സംസ്‌കൃത സ്‌തോത്രങ്ങള്‍

നാരായണഗുരു വാരണപ്പള്ളിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തും, അവധൂതവൃത്തിയിലേര്‍പ്പെട്ടിരുന്ന കാലത്തുമാണ്‌ സംസ്‌കൃത ശ്ലോകങ്ങള്‍ എഴുതിയിരുന്നത്‌. അക്കാലത്ത്‌ സംസ്‌കൃത ഭാഷയ്‌ക്കുണ്ടായിരുന്ന പ്രാധാന്യവും ഗുരുവിന്‌ ആ ഭാഷയിലുള്ള അറിവുമാവാം സംസ്‌കൃതത്തില്‍ സ്‌തോത്രങ്ങളെഴുതുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. വിഷ്‌ണ്വഷ്‌ടകം, വാസുദേവാഷ്‌ടകം, വിനായകാഷ്‌ടകം, ഗുഹാഷ്‌ടകം, ഭദ്രകാള്യഷ്‌ടകം, ബാഹുലേയാഷ്‌ടകം, ചിദംബരാഷ്ടകം, അവസാനകാലത്ത്‌ രചിച്ച ഹോമമന്ത്രം എന്നിവയാണ്‌ പ്രധാന സംസ്‌കൃത സ്‌തോത്രങ്ങള്‍.

ഗുരുവിന്റെ സംസ്‌കൃത സ്‌തോത്രങ്ങളില്‍ പലതിനും ശങ്കരാചാര്യരുടെ സ്‌തോത്രങ്ങളോട്‌ സാമ്യമുണ്ട്‌. സംസ്‌കൃത സ്‌തോത്ര പാരമ്പര്യ വഴികളില്‍ തന്നെയാണ്‌ ഗുരുവിന്റെ ആദ്യകാല സ്‌തോത്രങ്ങള്‍. സംസ്‌കൃത സ്‌തോത്ര പാരമ്പര്യത്തില്‍ അവര്‍ണ്ണ സമുദായത്തില്‍ ജനിച്ച ഒരാളുടെ രചനയും സ്‌ഥാനം പിടിച്ചു എന്ന ചരിത്രപരമായ സവിശേഷതയും ഇവയ്‌ക്കുണ്ട്‌.

മലയാള സ്‌തോത്രങ്ങള്‍

നാരായണഗുരുവിന്‌ സ്‌തോത്ര രചനയിലുള്ള വൈഭവം പ്രകടമാകുന്നത്‌ മലയാള സ്‌തോത്ര രചനകളിലാണ്‌. മലയാള സ്‌തോത്രങ്ങളധികവും സുബ്രഹ്‌മണ്യനെയും, ദേവിയെയും, ശിവനെയും സ്‌തുതിക്കുന്നവയാണ്‌. അക്കൂട്ടത്തില്‍ ദൈവത്തെ സ്‌തുതിക്കുന്ന `ദൈവദശക'വും ശ്രീകൃഷ്‌ണനെ സ്‌തുതിക്കുന്ന ശ്രീകൃഷ്‌ണ കീര്‍ത്തനവും വേറിട്ടു നില്‍ക്കുന്നു. മയില്‍ വാഹകനായ സുബ്രഹ്‌മണ്യനെ ഗുരുക്കന്മാരുടെയും ഗുരുവായി വാഴ്‌ത്തുന്നു. ഷണ്‍മുഖ സ്‌തോത്രം, ഷണ്‍മുഖദശകം, സുബ്രഹ്‌മണ്യ കീര്‍ത്തനം, നവമജ്‌ഞരി എന്നിവയാണ്‌ ഗുരു രചിച്ചിട്ടുള്ള സുബ്രഹ്‌മണ്യ കീര്‍ത്തനങ്ങള്‍. അവധൂത കാലത്താണ്‌ ഈ സ്‌തോത്രങ്ങള്‍ ഗുരു രചിച്ചത്‌.

നാരായണ ഗുരുവിന്റെ സ്‌തോത്രങ്ങളില്‍ അദ്ദേഹത്തിന്റെ ശിവ പ്രതിപത്തി കാണാവുന്നതാണ്‌. അദ്ദേഹം രചിച്ചിട്ടുള്ള സ്‌തോത്രങ്ങളില്‍ ഇരുപത്തിയെട്ടും ശൈവമാണ്‌. പൊതുവെ, മലയാളത്തിലെ സ്‌തോത്രങ്ങളില്‍ വൈഷ്‌ണവ സ്‌തോത്രങ്ങളാണധികവും. ഗുരുവിന്റെ സ്‌തോത്രങ്ങളിലാണ്‌ ശൈവപാരമ്പര്യം കൂടുതല്‍ തെളിഞ്ഞു കാണുന്നത്‌. ശിവശതകം, സ്വാനുഭവഗീതി, ശിവപ്രസാദപഞ്ചകം, അര്‍ദ്ധനാരീശ്വരസ്‌തവം, ശിവസ്‌തവം, സദാശിവദര്‍ശനം, പിണ്ഡനന്ദി, ചിജ്‌ജഡചിന്തനം, കുണ്ഡലിനിപ്പാട്ട്‌ എന്നിവയാണ്‌ ഗുരു രചിച്ച മലയാള ശിവസ്‌തോത്രങ്ങള്‍.

