Trade Media
     

മലയാളത്തിലെ കാവ്യസാഹിത്യം

അധ്വാനവുമായും ആരാധനയുമായുമൊക്കെ ബന്ധപ്പെട്ട് സാമാന്യ ജനങ്ങള്‍ പാടിയ നാടന്‍ പാട്ടുകളാവണം ഏതു ഭാഷയിലെയും കാവ്യസാഹിത്യത്തിന്റെ ആദ്യമാതൃകകള്‍. മലയാളത്തിലും നാടന്‍ പാട്ടുകള്‍ ഉണ്ടെങ്കിലും അവയുടെ പ്രാചീനത തിട്ടപ്പെടുത്താന്‍ മാര്‍ഗമില്ല. “ഉത്പത്തികാലത്തിനു വളരെ പിന്‍പുമാത്രം എഴുതി സൂക്ഷിക്കപ്പെട്ടിരിക്കാവുന്ന നാടന്‍ പാട്ടുകളില്‍ നിന്ന് അവയുടെ ഉത്പത്തികാലത്തെ ഭാഷാസ്വഭാവത്തെക്കുറിച്ചൊരു നിഗമനത്തിലെത്താന്‍ നിവൃത്തിയില്ല. നമുക്കു കിട്ടിയവയില്‍ വച്ച് ഏറ്റവും പഴയ നാടന്‍ പാട്ടുകള്‍ പോലും നമ്മുടെ പ്രാചീനതമഗാനസാഹിത്യത്തിന് പ്രാതിനിധ്യം വഹിക്കുന്നുണ്ടാവില്ല എന്നിരിക്കെ അവയെ ഭാഷാവികാസപഠനത്തിന് വിശ്വാസ്യമായ ഉപാദാനങ്ങളായി കണക്കാക്കാമോ എന്നു സംശയിക്കണം”. പാട്ട്, മണിപ്രവാളം എന്നീ സമ്പ്രദായങ്ങളില്‍ ഉണ്ടായ കൃതികളില്‍ നിന്നാണ് സാഹിത്യചരിത്രരചയിതാക്കള്‍ മലയാള കവിതയുടെ ഉദ്ഭവം കണക്കാക്കുന്നത്.

തുഞ്ചത്തെഴുത്തച്ഛന്‍
16-ാം നൂറ്റാണ്ടില്‍ തുഞ്ചത്തെഴുത്തച്ഛന്‍ (1500 - 1580) രചിച്ച രണ്ടു കിളിപ്പാട്ടുകള്‍ - അധ്യാത്മരാമായണവും മഹാഭാരതവും - ഉണ്ടായതോടെ മലയാള കവിത അതിന്റെ രാജപാതയിലേക്കു പ്രവേശിച്ചു. ഭാഷാപിതാവെന്ന് സാദരം വിളിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്‍ ഗ്രന്ഥ ലിപി ഉപയോഗിച്ചാണ് തന്റെ കാവ്യങ്ങള്‍ എഴുതിയത്. ഗ്രന്ഥലിപി മലയാളമെഴുതാനുള്ള മാനകരൂപമായി പ്രതിഷ്ഠിതമായതും അങ്ങനെയാണ്. ഭക്തി പ്രധാനമായ ആ കാവ്യങ്ങളിലൂടെ എഴുത്തച്ഛന്‍ പില്‍ക്കാല കവിതയ്ക്കു മുഴുവന്‍ വിളക്കുമരമായി മാറി. കിളിയെക്കൊണ്ടു പാടിക്കുന്ന രീതിയില്‍ എഴുതിയതു കൊണ്ടാണ് കിളിപ്പാട്ടുകളെന്ന് എഴുത്തച്ഛന്റെ കൃതികളെ വിശേഷിപ്പിക്കുന്നത്. 'പുതുമലയാണ്‍മതന്‍ മഹേശ്വരന്‍' എന്ന് മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ച തുഞ്ചത്തെഴുത്തച്ഛന്റെ കവിതയില്‍ പാട്ടും മണിപ്രവാളവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ മാഞ്ഞുവെന്നു മാത്രമല്ല പുതിയൊരു കാവ്യഭാഷരൂപപ്പെടുകയും ചെയ്തു. ആ മണ്ണിലാണ് പിന്നീടുള്ള മലയാള കവിത മുളച്ചു വളര്‍ന്നു തഴച്ചത്. 'ഉത്തര രാമായണം', 'ഭാഗവതം കിളിപ്പാട്ട്', 'ഹരിനാമ കീര്‍ത്തനം', 'ചിന്താരത്‌നം', 'ബ്രഹ്മാണ്ഡപുരാണം', 'ദേവീമാഹാത്മ്യം', 'ഇരുപത്തിനാലു വൃത്തം', 'ശതമുഖരാമായണം', 'കൈവല്യനവനീതം' എന്നിവയെല്ലാം എഴുത്തച്ഛന്റെ കൃതികളാണെന്നു വാദമുണ്ടെങ്കിലും അക്കാര്യത്തില്‍ തീര്‍പ്പുണ്ടായിട്ടില്ല.

