തമിഴ്‌നാട്ടില്‍ നാഗര്‍കോവില്‍ നിന്ന് കന്യാകുമാരിയിലേയ്‌ക്ക് പോകുന്ന വഴിയിലുള്ള സ്‌ഥലമാണ് കോട്ടാര്‍. അവിടെയും ജനങ്ങള്‍ പൊതുവെ അന്ധവിശ്വാസികള്‍ ആയിരുന്നു. കാഞ്ചീപുരം സ്വദേശിയായ മഹാലിംഗസ്വാമികളുടെ സമാധിസ്‌ഥാനം തെരുവിലുണ്ടായിരുന്നു. സ്‌ഥലവാസികള്‍ ഈ സമാധി സ്‌ഥാനത്തെ ഒരു പുണ്യസ്ഥലമായി കരുതിയിരുന്നു. അവര്‍ കൃഷി ചെയ്‌തുണ്ടാക്കുന്ന ഫലവര്‍ഗ്ഗങ്ങളും മദ്യം, മാംസം എന്നിവയും സമാധി സ്‌ഥലത്തു കൊണ്ടു വയ്‌ക്കുക പതിവായിരുന്നു. കളിമണ്ണില്‍ മെനഞ്ഞെടുക്കുന്ന മാടന്‍, മറുത എന്നീ ദൈവങ്ങളെയാണ് അവര്‍ ആരാധിച്ചിരുന്നത്. മാടന്‍ തുള്ളല്‍, മറുത തുള്ളല്‍ എന്നിവ മുടങ്ങാതെ അവിടെ നടന്നിരുന്നു.
അവിടെ നടന്നിരുന്ന ഹീനമായ ആരാധനാസമ്പ്രദായത്തെ ഗുരു നിര്‍ത്തല്‍ ചെയ്യുകയും സാത്വികമായ രീതിയില്‍ പൂജ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്‌തു. ഗുരു ഗണപതി പ്രതിഷ്‌ഠ നടത്തിയതോടെ, കോട്ടാര്‍ പ്രദേശത്തിനു പുതുജീവന്‍ വെക്കുകയുണ്ടായി. പ്രതിഷ്‌ഠയ്‌ക്കു ശേഷം ഗുരു രചിച്ചതാണ് വിനായകാഷ്‌ടകം.
ശ്രീശങ്കരന്റെ ജന്മസ്‌ഥലമായ കാലടിക്കടുത്ത്, ആലുവായില്‍, 1912-ലാണ് ഗുരു അദ്വൈതാശ്രമം സ്‌ഥാപിച്ചത്. മഹര്‍ഷിമാരുടെ തപോവനമാണ് പൊതുവെ ആശ്രമം എന്നറിയപ്പെടുന്നത്. അദ്വൈതദര്‍ശികള്‍ ഇരിക്കുന്നിടം അദ്വൈതാശ്രമം. ഗുരുവിന്റെ എല്ലാ പ്രവ്യത്തികളിലും ഏകതയുടെ മുദ്ര പതിഞ്ഞിട്ടുണ്ടെന്നു കാണാം. ഗുരുവിന്റെ അദ്വൈതദര്‍ശനത്തിന്റെ പ്രതീകമാണ് ആലുവായിലെ അദ്വൈതാശ്രമം.
ആശ്രമത്തിനനുബന്ധമായി ഗുരു സ്‌ഥാപിച്ച സംസ്‌കൃത പാഠശാലയില്‍ ബ്രഹ്‌മചാരികളായ അന്തേവാസികള്‍ സംസ്‌കൃതവും ഇംഗ്ലീഷും മറ്റു വിഷയങ്ങളുമൊക്കെ പഠിച്ചുപോന്നു. ജാതി മതഭേദം കൂടാതെ പൊതുജനങ്ങളുടെ നന്മയെ ഉദ്ദേശിച്ച് ഏര്‍പ്പെടുത്തിയ സ്‌ഥാപനമായാണ് ഗുരു ഇതിനെ വിഭാവനം ചെയ്‌തത്.
ധര്‍മ്മാചരണം, സമഭാവന, വിദ്യാഭ്യാസം, സാധുസംരക്ഷണം എന്നിവയെ ലക്ഷ്യം വെച്ചുള്ള സ്‌ഥാപനം. 1924-ല്‍ ഒരു സര്‍വ്വമത സമ്മേളനം ഇവിടെ വിളിച്ചുകൂട്ടി. എല്ലാ മതങ്ങളിലും വര്‍ഗങ്ങളിലും പെട്ട ജനങ്ങള്‍ ഒന്നിച്ചു കൂടിയിരുന്നു സ്‌നേഹവും ആത്മജ്‌ഞാനവും പങ്കുവയ്‌ക്കുക എന്ന ഗുരുവിന്റെ സങ്കല്‍പം ഈ സമ്മേളനത്തിലൂടെ യാഥാര്‍ത്ഥ്യമായി മാറി. ചിക്കാഗോയില്‍ നടന്ന ആദ്യ ലോകസര്‍വ്വമത സമ്മേളനത്തിനു ശേഷം ഏഷ്യയിൽ നടന്ന ആദ്യ സർവ്വമത സമ്മേളനമായിരുന്നു ഇത്. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം, `വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന മുദ്രാവാക്യം പ്രധാന കവാടത്തില്‍ സ്‌ഥാപിച്ചു.