മതസ്ഥാപനങ്ങളുടെ യാതൊരു പിന്തുണയുമില്ലാതെ ആവിര്‍ഭവിച്ച സന്ന്യാസമായിരുന്നു ശ്രീനാരായണ ഗുരുവിന്റേത്. മതപരമായ യാതൊരു ചിട്ടയും സ്വീകരിക്കാത്ത മതാതീതസന്ന്യാസമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. സന്ന്യാസിയുടെ ബാഹ്യമായ മോടികളൊന്നും ഗുരു അണിഞ്ഞിരുന്നില്ല. തന്റെ കവിതകളില്‍ ദൈവത്തെ അറിവായും, ആനന്ദമായും കണ്ട ഗുരുവില്‍ സന്ന്യാസത്തിന്റെ പുതിയ മുഖമാണ് കാണുവാന്‍ കഴിയുന്നത്. മനുഷ്യനെയും ലോകത്തെയും വിഭജിക്കാത്ത ചിന്ത മതാതീത സന്ന്യാസത്തിലൂടെയേ സാധ്യമാവൂ എന്ന തിരിച്ചറിവ് ഗുരുവിനുണ്ടായിരുന്നു.
മതമില്ലാതെയും ഒരാള്‍ക്ക് സന്ന്യാസിയായി മാറാന്‍ കഴിയുമെന്നും, അതിലൂടെ യഥാര്‍ത്ഥ മനുഷ്യദര്‍ശനം അവതരിപ്പിക്കുവാന്‍ ഒരു സന്ന്യാസി പ്രാപ്‌തനാവുമെന്നും അദ്ദേഹം തെളിയിക്കുകയായിരുന്നു. മാനുഷികത നശിച്ച ഒരു ലോകത്തെയാണ് അദ്ദേഹം ചുറ്റും കണ്ടത്. സായുധശക്‌തിയുടെ പിന്‍ബലമില്ലാതെ, പ്രക്ഷോഭങ്ങളുടെ ശബ്‌ദഘോഷമില്ലാതെ, ഇതിനെതിരെ ഒരു ആത്മീയവിപ്ലവമായിരുന്നു അദ്ദേഹം നയിച്ചത്. ഗുരുവിന്റെ സന്ന്യാസ സമ്പ്രദായം വളരെ വ്യത്യസ്‌തമാണ്. വേദാന്ത സമ്പ്രദായങ്ങളുടെ സമന്വയഭാവമാണ് അതില്‍ നിഴലിക്കുന്നത്. വേദാന്തികളായ സന്ന്യാസിമാര്‍ പൊതുവെ ശ്രീശങ്കരന്‍ സ്‌ഥാപിച്ച ദശനാമസമ്പ്രദായങ്ങള്‍ സ്വീകരിച്ചുവരുന്നു. പുരി, ഭാരതി, തീര്‍ത്ഥ, വനം, സരസ്വതി, അരണ്യം, ഗിരി തുടങ്ങിയ പത്തു നാമങ്ങളില്‍ ഒന്ന് സന്ന്യാസിമാരുടെ പേരിനോട് ചേര്‍ന്നിരിക്കും. അതോടൊപ്പം കാഷായാദി സന്ന്യാസ ചിഹ്നങ്ങളുമുണ്ടാകും.
ഗുരുവിന്റെ വെള്ളവസ്ര്‌തം ശൈവസിദ്ധാന്ത പ്രകാരമുള്ള സന്ന്യാസത്തിന്റേതാണ്. പേരെഴുതിയിരുന്നതും, ഒപ്പിട്ടിരുന്നതും `നാരായണ ഗുരു' എന്നായിരുന്നു. ആത്മമിത്രമായ ചട്ടമ്പിസ്വാമികളും മറ്റും ദശനാമസമ്പ്രദായം സ്വീകരിച്ച് തീര്‍ത്ഥപാദനായിട്ടും ഗുരു അതിന് മുതിര്‍ന്നില്ല. സാധാരണപോലെ സന്മാര്‍ഗ്ഗ പ്രഭാഷണങ്ങള്‍ നടത്തുവാനും അദ്ദേഹം തയ്യാറായില്ല. അസാമാന്യമായ നേതൃത്വ പാടവം ഉണ്ടായിരുന്ന അദ്ദേഹം അസമത്വങ്ങളോടും, അന്ധവിശ്വാസങ്ങളോടും കലഹിക്കുവാനാണ് ശ്രമിച്ചത്.
മനുഷ്യര്‍ രൂപപ്പെടുത്തിയെടുക്കുന്ന ആത്മീയതയിലൂടെ മാത്രമേ സമൂഹത്തിന്റെ താഴത്തെ ശ്രേണിയിലുള്ള മനുഷ്യരെ രക്ഷിക്കുവാനാവൂ എന്ന സത്യം ഗുരു മനസ്സിലാക്കി. ഈ സാമൂഹിക ദര്‍ശനമാണ് ആത്മീയതയ്‌ക്ക് ഗുരു നല്‍കിയ പാഠവും, സൃഷ്‌ടിച്ച വിപ്ലവവും. ഗുരുവിന്റെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമായി മാറുന്നതും ഇതുകൊണ്ടാണ്.മതപരമായ അതിർവരമ്പുകളോ ചടങ്ങുകളോ ഇല്ലാത്ത ഒരു മതാതീത സന്ന്യാസ ദർശനമാണ് ശ്രീനാരായണ ഗുരു ലോകത്തിന് നൽകിയത്. ഭൗതികമായ മോടികളോ ദശനാമസമ്പ്രദായങ്ങളോ സ്വീകരിക്കാതെ, അറിവിനെയും ആനന്ദത്തെയും ദൈവമായി കണ്ട ഗുരു, ആത്മീയതയെ സാമൂഹിക വിമോചനത്തിനുള്ള കരുത്തുറ്റ ഉപാധിയാക്കി മാറ്റി. വെള്ളവസ്ത്രം ധരിച്ച് സമാധാനപരമായ ഒരു ആത്മീയ വിപ്ലവം നയിച്ച അദ്ദേഹം, മാനുഷികത നഷ്ടപ്പെട്ട സമൂഹത്തിൽ അസമത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെയാണ് കലഹിച്ചത്. മതസ്ഥാപനങ്ങളുടെ പിന്തുണയില്ലാതെ തന്നെ യഥാർത്ഥ മനുഷ്യദർശനം അവതരിപ്പിക്കാൻ ഒരാൾക്ക് കഴിയുമെന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. വേദാന്തത്തിന്റെയും ശൈവസിദ്ധാന്തത്തിന്റെയും സമന്വയമായ ആ ജീവിതം, താഴേത്തട്ടിലുള്ള മനുഷ്യരുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. ചുരുക്കത്തിൽ, മനുഷ്യനെ വിഭജിക്കാത്ത ആത്മീയതയിലൂടെ ഗുരു നടത്തിയ ഈ മഹത്തായ ഇടപെടലുകൾ കേവലം സന്ന്യാസ ജീവിതം എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ വിപ്ലവകരമായ ചരിത്രമായി ഇന്നും നിലകൊള്ളുന്നു.