|
2007 ഡിസംബറിലാണ് കുമരകത്ത് റെസ്‌പോണ്‍സിബിള്‍ ടൂറിസം പരിപാടി ആരംഭിച്ചതെങ്കിലും ഇതിന്റെ ഉത്ഘാടനം 2008 മെയിലാണ് നടന്നത്. ടൂറിസം മേഖലയിലെ പ്രവര്‍ത്തകര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു.
a. സ്ത്രീശാക്തീകരണം
900 സ്ത്രീകള്‍ നേരിട്ട് ഈ പദ്ധതിയില്‍ പങ്കെടുത്തു. വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം ചെയ്ത് വരുമാനമുണ്ടാക്കാന്‍ സാധിച്ചു.
b. തൊഴിലവസരങ്ങള്‍
ചെറുകിട ഉത്പന്നങ്ങളുടേയും, പരമ്പരാഗത കരകൗശല വസ്തുക്കളുടെയും വിപണനം വഴി തൊഴിലവസരങ്ങളും വരുമാനവും വര്‍ദ്ധിച്ചു. ടൂറിസം വ്യവസായത്തില്‍ വിവിധ സ്ഥാപനങ്ങളുടെ ഉടമകള്‍ തന്നെയായി തദ്ദേശവാസികളെ മാറ്റി. ഇതൊരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനപ്പുറമുള്ള ശാക്തീകരണമാണ്.
c. സംഘടിത വികസനം
സംസ്ഥാന ടൂറിസം വകുപ്പിന്റെയും കുമരകം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 15 ഹോട്ടലുകളും നിരവധി റിസോര്‍ട്ടുകളും ഉത്തരവാദിത്ത ടൂറിസം സംഘത്തോടൊപ്പം ചേര്‍ന്നു. കൂട്ടായ പരിശ്രമങ്ങള്‍ പരമ്പരാഗത ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള വാതില്‍ തുറന്നു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ലാഭമുണ്ടാക്കുന്ന ടൂറിസം കേന്ദ്രങ്ങളുടെ മുന്നില്‍ തന്നെ കുമരകം നില്‍ക്കുന്നു.
d. റെസ്‌പോണ്‍സിബിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ സെല്ലും അതിന്റെ പ്രവര്‍ത്തനവും
ഉത്തരവാദിത്ത ടൂറിസം സേവനങ്ങളെ പിന്‍തുണയ്ക്കുന്നതിനും അതിന്റെ പ്രകടനം അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതിനുമായി 2008 സെപ്തംബറിലാണ് റെസ്‌പോണ്‍സിബിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ സെല്‍ം ആരംഭിച്ചത്. ടുറിസത്തിന്റെ സാങ്കേതികവും സാമ്പത്തികവും സാമൂഹ്യവും പാരിസ്ഥിതികവുമായ വശങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിന് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കി. ഹോട്ടല്‍ റിസോര്‍ട്ട് മേഖലയുടെ സേവനങ്ങളെ പിന്‍തുണയ്ക്കാന്‍ രൂപീകരിച്ച സമൃദ്ധി ഗ്രൂപ്പിന്റെ പ്രൊഫഷണലിസം സ്ഥിരവരുമാനം ഉറപ്പാക്കി. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പുറമെ പൊതുജനങ്ങള്‍ക്കും സമ്യദ്ധി മിതമായ നിരക്കില്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചു.
e. ഉല്‍പാദന കേന്ദ്രങ്ങള്‍
വില്‍പ്പനയ്ക്കുള്ള ഉല്‍പന്നങ്ങള്‍ തടസ്സം കൂടാതെ ലഭ്യമാക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ ആരംഭിച്ചു. തരിശുനിലങ്ങളില്‍ പച്ചക്കറികൃഷി ആരംഭിച്ചത് വിജയകരമായി. അടിത്തട്ടില്‍ തന്നെ ഉല്‍പാദന പ്രക്രിയ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കുമരകത്ത് 9 കര്‍ഷക സമിതികള്‍ രൂപീകരിച്ചു. തൊട്ടടുത്ത സ്ഥലമായ മഞ്ചാടിക്കരയിലും ഈ രൂപത്തില്‍ ഒരു സമിതിയുണ്ടായി. 250 അംഗങ്ങളുള്ള കുടുംബശ്രീ യൂണിറ്റുകള്‍, 512 കുടുംബങ്ങളുടെ കുടുംബകൃഷികള്‍, 450 അംഗങ്ങളുള്ള കര്‍ഷക സമിതികള്‍ എന്നിവയാണ് കുമരകത്തെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഉല്‍പാദന വിപണന രംഗത്തെ നിലനിര്‍ത്തുന്നത്.
