നാരായണ ഗുരുവിന്റെ കൃതികളില്‍ മലയാള ഗദ്യകൃതികളും ഉള്‍പ്പെടുന്നു. ചിജ്‌ജഡചിന്തകം, ദൈവചിന്തനം (1), ദൈവചിന്തനം (2), ഗദ്യ പ്രാര്‍ത്ഥന, ആത്മവിലാസം എന്നിവ അദ്ദേഹത്തിന്റെ ഗദ്യകൃതികളായി പരിഗണിക്കുന്നു.

ചിജ്‌ജഡചിന്തകം

ചിത്തും ജഡവും വേര്‍തിരിച്ചു കാണിച്ചു കൊണ്ട്‌ ആരംഭിക്കുന്നതാണ്‌ ചിജ്‌ജഡചിന്തകം. വളരെ സൂക്ഷ്‌മമായി ചിന്തിച്ചാലും നേരിട്ട്‌ അനുഭവിച്ചാലല്ലാതെ ബോധ്യമാകാന്‍ പ്രയാസമായ ചില കാര്യങ്ങളാണ്‌ ഈ കൃതിയില്‍ സൂചിപ്പിക്കുന്നത്‌. പ്രപഞ്ചത്തിന്റെ ആത്യന്തിക സത്ത എങ്ങനെയുള്ളതാണെന്ന വിചാരമാണ്‌ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്‌. പ്രപഞ്ചം അനിര്‍വചനീയമാണ്‌. അതിനെ കുറിച്ചു ചിന്തിച്ചാല്‍ അറിവു മാത്രമാണ്‌ അവശേഷിക്കുന്നത്‌. 1881-ല്‍ രചിച്ചതാണെന്ന്‌ നടരാജഗുരുവിന്റെ `വേഡ്‌ ഓഫ്‌ ദ ഗുരു'വില്‍ സൂചനയുണ്ട്‌.

ദൈവചിന്തനം - 1

ദൈവചിന്തനം 2 ഭാഗങ്ങളിലായി ഗുരു എഴുതിയിരിക്കുന്നു. ഗുരുവിന്റെ സാമൂഹിക പരിഷ്‌ക്കരണ ശ്രമങ്ങളില്‍ ദുര്‍ദേവതകളെ ആരാധിക്കുന്നതിലുള്ള ഗുരുവിന്റെ വിമുഖത ദൃശ്യമാണ്‌. തമിഴ്‌നാട്ടില്‍ അദ്ദേഹം പല ദുര്‍ദേവതകളെ ആരാധിക്കുന്നതില്‍ നിന്ന്‌ ജനങ്ങളെ പിന്തിരിപ്പിക്കുന്നതു കാണാം. ജനങ്ങള്‍ക്കു വേണ്ടി ക്ഷേത്ര പ്രതിഷ്‌ഠകള്‍ നടത്തിയ ഗുരു അവര്‍ക്കു വേണ്ടാത്ത പ്രതിഷ്‌ഠകള്‍ വലിച്ചെറിയാനും മടി കാണിച്ചില്ല.

ദുര്‍ദേവതകള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചു കൊണ്ട്‌ അവരെ നശിപ്പിക്കുന്നതും, ഇല്ലെന്ന ഉറച്ച ബോധ്യത്തോടെ അവരെ ഉന്മൂലനം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന്‌ ദൈവചിന്തനം -1 ല്‍ സൂചിപ്പിക്കുന്നു.

ദൈവചിന്തനം - 2

ദൈവചിന്തനം 2 എന്ന കൃതിയില്‍ പരംപൊരുളില്‍ ലയിച്ചു ശരീരമാത്ര ചേഷ്ടയോടു കൂടി ജീവിക്കുവാന്‍ ഇടവരുത്തണമേ എന്ന പ്രാര്‍ത്ഥനയാണുള്ളത്‌. മനുഷ്യ ജീവിതത്തില്‍ ഏറ്റവും മഹത്തായി കരുതേണ്ട ജീവന്മുക്‌താവസ്‌ഥയാണ്‌ ദൈവചിന്തനം-2 എന്ന കൃതിയിലുള്ളത്‌.

