ഭാരതീയര്‍ വിഗ്രഹങ്ങളെ കണ്ടിരുന്നത് അലൗകികാനുഭൂതിയുടെയും ദിവ്യസാന്നിധ്യത്തിന്റെയും സമന്വിതഭാവമായാണ്. ഉപാസനയുടെ പ്രകടമായ രൂപമാണ് വിഗ്രഹാരാധന. ഗുരു കേരളത്തിലും അയല്‍ നാടുകളിലും നടത്തിയ ക്ഷേത്ര പ്രതിഷ്‌ഠകളെ പ്രധാനമായും രണ്ടു ഘട്ടങ്ങളായി തിരിക്കാം. ആദ്യഘട്ടത്തില്‍ ദേവീദേവന്മാരുടെ ശിലാ വിഗ്രഹങ്ങളായിരുന്നു പ്രതിഷ്‌ഠിച്ചതെങ്കില്‍ അടുത്ത ഘട്ടം പ്രതീക രൂപത്തിലുള്ള പ്രതിഷ്‌ഠകളാണ് നടത്തിയത്. പ്രഥമഘട്ടം 1888-ലെ അരുവിപ്പുറം പ്രതിഷ്‌ഠയില്‍ നിന്നാരംഭിക്കുന്നു. രണ്ടാം ഘട്ടം 1912-ലെ ശാരദാ പ്രതിഷ്‌ഠയില്‍ നിന്ന് തുടക്കം കുറിയ്‌ക്കുന്നു. 1916-ലെ അദ്വൈതാശ്രമ നിര്‍മ്മാണമാണ് മൂന്നാം ഘട്ടം. ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്‌ഠകള്‍ ക്ഷേത്രസങ്കല്‍പത്തിനു തന്നെ നവീന രൂപഭാവങ്ങള്‍ നല്‍കുന്നവയാണ്.
കേരളത്തിലെ സാമൂഹിക വിപ്ലവത്തിനു നാന്ദി കുറിച്ചത് അരുവിപ്പുറത്താണ്. പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന അരുവിപ്പുറം ഗുരുവിന്റെ സാന്നിധ്യത്തോടെ ഒരു ഭക്‌തജനസങ്കേതമായി സാവധാനം മാറുകയായിരുന്നു. അങ്ങനെയാണ് ഒരു ആരാധനാലയത്തിന്റെ ആവശ്യകത ഗുരുവിന് ബോധ്യമായത്.
മാനസികമായ അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ ആരാധനാ സ്വാതന്ത്ര്യം ആവശ്യമാണെന്ന് ഗുരു മനസ്സിലാക്കി. മഹാക്ഷേത്രങ്ങള്‍ ജാതിവ്യവസ്ഥയുടെ ഭാഗമായി ബഹുജനങ്ങളെ അകറ്റി നിര്‍ത്തിയപ്പോള്‍ ദൈവസങ്കല്‍പത്തിനുതന്നെ ഒരു പുതിയ മാനം നല്‍കുവാനായിരുന്നു ഗുരു ശ്രമിച്ചത്. അവര്‍ണ സമുദായങ്ങളുടെ ആത്മീയ അടിമത്തത്തിനു പരിഹാരം നേടുകയായിരുന്നു ഗുരുവിന്റെ മുഖ്യ ലക്ഷ്യം. ആധ്യാത്മികതയുടെ അടിത്തറയില്‍ നിന്നു കൊണ്ട് അതു നേടിയെടുക്കുവാനുള്ള യത്‌നമായിരുന്നു പിന്നീട് അദ്ദേഹം നടത്തിയത്.
