ധര്‍മ്മതീര്‍ത്ഥര്‍

ധര്‍മ്മതീര്‍ത്ഥര്‍

തന്റെ ജീവിതത്തിലേറ്റ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ സന്ന്യാസത്തിലേയ്‌ക്ക്‌ എത്തിയ വ്യക്‌തിയായിരുന്നു പരമേശ്വരമേനോന്‍ എന്ന ധര്‍മ്മതീര്‍ത്ഥര്‍. ധര്‍മ്മസംഘം എന്ന പേരിലുള്ള സന്ന്യാസി സംഘത്തിന്റെ നിയമാവലി തയ്യാറാക്കുവാന്‍ ഗുരു ചുമതലപ്പെടുത്തിയത്‌ ധര്‍മ്മതീര്‍ത്ഥരെ ആയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്‌ അദ്ദേഹം ശിവഗിരി വിട്ടു.

ഹിന്ദുമതത്തില്‍ നിന്നും ക്രിസ്‌തുമതത്തിലേയ്‌ക്ക്‌ പരിവര്‍ത്തനം ചെയ്‌ത്‌, ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ എന്ന പേര്‌ സ്വീകരിച്ചു. ക്രൈസ്‌തവ മതം സ്വീകരിച്ചെങ്കിലും ഗുരുദേവാശയങ്ങളായിരുന്നു അദ്ദേഹം പ്രചരിപ്പിച്ചത്‌. ഗുരുദേവ സന്ദേശങ്ങളുടെ പ്രചാരണത്തിനായി ഇദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ `ധര്‍മ്മം' എന്ന ഒരു മാസിക ആരംഭിച്ചു. ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക്‌ ആഗോള പ്രശസ്‌തി നേടിക്കൊടുക്കുവാന്‍ അദ്ദേഹത്തിന്റെ `പ്രോഫെറ്റ്‌ ഓഫ്‌ പീസ്‌' എന്ന കൃതിയ്‌ക്കു സാധിച്ചു.

നാരായണതീര്‍ത്ഥ സ്വാമികള്‍

ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടി ജനങ്ങളോട്‌ ഇഴുകിച്ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച ഗുരുശിഷ്യനായിരുന്നു നാരായണ തീര്‍ത്ഥസ്വാമികള്‍. നാരായണദാസ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാലത്തെ പേര്‌. ശിവഗിരിയിലെ ബ്രഹ്‌മ വിദ്യാമന്ദിരം ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്‌ സ്‌ഥാപിതമായത്‌.

ആനന്ദതീര്‍ത്ഥ സ്വാമികള്‍

ആനന്ദതീര്‍ത്ഥ സ്വാമികള്‍

തലശ്ശേരിയില്‍ ഒരു ബ്രാഹ്‌മണ സമുദായത്തില്‍ ജനിച്ച ആനന്ദഷേണായിയാണ്‌ ആനന്ദതീര്‍ത്ഥസ്വാമികള്‍ എന്ന പേരിലറിയപ്പെടുന്നത്‌. പഠന കാലത്തു തന്നെ ഗുരുവിന്റെ സന്ദേശങ്ങള്‍ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. 1928-ല്‍ ശിവഗിരിയില്‍ വെച്ചാണ്‌ ഗുരു ഇദ്ദേഹത്തിന്‌ സന്ന്യാസദീക്ഷ നല്‍കിയത്‌. ആനന്ദതീര്‍ത്ഥര്‍ എന്ന പേര്‌ നല്‍കിയ ഗുരു, ആശ്രമത്തിലെ അന്തേവാസിയായി അംഗീകരിച്ചു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റിന്റെ ആദ്യ പ്രസിഡന്റായിരുന്നു അദ്ദേഹം.

പയ്യന്നൂരിലെ ധാരാളം ദളിത്‌ ശിഷ്യന്മാരെ വിദ്യാഭ്യാസം ചെയ്യിപ്പിച്ചു സര്‍ക്കാരില്‍ ഉന്നത ഉദ്യോഗങ്ങള്‍ നേടാന്‍ അദ്ദേഹം സഹായിച്ചു. ഗുരുദര്‍ശനം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം ജീവിച്ച ഒരു ഉത്തമ ശിഷ്യനായിരുന്നു ആനന്ദതീര്‍ത്ഥ സ്വാമികള്‍.

ഏണസ്‌റ്റ്‌ കിർക്ക്

ഏണസ്‌റ്റ്‌ കിർക്ക്

ഗുരുവിന്റെ സന്ന്യാസ ശിഷ്യരില്‍ വിദേശിയായിരുന്നു ഏണസ്‌റ്റ്‌ കിർക്ക്. ഭാരതത്തിലെ വിവിധ ആധ്യാത്മിക കേന്ദ്രങ്ങളില്‍ ഭാരതീയ സംസ്‌കാരത്തിന്റെ പൊരുള്‍ തേടിയലഞ്ഞ അദ്ദേഹം ശ്രീനാരായണ ഗുരുവിനെയാണ്‌ തന്റെ ഗുരുവായി കണ്ടത്‌. ഗുരുവുമായി ആശയവിനിമയം നടത്താന്‍ നടരാജഗുരുവും, സ്വാമി ധര്‍മ്മതീര്‍ത്ഥരും അദ്ദേഹത്തെ സഹായിച്ചു. ശിവഗിരി മഠത്തിന്റെ കീഴിലുള്ള `ശിവഗിരി ഫ്രീ ഇന്‍ഡസ്‌ട്രിയല്‍ ആന്‍ഡ്‌ അഗ്രികള്‍ച്ചറല്‍ ഗുരുകുല' എന്ന പദ്ധതിയ്‌ക്ക്‌ ഗുരുവിന്റെ ആഗ്രഹപ്രകാരം അദ്ദേഹം രൂപം കൊടുത്തു. ഗുരുവിന്റെ സമാധിയ്‌ക്കു ശേഷം ശിവഗിരിയില്‍ നിന്ന്‌ മടങ്ങിയ അദ്ദേഹം കോയമ്പത്തൂരില്‍ ശ്രീനാരായണാശ്രമം സ്‌ഥാപിച്ചു.

`ലൈഫ്‌' എന്ന മാസികയിലൂടെ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക്‌ സാര്‍വദേശീയ പ്രചാരം നല്‍കുകയുണ്ടായി. ഗുരുവിന്റെ ആശീര്‍വാദത്തോടെ ശിവഗിരിയില്‍ നടന്ന ആദ്യ മിശ്രവിവാഹത്തില്‍ അദ്ദേഹം സംബന്ധിച്ചു.

മറ്റ് വിഷയങ്ങൾ