍.

കേശവദേവിന്റെ 'ഓടയില്‍ നിന്ന്' (1944), ബഷീറിന്റെ 'ബാല്യകാല സഖി' (1944) എന്നിവയോടെ മലയാളത്തിലെ യഥാതഥ നോവല്‍ ശാഖ ആരംഭിച്ചു. തകഴിയുടെ 'തോട്ടിയുടെ മകന്‍' (1947) കൂടിയായപ്പോഴേക്കും അത് ശക്തമായൊരു പ്രസ്ഥാനമായി മാറി.

സമൂഹത്തിന്റെ അടിത്തട്ടിലെ മനുഷ്യരുടെ ക്ലേശഭരിതമായ ജീവിതമായിരുന്നു റിയലിസ്റ്റുകളുടെ പ്രമേയം. ദരിദ്ര കര്‍ഷകരും, തെണ്ടികളും തോട്ടികളും റിക്ഷത്തൊഴിലാളികളും ചുമട്ടുകാരും ദളിതരും ആ നോവലുകളില്‍ നായകരായി. മുമ്പു ശീലമില്ലാത്തതായിരുന്നു ഈ കഥാപാത്രലോകം.

കേശവദേവിന്റെ പ്രധാന നോവലുകള്‍
ഓടയില്‍ നിന്ന്, ഭ്രാന്താലയം, അയല്‍ക്കാര്‍, മാതൃഹൃദയം, ഒരു രാത്രി, കുഞ്ചുക്കുറുപ്പിന്റെ ആത്മകഥ, നടി, ആര്‍ക്കു വേണ്ടി, ഉലക്ക, കണ്ണാടി, സഖാവ് കാരോട്ട് കാരണവര്‍, പ്രേമവിഡ്ഢി, എങ്ങോട്ട്, പങ്കലാക്ഷീടെ ഡയറി, ത്യാഗിയായ ദ്രോഹി, അധികാരം, സുഖിക്കാന്‍ വേണ്ടി

തകഴിയുടെ പ്രധാന നോവലുകള്‍
പതിതപങ്കജം, വില്പനക്കാരി, രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, പ്രതിഫലം, പരമാര്‍ത്ഥങ്ങള്‍, അവന്റെ സ്മരണകള്‍, തലയോട്, പേരില്ലാക്കഥ, ചെമ്മീന്‍, ഔസേപ്പിന്റെ മക്കള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍, പാപ്പിയമ്മയും മക്കളം, അഞ്ചു പെണ്ണുങ്ങള്‍, ജീവിതം സുന്ദരമാണ് പക്ഷേ, ചുക്ക്, ധര്‍മനീതിയോ? അല്ല ജീവിതം, ഏണിപ്പടികള്‍, നുരയും പതയും, കയര്‍, അകത്തളം, കോടിപ്പോയ മുഖങ്ങള്‍, പെണ്ണ്, ആകാശം, ബലൂണുകള്‍, ഒരു എരിഞ്ഞടങ്ങല്‍

ബഷീറിന്റെ പ്രധാന നോവലുകള്‍
ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, മരണത്തിന്റെ നിഴലില്‍, പ്രേമലേഖനം, മതിലുകള്‍, ശബ്ദങ്ങള്‍, പാത്തുമ്മയുടെ ആട്, ജീവിതനിഴല്‍പ്പാടുകള്‍, മുച്ചീട്ടുകളിക്കാരന്റെ മകള്‍, താരാസ്‌പെഷ്യല്‍സ്, ആനവാരിയും പൊന്‍കുരിശും, മാന്ത്രികപ്പൂച്ച, സ്ഥലത്തെ പ്രധാന ദിവ്യന്‍, ശിങ്കിടിമുങ്കന്‍.

പൊറ്റക്കാടിന്റെ പ്രധാന നോവലുകള്‍
വിഷകന്യക, നാടന്‍ പ്രേമം, കറാമ്പൂ, പ്രേമശിക്ഷ, മൂടുപടം, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ.

ഉറൂബിന്റെ പ്രധാന നോവലുകള്‍
ആമിന, മിണ്ടാപ്പെണ്ണ്, കുഞ്ഞമ്മയും കൂട്ടുകാരും, മൗലവിയും ചങ്ങാതിമാരും, ഉമ്മാച്ചു, സുന്ദരികളും സുന്ദരന്മാരും, അണിയറ, അമ്മിണി.

