മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിൽ ഒരുപോലെ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ശ്രീനാരായണ ഗുരു, അറിവിന്റെ ലോകത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി വിവർത്തനങ്ങളെ ഒരു പ്രധാന ഉപാധിയാക്കി മാറ്റി. സംസ്‌കൃതത്തിലെയും തമിഴിലെയും പ്രമുഖ ദാർശനിക ഗ്രന്ഥങ്ങളിലെ ഗഹനമായ ആശയങ്ങൾ അവയുടെ തനിമ ചോർന്നുപോകാതെ ലളിതമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു.
ഈശാവാസ്യം, ഭാര്യാധര്‍മ്മം, തിരുക്കുറള്‍, ഒഴിവിലൊടുക്കം എന്നിവയാണ് അദ്ദേഹത്തിന്റെ വിവര്‍ത്തന കൃതികള്‍.
പതിനെട്ട് മന്ത്രങ്ങളുള്ള ഉപനിഷത്ത് രഹസ്യമായ ഈശാവാസ്യത്തെ ഇരുപത്തിരണ്ട് ശ്ലോകങ്ങളിലായി ഗുരു പുനരാവിഷ്കരിച്ചു. ലോകനന്മയ്ക്കായി നിസ്സംഗനായി കർമ്മം ചെയ്യുക എന്ന വലിയ സന്ദേശമാണ് ഇതിലൂടെ അദ്ദേഹം പകർന്നു നൽകിയത്. അതുപോലെ, തമിഴ് വേദമെന്നറിയപ്പെടുന്ന തിരുവള്ളുവരുടെ 'തിരുക്കുറൾ' വിവർത്തനം ചെയ്യാൻ ആരംഭിച്ചതിലൂടെ തമിഴ് ദർശനങ്ങളോടുള്ള തന്റെ ആഭിമുഖ്യം അദ്ദേഹം വെളിപ്പെടുത്തി. കാളിദാസന്റെ 'ഗംഗാഷ്ടകം' സംസ്‌കൃതത്തിൽ നിന്ന് തമിഴിലേക്ക് വിവർത്തനം ചെയ്തത് ഗുരുവിന് തമിഴ് ഭാഷയിലുണ്ടായിരുന്ന മാതൃഭാഷാതുല്യമായ പ്രാവീണ്യത്തിന് തെളിവാണ്. മണമ്പൂർ ഗോവിന്ദനാശാനെപ്പോലുള്ളവർ രേഖപ്പെടുത്തിയ കുറിപ്പുകളിലൂടെയാണ് ഈ വിവർത്തന കൃതികൾ പലതും പിൽക്കാലത്ത് 'ദിവ്യസ്തോത്ര രത്നാവലി' പോലുള്ള സമാഹാരങ്ങളായി നമുക്ക് ലഭ്യമായത്. ഭാഷാതിരുകൾക്കപ്പുറം അറിവിന്റെ സത്തയെ ലോകത്തിന് കൈമാറാൻ ഗുരു നടത്തിയ ഈ വിവർത്തന ശ്രമങ്ങൾ ദാർശനിക സാഹിത്യത്തിലെ അമൂല്യരേഖകളാണ്.
പതിനെട്ടു മന്ത്രങ്ങള്‍ അടങ്ങുന്ന ഒരു ലഘു ഉപനിഷത്താണ് ഈശാവാസ്യം. അത് ഇരുപത്തിരണ്ട് ശ്ലോകങ്ങളിലായി ഗുരു വിവര്‍ത്തനം ചെയ്‌തിരിക്കുന്നു. നിസ്സംഗനായി കര്‍മ്മം ചെയ്‌ത് ലോക നന്മയ്‌ക്കായി ജീവിക്കുക എന്നതാണ് ഈശാവാസ്യത്തിന്റെ സന്ദേശം. ഉപനിഷത്ത് രഹസ്യം ഉള്‍ക്കൊണ്ട ഗുരു മൂലമന്ത്രങ്ങളുടെ അര്‍ത്ഥവും മഹത്വവും അല്‍പം പോലും ചോര്‍ന്നു പോകാത്തവിധമാണ് വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്. ഏകസത്യത്തിന്റെ സാക്ഷാല്‍ക്കാരാവസ്‌ഥ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗുരു, ശിഷ്യന്റെ മുന്നില്‍ അത് പ്രാപിക്കുന്നതാണ് ഈശാവാസ്യത്തിലെ ആദ്യമന്ത്രം.
തമിഴില്‍ നിന്നുള്ള ഗുരുവിന്റെ പ്രധാന വിവര്‍ത്തനമാണ് `തിരുക്കുറള്‍'. 1894-ല്‍ ആരംഭിച്ചെങ്കിലും ഇതിന്റെ വിവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഗുരുവിന് കഴിഞ്ഞില്ല. മൂന്നു ഖണ്ഡങ്ങള്‍ മാത്രമാണ് വിവര്‍ത്തനം ചെയ്‌തത്. തിരുവുള്ളവര്‍ എന്ന തമിഴ് സിദ്ധന്റെ തത്ത്വ ജ്‌ഞാന ഗ്രന്ഥമാണ് തിരുക്കുറള്‍.
നാലു വേദങ്ങളുടെയും സാരം ഉള്‍ക്കൊള്ളുന്ന തമിഴ് വേദം എന്ന നിലയിലാണ് തിരുക്കുറള്‍ അറിയപ്പെടുന്നത്. മനശുദ്ധിയും, സത്യ ബോധവും വളര്‍ന്നുവരാന്‍ ഈ കൃതിയുടെ പാരായണം മൂലം സാധിക്കുമെന്ന് വിശ്വസിച്ചു വരുന്നു. തമിഴിലെ തത്ത്വജ്‌ഞാന ഗ്രന്ഥങ്ങളുമായി ഗുരുവിനുള്ള അടുപ്പം എത്രയെന്ന് മനസ്സിലാക്കുവാന്‍ ഈ കൃതിയുടെ വിവര്‍ത്തനത്തിലൂടെ സാധിക്കുന്നു.
കാളിദാസന്റേതെന്നു കരുതുന്ന `ഗംഗാഷ്‌ടകം' എന്ന സംസ്‌കൃത സ്‌തോത്രത്തിലെ ആദ്യപദ്യം ഗുരു തമിഴിലേയ്‌ക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ഗുരുവിന് തമിഴ് മാതൃഭാഷപോലെ വഴങ്ങിയിരുന്നതിനാലാവാം സംസ്‌കൃതത്തില്‍ നിന്ന് തമിഴിലേയ്‌ക്ക് വിവര്‍ത്തനം ചെയ്യാന്‍ അദ്ദേഹം തയ്യാറായത്. ഗുരു പലപ്പോഴായി രചിച്ചതും, ശിഷ്യന്മാര്‍ക്ക് പറഞ്ഞു കൊടുത്തതും പല ഇടങ്ങളില്‍ ചിതറിക്കിടക്കുകയും ചെയ്‌തിരുന്ന രചനകള്‍ ധര്‍മ്മ പ്രചാരസഭയുടെ വകയായി ദിവ്യസ്‌തോത്ര രത്‌നാവലി എന്ന പേരില്‍ ഒരു സമാഹാരമായി 1941-ല്‍ പ്രസിദ്ധീകരിച്ചു.
അരുവിപ്പുറത്തു ഗുരുവിന്റെ അന്തേവാസിയായിരുന്ന മണമ്പൂര്‍ ഗോവിന്ദനാശാന്‍ ഗുരുവിന്റെ കൃതികളെ രേഖപ്പെടുത്തി വെയ്‌ക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഗോവിന്ദനാശാന്റെ നോട്ടു ബുക്കാണ് പില്‍ക്കാലത്ത് ഗുരുവിന്റെ കൃതികള്‍ പ്രസിദ്ധീകരിക്കുവാന്‍ നിമിത്തമായിത്തീര്‍ന്നത്.