ഏതൊരു സന്ന്യാസിയുടെയും ജീവിതത്തില്‍ അലക്ഷ്യമായി അലഞ്ഞു നടക്കുന്നൊരു കാലമുണ്ടാവാം. ഗുരുദേവനും അസ്വസ്ഥനായി അലഞ്ഞ ഈ അവധൂതകാലത്തെക്കുറിച്ച് കൃത്യമായി ആരും രേഖപ്പെടുത്തിയിട്ടില്ല. ആറു വര്‍ഷക്കാലത്തോളം ആരുമറിയാതെ അലസനായി അദ്ദേഹം നടന്നിരുന്നതായി ഗുരുവിന്റെ സന്ന്യാസ ശിഷ്യനായ സ്വാമി ധര്‍മ്മതീര്‍ത്ഥര്‍ സൂചിപ്പിക്കുന്നുണ്ട്. ഭൗതിക ലോകത്തോടുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് അംഗ വസ്ര്‌തം, സുഖം, ദു:ഖം, ശീതം, ഉഷ്‌ണം, അപമാനം, മത്‌സരം, ഇച്ഛ എന്നിവയെല്ലാം വെടിയുന്ന അവസ്‌ഥയാണ് അവധൂതകാലം.
ശൂന്യമായ ഗൃഹം, വൃക്ഷമൂലം, ദേവാലയം, ഗുഹ, അരുവി, പര്‍വ്വത ശിഖരം എന്നിവിടങ്ങളാണ് അവധൂതന്റെ വാസസ്‌ഥലം. തന്നെ തിരിച്ചറിയാനാവാത്ത വിധം ഉന്മത്തനെപ്പോലെ അയാള്‍ പെരുമാറും. ജീവിതത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍ പിടികിട്ടിയതിനു ശേഷവും ജീവിക്കേണ്ടിവരുമ്പോഴത്തെ ഒരു തരം നാട്യാവസ്‌ഥ. മരുത്വാമലയിറങ്ങി കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും തമിഴ്‌നാട്ടിലുമായി അലഞ്ഞു നടന്ന കാലയളവില്‍ ഗുരുവിന്റെയും അവസ്‌ഥ ഇതായിരുന്നു. സഞ്ചാരത്തിനിടയില്‍ ചാലയിലെ ഒരു തമിഴ് പുസ്‌തക വില്‍പ്പനശാലയിലെത്തിയ നാണുവിന് തമിഴ് ഗ്രന്ഥങ്ങള്‍ വായിക്കാനുള്ള അവസരം ലഭിച്ചു. തിരുക്കുറള്‍, തിരുപ്പാവൈ ഒഴിവിലൊടുക്കം, തിരു മന്തിരം എന്നീ ഗ്രന്ഥങ്ങള്‍ വായിക്കുകയും തമിഴില്‍ വേണ്ടത്ര അറിവു നേടുകയും ചെയ്‌തു. പില്‌ക്കാലത്തു തമിഴ് ഭാഷയില്‍ കവിത രചിക്കാന്‍ പ്രേരണയായത് ഈ സന്ദര്‍ഭത്തില്‍ ഗുരു നേടിയ തമിഴ് ഭാഷാ പ്രാവിണ്യമാണ്.
പൂജിച്ചവര്‍ക്ക് ഗുരു നാണു സ്വാമിയായി. അദ്ദേഹത്തെ ബഹുമാനിയ്‌ക്കുന്ന മുസ്ലീം പണ്ഡിതന്മാരും, ക്രിസ്‌തുമത വിശ്വാസികളും ഉണ്ടായിരുന്നു. ഖുറാനിലെ പല വാക്യങ്ങളും വ്യാഖ്യാനിച്ച് മുസ്ലീം പണ്ഡിതരെ ഗുരു അത്ഭുതപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തെ ആട്ടിയകറ്റിയവരും ഉണ്ടായിരുന്നു. അവഹേളനങ്ങളും അപമാനങ്ങളും ഒരു പോലെ കാണുവാന്‍ ഗുരുവിന് കഴിഞ്ഞിരുന്നു. മനുഷ്യജീവിതം പഠിച്ചതും അറിഞ്ഞതും ഈ അവധൂതകാലത്താണെന്നു പറയാം.