റിയലിസ്റ്റ് തലമുറയിലെ മറ്റു പ്രധാന നോവലിസ്റ്റുകള്‍ കൈനിക്കര പദ്മനാഭപിള്ള, ജോസഫ് മുണ്ടശ്ശേരി, നാഗവള്ളി ആര്‍. എസ്. കുറുപ്പ്, വെട്ടൂര്‍ രാമന്‍ നായര്‍, ചെറുകാട്, എന്‍. കെ. കൃഷ്ണപിള്ള, കെ. ദാമോദരന്‍ തുടങ്ങിയവരാണ്.

റിയലസിത്തിനും 1960-കളില്‍ ആവിര്‍ഭവിച്ച ആധുനികതയ്ക്കുമിടയില്‍ പ്രതിഭാശാലികളായ ഒരു സംഘം നോവലിസ്റ്റുകള്‍കൂടി ഉയര്‍ന്നു വരുകയുണ്ടായി. ഇ. എം. കോവൂര്‍ ('കാട്', 'മുള്ള്', 'ഗുഹാജീവികള്‍', 'മലകള്‍'), പോഞ്ഞിക്കര റാഫി ('സ്വര്‍ഗദൂതന്‍', 'പാപികള്‍', 'ഫുട്‌റൂള്‍', 'ആനിയുടെ ചേച്ചി', 'കാനായിലെ കല്യാണം')കെ. സുരേന്ദ്രന്‍ ('താളം', 'കാട്ടുകുരങ്ങ്', 'മായ', 'ജ്വാല', 'ദേവി', 'സീമ', 'മരണം ദുര്‍ബലം', 'ശക്തി', 'ഗുരു').

കോവിലന്‍ (വി. വി. അയ്യപ്പന്‍ എന്നു ശരിയായ പേര്. നോവലുകള്‍ : 'തോറ്റങ്ങള്‍', 'ഹിമാലയം', 'എ മൈനസ് ബി', 'ഭരതന്‍', 'തട്ടകം'), പാറപ്പുറത്ത് (കെ. ഇ. മത്തായി എന്നു ശരിയായ പേര്. നോവലുകള്‍ : 'നിണമണിഞ്ഞ കാല്പാടുകള്‍', 'അന്വേഷിച്ചു കണ്ടെത്തിയില്ല', 'അരനാഴിക നേരം', 'ആദ്യകിരണങ്ങള്‍', 'തേന്‍വരിക്ക', 'മകനേ നിനക്കു വേണ്ടി'. 'ഓമന', 'പണിതീരാത്ത വീട്' തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വലിയ നിരയാണത്. ജി. വിവേകാനന്ദന്‍, ജി. എന്‍. പണിക്കര്‍, എസ്. കെ. മാരാര്‍, ജനപ്രിയനോവലിനു തുടക്കമിട്ട മുട്ടത്തു വര്‍ക്കി, നന്തനാര്‍, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, ജി. പി. ഞെക്കാട്, സി. എ. കിട്ടുണ്ണി, പമ്മന്‍, അയ്യനേത്ത്, ആനി തയ്യില്‍, കാനം ഇ. ജെ. തുടങ്ങിയവരും ആ നിരയിലുണ്ട്.

ആധുനികതയിലേക്ക്
സ്വാതന്ത്ര്യലബ്ധിയുടെ അടുത്ത ദശകം നോവലിസ്റ്റുകളില്‍ പ്രത്യാശാശൂന്യതയുടെ കാലമായാണ് പ്രതിഫലിച്ചത്. പുതിയൊരു സമൂഹവീക്ഷണവും അന്തര്‍മുഖത്വവും വിഷാദവും നോവലുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആഖ്യാന രീതിയിലും മാറ്റം വന്നു. വ്യക്തിയുടെ ആത്മവത്തയും അതിന്റെ പ്രതിസന്ധികളും സമൂഹവുമായി വ്യക്തി മനസ്സ് നടത്തുന്ന ഏറ്റുമുട്ടലും പ്രമേയമായി. എം. ടി. വാസുദേവന്‍ നായരുടെ 'നാലു കെട്ട്' (1958) ആണ് ഈ രൂപ-ഭാവ പരിവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. ദീര്‍ഘമായ സാഹിത്യ ജീവിതത്തിലൂടെ എം. ടി. സൃഷ്ടിച്ച നോവലുകള്‍ വ്യാപകമായ ജനപ്രീതിയും നിരൂപക പ്രശംസയും നേടി. 'അസുര വിത്ത്', 'കാലം', 'മഞ്ഞ്', 'രണ്ടാമൂഴം', 'വാരണാസി' എന്നിവയാണ് എം. ടിയുടെ മറ്റു പ്രശസ്ത നോവലുകള്‍.