പൂന്താനം നമ്പൂതിരി
തുഞ്ചത്തെഴുത്തച്ഛന്റെ കാലത്തു തന്നെ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരി (1547 - 1640) യുടെ കാവ്യങ്ങള്‍ ലാളിത്യത്തിന്റെയും ഭക്തിയുടെയും പ്രസന്നപ്രവാഹങ്ങളായിരുന്നു. തത്ത്വചിന്തയെ അതിലളിതമായി അവതരിപ്പിച്ച അവ കവിതയെ സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠിതമാണ്. 'ജ്ഞാനപ്പാന', 'സന്താനഗോപാലം', 'ഭാഷാ കര്‍ണാമൃതം' എന്നിവയും 'ഘനസംഘം', 'ആമ്പാടിതന്നിലൊരുണ്ണി', 'കണ്ണനാമുണ്ണിയെക്കാണുമാറാകണം' തുടങ്ങിയ സങ്കീര്‍ത്തനങ്ങളുമാണ് പൂന്താനത്തിന്റെ രചനകള്‍.

ആട്ടക്കഥ
17-ാം നൂറ്റാണ്ടില്‍ ഉടലെടുത്ത രംഗകലാരൂപമായ കഥകളിയുടെ സാഹിത്യമാണ് ആട്ടക്കഥ. ആടാനുള്ള കഥ എന്നര്‍ത്ഥം. കൊട്ടാരക്കരത്തമ്പുരാന്‍ ചിട്ടപ്പെടുത്തിയ രാമനാട്ടമാണ് കഥകളിയായി മാറിയത്. കഥകളിയുടെ ഉപജ്ഞാതാവായി കൊട്ടാരക്കര തമ്പുരാനെ ഗണിക്കുന്നതും അതുകൊണ്ടാണ്. ശ്രീരാമകഥയെ എട്ടു ദിവസം കൊണ്ട് അഭിനയിക്കാവുന്ന രീതിയില്‍ അദ്ദേഹം ചിട്ടപ്പെടുത്തി. രാമനാട്ടത്തെ സംസ്കരിച്ച് ഗുണപുഷ്കലമാക്കിയത് കോട്ടയത്തു തമ്പുരാനാണ്. 'ബകവധം', 'കല്യാണസൗഗന്ധികം', 'കിര്‍മീരവധം', 'കാലകേയവധം' എന്നീ ആട്ടക്കഥകള്‍ അദ്ദേഹം രചിച്ചു. ആട്ടക്കഥാസാഹിത്യത്തിലെ നാലു മണിസ്തംഭങ്ങളാണ് അവ. തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാളിന്റെ (ധര്‍മരാജാവ്) 'രാജസൂയം', 'സുഭദ്രാഹരണം', 'ബകവധം', 'പാഞ്ചാലീ സ്വയംവരം', 'കല്യാണസൗഗന്ധികം', അശ്വതി തിരുനാള്‍ മഹാരാജാവിന്റെ 'രുക്മിണീ സ്വയംവരം', 'പൂതനാമോക്ഷം', 'അംബരീഷചരിതം', 'പൗണ്ഡ്രകവധം', ഇരയിമ്മന്‍ തമ്പി (1783 - 1856) യുടെ 'ഉത്തരാസ്വയംവരം', 'ദക്ഷയാഗം', 'കീചകവധം' കിളിമാനൂര്‍ വിദ്വാന്‍ കോയിത്തമ്പുരാന്റെ (1823 - 1857) 'രാവണവിജയം' തുടങ്ങി ഒട്ടേറെ പ്രശസ്തങ്ങളായ ആട്ടക്കഥകളാണ് കഥകളിക്കു ശക്തിയും ആസ്വാദ്യതയും പകര്‍ന്നത്.

ഇതെല്ലാമാണെങ്കിലും ആട്ടക്കഥാസാഹിത്യത്തിലെ നടുനായകം ഉണ്ണായിവാരിയര്‍ രചിച്ച 'നളചരിത'മാണ്. ആട്ടക്കഥയെന്ന നിലയിലും കാവ്യം എന്ന നിലയിലും 'നളചരിത'ത്തിന് മലയാള കാവ്യചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമുണ്ട്. 17-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ 18-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെയുള്ള കാലഘട്ടത്തിലാണ് ഉണ്ണായിവാരിയര്‍ ജീവിച്ചിരുന്നത്. ആട്ടക്കഥയെ നാടകവുമായി പരമാവധി അടുപ്പിക്കാന്‍ ശ്രമിച്ചത് ഉണ്ണായിവാരിയരാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