പുതിയ അനുഭവങ്ങളും, പുതുമയുള്ള ജീവിതക്രമങ്ങളും, ആചാരങ്ങളുമെല്ലാം കണ്ടറിയുവാന്‍ വേണ്ടിയാണ് ഗുരു സഞ്ചരിച്ചു കൊണ്ടിരുന്നത്. സാധാരണ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് പലതും ഗ്രഹിക്കുവാന്‍ ഈ സഞ്ചാരം ഗുരുവിനെ സഹായിച്ചു. ദു:ഖവും, കഷ്‌ടതയും മനുഷ്യജീവിതത്തിലെ ഒഴിയാബാധകളാണെന്ന സത്യം അദ്ദേഹം കണ്ടറിഞ്ഞു. സമൂഹം അവഹേളിച്ചവരോടൊപ്പം, അവരിലൊരാളായി കറങ്ങിത്തിരിഞ്ഞ ആ ഘട്ടം ഗുരുവിലെ കര്‍മ്മയോഗിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയായിരുന്നു.
പച്ചിലകളും, കിഴങ്ങുകളും, കായ്‌കളും തിന്നാണ് അക്കാലത്ത് ഗുരു ജീവിച്ചിരുന്നത്. അടപതിയന്‍ കിഴങ്ങും, തേനും, പച്ച വെള്ളവും കൊണ്ട് ഒരുവന് ആരോഗ്യത്തോടെ ഇരിക്കാമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. മരുത്വാമലയിലെ തപസ്സിൻ്റെ കാലത്ത് ഇങ്ങനെയുള്ള കായ്കനികൾ കഴിച്ചും മലയുടെ ഉറവകളിലെ ശുദ്ധജലം കുടിച്ചുമാണ് ഗുരു തപോകാലം പൂർത്തിയാക്കിയത്. പല ദേശങ്ങളില്‍ സഞ്ചരിക്കുമ്പോഴും, പല ആളുകളുമായി ഇടപെടുമ്പോഴും തന്നെ ഏകാകിയായി തന്റെ ചിന്തകളില്‍ മുഴുകുമായിരുന്നു. അവധൂത ഘട്ടത്തില്‍ രചിച്ച സ്‌തോത്രമാണ് 'സുബ്രഹ്‌മണ്യകീര്‍ത്തനം'.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ അവധൂതകാലം എന്നത് ഭൗതികതയെ പൂർണ്ണമായും വെടിഞ്ഞ് ആത്മീയവും സാമൂഹികവുമായ തിരിച്ചറിവുകൾ നേടിയെടുത്ത സുപ്രധാന ഘട്ടമായിരുന്നു. സുഖദുഃഖങ്ങൾക്കും മാനാപമാനങ്ങൾക്കും അതീതമായി, ശൂന്യമായ ഗൃഹങ്ങളിലും പർവ്വതശിഖരങ്ങളിലും വസിച്ച് അദ്ദേഹം നടത്തിയ ഈ സഞ്ചാരം മനുഷ്യജീവിതത്തെ ആഴത്തിൽ പഠിക്കാനുള്ള അവസരമായി മാറി. തമിഴ് ഗ്രന്ഥങ്ങളിലൂടെ നേടിയ ഭാഷാപരമായ പ്രാവീണ്യവും 'സുബ്രഹ്മണ്യകീർത്തനം' പോലുള്ള രചനകളും ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. ജാതിമത ഭേദമന്യേ സർവ്വരോടും ഇടപഴകാനും വിവിധ മതഗ്രന്ഥങ്ങളെ ആഴത്തിൽ വിശകലനം ചെയ്യാനും സാധിച്ച ഈ ഘട്ടത്തിൽ, സാധാരണക്കാരുടെ ദുരിതങ്ങൾ അദ്ദേഹം നേരിട്ടറിഞ്ഞു. പച്ചിലകളും കിഴങ്ങുകളും കഴിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിച്ച ആറു വർഷക്കാലത്തെ ഈ അലച്ചിൽ, സമൂഹത്താൽ അവഹേളിക്കപ്പെട്ടവർക്കായി നിലകൊള്ളുന്ന വിപ്ലവകാരിയായ ഒരു കർമ്മയോഗിയെ വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ചുരുക്കത്തിൽ, തന്റെ ആത്മീയ തേജസ്സിലൂടെ ലോകത്തെ പ്രകാശിപ്പിക്കാനുള്ള ഒരുക്കമായിരുന്നു ഗുരുവിന്റെ ഈ നിഗൂഢമായ അവധൂതകാലം. ജീവിതത്തിലെ കഷ്ടപ്പാടുകളും സഹജീവികളുടെ പ്രശ്നങ്ങളും പഠിയ്ക്കാൻ ഇക്കാലം അദ്ദേഹത്തിന് സഹായകമായി.