കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിനടുത്താണ് ശ്രീകണ്‌ഠേശ്വരക്ഷേത്രം. നാരായണഗുരുവിന്റെ ശിഷ്യനായ ചൈതന്യസ്വാമികളുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം നിര്‍ദ്ദേശിക്കുകയുണ്ടായി. ചൈതന്യസ്വാമികളാണ് `ഷഡാധാര` പ്രതിഷ്‌ഠ നടത്തിയത്. മനുഷ്യ ശരീരത്തിലെ ചക്രങ്ങളെ ആറു നിലകളായി കാണുന്ന രീതിയാണിത്.
അവിടെ നിന്നു ലഭിച്ച ശിവലിംഗം ആറാട്ടുകുളത്തില്‍ പ്രതിഷ്‌ഠിച്ച ഗുരു ശ്രീകണ്‌ഠേശ്വര ക്ഷേത്രമെന്ന് പിന്നീട് അതിനു പേരു കൊടുത്തു. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം പഴനി മുരുകക്ഷേത്രത്തിന്റെ മാതൃകയിലാണ് ക്ഷേത്രം പൂര്‍ത്തിയാക്കിയത്. മലബാറിലെങ്ങും കാണാത്ത തരത്തില്‍ പരദേശി സമ്പ്രദായത്തില്‍ നാലു ചുറ്റും ജലത്തോടുകൂടിയ ഒരു മണ്ഡപം കെട്ടിപ്പെടുത്തു കൊണ്ട് വിശാലമായ ഒരു കുളവും അവിടെ നിര്‍മ്മിച്ചു.
ഗുരുദേവ സന്ദേശങ്ങളുടെ പ്രചാരണത്തിന് നേതൃത്വം നല്‌കുന്ന ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയിലാണ് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല അറിയപ്പെടുന്നത്. വര്‍ക്കല തുരപ്പിന്റെ കിഴക്കു ഭാഗത്തെ കുന്നിന് ശിവഗിരിയെന്ന് നാരായണഗുരുവാണ് പേരു നല്‍കിയത്. ശിവഗിരിയില്‍ വിദ്യാദേവതയെ പ്രതിഷ്‌ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ശാരദാമഠം. ഗുരുവിന്റെ മറ്റു പ്രതിഷ്‌ഠകളില്‍ നിന്നെല്ലാം വ്യത്യസ്‌തമാണിത്. ഈശ്വരാരാധനാ ക്രമത്തിന്റെ ഉദാത്ത മാതൃകയാണ് ഇവിടെ കാണുവാന്‍ സാധിക്കുന്നത്. 1912-ല്‍ നടത്തിയ ശാരദാ പ്രതിഷ്‌ഠ, അദ്ദേഹത്തിന്റെ പ്രതിഷ്‌ഠാകര്‍മ്മത്തിന്റെ രണ്ടാം ഘട്ടത്തിന്റെ പ്രാതിനിധ്യം വഹിക്കുന്നു.
ആദ്യഘട്ടത്തിലെ ക്ഷേത്രങ്ങളിലെപ്പോലെയുള്ള താന്ത്രികവിധി പ്രകാരമുള്ള ആരാധനാരീതികളില്‍ നിന്നു വ്യത്യസ്‌തമായി നിവേദ്യവും, എഴുന്നള്ളത്തും, ഉത്‌സവവും ശാരദാമഠത്തില്‍ നിന്ന് ഒഴിവാക്കി. താമരയില്‍ കഴിയുന്ന വിദ്യാദേവതയുടെ ബിംബമാണ് അവിടെ പ്രതിഷ്‌ഠിച്ചത്. ശ്രീ നാരായണധര്‍മ്മ പരിപാലന (എസ്.എന്‍.ഡി.പി.) യോഗത്തിന്റെ ഒന്‍പതാം വാര്‍ഷികവും, ശാരദാപ്രതിഷ്‌ഠയും ഒരേ അവസരത്തിലാണ് നടന്നത്.
ശാരദാമഠത്തിന്റെ പ്രതിഷ്‌ഠയോടനുബന്ധിച്ചാണ് `ജനനീ നവരത്‌ന മഞ്‌ജരി' എന്ന സ്‌തോത്രകൃതി ഗുരു രചിച്ചത്. ശാരദാമഠത്തിന്റെ പണി തുടങ്ങുന്നതിനു മുന്‍പ് ലോകത്തിലെ പല ദേവാലയങ്ങളുടെയും ചിത്രം കാണണമെന്ന് ഗുരു ആവശ്യപ്പെടുകയുണ്ടായി. അതില്‍ കോണ്‍സ്‌റ്റാന്റിനോപ്പിളിലെ ക്ഷേത്രമാതൃകയില്‍ തൃപ്‌തനായ ഗുരു അത് സ്വീകരിക്കുകയായിരുന്നു. വിവിധ വര്‍ണ്ണക്കണ്ണാടികള്‍ കൊണ്ടു അലങ്കരിച്ച് കാറ്റും വെളിച്ചവും യഥേഷ്‌ടം കടന്നു വരാന്‍ പാകത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഒരു അഷ്‌ടകോണ്‍ മണ്ഡപമാണ് ശാരദാക്ഷേത്രം. ഇരുളടഞ്ഞ ശ്രീകോവില്‍ ആവശ്യമില്ലെന്നും കാറ്റും വെളിച്ചവും കിട്ടാന്‍ പാകത്തില്‍ ജനാലകള്‍ എല്ലാ ഭാഗത്തും വേണമെന്നും ഗുരു നിഷ്‌ക്കര്‍ഷിച്ചു.
ശാരദാപ്രതിഷ്‌ഠാകര്‍മത്തിനു ശേഷം ക്ഷേത്രസങ്കല്‍പത്തെക്കുറിച്ചുള്ള ഗുരുവിന്റെ കാഴ്‌ചപ്പാടിന് ഇളക്കം സംഭവിക്കുന്നതു കാണാം. ഭക്‌തര്‍ക്കു കീര്‍ത്തനങ്ങള്‍ ചൊല്ലി ധ്യാനിക്കുവാനുള്ള ഏര്‍പ്പാടു മാത്രമേ ശാരദാമഠത്തിലുള്ളു. അറിവാണ് ഈശ്വരന്‍ എന്ന സങ്കല്‍പത്തിന്റെ പ്രായോഗികതലമാണ് ശാരദാ പ്രതിഷ്‌ഠയില്‍ കാണാനാവുന്നത്.