f. ചോദനവും വിതരണവും
ഗ്രാമീണരില്‍ നിന്നും പച്ചക്കറികള്‍, പഴങ്ങള്‍, മുട്ട, മാംസം, പാല്‍ എന്നിവ വാങ്ങുന്നതിന് ഹോട്ടലുകളും റിസോര്‍ട്ടുകളുമായി കരാറുണ്ടാക്കി. കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഈ ഉല്‍പന്നങ്ങള്‍ തടസം കൂടാതെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, DTPC, ഹോട്ടലുകളിലെ പര്‍ച്ചേയ്‌സ് സ്റ്റാഫ്, എന്നിവരെ ഉള്‍പ്പെടുത്തി പര്‍ച്ചേസ് കമ്മിറ്റിയും ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, DTPC പ്രതിനിധികള്‍, ഹോട്ടല്‍ ഷെഫുമാര്‍, മൃഗഡോക്ടര്‍, കൃഷി ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അംഗങ്ങളായി ഗുണനിലവാര കമ്മറ്റി (Quality Committee) യും രൂപീകരിച്ച് ഗുണമേന്മയും വിലയും ഉറപ്പാക്കി.
g. സാമ്പത്തിക വിജയത്തിന്റെ വിഹഗവീഷണം
മുന്‍കൂട്ടി നിശ്ചയിച്ച അളവില്‍ ഉല്‍പാദനവും വില്‍പനയും കൈവരിക്കാനും ലാഭമുണ്ടാക്കാനും കുമരകം ഗ്രാമപഞ്ചായത്തിനും ഉത്തരവാദിത്ത ടൂറിസം സെല്ലിനും സാധിച്ചു. സമൃദ്ധി ആക്ടിവിറ്റി ഗ്രൂപ്പിനു കീഴിലുള്ള ഹോട്ടലുകളില്‍ 12,12,211,70 രൂപയുടെ വില്‍പന വര്‍ദ്ധനവ് രേഖപ്പെടുത്തി. ഓപ്പണ്‍ മാര്‍ക്കറ്റിലാകട്ടെ 2,55,361,60 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. മറ്റ് റെസ്‌പോണ്‍സിബിള്‍ ടൂറിസം പദ്ധതികളില്‍ നിന്നായി 2,28,000 രൂപയാണ് കുമരകത്ത് നിന്നു ലഭിച്ചത്. വരുമാനത്തിന്റെ 80% പദ്ധതികളില്‍ തന്നെ വിതരണം ചെയ്തു.
h. സുസംഘടിതവും തികച്ചും പ്രൊഫഷനലുമായ പ്രവര്‍ത്തനം മൂലം കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വിജയകരവും സാമ്പത്തിക സ്ഥിരതയുള്ളതുമായി തീര്‍ന്നു.
സാമൂഹ്യവും സാമ്പത്തികവുമായി ഗുണപരമായ അതിഥി -ആതിഥേയ ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന പുതിയ ടൂറിസം അനുഭവങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് ഉത്തരവാദിത്വ ടൂറിസം എല്ലാവിധ പ്രോല്‍സാഹനവും നല്‍കി. അങ്ങനെ ടൂറിസത്തിന്റെ സാമ്പത്തികവും സാമൂഹ്യവും പാരിസ്ഥിതികവുമായ ദോഷവശങ്ങളെ ഉത്തരവാദിത്ത ടൂറിസം കുറച്ചു കൊണ്ടു വരികയും തദ്ദേശ വാസികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ആതിഥേയ സമൂഹത്തെ കൈപിടിച്ചുയര്‍ത്തുകയും തൊഴിലന്തരീക്ഷം മെച്ചമാക്കുകയും ചെയ്തു.
i. വരുമാനം
- മെയ് 2009 വരെ സമൃദ്ധി ആക്ടിവിറ്റി ഗ്രൂപ്പിന്റെ ആകെ വരുമാനം - 11,85,000 രൂപ.
- മെയ് 2009 വരെ സൂഷ്മസംരംഭങ്ങളുടെ നേരിട്ടുള്ള വിതരണത്തിലൂടെയുള്ള വരുമാനം -2,05,000 രൂപ.
|