കുളത്തൂര്‍ കോലത്തുകര ക്ഷേത്രം

കുളത്തൂര്‍ കോലത്തുകര ക്ഷേത്രം

തിരുവനന്തപുരം ജില്ലയില്‍ കുളത്തൂരിലാണ്‌ നാരായണഗുരു പുന:പ്രതിഷ്‌ഠ നടത്തിയ കോലത്തുകര ക്ഷേത്രം. കോലത്തുകര ശിവ ക്ഷേത്രസ്‌ഥാപനം അവിടുത്തെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്നു. അരുവിപ്പുറം പ്രതിഷ്‌ഠയ്‌ക്കു ശേഷം കുളത്തൂരിലെ പൗരന്മാരുടെ ആഗ്രഹപ്രകാരം അവിടെ എത്തിച്ചേര്‍ന്ന ഗുരു, കോലത്തുകരയില്‍ ഉണ്ടായിരുന്ന പഴകി ജീര്‍ണ്ണിച്ച ദേവീക്ഷേത്രം പൊളിച്ചു മാറ്റിയിട്ടാണു പുതിയ ക്ഷേത്രം പണിയിച്ചു ശിവപ്രതിഷ്‌ഠ നടത്തിയത്‌. അന്നുവരെ, അവിടുത്തെ ഭക്‌തജനങ്ങള്‍, ഈശ്വരാരാധനയ്‌ക്ക്‌ തൃപ്പാപ്പൂര്‍ സവര്‍ണ്ണ ക്ഷേത്രത്തെയാണ്‌ ആശ്രയിച്ചിരുന്നത്‌. എന്നാല്‍ സ്വതന്ത്രമായി ആരാധന നടത്താനുള്ള അവകാശം അവിടെ അവര്‍ക്കു ലഭിച്ചിരുന്നില്ല.

ജന്തുബലിയും, മാംസം, മത്‌സ്യം, മദ്യം തുടങ്ങിയവ വച്ചുള്ള പൂജാദികളും പാട്ട്‌, തൂക്കം മുതലായ ആഘോഷങ്ങളും മുടക്കം കൂടാതെ കോലത്തുകര ക്ഷേത്രത്തില്‍ നടന്നിരുന്നു. ഗുരുവിന്റെ ഈ പുന:പ്രതിഷ്‌ഠയോടു കൂടിയാണ്‌ ജന്തുബലി നിരോധനത്തിനു തുടക്കം കുറിച്ചത്‌. ജന്തുബലി നിരോധന നിയമം നടപ്പിലാക്കുന്നതിനു വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ പ്രസ്‌തുത നിരോധനമുണ്ടായത്‌ എന്നത്‌ വളരെ ശ്രദ്ധാര്‍ഹമാണ്‌. കോലതിരേശസ്‌തവം` എന്ന കവിത ഗുരു രചിച്ചത്‌ ഈ ക്ഷേത്രപ്രതിഷ്‌ഠാ വേളയിലാണ്‌.

തലശ്ശേരി ജഗന്നാഥ ക്ഷേത്രം

തലശ്ശേരി ജഗന്നാഥ ക്ഷേത്രം

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയിലാണ്‌ ജഗന്നാഥ ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്‌. 1908- ലാണ്‌ ഗുരു ക്ഷേത്രം സ്‌ഥാപിക്കുകയും, പ്രതിഷ്‌ഠ നടത്തുകയും ചെയ്‌തത്‌. ഒഡിഷയിലെ പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സ്വാധീനം കൊണ്ടാണ്‌ ക്ഷേത്രത്തിന്‌ ഈ പേരുണ്ടായത്‌. ജാതിചിന്ത തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു മാതൃകാക്ഷേത്രമായാണ്‌ അത്‌ അറിയപ്പെടുന്നത്‌. കരിക്കിന്‍ വെള്ളം നിറച്ച കുടവുമേന്തി ധാരാളം പേര്‍ ഓംകാരം മുഴക്കി ക്ഷേത്രദര്‍ശനം നടത്തുന്ന `ഇളനീരാട്ടം' എന്ന പ്രത്യേക ചടങ്ങ്‌ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്‌.

എല്ലാ ഇടവമാസം തോറും ഇളനീര്‍ അഭിഷേകം നടത്തിപ്പോന്നു. ഇങ്ങനെ ലഭിക്കുന്ന പണം സ്വരൂപിച്ച്‌ ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, വ്യവസായ പരിശീലനത്തിനും മറ്റും വേണ്ടി ചെലവ്‌ ചെയ്യണമെന്ന്‌ ഗുരു നിര്‍ദ്ദേശിച്ചു. 1912-ല്‍ നടന്ന അഭിഷേകത്തിന്റെ വരുമാനത്തിന്റെ പകുതി ആലുവ അദ്വൈതാശ്രമം പണിയുന്നതിനുള്ള സ്‌ഥലം വാങ്ങുന്നതിനായി ഗുരുവിനു നല്‍കി. 1927-ല്‍ ഗുരു ജീവിച്ചിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ പഞ്ചലോഹ പ്രതിമ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത്‌ സ്‌ഥാപിക്കുന്നതിന്‌ പ്രസിദ്ധ സാഹിത്യകാരനും ഗുരുഭക്‌തനുമായ മൂര്‍ക്കോത്തു കുമാരന്‍ മുന്‍കൈയെടുക്കുകയും ബോധാനന്ദസ്വാമികള്‍ പ്രതിമ സ്‌ഥാപിക്കുകയും ചെയ്‌തു. ഇറ്റാലിയൻ ശില്പിയായ തവറലിയാണ് ഗുരുവിൻ്റെ മനോഹരമായ ആ ശില്പം നിർമ്മിച്ചത്.

മറ്റ് വിഷയങ്ങൾ