ഗദ്യപ്രാര്‍ത്ഥന

'ഗദ്യപ്രാര്‍ത്ഥന'യില്‍ എല്ലാ പാപങ്ങളെയും നശിപ്പിക്കുന്ന, പരമാത്മാവിന്റെ ദിവ്യരൂപത്തെ ധ്യാനിക്കുന്നു എന്ന്‌ വെളിപ്പെടുത്തുന്നു. കാണുന്നതൊന്നും നിത്യമല്ലെന്നും എല്ലാം സ്വപ്‌ന തുല്യമാണെന്നും നാം ശരീരമല്ല അറിവാണെന്നും ജനനം, മരണം, ദാരിദ്ര്യം, രോഗം, ഭയം ഇതൊന്നും നമ്മെ സ്‌പര്‍ശിക്കുകയില്ലെന്നും സൂചിപ്പിക്കുന്നു. ഈ ലോകജീവിതം കഷ്‌ടപ്പാടു കൂടാതെ കഴിഞ്ഞു പോകുന്നതിനും ഒടുവില്‍ ഈശ്വരന്റെ പരമപദം നേടുന്നതിന്‌ ഇടവരുത്തേണമേ എന്ന പ്രാര്‍ത്ഥനയാണ്‌ ഇതിലുള്ളത്‌.

ആത്മവിലാസം

`ആത്മവിലാസം' എന്ന കൃതി ഗുരുവിന്റെ ഗദ്യകൃതികളില്‍ സവിശേഷമായ സ്‌ഥാനത്തിനര്‍ഹമാണ്‌. ആത്മാവിന്റെ പല രൂപത്തിലുള്ള പ്രകാശിക്കല്‍ എന്നാണ്‌ ആത്മവിലാസം എന്ന പദത്തിനര്‍ത്ഥം. ഉപനിഷത്തുപോലെ ദിവ്യമായ ഒരു വേദാന്ത രചനയായി ഇതിനെ കണക്കാക്കുന്നു. എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന സത്യം ദൈവമാണെന്നു യുക്‌തിയുക്‌തം തെളിയിക്കുകയാണ്‌.

പദ്യത്തിലെന്ന പോലെ അനുഗൃഹീതമായ ഒരു ശൈലി ഗദ്യ രചനയിലും ഗുരു പുലര്‍ത്തിയിരുന്നു എന്നതിന്‌ അദ്ദേഹത്തിന്റെ ഗദ്യകൃതികള്‍ തെളിവാണ്‌. ഗഹനമായ ആശയങ്ങള്‍ ലളിതവും സുന്ദരവുമായി പ്രതിപാദിക്കുവാന്‍ മലയാളം മുന്‍കാലത്തു തന്നെ പ്രാപ്‌തമായിരുന്നു എന്ന്‌ ഈ ഗദ്യശൈലി തെളിവു നല്‍കുന്നു. അദൈ്വതത്തിന്റെ ഗഹന തത്ത്വങ്ങള്‍ ലളിതമായി നേരെ പറയുന്ന നയമാണ്‌ ഗദ്യത്തില്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്‌. 

ശ്രീനാരായണ ഗുരുവിന്റെ ഗദ്യകൃതികൾ അദ്ദേഹത്തിന്റെ പദ്യരചനകളെപ്പോലെ തന്നെ അഗാധമായ ദാർശനിക തലങ്ങളുള്ളവയാണ്. 'ചിജ്ജഡചിന്തകം' പ്രപഞ്ചത്തിന്റെ അനിർവചനീയമായ സത്തയെ അറിവായി അടയാളപ്പെടുത്തുമ്പോൾ, 'ദൈവചിന്തനം' ദുർദേവതാ ആരാധനയ്ക്കെതിരെയുള്ള യുക്തിഭദ്രമായ നിലപാടും ജീവന്മുക്താവസ്ഥയ്ക്കായുള്ള പ്രാർത്ഥനയും പങ്കുവെക്കുന്നു. 'ഗദ്യപ്രാർത്ഥന'യിലൂടെ നാം ശരീരമല്ല അറിവാണെന്ന ബോധം നൽകുന്ന ഗുരു, 'ആത്മവിലാസ'ത്തിലൂടെ ആത്മാവിന്റെ പ്രകാശമാണ് ദൈവിക സത്യമെന്ന് ഉപനിഷദ് തുല്യമായ ശൈലിയിൽ സമർത്ഥിക്കുന്നു. അദ്വൈത തത്വങ്ങളെ ലളിതവും സുന്ദരവുമായ ഗദ്യത്തിലൂടെ അവതരിപ്പിച്ച ഈ രചനകൾ, മലയാള ഭാഷയുടെ ഗഹനമായ ആശയവിനിമയ ശേഷിക്ക് തെളിവാണ്. കേവലം സാഹിത്യരചനകൾ എന്നതിലുപരി, ഭയവും രോഗവും ദാരിദ്ര്യവും തീണ്ടാത്ത പരമപദം പ്രാപിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന ജ്ഞാനരേഖകളാണിവ.

മറ്റ് വിഷയങ്ങൾ