കുഞ്ചന്‍ നമ്പ്യാരും തുള്ളലും
കഥകളിക്കും ആട്ടക്കഥയ്ക്കും വരേണ്യസ്വഭാവമുണ്ടായിരുന്നെങ്കില്‍ തികഞ്ഞ ജനകീയതയായിരുന്നു തുള്ളലിന്റെയും തുള്ളല്‍പ്പാട്ടുകളുടെയും സ്വഭാവം. തുള്ളലിന്റെ ഉപജ്ഞാതാവായി പരിഗണിക്കപ്പെടുന്ന കുഞ്ചന്‍ നമ്പ്യാര്‍ (പതിനെട്ടാം നൂറ്റാണ്ട്) മലയാളത്തിന്റെ ജനകീയമഹാകവിയായതും മറ്റൊന്നു കൊണ്ടല്ല. നാടുവാഴിത്തസമൂഹത്തില്‍ ജീവിച്ച നമ്പ്യാര്‍ തന്റെ സാഹിത്യത്തെയും കലയെയും ആ സമൂഹത്തിന്റെ ഉപരിപ്ലവതയെയും നാട്യങ്ങളെയും വൈരുധ്യങ്ങളെയും തുറന്നു കാട്ടാനായി ഉപയോഗിച്ചു. പരിഹാസത്തിന്റെ കനത്ത ചാട്ടവാര്‍കൊണ്ട് അദ്ദേഹം സമൂഹത്തിന്റെ അധാര്‍മികതയെ തല്ലിച്ചതച്ചു. തുള്ളലിന്റെ ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നു ഭേദങ്ങള്‍ക്കും വേണ്ടിയുള്ള കൃതികള്‍ അദ്ദേഹം രചിച്ചു. തെളിഞ്ഞ മലയാളത്തില്‍, ഏതു പൗരാണികാന്തരീക്ഷത്തെയും തനികേരളീയമാക്കി നമ്പ്യാര്‍ അവതരിപ്പിച്ചപ്പോള്‍ അവയ്ക്ക് ജനസ്വീകാര്യത ലഭിച്ചു.

കല്യാണസൗഗന്ധികം, സഭാപ്രവേശം, കുംഭകര്‍ണവധം, ഘോഷയാത്ര, ഹനുമദുത്ഭവം, കാര്‍ത്തവീര്യവിജയം, നളചരിതം, സത്യാസ്വയംവരം, രുക്മിണീസ്വയം, പഞ്ചേന്ദ്രോപാഖ്യാനം, ധ്രുവചരിതം തുടങ്ങിയവയാണ് കുഞ്ചന്‍ നമ്പ്യാരുടെ പ്രധാന തുള്ളല്‍ക്കൃതികള്‍. ശ്രീകൃഷ്ണചരിതം മണിപ്രവാളം, പഞ്ചതന്ത്രം, ശിവപുരാണം കിളിപ്പാട്ട് തുടങ്ങിയ ഒട്ടേറെ കൃതികളും നമ്പ്യാര്‍ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നുവെങ്കിലും അവയ്‌ക്കൊന്നിനും മതിയായ തെളിവുകളില്ല.

രാമപുരത്തു വാരിയര്‍
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറ്റൊരു ശ്രേഷ്ഠ കവിയാണ് രാമപുരത്തു വാരിയര്‍ (1703 - 1763). 'കുചേലവൃത്തം വഞ്ചിപ്പാട്ട്' എന്ന ഒറ്റക്കൃതികൊണ്ടു തന്നെ അദ്ദേഹം മലയാള കവിതയില്‍ ശാശ്വത പ്രതിഷ്ഠ നേടി. ചേലപ്പറമ്പു നമ്പൂതിരി (1690 - 1780) യുടെ ഒറ്റശ്ലോകങ്ങളും (മുക്തകങ്ങള്‍) ഈ കാലഘട്ടത്തിലെ കവിതയുടെ തിളങ്ങുന്ന മാതൃകകളാണ്.

കൊടുങ്ങല്ലൂര്‍ക്കളരി
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലയളവില്‍ കൊടുങ്ങല്ലൂര്‍ കോവിലകം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘം കവികള്‍ മലയാള കവിതയില്‍ ഗുണകരമായ മാറ്റത്തിനു വഴിതെളിച്ചു. വെണ്മണി അച്ഛന്‍ നമ്പൂതിരി (1817 - 1891), വെണ്‍മണി മഹന്‍ നമ്പൂതിരി (1844 - 1893), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1865 - 1913), കൊച്ചുണ്ണിത്തമ്പുരാന്‍ (1858 - 1926) തുടങ്ങിയവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകര്‍. നടുവത്ത് അച്ഛന്‍ നമ്പൂതിരി (1841 - 1913) ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (1857 - 1916), ശീവൊള്ളി നാരായണന്‍ നമ്പൂതിരി (1869 - 1906), കാത്തുള്ളില്‍ അച്യുതമേനോന്‍ (1851 - 1910), കുണ്ടൂര്‍ നാരായണ മേനോന്‍ (1862 - 1936), കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 - 1937) തുടങ്ങിയ കവികളും അതിന്റെ വളര്‍ച്ചയ്ക്കു സഹായിച്ചു.

