തമിഴ്നാട്ടിലെ കന്യാകുമാരിക്കടുത്തുള്ള മരുത്വാമല

കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നാഗര്‍കോവിലിനും, കന്യാകുമാരിക്കും ഇടയിലാണ്‌ മരുത്വാമല സ്ഥിതി ചെയ്യുന്നത്‌. സത്യാന്വേഷികള്‍ക്ക്‌ ഏകാന്തതയിലിരുന്ന്‌ തപസ്സനുഷ്‌ഠിക്കുവാന്‍ പാകത്തില്‍ പ്രകൃതി കനിഞ്ഞൊരുക്കിയ ഇടമാണ്‌ ഈ കുന്ന്‌. മരുത്വാമലയുടെ ഏറ്റവും മുകളിലുള്ള 'പിള്ളത്തടം' എന്ന ഗുഹയിലായിരുന്നു നാരായണഗുരു തപസ്സ്‌ ചെയ്‌തിരുന്നത്‌. ഈ വിവരം ക്രമേണ അടിവാരത്തു ജീവിക്കുന്നവര്‍ അറിയുകയും അവരില്‍ പലരും പിള്ളത്തടത്തിലെത്തുകയും ഗുരുവിനെ കാണുകയും ചെയ്‌തു. ശാന്ത ഹൃദയനും തേജസ്വിയുമായ ഗുരുവിനെ കണ്ടവര്‍ക്ക്‌ അദ്ദേഹം അമാനുഷനായി തോന്നി.

ഗുരുവിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു മരുത്വാമലയിലെ തപോജീവിതം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മീയ ഐക്യം സ്‌ഥാപിക്കാന്‍ ഗുരുവിന്‌ കഴിഞ്ഞത്‌ മരുത്വാമലയില്‍ വെച്ചാണ്‌. അതോടൊപ്പം മനുഷ്യര്‍ അനുഭവിക്കുന്ന ദു:ഖങ്ങള്‍ക്കും, ദുരിതങ്ങള്‍ക്കും അറുതി വരുത്താനും മന:ശാന്തി ലഭിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയതും മരുത്വാമലയില്‍ തപസ്സു ചെയ്‌ത ഘട്ടത്തിലാണ്‌.

തിരുവിതാംകൂറില്‍ അക്കാലത്ത്‌ ജാതിവ്യത്യാസവും, അയിത്തവും തുടര്‍ന്നു പോന്നിരുന്നു. മനുഷ്യത്വത്തെ മരവിപ്പിച്ചിരുന്ന അത്തരം വൈകൃതങ്ങളില്‍ നിന്നു മനുഷ്യരെ രക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുവാന്‍ വേണ്ടിയാണ്‌ അരുവിപ്പുറത്തേയ്‌ക്ക്‌ പോകുവാന്‍ അദ്ദേഹം തീരുമാനിച്ചത്‌. മരുത്വാമല വിട്ടതിനുശേഷം ദക്ഷിണേന്ത്യയിലുടനീളം അദ്ദേഹം സഞ്ചരിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, മധുര, കാഞ്ചീപുരം, പോണ്ടിച്ചേരി തുടങ്ങിയ സ്‌ഥലങ്ങളില്‍നിന്ന്‌ പല അനുഭവ പാഠങ്ങളും അദ്ദേഹത്തിനുണ്ടായി. രോഗികള്‍ക്ക്‌ പരമ്പരാഗത നാട്ടറിവിന്റെയും, ചികിത്സാ സമ്പ്രദായങ്ങളുടെയും ഭാഗമായ ഒറ്റമൂലി പ്രയോഗങ്ങളിലൂടെ രോഗശാന്തി കൈവരുത്താനും, മാനസിക രോഗങ്ങളും മറ്റും ഭേദപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ക്രമേണ സാധാരണ ജനങ്ങള്‍ ഒരു ദിവ്യപുരുഷനായി അദ്ദേഹത്തെ അംഗീകരിക്കുവാന്‍ തുടങ്ങി.

ജാതി വ്യവസ്ഥയുടെ പേരില്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ അവര്‍ണ്ണര്‍ക്കു മേല്‍ അടിച്ചേല്‌പ്പിച്ചിരുന്ന മേധാവിത്വവും, അതിന്റെ ഭാഗമായി നടന്ന ക്രൂരതകളും അദ്ദേഹത്തിന്‌ അംഗീകരിക്കാനായില്ല. എല്ലാ സമുദായങ്ങളുടെയും ഉയര്‍ച്ചയ്‌ക്കു വേണ്ട പ്രവര്‍ത്തനത്തിന്‌ പ്രാരംഭം കുറിയ്‌ക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമായി അരുവിപ്പുറം എന്ന സ്ഥലം അദ്ദേഹം തെരഞ്ഞെടുത്തു. അരുവിയുടെ തീരത്തുള്ള ഗുഹകളായിരുന്നു അദ്ദേഹത്തിന്റെ സങ്കേതം.

മൂന്നു വര്‍ഷത്തോളം അരുവിപ്പുറം മലകളില്‍ ഗുരു തപസ്സു ചെയ്‌തു. അക്കാലത്തെ കേരളത്തിന്റെ സ്‌ഥിതി ദയനീയമായിരുന്നു. ശുചിയായി നടക്കുവാന്‍ സ്വാതന്ത്ര്യ മില്ലാത്തവര്‍. തെരുവീഥികളിലൂടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍. ദുര്‍ദേവതകളെ ആരാധിക്കുന്നവര്‍, മൃഗ ബലിയും, മദ്യപാനവും ആരാധനാച്ചടങ്ങുകളായി മാറ്റിയവര്‍ ഒക്കെയായിരുന്നു ജനതയില്‍ ഭൂരിഭാഗവും. അവര്‍ണ ജനതയുടെ ദുരിതങ്ങള്‍ ഗുരുവിനെ ചിന്താകുലനാക്കി. മതമല്ല, മറിച്ച്‌ മതാനുഷ്‌ഠാനമായിരുന്നു അവര്‍ണ്ണ ജനതയെ നയിച്ചത്‌. അതിന്റെ പരിഷ്‌ക്കരണത്തിലൂടെ മാത്രമേ അവരെ ഉദ്ധരിക്കാനാവൂ എന്ന്‌ ഗുരു തിരിച്ചറിഞ്ഞു.

അരുവിപ്പുറത്ത്‌ ആരും തന്നെ അലോസരപ്പെടുത്താനുണ്ടാവില്ലെന്ന്‌ ഗുരു കരുതിയെങ്കിലും, കാലിമേച്ചുനടന്ന ഒരു ബാലന്‍ കൂട്ടം തെറ്റി അവിടെ എത്തുകയും സ്‌നേഹവാത്‌സല്യങ്ങളോടെ ഗുരു അവനോട്‌ കുശലപ്രശ്‌നം നടത്തുകയും ചെയ്‌തു. സ്വാമിയുടെ ആദ്യ ശിഷ്യനായ അയ്യപ്പന്‍പിള്ളയെന്ന ആ ബാലനാണ്‌ പില്‍ക്കാലത്ത്‌ ശിവലിംഗസ്വാമികളെന്ന പേരിലറിയപ്പെട്ടത്‌. സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കു പ്രവേശിക്കാന്‍ അര്‍ഹതയില്ലാത്തതിനാല്‍ ഈശ്വരാരാധനയ്‌ക്കായി ഒരു ക്ഷേത്രം വേണമെന്ന ആവശ്യവുമായി അരുവിപ്പുറത്തെ ജനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. സാധാരണ ജനങ്ങള്‍ക്കു സ്വതന്ത്രമായ ആരാധന എങ്ങനെ നടത്താമെന്നായി ഗുരുവിന്റെ ചിന്ത. സാമൂഹിക നവോത്ഥാനത്തിലേയ്‌ക്ക്‌ ഗുരുവിനെ നയിച്ചത്‌ ഏതെങ്കിലും പ്രസ്ഥാനമായിരുന്നില്ല. ലോകസേവനത്തിനായി ഗുരു സ്വയം മാറുകയായിരുന്നു.ചുരുക്കത്തിൽ, മരുത്വാമലയിലെ ഏകാന്ത തപസ്സിലൂടെ ആത്മീയ തേജസ്സ് ആർജ്ജിച്ച ഗുരു, അവിടുത്തെ അനുഭവങ്ങളിൽ നിന്നാണ് സാമൂഹിക നവോത്ഥാനത്തിലേക്കുള്ള വഴി കണ്ടെത്തിയത്. ജാതിവിവേചനവും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ കേരളത്തിൽ, സാധാരണക്കാരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും ഉദ്ധാരണത്തിനുമായി അരുവിപ്പുറം കേന്ദ്രമാക്കി തന്റെ കർമ്മപഥം അദ്ദേഹം തിരഞ്ഞെടുത്തു. ലോകസേവനത്തിനായി സ്വയം സമർപ്പിച്ച ഒരു മഹാനായ കർമ്മയോഗിയുടെ ഉദയമാണ് മരുത്വാമല മുതൽ അരുവിപ്പുറം വരെയുള്ള ഈ പ്രയാണം അടയാളപ്പെടുത്തുന്നത്.

മറ്റ് വിഷയങ്ങൾ