അവര്‍ണ്ണ വിഭാഗങ്ങളെന്ന് മുദ്രകുത്തിയ കുഞ്ഞുങ്ങൾക്ക് വിദ്യാലയ പ്രവേശനം നിഷേധിച്ചിരുന്നതിനാല്‍ ഈഴവസമുദായത്തിലെ പല കുട്ടികളും ഗുരുകുല സമ്പ്രദായത്തിലൂടെ സംസ്‌കൃതത്തിലും, ജോത്‌സ്യത്തിലും, വൈദ്യത്തിലും ഉപരിപഠനം നേടുവാന്‍ ശ്രമിച്ചിരുന്നു.കുടിപ്പള്ളിക്കൂടത്തിലെ പഠനത്തിനു ശേഷം നാണു, അമ്മാവനായ കൃഷ്‌ണന്‍ വൈദ്യരില്‍ നിന്നു സംസ്‌കൃതവും, വൈദ്യശാസ്ര്‌തവും പഠിച്ചു. കുട്ടിക്കാലത്തു തന്നെ സംസ്‌കൃതഭാഷയില്‍ അവഗാഹം നേടാന്‍ നാണുവിനു കഴിഞ്ഞിരുന്നു. വൈദ്യശാസ്‌ത്രം കൂടുതല്‍ പഠിക്കുവാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംസ്‌കൃതത്തില്‍ ഉപരി വിദ്യാഭ്യാസത്തിനായി സംസ്‌കൃത പണ്ഡിതനായിരുന്ന കുമ്മമ്പള്ളി രാമന്‍പിള്ള ആശാന്റെ വിദ്യാഭ്യാസ കേന്ദ്രത്തിലെത്തി. മദ്ധ്യതിരുവിതാംകൂറില്‍ കായംകുളത്തെ വാരണപ്പള്ളിയെന്ന പ്രശസ്‌ത കുടുംബത്തില്‍ താമസിച്ചു കൊണ്ടായിരുന്നു പഠനം നടത്തിയത്.
സഹൃദയനും സംസ്‌കൃത പണ്ഡിതനുമായിരുന്ന വാരണപ്പള്ളിയിലെ കൊച്ചുകൃഷ്‌ണപ്പണിക്കരുടെ രക്ഷാകര്‍ത്തൃത്വത്തില്‍ കേരളത്തിലെ വിവിധ സ്‌ഥലങ്ങളില്‍ നിന്നു ധാരാളം വിദ്യാര്‍ത്ഥികള്‍ അവിടെ വന്നു താമസിച്ചു പഠിച്ചുപോന്നു. നാണുവിനോട് പ്രത്യേക മമത പുലര്‍ത്തിയിരുന്ന ഗുരുവര്യന്‍, ഗഹനങ്ങളായ കാവ്യഭാഗങ്ങള്‍ വ്യാഖ്യാനിക്കുവാന്‍ നാണുവിനെ പ്രേരിപ്പിച്ചിരുന്നു. വാരണപ്പള്ളിയിലെ സാഹിത്യരസികനായ കാരണവരുടെ ആവശ്യപ്രകാരം രചിച്ച `ഗജേന്ദ്രമോക്ഷം` എന്ന അമ്മാനപ്പാട്ടാണ് നാണുവിന്റെ ആദ്യരചനയായി കണക്കാക്കുന്നത്.
അക്കാലത്തു തന്നെ ദേവീദേവന്മാരെ പ്രകീര്‍ത്തിച്ചു കൊണ്ട് അദ്ദേഹം സംസ്‌കൃതഭാഷയില്‍ ചില കവിതകള്‍ എഴുതി. വിനായകാഷ്‌ടകം, വാസു ദേവാഷ്‌ടകം, ഗുഹാഷ്‌ടകം, ഭദ്രകാള്യഷ്‌ടകം, ദേവീസ്‌തവം എന്നിവ അക്കാലത്ത് രചിച്ചവയാണ്. പ്രമുഖരായ പെരുന്നെല്ലി കൃഷ്‌ണന്‍ വൈദ്യര്‍, വെളുത്തേരി കേശവന്‍ വൈദ്യര്‍, മണമ്പൂര്‍ ഗോവിന്ദനാശാന്‍ എന്നിവര്‍ നാണുവിന്റെ സതീര്‍ത്ഥ്യരായിരുന്നു. പലരും ശൃംഗാരശ്ലോകങ്ങള്‍ ചൊല്ലി രസിപ്പിച്ചപ്പോള്‍ നാണു ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ കാണുവാനാണ് ശ്രമിച്ചത്. ദാര്‍ശനികമായ ചിന്തകളില്‍ മുഴുകി ഇഷ്‌ടദേവന്മാരെക്കുറിച്ച് ഭക്‌തിരസപ്രധാനങ്ങളായ സ്‌തുതി ഗീതങ്ങള്‍ രചിക്കുവാനുള്ള താത്‌പര്യത്തിലായിരുന്നു. പക്ഷെ അതിനിടയ്‌ക്ക് ഗുരുതരമായ രക്‌താതിസാരം പിടിപെട്ടതിനാല്‍ ചികിത്‌സാര്‍ത്ഥം ചെമ്പഴന്തിയിലേക്ക് തിരിച്ചു പോരേണ്ടി വന്നു.