സംസ്കൃതത്തിനു മേല്‍ക്കോയ്മയുണ്ടായിരുന്ന കാവ്യഭാഷയെ മലയാള പ്രധാനമാക്കി മാറ്റുകയാണ് കൊടുങ്ങല്ലൂര്‍കളരിക്കാരായ കവികള്‍ ചെയ്തത്. ഭാഷാകവിത, പച്ചമലയാളം എന്നീ പേരുകള്‍ ഈ പ്രസ്ഥാനത്തിനുണ്ടായതും അങ്ങനെയാണ്. പൗരാണിക കഥാസന്ദര്‍ഭങ്ങളെക്കാള്‍ നാടന്‍ ജീവിതരംഗങ്ങള്‍ അവര്‍ കവിതയ്ക്കു വിഷയമാക്കി. എന്നാല്‍ കവിതയെ ഉപരിപ്ലവമായ വര്‍ണനങ്ങളുടെ ഉപാധിയാക്കി മാറ്റിയ ഈ കവികളില്‍ പലരും അതിനെ കേവല വിനോദോപാധിയുടെ നിലയിലേക്കു തരം താഴ്ത്തിയെന്നു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. പത്ര മാസികകള്‍ വ്യാപകമായിത്തുടങ്ങിയ കാലഘട്ടത്തില്‍ എഴുതിയിരുന്ന ഈ കവികള്‍ സമസ്യാപൂരണം, മുക്തകരചന, കാവ്യരൂപത്തിലുള്ള കത്തുകള്‍, തര്‍ക്കങ്ങള്‍ തുടങ്ങിയവയിലും അഭിരമിച്ചു. മലയാളഭാഷയുടെ തനിമയ്ക്കും ജനജീവിതചിത്രീകരണത്തിനും വേണ്ടി വാദിച്ചുവെങ്കിലും വിനോദവും ശൃംഗാരവും ഉപരിപ്ലവതയും കൊണ്ട് രചനകള്‍ നിറച്ച അവര്‍ക്ക് കവിതയെ കലാപരമായ ഔന്നത്യത്തിലേക്ക് ഉയര്‍ത്താനായില്ല. വേദവ്യാസന്റെ മഹാഭാരതം 872 ദിവസം കൊണ്ടു വിവര്‍ത്തനം ചെയ്ത് അദ്ഭുതം സൃഷ്ടിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കൊടുങ്ങല്ലൂര്‍ക്കവികളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു.

കേരളവര്‍മയും രാജരാജവര്‍മയും
ഒരു വശത്ത് വിനോദപ്രധാനമായ പച്ചമലയാളവും മറുവശത്ത് കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ അതിശക്തമായി നിന്ന സംസ്കൃതമേധാവിത്വപരമായ നിയോക്ലാസിക്കല്‍ പാരമ്പര്യവും പരസ്പരാഭിമുഖമായി നില്‍ക്കുന്നതായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലെ മലയാള കവിതാരംഗം. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ (1845 - 1914) ആയിരുന്നു ഈ കാലഘട്ടത്തിലെ സാഹിത്യചക്രവര്‍ത്തി. സംസ്കൃതത്തില്‍ മാത്രം കവിതയെഴുതുകയും “നാടകം, ആട്ടക്കഥ, ഉപന്യാസം, മുതലായ പ്രസ്ഥാനങ്ങളില്‍ ചിലതിനെ നൂതനമായി അവതരിപ്പിച്ചും മറ്റു ചിലതിനെ പരിപോഷിപ്പിച്ചും അദ്ദേഹം കൈരളിയെ അനുഗ്രഹിച്ചു. പത്രങ്ങള്‍ക്കും മാസികകള്‍ക്കും കേരളവര്‍മയായിരുന്നു മുഖ്യരക്ഷാധികാരി. സാംസ്കാരിക സംഘടനകളുടെ തലപ്പന്തിയെ അലങ്കരിച്ചിരുന്ന നേതാക്കന്മാരില്‍ അഗ്രിമനും അദ്ദേഹമായിരുന്നു. മഹാരാജബന്ധുവായ വലിയകോയിത്തമ്പുരാന് സമൂഹത്തില്‍ സിദ്ധിച്ചിരുന്ന സമുന്നത പദവി അനിഷേധ്യമായ സാഹിത്യനേതൃത്വം വഹിക്കാന്‍ അദ്ദേഹത്തിനു സൗകര്യം ഉണ്ടാക്കിക്കൊടുത്തു” മലയാളസാഹിത്യത്തിന്റെ വികാസത്തില്‍ നിര്‍ണായകമായ പങ്കു വഹിക്കാനും കേരളവര്‍മയ്ക്കു കഴിഞ്ഞു.