രാജലക്ഷ്മി ('ഒരു വഴിയും കുറേ നിഴലുകളും', 'ഞാനെന്ന ഭാവം', 'ഉച്ചവെയിലും ഇളം നിലാവും'), എന്‍. പി. മുഹമ്മദ് ('ഹിരണ്യകശിപു', 'മരം', 'എണ്ണപ്പാടം', 'ദൈവത്തിന്റെ കണ്ണ്'), വിലാസിനി (ശരിയായ പേര് എം. കെ. മേനോന്‍. നോവലുകള്‍ : 'ചുണ്ടെലി', 'ഊഞ്ഞാല്‍', 'ഇണങ്ങാത്ത കണ്ണികള്‍', 'അവകാശികള്‍', 'യാത്രാമുഖം') സി. രാധാകൃഷ്ണന്‍ ('കണ്ണിമാങ്ങകള്‍', 'പുഴ മുതല്‍ പുഴ വരെ', 'സ്പന്ദമാപിനികളേ നന്ദി', 'പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും', 'പിന്‍ നിലാവ്', 'ഒറ്റയടിപ്പാതകള്‍', 'മുമ്പേ പറക്കുന്ന പക്ഷികള്‍', 'തീക്കടല്‍ കടഞ്ഞ് തിരുമധുരം')ഇ. വാസു ('ചുവപ്പുനാട'), മലയാറ്റൂര്‍ രാമകൃഷ്ണന്‍ ('യന്ത്രം', 'അഞ്ചുസെന്റ്', 'വേരുകള്‍', 'യക്ഷി', 'പൊന്നി', 'അമൃതം തേടി', 'നെട്ടൂര്‍ മഠം', 'ആറാം വിരല്‍'), വി. ടി. നന്ദകുമാര്‍ ('ദൈവത്തിന്റെ മരണം', 'ഇരട്ട മുഖങ്ങള്‍', 'രക്തമില്ലാത്ത മനുഷ്യന്‍'), പെരുമ്പടവം ശ്രീധരന്‍ ('അഭയം', 'അഷ്ടപദി', 'ഒരു സങ്കീര്‍ത്തനം പോലെ') പുതൂര്‍ ഉണ്ണികൃഷ്ണന്‍ ('ആട്ടുകട്ടില്‍', 'ആനപ്പക', 'ധര്‍മ ചക്രം'), പി. വത്സല ('നെല്ല്', 'ആഗ്നേയം', 'കൂമന്‍ കൊല്ലി', 'ഗൗതമന്‍', 'പാളയം') പി. കെ. ബാലകൃഷ്ണന്‍ ('ഇനി ഞാന്‍ ഉറങ്ങട്ടെ'), ലളിതാംബിക അന്തര്‍ജ്ജനം ('അഗ്നിസാക്ഷി'), ജോര്‍ജ് ഓണക്കൂര്‍ ('ഉള്‍ക്കടല്‍', 'കാമന'), യു. എ. ഖാദര്‍, വി. എ. എ. അസീസ്, സാറാ തോമസ്, പി. ആര്‍. ശ്യാമള, ടി. വി. വര്‍ക്കി, പി. ആര്‍. നാഥന്‍ തുടങ്ങി ഒട്ടേറെ നോവലിസ്റ്റുകളുണ്ട് ഈ തലമുറയില്‍. 1960 മുതലാണ് ഈ കൂട്ടത്തില്‍ മിക്കവരും എഴുതിത്തുടങ്ങിയത്.

ആധുനികത
പ്രമേയത്തിലും ആഖ്യാനത്തിലും പാരമ്പര്യവിരുദ്ധമായ നോവലാണ് 1960-കളില്‍ ആരംഭിച്ച ആധുനികതാപ്രസ്ഥാനം അവതരിപ്പിച്ചത്. ശിഥിലമായ സമൂഹത്തില്‍ ആധികാരിക മൂല്യങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണവും മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള സംഘര്‍ഷങ്ങളും സ്വത്വപ്രതിസന്ധിയും നിഷേധദര്‍ശനവും ആധുനികതയുടെ മുഖമുദ്രകളായിരുന്നു. ഒ. വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'മാണ് ആധുനിക നോവലുകളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്ന് എന്ന നിലയിലാണ് 'ഖസാക്ക്' പരിഗണിക്കപ്പെടുന്നത്. ഒ. വി. വിജയന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, ആനന്ദ്, വി. കെ. എന്‍., മാടമ്പ് കുഞ്ഞുകുട്ടന്‍, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, പി. പദ്മരാജന്‍, മേതില്‍ രാധാകൃഷ്ണന്‍, തുടങ്ങിയവരാണ് പ്രധാന ആധുനിക നോവലിസ്റ്റുകള്‍.

