ശാന്തലിംഗ സ്വാമികള്‍

ശാന്തലിംഗ സ്വാമികള്‍

ഒരു വ്യാപാരി സന്ന്യാസിയായി മാറിയ കഥയാണ്‌ ശാന്തലിംഗ സ്വാമിയുടേത്‌. കുട്ടിക്കാലം മുതല്‍ ഗുരുവിനോട്‌ ഭക്‌തിയും, ബഹുമാനവും തോന്നിയിരുന്ന `വേലു'വിന്‌ കുടുംബകാര്യങ്ങളില്‍ താത്‌പര്യം നഷ്‌ടപ്പെടുകയും, സന്ന്യസിക്കുവാനുള്ള ആഗ്രഹം വര്‍ദ്ധിക്കുകയും ചെയ്‌തു. മനശ്ശാന്തി ലഭിക്കുവാന്‍ ശിവഗിരിയിലെത്തി ഗുരുവിനെ കണ്ടുമുട്ടിയ അദ്ദേഹം തന്റെ ആഗ്രഹം ഗുരുവിനെ അറിയിക്കുകയും അദ്ദേഹം സന്ന്യാസദീക്ഷ നല്‍കി, ശാന്ത ലിംഗസ്വാമി എന്ന പേര്‌ നല്‍കുകയും ചെയ്‌തു. ശാരദാ മഠത്തിലെ പൂജാരിയായി ഗുരു അദ്ദേഹത്തെ നിയമിച്ചു. ഗുരുവിന്റെ സമാധി അദ്ദേഹത്തില്‍ ഏല്‍പ്പിച്ച ആഘാതം വലുതായിരുന്നു. അധികം വൈകാതെ അദ്ദേഹവും സമാധിയായി.

നടരാജഗുരു

നടരാജഗുരു

നാരായണ ഗുരുവിന്റെ ആശയങ്ങള്‍ക്ക്‌ താത്വികമായ അടിത്തറ പകര്‍ന്നു നല്‍കിയ പ്രതിഭയായിരുന്നു നടരാജഗുരു. ഗുരുവിന്റെ ശിഷ്യനായ ഡോ പല്‍പ്പുവിന്റെ പുത്രനാണ്‌ ഇദ്ദേഹം. ഗുരുവിനെ ലോകത്തിനു പരിചയപ്പെടുത്താന്‍ മുന്‍കൈയ്യെടുത്തത്‌ ഇദ്ദേഹമാണ്‌. ഗുരു നടരാജനെ ആലുവ അദൈ്വതാശ്രമത്തിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടു വരികയും സമഗ്രമായ വിദ്യാഭ്യാസ പദ്ധതിയ്‌ക്ക്‌ ശിഷ്യന്‌ ആവശ്യമായ പ്രോത്‌സാഹനം നല്‍കുകയും ചെയ്‌തു. എല്ലാ മതങ്ങളുടെയും സാരാംശം ഉള്‍ക്കൊള്ളുന്ന അറിവിന്റെ നിര്‍മ്മാണ കേന്ദ്രം ശിവഗിരിയില്‍ വേണമെന്ന ഗുരുവിന്റെ ആശയം പ്രാവര്‍ത്തികമാക്കുവാന്‍ മുന്നോട്ടു വന്നത്‌ നടരാജ ഗുരുവായിരുന്നു.

ഫ്രാന്‍സില്‍ പോയി ഉപരിവിദ്യാഭ്യാസം നേടിയ അദ്ദേഹം പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ `വിദ്യാഭ്യാസ പദ്ധതിയുടെ സ്‌ഥാനം' എന്ന വിഷയത്തില്‍ ഡിലിറ്റ്‌ ബിരുദം നേടി. യൂറോപ്പില്‍ വെച്ച്‌ പല പ്രശസ്‌തരുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുകയുണ്ടായി. അതില്‍ റോമയിന്‍ റോളണ്ടുമായി നടത്തിയ സംഭാഷണം അതിപ്രധാനമാണ്‌. ആ സംഭാഷണം റോളണ്ടിന്‌ ഗുരുദര്‍ശനത്തില്‍ താത്‌പര്യമുണ്ടാകുവാന്‍ കാരണമായി. `സൂഫി ക്വാര്‍ട്ടര്‍ലി' എന്ന പത്രത്തിലൂടെ ഗുരുദേവ ദര്‍ശനങ്ങള്‍ പാശ്‌ചാത്യ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ സാധിച്ചു. അതിലെ ലേഖനങ്ങളുടെ സമാഹാരമാണ്‌ `വേ ഓഫ്‌ ദി ഗുരു' എന്ന ഗ്രന്ഥം.

അമേരിക്കയിലെ പല സര്‍വകലാശാലകളിലും അദ്ദേഹത്തിന്റെ പ്രഭാഷണത്തിലൂടെ ഗുരുദര്‍ശനങ്ങള്‍ക്ക്‌ പ്രചാരം ലഭിച്ചു. അവയ്‌ക്ക്‌ മതം, കല, തത്ത്വശാസ്ര്‌ത്രം, വിദ്യാഭ്യാസം തുടങ്ങി സര്‍വ്വ മേഖലകളിലുമുള്ള പ്രസക്തി എന്തെന്ന്‌ കണ്ടെത്തിയ ഗവേഷകന്‍ കൂടിയാണദ്ദേഹം. നടരാജഗുരു സ്‌ഥാപിച്ച ശ്രീനാരായണ ഗുരുകുലം, ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക്‌ പ്രായോഗികമായ ആശയതലം പകര്‍ന്നു കൊടുക്കുന്നു.

അദ്ദേഹത്തിന്റെ `ഗുരുവരുള്‍' എന്ന കൃതി ഗുരുവിന്റെ ജീവിതത്തെയും, ആദര്‍ശങ്ങളെയും സംബന്ധിച്ചുള്ള ആധികാരിക ഗ്രന്ഥമാണ്‌. നടരാജഗുരു, നിത്യചൈതന്യയതിയെ തന്റെ അനന്തരാവകാശിയായി നിശ്‌ചയിച്ചു. നിത്യ ചൈതന്യ യതി ശ്രീനാരായണ ഗുരുവിന്റെ `ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന സന്ദേശം സ്വജീവിതത്തില്‍ പകര്‍ത്തുകയും, പ്രചരിപ്പിക്കുകയും നടരാജ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടു പോവുകയും ചെയ്‌തു.

മറ്റ് വിഷയങ്ങൾ