സംസ്കൃതത്തില്‍ കവിതയെഴുതിയിരുന്ന കേരളവര്‍മ സംസ്കൃതത്തില്‍ നിന്നു മലയാളത്തിലേക്കു നടത്തിയ കാവ്യപരിഭാഷകളില്‍ സംസ്കൃതം നിറഞ്ഞ മണിപ്രവാളശൈലിയാണ് സ്വീകരിച്ചത്. ശബ്ദസൗന്ദര്യത്തിലും ശയ്യാസുഖത്തിലും പ്രാസദീക്ഷയിലും ഭ്രമിച്ച ആ കാവ്യരീതി മലയാളത്തോടോ പുതുമയോടോ ആഭിമുഖ്യം കാട്ടുന്നതായിരുന്നില്ല. എന്നാല്‍ ഇതിന്റെ എതിര്‍ധ്രുവത്തിലായിരുന്നു അദ്ദേഹത്തിന്റെ അനന്തരവനായ എ. ആര്‍. രാജരാജവര്‍മ. സ്വതന്ത്രമലയാളശൈലിയില്‍ സംസ്കൃതത്തില്‍ നിന്നു കാവ്യവിവര്‍ത്തനം നടത്തുകയും പ്രാസദീക്ഷയും അലങ്കാരഭ്രമവും കൂടാതെ കാല്പനിക സ്വഭാവമുള്ള കവിതകള്‍ എഴുതുകയും വ്യാകരണമായ 'കേരളപാണിനീയം', വൃത്തശാസ്ത്രമായ 'വൃത്തമഞ്ജരി', അലങ്കാരശാസ്ത്രമായ 'ഭാഷാഭൂഷണം' എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ എഴുതുകയും ചെയ്ത രാജരാജവര്‍മ നവീനതയുടെ അഗ്രദൂതനായിരുന്നു. സ്വതന്ത്രമായ മലയാള കാവ്യഭാഷയ്ക്കും ശൈലിക്കും വേണ്ടിയുള്ള നിലപാടാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. കൊടുങ്ങല്ലൂര്‍ക്കളരിക്കാരുടേതുപോലെ ഉപരിപ്ലവമായ മലയാളത്തനിമാബോധമായിരുന്നില്ല അത്. കേരളവര്‍മയും രാജരാജവര്‍മയും തമ്മിലുള്ള പക്ഷാന്തരം 'പ്രാസവാദ'ത്തിലൂടെ മലയാള കവിതയില്‍ മാറ്റത്തിനു നാന്ദി കുറിച്ചു.

പ്രാസവാദം
കവിതയിലെ ദ്വിതീയാക്ഷരപ്രാസം ആവശ്യമാണോ എന്ന പ്രശ്‌നത്തെച്ചൊല്ലി പത്രമാസികകളിലൂടെ ഉണ്ടായ 'പ്രാസവാദം' കേവലമൊരു തര്‍ക്കം മാത്രമായിരുന്നില്ല. ആധുനികതയെക്കുറിച്ചു നടന്ന ആദ്യത്തെ സംവാദമായിരുന്നു അത്. ദ്വിതീയാക്ഷരപ്രാസഭ്രമത്തെ വിമര്‍ശിച്ചുകൊണ്ട് 1891-ല്‍ മലയാള മനോരമ പത്രത്തില്‍ (അക്കാലത്ത് പത്രങ്ങള്‍ സാഹിത്യത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്നു) ഒരാള്‍ പേരു വെളിപ്പെടുത്താതെ എഴുതിയ ലേഖനമാണ് പ്രാസവാദത്തിനു തിരികൊളുത്തിയത്. 1903-ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാള വിഭാഗത്തില്‍ കവി കെ. സി. കേശവ പിള്ള നടത്തിയ പ്രഭാഷണം വീണ്ടും പ്രാസവാദത്തെ സജീവമാക്കി.

ദ്വിതീയാക്ഷരപ്രാസ (കവിതയിലെ ഓരോ രണ്ടു വരിയിലും രണ്ടാമത്തെ അക്ഷരം ഒന്നു പോലെ വരുന്നതാണ് ദ്വിതീയാക്ഷരപ്രാസം) ത്തെ അനുകൂലിച്ചവര്‍ കേരളവര്‍മ്മയ്ക്കു കീഴിലും എതിര്‍ത്തവര്‍ രാജരാജവര്‍മ്മയ്ക്കു കീഴിലും അണിനിരന്നതോടെ പ്രാസവാദം പാരമ്പര്യവും നവീനതയും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ കേരളവര്‍മ പക്ഷത്തും കെ. സി. കേശവപിള്ള രാജരാജവര്‍മ പക്ഷത്തും പടനയിച്ചു. അമ്മാവനും അനന്തരവനുമാകട്ടെ നേരിട്ടേറ്റുമുട്ടിയതുമില്ല. പിന്നീട് മലയാള കവിതയില്‍ നവീനതയുടെ അരുണോദയമുണ്ടായത് രാജരാജന്‍ വെട്ടിയ വഴിയിലൂടെയായിരുന്നു.

ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുതിയ കാവ്യബോധത്തിന്റെയും ആശയപരിവര്‍ത്തനത്തിന്റെയും അന്തരീക്ഷത്തില്‍ ഉദിച്ചുയര്‍ന്ന മൂന്നു കവികള്‍ മലയാള കവിതയെ നവചക്രവാളത്തിലേക്കു വിമോചിപ്പിച്ചു. കുമാരനാശാന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണമേനോന്‍ എന്നിവരായിരുന്നു അവര്‍. മഹാകാവ്യങ്ങളുമായി നിയോക്ലാസിക് പാരമ്പര്യത്തില്‍ നിന്ന് ആരംഭിച്ച ഉള്ളൂരും വള്ളത്തോളും വളരെ വേഗമാണ് പുതുഭാവുകത്വത്തെ പുല്‍കിയത്. വി. സി. ബാലകൃഷ്ണപ്പണിക്കര്‍, സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റി എന്നിവരായിരുന്നു ഈ നവതരംഗത്തിന്റെ പതാകവാഹകര്‍.

1907-ല്‍ രചിച്ച 'വീണപൂവ്' എന്ന ചെറുകാവ്യത്തിലൂടെ കുമാരനാശാന്‍ (1873 - 1924) ആ നവീനതയുടെ വിപ്ലവത്തിന് അരങ്ങൊരുക്കി. എസ്. എന്‍. ഡി. പി. യോഗത്തിന്റെ ആദ്യ സെക്രട്ടറിയും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ബാംഗ്ലൂരിലും കൊല്‍ക്കത്തയിലും സംസ്കൃത വിദ്യാഭ്യാസം നേടിയയാളുമായ കുമാരനാശാന് സാമൂഹികരംഗത്തും കാവ്യരംഗത്തും ഉണ്ടായി വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ എളുപ്പം കഴിഞ്ഞു. തത്ത്വചിന്താപരമായിരുന്നു ആശാന്റെ കവിത. സാമൂഹികമാറ്റത്തിനായി ആഹ്വാനം ചെയ്യുന്ന നവോത്ഥാനസ്വരവും അതില്‍ മുഴങ്ങി. 'നളിനി', 'ലീല', 'ചിന്താവിഷ്ടയായ സീത', 'പ്രരോദനം', 'ചണ്ഡാലഭിക്ഷുകി', 'ദുരവസ്ഥ' എന്നിവയാണ് ആശാന്റെ പ്രധാന ഖണ്ഡകാവ്യങ്ങള്‍. 'പുഷ്പവാടി', 'വനമാല', 'മണിമാല' എന്നീ കവിതാസമാഹാരങ്ങളുമുണ്ട്. സ്വാമി വിവേകാനന്ദന്റെ 'രാജയോഗ'ത്തിന്റെ പരിഭാഷ, ബാലരാമായണം എന്നിവയാണ് ആശാന്റെ മറ്റു പ്രധാന കൃതികള്‍.

മണിപ്രവാളകൃതികള്‍, കൈകൊട്ടിക്കളിപ്പാട്ടുകള്‍, വാല്‍മീകി രാമായണവിവര്‍ത്തനം, ചിത്രയോഗം മഹാകാവ്യം, സംസ്കൃത നാടക പരിഭാഷകള്‍ തുടങ്ങിയവയുമായി സാഹിത്യരംഗത്തു നിറഞ്ഞു നിന്നിരുന്ന വള്ളത്തോള്‍ നാരായണമേനോന്‍ (1878 - 1958) 'ബധിരവിലാപം' (1910)എന്ന ലഘുകാവ്യത്തോടെ പുതിയ കാവ്യസരണിയുടെ മുഖ്യപ്രയോക്താക്കളില്‍ ഒരാളായി. 'ഗണപതി', 'ബന്ധനസ്ഥനായ അനിരുദ്ധന്‍', 'ഒരു കത്ത്', 'ശിഷ്യനും മകനും', 'അച്ഛനും മകളും', 'മഗ്ദലന മറിയം' എന്നിവയാണ് വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങള്‍. കവിതകളുടെ സമാഹാരങ്ങളാണ് എട്ടുഭാഗങ്ങളുള്ള 'സാഹിത്യമഞ്ജരി'. പ്രകൃതി സൗന്ദര്യത്തിന്റെയും ദേശീയതയുടെയും കവിയായിരുന്നു വള്ളത്തോള്‍. കേരളത്തോടും ഭാരതത്തോടുമുള്ള ഭക്തിയും പ്രേമവും അദ്ദേഹത്തിന്റെ കവിതയെ കാല്പനിക സുന്ദരമാക്കി. പദസൗന്ദര്യം കൊണ്ടും ലാളിത്യം കൊണ്ടും അവ ജനപ്രിയമായി. കേരളകലാമണ്ഡലം സ്ഥാപിച്ചതും വള്ളത്തോള്‍ ആയിരുന്നു.