നാരായണഗുരുവിന്റെ യോഗ ശാസ്ര്‌താനുഭൂതി തെളിഞ്ഞു നില്‍ക്കുന്ന കൃതിയാണ്‌ `കുണ്ഡലിനിപ്പാട്ട്‌. `ഒരേ സമയം ഭക്‌തിയും, യോഗവും, കവിത്വവും അതില്‍ ചേര്‍ന്നു നില്‍ക്കുന്നു. മലയാള കവിതയില്‍ കലര്‍പ്പില്ലാത്ത മിസ്‌റ്റിസിസം കാണാന്‍ കഴിയുന്ന കൃതിയായി ഇത്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌.

നാരായണഗുരു രചിച്ച സ്‌തോത്രങ്ങളില്‍ ഏറ്റവും വിശിഷ്‌ടമായി കരുതി വരുന്നത്‌ `ദൈവദശകമാണ്‌'. 1914-ലാണ്‌ ഇതിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌. ആലുവ അദൈ്വതാശ്രമത്തിലെ കുട്ടികള്‍ക്ക്‌ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി ഗുരു ചൊല്ലിക്കൊടുത്തതാണ്‌ ദൈവദശകം. ഗുരുവിന്റെ ദര്‍ശനത്തിന്റെ സാരം മുഴുവന്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പ്രപഞ്ച ശക്‌തിയായ ദൈവത്തെയാണ്‌ അതില്‍ പ്രകീര്‍ത്തിക്കുന്നത്‌.

ഭാരതീയ തത്വചിന്തയുടെ സത്ത ഉള്‍ക്കൊള്ളുന്ന സ്‌തോത്രം എന്ന നിലയ്‌ക്കും ഇതിന്‌ പ്രാധാന്യമുണ്ട്‌. ദ്രാവിഡ ദേവതകളെയും, രീതികളെയും മലയാള സ്‌തോത്രത്തിലേയ്‌ക്ക്‌ കൂട്ടിക്കൊണ്ടു വന്നത്‌ ഗുരുവാണ്‌. ദാര്‍ശനികനും, കവിയുമായ ഗുരുവിനെയാണ്‌ ഭാഷാസ്‌തോത്രങ്ങളില്‍ കാണുവാന്‍ കഴിയുന്നത്‌.

തമിഴ്‌ സ്‌തോത്രങ്ങള്‍

തമിഴ്‌ ഭാഷയിലും അഗാധ പാണ്ഡിത്യം നേടുവാന്‍ ഗുരുവിന്‌ കഴിഞ്ഞിരുന്നു. 'തേവാരപ്പതികങ്ങള്‍' എന്ന സ്‌തോത്രമാണ്‌ തമിഴില്‍ അദ്ദേഹം രചിച്ചിട്ടുള്ളത്‌. സവിശേഷമായ ആരാധന എന്ന അര്‍ത്ഥമാണ്‌ തേവാരം എന്ന പദത്തിനുള്ളത്‌. പില്‍ക്കാലത്ത്‌ ശൈവ കീര്‍ത്തനങ്ങള്‍ തേവാരങ്ങള്‍ എന്ന പേരിലറിയപ്പെട്ടു. അരുമാനൂര്‍ എന്ന സ്‌ഥലത്തുള്ള ഒരു നായനാര്‍ പ്രതിഷ്‌ഠയെ സ്‌തുതിക്കുന്ന രീതിയിലാണ്‌ ഇതിന്റെ രചന. ജീര്‍ണ്ണാവസ്‌ഥയിലായിരുന്ന ക്ഷേത്രം സന്ദര്‍ശിച്ച വേളയില്‍ വിഗ്രഹത്തെ തൊഴുതു കൊണ്ട്‌ ചൊല്ലി സ്‌തുതിച്ച കീര്‍ത്തനമാണിത്‌.

ശിവ വര്‍ണ്ണനയുടെ ധ്വനിയാണ്‌ ഈ സ്‌തോത്രത്തിലും കാണുവാന്‍ കഴിയുന്നത്‌. തമിഴ്‌ കാവ്യസംസ്‌കാരം സ്വന്തം പാരമ്പര്യത്തെ മനസ്സിലാക്കുവാന്‍ ഗുരുവിന്‌ വളരെ സഹായകമായിട്ടുണ്ട്‌.

മറ്റ് വിഷയങ്ങൾ