ദാര്‍ശനികതയുടെ ആഴങ്ങളില്‍ വേരോടുന്ന കവിതകള്‍ ഗുരു രചിച്ചിട്ടുണ്ട്‌. ആത്മോപദേശശതകം, ബ്രഹ്‌മവിദ്യാപഞ്ചകം, ദര്‍ശനമാല, അറിവ്‌, നിര്‍വൃതിപഞ്ചകം, വേദാന്തസൂത്രം, ശ്ലോകത്രയി എന്നിവ ദാര്‍ശനിക കൃതികളായി കണക്കാക്കാവുന്നതാണ്‌.

ആത്മോപദേശശതകം

നാരായണഗുരു ആത്മാനുഭവം നേടി അരുവിപ്പുറത്ത്‌ വിശ്രമിച്ചിരുന്ന കാലത്ത്‌ ശിവലിംഗസ്വാമി, ചൈതന്യസ്വാമി എന്നിവരെക്കൊണ്ട്‌ പറഞ്ഞ്‌ എഴുതിയെടുപ്പിച്ച കവിതയാണ്‌ `ആത്മോപദേശശതകം'. ഗുരുവിന്റെ വേദാന്തകൃതികളില്‍ ഏറ്റവും പ്രസിദ്ധമായതും ഈ കൃതിയാണ്‌. `വിവേകോദയം' മാസികയിലാണ്‌ ഇത്‌ ആദ്യം പ്രസിദ്ധീകരിച്ചത്‌.

'അഹം ബ്രഹ്‌മാസ്‌മി' - ഞാന്‍ ബ്രഹ്‌മമാകുന്നു എന്ന മഹാവാക്യത്തിന്റെ അര്‍ത്ഥം വെളിവാക്കിക്കൊണ്ട്‌ വേദാന്ത ചര്‍ച്ച ആണിതിന്റെ സത്ത. ഉപനിഷത്ത്‌ കടഞ്ഞെടുത്ത അമൃതാണ്‌ ആത്മോപദേശ ശതകമെന്ന്‌ അതിന്റെ വ്യാഖ്യാതാക്കള്‍ നിരീക്ഷിച്ചിട്ടുണ്ട്‌.

ബ്രഹ്‌മവിദ്യാപഞ്ചകം

ബ്രഹ്‌മവിദ്യ എന്തെന്ന്‌ പ്രതിപാദിക്കുന്ന 5 പദ്യങ്ങള്‍ അടങ്ങിയ കൃതിയാണ്‌ `ബ്രഹ്‌മ വിദ്യാപഞ്ചകം'. ശിവഗിരിയിലെ കുട്ടികളെ ഉദ്ദേശിച്ച്‌ ഗുരു എഴുതിയിട്ടുള്ള കവിതയായി ഇതിനെ കണക്കാക്കാം. ബ്രഹ്‌മത്തെ അഥവാ സത്യത്തെ കണ്ടെത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍ വെളിപ്പെടുത്തുന്ന ഉപനിഷത്തുകളിലെ വിദ്യയാണ്‌ ബ്രഹ്‌മവിദ്യ. താനാരാണെന്നും തനിക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ ജീവിത സത്യമെന്താണെന്നും വ്യക്‌തമായി ഇതില്‍ കാട്ടിത്തരുന്നു. ബ്രഹ്‌മവിദ്യയ്‌ക്കുള്ള ഒരു മുഖവുര എന്ന നിലയിലാണ്‌ ആദ്യപദ്യം രചിച്ചിരിക്കുന്നത്‌. പിന്നീടൂള്ള നാലു പദ്യങ്ങളും ശിഷ്യന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്ന രീതിയിലാണ്‌ എഴുതിയിരിക്കുന്നത്‌. വേദാന്ത ശാസ്ര്‌തവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സിദ്ധാന്തങ്ങളെല്ലാം ഇതില്‍ സംഗ്രഹിച്ചിരിക്കുന്നു.

വേദാന്തസൂത്രം

'വേദാന്തസൂത്രം' എന്ന കൃതി സംസ്‌കൃത ഭാഷയിലെ സൂത്രസാഹിത്യത്തെ അനുകരിച്ചു ഗുരു രചിച്ചിട്ടുള്ളതാണ്‌. സൂത്രവാക്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ അദൈ്വതവേദാന്തം സമഗ്രമായി ആവിഷ്‌ക്കരിക്കുന്ന കൃതിയാണ്‌. യുക്‌തിപൂര്‍വം അദൈ്വതസത്യം സൂത്രരൂപത്തില്‍ വെളിപ്പെടുത്തിത്തരുന്ന ഒരു മഹത്‌കര്‍മ്മമാണ്‌ ഈ രചനയിലൂടെ ഗുരു സാധിച്ചിരിക്കുന്നത്‌.

ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക കൃതികൾ അദ്വൈത വേദാന്തത്തിന്റെ സാരസർവ്വസ്വം ഉൾക്കൊള്ളുന്നവയും ആധുനിക യുക്തിക്ക് ഇണങ്ങുന്ന വിധം പുനരാവിഷ്‌കരിക്കപ്പെട്ടവയുമാണ്. ഗുരുവിന്റെ വേദാന്ത കൃതികളിൽ ഏറ്റവും പ്രമുഖമായ 'ആത്മോപദേശശതകം', ആത്മാനുഭവത്തിന്റെ വെളിച്ചത്തിൽ ഉപനിഷത്ത് സത്യങ്ങളെ ലളിതമായി അവതരിപ്പിക്കുകയും 'ഞാൻ ബ്രഹ്മമാകുന്നു' എന്ന മഹാവാക്യത്തിന്റെ പൊരുൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. 

ശിവഗിരിയിലെ ശിഷ്യർക്കായി രചിച്ച 'ബ്രഹ്മവിദ്യാപഞ്ചകം' സത്യത്തെ കണ്ടെത്താനുള്ള മാർഗ്ഗങ്ങളെ ചോദ്യോത്തര രൂപത്തിൽ സംഗ്രഹിക്കുമ്പോൾ, സംസ്കൃത ഭാഷയിൽ രചിച്ച 'വേദാന്തസൂത്രം' അദ്വൈത ദർശനത്തെ യുക്തിഭദ്രമായ സൂത്രവാക്യങ്ങളിലൂടെ സമഗ്രമായി ആവിഷ്‌കരിക്കുന്നു.

ദർശനമാല, അറിവ്, നിർവൃതിപഞ്ചകം തുടങ്ങിയ കൃതികളിലൂടെയും ഗുരു ആത്മസാക്ഷാത്കാരത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്നുണ്ട്. കേവലം ബൗദ്ധികമായ വായനയ്ക്കപ്പുറം, താനാരാണെന്ന തിരിച്ചറിവിലൂടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കാനുള്ള പ്രായോഗിക ജ്ഞാനമാണ് ഗുരുവിന്റെ ഈ ദാർശനിക രചനകൾ പകർന്നു നൽകുന്നത്. ഇവ ഓരോന്നും മനുഷ്യനെ അന്ധവിശ്വാസങ്ങളിൽ നിന്നും അറിവില്ലായ്മയിൽ നിന്നും മോചിപ്പിച്ച് പരമമായ സത്യത്തിലേക്ക് നയിക്കുന്ന ജ്ഞാനപ്രദീപങ്ങളാണ്.

മറ്റ് വിഷയങ്ങൾ