മഹാപണ്ഡിതനായിരുന്നു ഉള്ളൂര്‍. കവിതയില്‍ മാത്രമല്ല ഗവേഷണത്തിലും സാഹിത്യ ചരിത്രരചനയിലും യശ:സ്തംഭമായി നില്‍ക്കുന്നു. സംസ്കൃതത്തിന്റെയും നിയോക്ലാസിസത്തിന്റെയും പാരമ്പര്യത്തില്‍ നിന്നു തുടങ്ങിയ അദ്ദേഹം ആശാനും വള്ളത്തോളിനും പിന്നാലേ നവീനകാവ്യസരണിയില്‍ എത്തിച്ചേര്‍ന്നു. ഉള്ളൂരിന്റെ 'ഉമാ കേരളം' മഹാകാവ്യം കിടയറ്റ രചനയായി പരിഗണിക്കപ്പെടുന്നു. 'ചിത്രശാല', 'പിംഗള', 'കര്‍ണഭൂഷണം', 'ഭക്തിദീപിക' എന്നീ ഖണ്ഡകാവ്യങ്ങളും 'കിരണാവലി', 'താരഹാരം', 'തരംഗിണി', 'അരുണോദയം', 'മണിമഞ്ജുഷ', 'ഹൃദയകൗമുദി', 'ദീപാവലി', 'രത്‌നമാല', 'അമൃതധാര', 'കല്പശാഖി', 'തപ്തഹൃദയം' എന്നീ സമാഹാരങ്ങളുമാണ് ഉള്ളൂരിന്റെ മുഖ്യകാവ്യകൃതികള്‍.

നാലപ്പാട്ട് നാരായണമേനോന്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, കുറ്റിപ്പുറത്തു കേശവന്‍ നായര്‍, വരിക്കോലില്‍ കേശവന്‍ ഉണ്ണിത്താന്‍, വള്ളത്തോള്‍ ഗോപാല മേനോന്‍, കുട്ടമത്ത് കുന്നിയൂര് കുഞ്ഞികൃഷ്ണക്കുറുപ്പ്, വി. ഉണ്ണികൃഷ്ണന്‍ നായര്‍, കെ. എം. പണിക്കര്‍, ബോധേശ്വരന്‍, പള്ളത്തു രാമന്‍, കെ. കെ. രാജാ, മേരി ജോണ്‍ കൂത്താട്ടുകുളം, കടത്തനാട്ടു മാധവിയമ്മ, എം. ആര്‍. കൃഷ്ണവാരിയര്‍, മലേഷ്യാ രാമകൃഷ്ണപിള്ള, ശാസ്തമംഗലം രാമകൃഷ്ണപിള്ള, അരീപ്പറമ്പില്‍ നാരായണ മേനോന്‍, വി. പി. കെ. നമ്പ്യാര്‍, പന്തളം കെ. പി. രാമന്‍ പിള്ള, എന്‍. ഗോപാല പിള്ള തുടങ്ങിയ ഒട്ടേറെ സ്മരണീയരായ കവികള്‍ ഈ തലമുറയിലും പിന്നാലേയുമായി ഉണ്ടായി.

വസന്തഗായകര്‍
ആധുനിക കവിത്രയത്തിനു പിന്നാലേ ഉയര്‍ന്നു വന്ന കവികളില്‍ കാല്പനികതയുടെ വസന്തഗീതങ്ങള്‍ ആലപിച്ച് കാവ്യചരിത്രത്തില്‍ സ്വന്തം ഇടങ്ങള്‍ നേടിയവരാണ്. ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമന്‍ നായര്‍, ബാലാമണിയമ്മ, ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവന്‍ പിള്ള, വൈലോപ്പിള്ളി ശ്രീധരമേനോന്‍, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍. സാജാത്യത്തെക്കാള്‍ വൈജാത്യമാണ് ഈ കവികള്‍ക്കിടയിലുള്ളത്. അക്കിത്തം, അച്യുതന്‍ നമ്പൂതിരി, ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്, എന്‍. വി. കൃഷ്ണവാരിയര്‍, പാലാ നാരായണന്‍ നായര്‍, എം. പി. അപ്പന്‍, പി. ഭാസ്കരന്‍, ജി. കുമാരപിള്ള, നാലാങ്കല്‍ കൃഷ്ണപിള്ള തുടങ്ങിയവര്‍ കൂടി ഉള്‍പ്പെട്ട വലിയ കവിനിരയാണ് ഈ കാലഘട്ടത്തിന്റേത്.