വിഗ്രഹങ്ങള്‍ ഉണ്ടാക്കുവാനോ, ക്ഷേത്രങ്ങള്‍ പണിയിയ്‌ക്കുവാനോ ആ കാട്ടുപ്രദേശത്ത് യാതൊരു സൗകര്യവുമുണ്ടായിരുന്നില്ല. നദിയുടെ കിഴക്കേ തീരത്തുള്ള ഒരു പാറയെ പീഠമായി സങ്കല്‍പിച്ച് ഒരു ശിവലിംഗാകൃതിയില്‍ ആറ്റില്‍ കിടന്ന ഒരു ശിലാഖണ്ഡം എടുത്ത് 1888-ലെ ശിവരാത്രി ദിവസം വെളുപ്പാന്‍ കാലത്ത് മൂന്നു മണിയോടു കൂടി പ്രതിഷ്‌ഠിച്ചു. ആദ്യാഭിഷേകം കണ്ണീരില്‍ തന്നെയായിരുന്നെന്ന് ശിഷ്യനായ കുമാരനാശാന്‍ രേപ്പെടുത്തിയിട്ടുണ്ട്.
താന്‍ ചെയ്യുന്ന കര്‍മത്തിന്റെ വിപ്ലവാത്മക സ്വഭാവത്തെക്കുറിച്ച് ഗുരു ബോധവാനായിരുന്നു. ബ്രാഹ്‌മണ്യം കര്‍മ്മത്തിലൂടെ നേടിയെടുക്കാനാകുമെന്ന് ഗുരു തെളിയിക്കുകയായിരുന്നു. ശിവപ്രതിഷ്‌ഠയോടൊപ്പം ഒട്ടേറെ വിവാദങ്ങളും രൂപപ്പെട്ടു. യുക്‌തിയുടെ പിന്‍ബലത്തിലൂടെ അതിനെ തടഞ്ഞു നിര്‍ത്തുവാന്‍ ഒരു പരിധിവരെ ഗുരുവിനു സാധിച്ചു. തന്റെ കര്‍മ്മത്തെ ചോദ്യം ചെയ്‌ത വരേണ്യ സമൂഹത്തോട് 'നാം നമ്മുടെ ശിവനെ'യാണ് പ്രതിഷ്‌ഠിച്ചതെന്ന് ഗുരു മറുപടി നല്‍കി. സമഭാവനയുടെയും സ്‌നേഹത്തിന്റെയും മുഴക്കമാണ് 'നാം', 'നമ്മുടെ', എന്ന ഗുരുവിന്റെ വാക്കുകള്‍ക്കുള്ളിലുള്ളത്. ഒരാളെയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊള്ളുന്ന പ്രയോഗമാണ് 'നാം', 'നമ്മുടെ' എന്നിവ.
ശിവപ്രതിഷ്‌ഠയോട് ഗുരു ആഭിമുഖ്യം പ്രകടിപ്പിച്ചതിന് കാരണം ഗുരുവിന്റെ ശൈവ മതത്തോടുള്ള അടുപ്പമാണെന്നു കാണാം. മൂന്നു പുരങ്ങളെയും എരിയ്‌ക്കുന്നവനാണ് ശിവന്‍. ജാതിയെയും, മതത്തെയും സംബന്ധിച്ച തെറ്റിദ്ധാരണകളും, അന്ധവിശ്വാസങ്ങളും നിശ്ശേഷം എരിച്ചുകളയാനാണ് ഗുരുവും ശ്രമിച്ചത്. അരുവിപ്പുറത്തെ പ്രതിഷ്‌ഠയുള്‍പ്പെടെ ഗുരുവിന്റെ വിഗ്രഹ പ്രതിഷ്‌ഠകളേറേയും ശിവന്‍, ഗണപതി, സുബ്രഹ്‌മണ്യന്‍ തുടങ്ങിയ ശിവകുടുംബ ദേവതകളാണ്. ഗുരു രചിച്ച സ്‌തോത്രങ്ങളില്‍ ഇരുപത്തെട്ടെണ്ണം ശിവനുമായി ബന്ധപ്പെട്ടതാണ്. ശിവപ്രതിഷ്‌ഠയെത്തുടര്‍ന്ന് ആദ്യം ശിവനുണ്ടാകട്ടെ, ആത്മബലം ആരാധകര്‍ക്ക് തുടര്‍ന്നുണ്ടായിക്കൊള്ളും എന്നും ഗുരു പ്രസ്‌താവിച്ചു.
അവശവിഭാഗങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രതീകമായിരുന്നു ഗുരുവിന് ശിവന്‍. ശൈവചിന്തകര്‍ ചരിത്രത്തിന്റെ യുക്‌തിയിലേയ്‌ക്കു കടന്നു ചെല്ലുവാന്‍ താത്‌പര്യം കാട്ടുന്നവരും, ജാതി-മത ചിന്തകള്‍ക്കതീതരുമാണ്. വൈരുദ്ധ്യങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഗുരു, ശിവപ്രതിഷ്‌ഠയില്‍ ആഭിമുഖ്യം പുലര്‍ത്തിയതും അതുകൊണ്ടാണ്. മദ്യവും, മൃഗബലിയും, ആരാധനാരീതികളായി വിധിക്കപ്പെട്ട സമൂഹത്തെ പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യകത എപ്പോഴും ഗുരുവില്‍ നിറഞ്ഞുനിന്നു. താന്‍ സൃഷ്ടിച്ച ആരാധനാസ്‌ഥലത്തിന്റെ ആദര്‍ശമെന്ന നിലയ്‌ക്ക് ഒരു ശ്ലോകം അദ്ദേഹം രചിച്ചു :
`ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാമിത്'
മനുഷ്യര്‍ സമഭാവനയോടെ വാഴുന്ന ഒരു മാതൃകാ സ്ഥാനം ഉണ്ടാക്കുകയാണ് ഗുരു അന്ന് ചെയ്‌തത്. അതിലൂടെ അദ്ദേഹം കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്‌തിയായി മാറി.
അരുവിപ്പുറം പ്രതിഷ്‌ഠയിലൂടെ ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ജനതയുടെ ആത്മബലമാണ് ഗുരു ഉറപ്പിച്ചത്. പില്‍ക്കാലത്ത് 1917-ല്‍ ക്ഷേത്രനിര്‍മ്മാണത്തെ പ്രോത്‌സാഹിപ്പിക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു. വ്യക്‌തികളുടെ ശാരീരികവും, മാനസികവുമായ വിശുദ്ധി, സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നതി, ഐക്യം എന്നിവയ്‌ക്കെല്ലാം സഹായകമായ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിക്കുന്ന സ്‌ഥാപനമായാണ് ഗുരു ക്ഷേത്രത്തെ കണ്ടത്. അതിനാലാണ് കാലങ്ങളോളം നിലനിന്നിരുന്ന ദേവാലയസങ്കല്‍പങ്ങളെ ഗുരു ചോദ്യം ചെയ്‌തത്. പ്രസംഗമണ്ഡപവും, പള്ളിക്കൂടവും, തൊഴില്‍പരിശീലന കേന്ദ്രവും, വായനശാലയുമെല്ലാം ക്ഷേത്രത്തോടനുബന്ധിച്ചുണ്ടാവണമെന്ന് ഗുരു ആഗ്രഹിച്ചത് തന്റെ സങ്കല്‍പങ്ങളെ ഊട്ടിയുറപ്പിക്കുവാനായിരുന്നു.
വാഗ്‌ഭടാനന്ദനുമായുള്ള സംഭാഷണവേളയില്‍ എന്തിനാണ് വിഗ്രഹങ്ങള്‍ സ്‌ഥാപിക്കുന്നതെന്ന ചോദ്യത്തിന് `അത് നമുക്ക് വേണ്ടിയല്ലല്ലോ' എന്ന് ഗുരു മറുപടി നല്‍കുന്നുണ്ട്. നാരായണ ഗുരുവിന്റെ ജീവിതത്തിലെ കര്‍മ്മകാണ്ഡം ആരംഭിക്കുന്നത് അരുവിപ്പുറം പ്രതിഷ്‌ഠയോടു കൂടിയായിരുന്നു.