ഒ. വി. വിജയന്റെ നോവലുകള്‍ : ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍.

കാക്കനാടന്റെ നോവലുകള്‍ : അജ്ഞതയുടെ താഴ്‌വര, പറങ്കിമല, ഏഴാംമുദ്ര, ഉഷ്ണ മേഖല, സാക്ഷി, ആരുടെയോ ഒരു നഗരം, ഒറോത

എം. മുകുന്ദന്റെ നോവലുകള്‍ : ദല്‍ഹി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സീത, ആവിലായിലെ സൂര്യോദയം, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഈലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, നൃത്തം, കേശവന്റെ വിലാപങ്ങള്‍, പുലയപ്പാട്ട്.

വി. കെ. എന്നിന്റെ നോവലുകള്‍ : ആരോഹണം, പിതാമഹന്‍, ജനറല്‍ ചാത്തന്‍സ്, നാണ്വാര്, കാവി, കുടിനീര്, അധികാരം, അനന്തരം

ആനന്ദിന്റെ നോവലുകള്‍ : ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്, അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്റെ യാത്രകള്‍, വ്യാസനും വിഘ്‌നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങള്‍, വിഭജനങ്ങള്‍

സേതുവിന്റെ നോവലുകള്‍ : പാണ്ഡവപുരം, നിയോഗം, വിളയാട്ടം, കൈമുദ്രകള്‍, നനഞ്ഞമണ്ണ്, താളിയോല

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകള്‍ : അലിഗഢിലെ തടവുകാരന്‍, തെറ്റുകള്‍, സൂര്യന്‍, സ്മാരക ശിലകള്‍, കലീഫ, മരുന്ന്, കന്യാവനങ്ങള്‍, പരലോകം

ഉത്തരാധുനികത
1980-കള്‍ മധ്യത്തോടെ ആധുനികതയില്‍ നിന്നു വ്യത്യസ്തമായ ഭാവുകത്വം രൂപപ്പെടാന്‍ തുടങ്ങി. ഉത്തരാധുനികത എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ നവഭാവുകത്വം ഒരു പ്രസ്ഥാനത്തിന്റെ സ്വഭാവം ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടില്ല. ടി. വി. കൊച്ചുബാവ ('വൃദ്ധസദനം', 'പെരുങ്കളിയാട്ടം'), സി. വി. ബാലകൃഷ്ണന്‍ ('ആയുസ്സിന്റെ പുസ്തകം', 'ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍', 'ദിശ')സി. ആര്‍. പരമേശ്വരന്‍ ('പ്രകൃതി നിയമം')എന്‍. പ്രഭാകരന്‍ ('ബഹുവചനം', 'അദൃശ്യവനങ്ങള്‍', 'തീയൂര്‍രേഖകള്‍', 'ജീവന്റെ തെളിവുകള്‍'), എന്‍. എസ്. മാധവന്‍ ('ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍'), വി. ജെ. ജെയിംസ് ('ചോരശാസ്ത്രം', 'ദത്താപഹാരം'), ജി. ആര്‍. ഇന്ദുഗോപന്‍ ('മണല്‍ ജീവികള്‍', 'ഐസ് - 196 ഡിഗ്രി സെല്‍ഷ്യസ്'), സാറാ ജോസഫ് ('ആലാഹയുടെ പെണ്‍മക്കള്‍', 'മാറ്റാത്തി', 'ഒതപ്പ്') കെ. ജെ. ബേബി ('മാവേലി മന്റം'), കെ. രഘുനാഥന്‍ ('ഭൂമിയുടെ പൊക്കിള്‍', 'ശബ്ദായ മൗനം', 'പാതിരാവന്‍കര', 'സമാധനത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍'), കെ. പി. രാമനുണ്ണി ('സൂഫി പറഞ്ഞ കഥ', 'ചരമവാര്‍ഷികം', 'ജീവിതത്തിന്റെ പുസ്തകം') തുടങ്ങിയ ഒട്ടേറെ നോവലിസ്റ്റുകള്‍ അടങ്ങുന്നതാണ് ഉത്തരാധുനിക തലമുറ.


 

Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia