
നാരായണഗുരുവിന്റെ ആദ്യകാല ശിഷ്യനായിരുന്നു ശിവലിംഗദാസ സ്വാമികള്‍. അയ്യപ്പന്‍ പിള്ള എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. അരുവിപ്പുറം സ്വദേശിയായ അദ്ദേഹം നായര്‍ സമുദായാംഗമായിരുന്നു. ചെറുപ്പത്തില്‍ പശുക്കളെ മേച്ചു നടന്നതിനിടെ പാറയിടുക്കിലെ ഒരു ഗുഹയില്‍ അദ്ദേഹം ഗുരുവിനെ കണ്ടു. ഗുരുവുമായുള്ള അടുപ്പത്തെ അദ്ദേഹത്തിന്റെ സമുദായാംഗങ്ങളില്‍ ചിലര്‍ എതിര്‍ത്തുവെങ്കിലും അതു ക്രമേണ വര്‍ദ്ധിച്ചു വന്നു. സന്ന്യാസം സ്വീകരിക്കുവാന്‍ തയ്യാറായ അയ്യപ്പന്‍ പിള്ളയോട് ബ്രഹ്‌മവിദ്യ പഠിക്കുവാന്‍ ഗുരു നിര്‍ദ്ദേശിച്ചു.
1888-ലെ അരുവിപ്പുറം ശിവലിംഗ പ്രതിഷ്‌ഠാവേളയില്‍ ഗുരുവിന്റെ ഉറ്റ സഹചാരിയായിരുന്നു അദ്ദേഹം. ശിവലിംഗം ഏറ്റുവാങ്ങിയ ആ ശിഷ്യന് ഗുരു ശിവലിംഗദാസ സ്വാമികള്‍ എന്ന് പേരു നല്‍കി. അരുവിപ്പുറം പ്രതിഷ്‌ഠയുടെ 7-ാം വാര്‍ഷികത്തില്‍ ശുഭ്രവസ്ര്‌തം നല്‍കിയാണ് സന്ന്യാസം നല്‍കിയത്. എന്നാല്‍ മറ്റു ശിഷ്യര്‍ക്ക് ഗുരു കാവി വസ്ര്‌തമാണ് നല്‍കിയത്. ആധ്യാത്മിക രംഗത്തു മാത്രമല്ല, സര്‍ഗ്ഗാത്മക രംഗത്തും ശിവലിംഗദാസ സ്വാമികള്‍ പ്രവര്‍ത്തിച്ചിരുന്നു. ശാരദാഷ്‌ടകം, ഗുര്വഷ്ടകം തുടങ്ങി നാല്‍പതോളം കൃതികള്‍ അദ്ദേഹം രചിച്ചു. ഗുരുവിന്റെ മുനിചര്യാപഞ്ചകം, ജനനീനവരത്‌ന മഞ്‌ജരി എന്നീ കൃതികള്‍ക്ക് വ്യാഖ്യാനവും രചിച്ചു. ഗുരുവിന്റെ സന്ദേശം സാധാരണ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വലിയ പങ്കു വഹിച്ച അദ്ദേഹം പെരിങ്ങോട്ടുകരയില്‍ ശ്രീനാരായണ സ്‌ഥാപനങ്ങളുടെ മേല്‍നോട്ടം ഏറ്റെടുത്തു. ഇദ്ദേഹത്തിന്റെ മരണത്തില്‍ വിലപിച്ച് കുമാരനാശാന്‍ എഴുതിയ കാവ്യമാണ് `പറന്നുപോയ ഹംസം'.

ശ്രീനാരായണ ശിഷ്യരില്‍ അസാധാരണ വ്യക്‌തിത്വത്തിനുടമയായിരുന്നു ഭൈരവന്‍ ശാന്തി. 120-ാമത്തെ വയസ്സിലാണ് അദ്ദേഹം നിര്യാതനായത്. ബ്രഹ്‌മചര്യത്തോട് താത്‌പര്യം കാട്ടിയ ഭൈരവനെ അരുവിപ്പുറത്തെ ശാന്തിയായി ഗുരു നിയമിച്ചു. അരുവിപ്പുറം ക്ഷേത്രത്തില്‍ ഗുരുവിനു വേണ്ടിയുള്ള കാണിക്കകള്‍ സ്വീകരിച്ചിരുന്ന അദ്ദേഹം ഗുരുവിന്റെ ജീവിതത്തില്‍ ഒരു നിഴലെന്ന പോലെയാണ് കഴിഞ്ഞിരുന്നത്. അദ്ദേഹം സമാധിയാകുന്നതു വരെയും അരുവിപ്പുറത്തു തുടര്‍ന്നു.

ശ്രീനാരായണഗുരുവിന്റെ പ്രമുഖ ശിഷ്യനായിരുന്നു ബോധാനന്ദ സ്വാമി. ജാതി ഇല്ലാതാക്കാന്‍ ജീവന്‍ പോലും ബലിയര്‍പ്പിക്കുവാന്‍ തയ്യാറാണെന്ന് വിളിച്ചു പറഞ്ഞ തന്റേടിയായിരുന്നു ബോധാനന്ദ സ്വാമികള്‍. അനാചാരത്തെയും, അക്രമത്തെയും അക്രമം കൊണ്ടു തന്നെ നേരിടുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ധര്‍മ്മ ഭടസംഘം, രഹസ്യസംഘം എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സന്നദ്ധരായ യുവാക്കളുടെ സംഘങ്ങള്‍ അദ്ദേഹം ആരംഭിച്ചു. തലശ്ശേരി ജഗന്നാഥക്ഷേത്രത്തിലെ പ്രതിഷ്‌ഠാവേളയിലായിരുന്നു ഗുരുവും, ബോധാനന്ദനും തമ്മില്‍ ആദ്യം കണ്ടുമുട്ടിയത്.
ശിവഗിരിയില്‍ വിദ്യാദേവതയായി ശാരദാദേവിയെ പ്രതിഷ്‌ഠിച്ച ദിവസമാണ് ബോധാനന്ദന് ഗുരു ശിഷ്യത്വം നല്‍കിയത്. സന്ന്യാസത്തിന്റെ പാത സ്വീകരിച്ച ബോധാനന്ദന്‍ ജാതീയ പ്രശ്‌നങ്ങള്‍ക്കെതിരെ ശക്‌തമായ നിലപാടാണ് സ്വീകരിച്ചത്. സവര്‍ണ്ണ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് റോഡിനിരുവശവും താമസിക്കുന്ന അവര്‍ണ്ണര്‍ അവരവരുടെ വീടുകളില്‍ നിന്നും പുറത്തു പോകേണ്ടിയിരുന്നു. ഈ അനാചാരത്തിന് അറുതി വരുത്തുവാന്‍ ബോധാനന്ദന്‍ നയിച്ച ധര്‍മ്മ ഭടസംഘത്തിനു സാധിച്ചു.
കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ ഒരു പ്രധാന സംഭവമായ താന്നിശ്ശേരിത്തല്ലിന് നേതൃത്വം വഹിച്ചത് ബോധാനന്ദനായിരുന്നു. മരണപ്പെടുന്ന അവര്‍ണ്ണ സമുദായാംഗങ്ങളുടെ ശവശരീരങ്ങള്‍ കുഴിച്ചു മൂടുകയായിരുന്നു പതിവ്. അവ ദഹിപ്പിക്കുവാന്‍ ഗുരു നിര്‍ദ്ദേശിച്ചു. അതിനെ സവര്‍ണ്ണ സമുദായാംഗങ്ങള്‍ എതിര്‍ക്കുകയും, അത് ലഹളയ്‌ക്കു കാരണമാകുകയും ചെയ്‌തു. എന്നാല്‍ ധര്‍മ്മഭട സംഘത്തിന്റെ ശക്‌തമായ ഇടപെടലിനെത്തുടര്‍ന്ന് സവര്‍ണ്ണര്‍ പിന്‍മാറി. ഇതാണ് താന്നിശ്ശേരിത്തല്ലെന്ന പേരിലറിയപ്പെട്ടത്. സമുദായത്തിന്റെ സാമ്പത്തിക-സാംസ്‌കാരിക ഉയര്‍ച്ചയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. കൂര്‍ക്കഞ്ചേരിയിലെ എസ്.എന്‍.ഡി.പി.യോഗവും, ഈഴവ സമാജവും രൂപം കൊണ്ടത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്.
ആലുവ അദ്വൈതാശ്രമത്തിന്റെ നിര്‍മ്മാണത്തിലും, ബോധാനന്ദ സ്വാമികള്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇദ്ദേഹത്തെയാണ് ഗുരു തന്റെ അനന്തരാവകാശിയായി തെരഞ്ഞെടുത്തത്.