വാരണപ്പള്ളിയില്‍ നിന്നു മടങ്ങിയെത്തിയ നാണു ചെമ്പഴന്തിയിലും, കടയ്‌ക്കാവൂരിലും കുടിപ്പള്ളിക്കൂടങ്ങള്‍ സ്‌ഥാപിച്ച് കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കുവാന്‍ തുടങ്ങി. അതോടെ നാണു ആശാന്‍ എന്ന് അറിയപ്പെട്ടു തുടങ്ങി. അഞ്ചുതെങ്ങിലെ ഒരു പാഠശാലയില്‍ `ഗീതാഗോവിന്ദം' പഠിപ്പിക്കുവാനുള്ള ക്ഷണം സ്വീകരിച്ചു. വായനയിലും ധ്യാനത്തിലും ഭക്‌തിയിലും മുഴുകിയിരിക്കുവാനാണ് ഇക്കാലത്ത് അദ്ദേഹം ഇഷ്‌ടപ്പെട്ടത്. എന്നാല്‍ തീണ്ടലും, തൊടീലും, അയിത്തവും സമൂഹത്തെ ബാധിച്ചിരിക്കുന്ന മാരകരോഗങ്ങളാണെന്ന് അദ്ദേഹം മനസ്സിലാക്കി.
വിദ്യാഭ്യാസ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടങ്ങളിലൂടെയും ഗുരുകുല സമ്പ്രദായത്തിലൂടെയും നാണു നേടിയ അറിവ് പിൽക്കാലത്തെ വലിയ സാമൂഹിക മാറ്റങ്ങൾക്കുള്ള വിത്തായിത്തീർന്നു. അമ്മാവനിൽ നിന്നും കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്നും ആർജ്ജിച്ച സംസ്കൃത-വൈദ്യ-ജ്യോതിഷ പാണ്ഡിത്യം വാരണപ്പള്ളിയിലെ പഠനകാലത്താണ് കൂടുതൽ ശോഭിച്ചത്. തന്റെ സഹപാഠികൾ ശൃംഗാര ശ്ലോകങ്ങളിൽ താല്പര്യം കാട്ടിയപ്പോൾ, നാണു 'ഗജേന്ദ്രമോക്ഷം' പോലുള്ള കൃതികളിലൂടെയും ഭക്തിരസപ്രധാനമായ അഷ്ടകങ്ങളിലൂടെയും ജീവിതത്തിന്റെ ആഴമേറിയ ദാർശനിക വശങ്ങൾ തേടുകയാണ് ചെയ്തത്.
പഠനത്തിന് ശേഷം സ്വന്തം ഗ്രാമത്തിൽ കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് അധ്യാപനം തുടങ്ങിയതോടെ അദ്ദേഹം 'നാണു ആശാൻ' ആയി മാറി. വായനയിലും ധ്യാനത്തിലും മുഴുകി അറിവിന്റെ വെളിച്ചം പകർന്നു നൽകിയെങ്കിലും, അക്കാലത്തെ സമൂഹത്തിൽ നിലനിന്നിരുന്ന തീണ്ടലും അയിത്തവും പോലുള്ള ദുരാചാരങ്ങൾ ഒരു മാരകരോഗം പോലെ മനുഷ്യത്വത്തെ നശിപ്പിക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു. വ്യക്തിപരമായ ആത്മീയതയ്ക്കപ്പുറം സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ അനീതികളെ ഉന്മൂലനം ചെയ്യേണ്ടത് അനിവാര്യമാണെന്ന ബോധ്യം ഈ അധ്യാപന കാലഘട്ടത്തിലാണ് അദ്ദേഹത്തിൽ ശക്തമായത്. ചുരുക്കത്തിൽ, വാരണപ്പള്ളിയിലെ പാണ്ഡിത്യവും ചെമ്പഴന്തിയിലെ അധ്യാപന ജീവിതവുമാണ് പിൽക്കാലത്ത് കേരളത്തെ മാറ്റിമറിച്ച വിപ്ലവകരമായ ചിന്തകൾക്ക് അദ്ദേഹത്തിന് കരുത്തേകിയത്.