ശ്രീനാരായണഗുരു തന്റെ യൗവ്വനഘട്ടത്തില്‍ പലപ്പോഴും ലൗകിക കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനാണ് ശ്രമിച്ചിരുന്നത്. വിവാഹ ജീവിതവും, കുടുംബ ബന്ധങ്ങളുമെല്ലാം അത്യാവശ്യമുള്ള കാര്യങ്ങളായി കാണുവാന്‍ ഗുരുവിന് കഴിഞ്ഞിരുന്നില്ല. അത്തരം കാര്യങ്ങളില്‍ താല്‌പര്യമില്ലാതെ, വല്ലപ്പോഴും മാത്രം വീട്ടിലെത്തിയിരുന്ന നാണുവിനെ അതില്‍ നിന്നു പിന്‍തിരിപ്പിക്കുവാന്‍ വീട്ടുകാര്‍ കണ്ടെത്തിയ ഉപായമായിരുന്നു വിവാഹം. വിവാഹക്കാര്യത്തില്‍ വധൂവരന്മാരുടെ അഭിപ്രായത്തിന് തെല്ലും വില അക്കാലത്ത് കല്‍പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് തന്റെ അനന്തരവളുടെ മകള്‍ `കാളിയമ്മ'യെ മകനു വിവാഹം കഴിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു.
അന്നത്തെ സമുദായാചാരപ്രകാരം വധൂഗൃഹത്തില്‍വെച്ച് വരന്റെ സഹോദരി പുടവ കൊടുത്ത് അവരെ കുടുംബത്തിലേയ്‌ക്ക് കൂട്ടിക്കൊണ്ടു വന്നെങ്കിലും വിവാഹത്തില്‍ അല്‍പം പോലും താത്‌പര്യം നാണു കാണിച്ചില്ല. തന്റെ മുന്നില്‍ വന്ന വധുവിനോട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ അദ്ദേഹം പറഞ്ഞു. 'ഓരോ പ്രത്യേക കാര്യസാധ്യത്തിനു വേണ്ടിയാണ് ഓരോ മനുഷ്യനും ഈ ലോകത്തു ജനിക്കുന്നത്. എനിക്ക് എന്റെ മാര്‍ഗ്ഗം, നിനക്ക് നിന്റെ മാര്‍ഗ്ഗം, അതുകൊണ്ട് എന്റെ കൃത്യനിര്‍വഹണത്തിന് എന്നെ വിട്ടേക്കൂ'. അവരുടെ വൈവാഹിക ജീവിതം അതോടെ അവസാനിക്കുകയും ചെയ്‌തു.