തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴയിലാണ് ശ്രീകാളകണ്‌ഠേശ്വര ക്ഷേത്രം. ആദ്യകാലത്ത് ഭദ്രകാളിപ്രതിഷ്‌ഠയായിരുന്നു ഈ ക്ഷേത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ പ്രധാന പ്രതിഷ്‌ഠ ശിവന്‍ ആയിരിക്കണമെന്ന് നാട്ടുകാര്‍ ആഗ്രഹിച്ചെങ്കിലും പഞ്ചലോഹ നിര്‍മ്മിതമായ ഒരു പ്രഭയാണ് ഗുരു പ്രതിഷ്‌ഠിച്ചത്. പ്രഭയില്‍ `ഓം' എന്ന് മധ്യഭാഗത്തും, അതിനു ചുറ്റുമായി `സത്യം, ധര്‍മ്മം, ദയ, ശാന്തി' എന്നീ മാനവ ധര്‍മ്മങ്ങളുള്‍ക്കൊള്ളുന്ന പൊരുളുകളും ആലേഖനം ചെയ്‌തിരിക്കുന്നു. ഇതിലൂടെ ഒരു പുതിയ കാഴ്‌ചപ്പാടാണ് അദ്ദേഹം നല്‌കിയത്.
ഈശ്വരന്റെ പ്രതീകമെന്നു പറയാവുന്ന ബിംബങ്ങളോ, രൂപങ്ങളോ പ്രതിഷ്‌ഠിക്കാതിരുന്നതിലൂടെ ഏതു രൂപത്തില്‍ സങ്കല്‍പ്പിച്ചും ഈശ്വരാരാധന സാധ്യമാണെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു. ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് ബോധാനന്ദസ്വാമികള്‍ ശിവന്‍, ഗണപതി, ബാലസുബ്രഹ്‌മണ്യന്‍, ദേവി തുടങ്ങിയ വിഗ്രഹങ്ങള്‍ പ്രഭയുടെ ഇടതു വശത്തായി പ്രതിഷ്‌ഠിച്ചു.
ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്‌ക്ക് സമീപമുള്ള കളവങ്കോടം കുന്നേല്‍ ക്ഷേത്രത്തില്‍ നാരായണഗുരു കണ്ണാടി പ്രതിഷ്‌ഠ നടത്തിയത് 1927 ജൂണിലാണ്. കുന്നേല്‍ ദേവീ ക്ഷേത്രം എന്ന് ആളുകള്‍ വിളിച്ചിരുന്ന പ്രസ്‌തുത ക്ഷേത്രം ഒരു കുടുംബക്കാരുടെ വകയായിരുന്നു. ക്ഷേത്രത്തില്‍ പൂജയോ, ആരാധനയോ ഒന്നുംതന്നെ നടന്നിരുന്നില്ലെങ്കിലും ജന്തുബലി നടന്നിരുന്നു. സ്‌ഥലവാസികള്‍ ഗുരുവിനെച്ചെന്നു കണ്ട് സാത്വിക ആരാധനാരീതികള്‍ ക്ഷേത്രത്തില്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും, ദേവതാ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയും, പ്രതിഷ്‌ഠാ കര്‍മ്മത്തിനായി ഗുരുവിനെ ക്ഷണിക്കുകയും ചെയ്‌തു.
അന്ന് ചേര്‍ത്തലയിലും മറ്റും ശക്‌തി പ്രാപിച്ചിരുന്ന സഹോദരപ്രസ്‌ഥാനത്തിന്റെ അനുയായികള്‍ക്ക് ഗുരു ഇവിടെ വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നതില്‍ അതൃപ്‌തിയുണ്ടായിരുന്നു. ബോധാനന്ദ സ്വാമിയോടൊപ്പം അവിടെയെത്തിയ ഗുരു ഒരു നല്ല കണ്ണാടി ആവശ്യപ്പെട്ടു. പുലര്‍ച്ചെ നാലു മണിക്ക് വിഗ്രഹം പ്രതിഷ്‌ഠിക്കാനായി തീര്‍ത്ത പീഠത്തിനു പുറകിലായി അദ്ദേഹം കണ്ണാടി പ്രതിഷ്‌ഠിച്ചു.
അര്‍ദ്ധനാരീശ്വരന്റെയും, സുബ്രഹ്‌മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ ബോധാനന്ദസ്വാമികളാണ് പ്രതിഷ്‌ഠിച്ചത്. ശിലാവിഗ്രഹങ്ങളില്‍ നിന്ന് പ്രതീക പ്രതിഷ്‌ഠകളിലേയ്‌ക്കു കടന്ന ഗുരുവില്‍ ഒരു സത്യാന്വേഷകനെ കണ്ടെത്താം. ഗുരുവിന്റെ പ്രതിഷ്‌ഠകളില്‍ കാലാതീതമായ മിഴിവ് നല്‍കുന്നതാണ് കണ്ണാടി പ്രതിഷ്‌ഠ. കളവങ്കോടം പ്രതിഷ്‌ഠയോടു കൂടി ഗുരു ക്ഷേത്രപ്രതിഷ്‌ഠാരംഗത്തു നിന്നും പിന്‍മാറുന്നതാണ് കണ്ടത്. ആരാധനാലയങ്ങളല്ല, വിദ്യാലയങ്ങളാണ് വേണ്ടതെന്ന് ഇതോടെ ഗുരു തീര്‍പ്പു കല്‍പിക്കുകയായിരുന്നു.