മഹത് വ്യക്‌തിത്വങ്ങളെ കണ്ടുമുട്ടാനും അതിലൂടെ അറിവു നേടാനുമുള്ള ഏറ്റവും നല്ല ഉപാധിയാണ് സഞ്ചാരം. അത്തരമൊരു സഞ്ചാരവേളയില്‍ സമകാലീനനായിരുന്ന ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടാന്‍ ഗുരുവിന് അവസരം ലഭിച്ചു. ഏകാകിയായി സഞ്ചരിക്കുന്ന വേളയില്‍ പെരുന്നെല്ലി പി. കെ. കൃഷ്‌ണന്‍ വൈദ്യരുടെ വീട്ടില്‍ ഗുരു താമസിക്കുകയും അവിടെ വെച്ച് ഷണ്‍മുഖദാസന്‍ ആയി മാറിയ പ്രസിദ്ധനായ ചട്ടമ്പിസ്വാമി എന്നറിയപ്പെടുന്ന കുഞ്ഞന്‍ പിള്ളയെ വൈദ്യര്‍ ഗുരുവിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്‌തു. ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടിയതോടെയാണ് അദ്ദേഹം സുബ്രഹ്‌മണ്യ ഭക്തനായി മാറിയതെന്നു കരുതപ്പെടുന്നു.
ചട്ടമ്പി സ്വാമികളുടെ വേദാന്ത പാണ്ഡിത്യത്തില്‍ ഗുരു ആകൃഷ്ടനായി. ഗുരുവിന്റെ ധര്‍മ്മനിഷ്‌ഠയും, ബുദ്ധി ശക്‌തിയും ചട്ടമ്പി സ്വാമികളെ ആകര്‍ഷിച്ചു. തത്വചിന്തയും, യോഗസിദ്ധിയും, ബഹുഭാഷാ പാണ്ഡിത്യവും, ജീവകാരുണ്യവും, സകല ചരാചരങ്ങളോടും സമഭാവനയും ചട്ടമ്പി സ്വാമികളുടെ പ്രത്യേകതകളായിരുന്നു. മനുഷ്യരെ തമ്മില്‍ അകറ്റുന്ന സാമൂഹികാചാരങ്ങളെ പുച്ഛിച്ചു തള്ളിയ ചട്ടമ്പിസ്വാമികള്‍ ജീവിതാന്ത്യം വരെ നാരായണഗുരുവുമായുള്ള സ്‌നേഹബന്ധം നിലനിര്‍ത്തിയിരുന്നു.
`വേദാധികാര നിരൂപണം' എന്ന കൃതിയിലൂടെ ഭാരതീയ ചിന്താമണ്ഡലത്തില്‍ ഒരു കോളിളക്കം സൃഷ്‌ടിക്കുവാന്‍ ചട്ടമ്പി സ്വാമികള്‍ക്കു സാധിച്ചു. അബ്രാഹ്‌മണര്‍ക്ക് വേദപഠനവും വേദപാരായണവും ശ്രവണവും നിഷിദ്ധമെന്ന് കല്‍പിച്ച ശ്രുതി സ്‌മൃതികളെ ഭൂമുഖത്തു നിന്നു തന്നെ വലിച്ചെറിയണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും ഗുരുവര്യനായിരുന്നു മഹായോഗിയും, ഋഷി തുല്യനും, സുബ്രഹ്‌മണ്യ ഭക്തനും ആയിരുന്ന തൈക്കാട്ട് അയ്യാവു സ്വാമികള്‍. ആയില്യം തിരുനാള്‍, വിശാഖം തിരുനാള്‍, ശ്രീമൂലം തിരുനാള്‍ തുടങ്ങിയ മഹാരാജാക്കന്മാരുടെ ബഹുമാനത്തിനു പാത്രമായിരുന്നു അദ്ദേഹം. ജാതിമതാദി ചിന്തകള്‍ക്കതീതമായി മനുഷ്യരെ സമഭാവനയോടെ വീക്ഷിക്കുവാന്‍ കഴിഞ്ഞ അയ്യാവു സ്വാമികള്‍, ആത്മീയതയ്‌ക്കു വേണ്ടി ഭൗതികതയോ, ഭൗതികതയ്‌ക്കു വേണ്ടി ആത്മീയതയോ ഉപേക്ഷിക്കേണ്ടതില്ല എന്ന് വിശ്വസിച്ച യോഗിവര്യനായിരുന്നു. അയ്യാവു സ്വാമിയില്‍ നിന്നാണ് ചട്ടമ്പി സ്വാമികളും, നാരായണഗുരു സ്വാമികളും യോഗവിദ്യയിലും മറ്റും പ്രാവീണ്യം നേടിയത്.
കേരളീയ സമൂഹം ആത്മീയമായി കൂടുതല്‍ ഉയരേണ്ട ആവശ്യകത ചട്ടമ്പി സ്വാമികള്‍ക്കും, ശ്രീനാരായണ ഗുരുവിനും ബോധ്യപ്പെട്ടിരുന്നു. അയ്യാവു സ്വാമികളുടെ അനുഗ്രഹത്തോടെ ഷണ്‍മുഖ ഭക്തന്മാര്‍ ദേശ സഞ്ചാരത്തിനു തുനിഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ആത്മീയയാത്രയിൽ ചട്ടമ്പിസ്വാമികളുമായുള്ള കൂടിക്കാഴ്ച നിർണ്ണായകമായ ഒരു വഴിത്തിരിവായിരുന്നു. ഇരുവരുടെയും പരസ്പരമുള്ള ബഹുമാനവും സ്നേഹബന്ധവും കേരളീയ നവോത്ഥാനത്തിന് വലിയ കരുത്തുപകർന്നു. ചട്ടമ്പിസ്വാമികളുടെ 'വേദാധികാര നിരൂപണം' പോലുള്ള കൃതികൾ അബ്രാഹ്മണർക്കും വേദപഠനത്തിന് അവകാശമുണ്ടെന്ന് സമർത്ഥിച്ചപ്പോൾ, ഇരുവരുടെയും ഗുരുവായിരുന്ന തൈക്കാട്ട് അയ്യാവു സ്വാമികൾ ജാതിമതചിന്തകൾക്കതീതമായ സമഭാവനയും യോഗവിദ്യയും അവർക്ക് പകർന്നുനൽകി. ഭൗതികതയെയും ആത്മീയതയെയും സന്തുലിതമായി കാണാൻ പഠിപ്പിച്ച അയ്യാവു സ്വാമികളുടെ ശിഷ്യത്വത്തിൽ നിന്നാണ് കേരളീയ സമൂഹത്തെ ആത്മീയമായി ഉയർത്താൻ പ്രാപ്തരായ ഈ ഷണ്മുഖഭക്തന്മാർ വളർന്നുവന്നത്. സകല ചരാചരങ്ങളോടുമുള്ള കരുണയും വിവേചനരഹിതമായ സ്നേഹവും മുൻനിർത്തി അവർ നടത്തിയ സഞ്ചാരങ്ങൾ കേരളത്തിന്റെ സാമൂഹിക ചരിത്രത്തെ അടിമുടി മാറ്റിമറിച്ചു.