ഗുരുവിന്റെ ക്ഷേത്രസങ്കല്‍പത്തിനു ഒരു മാറ്റം സംഭവിക്കുന്നത് തൃശ്ശൂരിലെ കാരമുക്ക് ക്ഷേത്ര പ്രതിഷ്‌ഠയോടു കൂടിയാണ്. തങ്ങള്‍ക്ക് ഒരു ആരാധനാമൂര്‍ത്തിയെ പ്രതിഷ്‌ഠിച്ചു തരണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടപ്പോള്‍ ബിംബ പ്രതിഷ്‌ഠയ്‌ക്കു പകരം മധ്യത്തില്‍ ഒരു വിളക്ക് തൂക്കിയാല്‍ മതിയെന്ന് ഗുരു മറുപടി നല്‍കി. വിളക്കിനു ചുറ്റും ആരാധനാമൂര്‍ത്തികളുടെ പടം വെച്ചാല്‍ ജനങ്ങള്‍ തൃപ്‌തിപ്പെട്ടുകൊള്ളും എന്ന് ഗുരു നിര്‍ദ്ദേശിച്ചു. അന്നുവരെ ഗുരു, ക്ഷേത്രപ്രതിഷ്‌ഠകളില്‍ ബിംബാരാധനയ്‌ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. ആദ്യമായി ഇവിടെ അദ്ദേഹം മൂന്നു തിരിയിട്ട ദീപമാണ് പ്രതിഷ്‌ഠിച്ചത്. ചിദംബരമെന്നാണ് ഗുരു കാരമുക്ക് ക്ഷേത്രത്തിനു പേരു നല്‍കിയിരിക്കുന്നത്. ചിദംബരമെന്നതിന് അറിവാകുന്ന ആകാശം എന്നാണര്‍ത്ഥം. പ്രകാശമാണ് ഇവിടെ ദര്‍ശിക്കുന്നത്. ഓരോ ആരാധനാമൂര്‍ത്തിയെയും ഗുരു കണ്ടത്, ഭക്‌തരെ അനുഭൂതിയിലേയ്‌ക്കു നയിക്കാനുപകരിക്കുന്ന പ്രതീകമായിട്ടാണ്.