ആദ്യത്തെ ജ്ഞാനപീഠപുരസ്കാരം നേടിയ ജി. ശങ്കരക്കുറുപ്പിന്റെ കവിത ആധ്യാത്മികതയുടെയും യോഗാനുഭൂതികളുടെയും പ്രപഞ്ചദര്‍ശനത്തിന്റെയും സമ്മിളിതരൂപമാണ്. ധ്യാന്യാത്മകമായ കാല്പനിക ശൈലി പില്‍ക്കാല കവിതകളില്‍ അദ്ദേഹം വികസിപ്പിച്ചെടുത്തു. കാല്പനികതയുടെ യഥാര്‍ത്ഥ കാഹളവാദകര്‍ ചങ്ങമ്പുഴയും ഇടപ്പള്ളിയുമായിരുന്നു. “1930-കളിലെ അസ്വസ്ഥമായ കാലാവസ്ഥയില്‍ അവരുടെ സ്വരം വിഷണ്ണവും വേദനാഭരിതവുമായി. സംഗീതാത്മകവും ആലാപനപ്രധാനവുമായ കവിതയിലൂടെ ഇടപ്പള്ളി കാല്പനികതയുടെ വരവറിയിച്ചു. ചങ്ങമ്പുഴ അത് തരംഗമാക്കിത്തീര്‍ത്തു. വള്ളത്തോള്‍പ്പാരമ്പര്യത്തില്‍ വികസിക്കാന്‍ തുടങ്ങിയ കവിതയെ ആത്മാലാപനത്തിന്റെ തീവ്രതയില്‍ ചങ്ങമ്പുഴ ലംഘിച്ചു. സ്വയം സംസാരിക്കുന്ന ഭാഷയെ അഴിച്ചു വിട്ടുകൊണ്ട് ചങ്ങമ്പുഴ കാവ്യഭാഷയില്‍ വിപ്ലവം നടത്തി. പില്‍ക്കാല കവികള്‍ക്ക് ഭാഷാബോധം നല്‍കിയതിനോടൊപ്പം തങ്ങള്‍ വിട്ടുപോരേണ്ട ഇടങ്ങളെക്കുറിച്ചുള്ള ബോധം കൂടി നല്‍കിയ മധുശാലയായിരുന്നു ചങ്ങമ്പുഴയുടെ കവിത”.

ചങ്ങമ്പുഴ സൃഷ്ടിച്ച കടും നിറങ്ങളുടെ ലോകത്തില്‍ നിന്നു വ്യത്യസ്തമായിരുന്നു പി.യുടെയും വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും കാല്പനികത. പി.യില്‍ അത് കേരള പ്രകൃതിയോടും ഭൂതകാലത്തോടുമുള്ള സംവാദമായും ഇടശ്ശേരിയില്‍ ഗ്രാമീണ കര്‍ഷക ജീവിതത്തിന്റെ കൊടിയ യാഥാര്‍ത്ഥ്യത്തിന്റെ വാഹകമായും വികസിച്ചു. ആധുനികശാസ്ത്രത്തോടുള്ള ബന്ധത്തില്‍ നിന്നു ജനിച്ച കര്‍ക്കശമായ യുക്തിബോധവും പുരോഗതിയിലുള്ള വിശ്വാസവും കാവ്യപരമായ അച്ചടക്കവും വൈലോപ്പിള്ളിയുടെ ഈണങ്ങള്‍ക്ക് വൈദ്യുത കാന്തി നല്‍കി. ആധുനികതയെ വ്യത്യസ്തമായ അളവുകളില്‍ അഭിമുഖീകരിക്കാനാണ് ഈ മൂന്നു കവികളും ശ്രമിച്ചത്.

ചുവക്കുന്ന കവിത
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയസമരങ്ങളുടെയും അന്തരീക്ഷം 1940-കളില്‍ കവിതയില്‍ ഒരു ചുവന്ന യുഗത്തിനു കളമൊരുക്കി. പി. ഭാസ്കരന്‍, പുതുശ്ശേരി രാമചന്ദ്രന്‍, വയലാര്‍ രാമവര്‍മ, ഒ. എന്‍. വി. കുറുപ്പ് തുടങ്ങിയവരായിരുന്നു ഈ അരുണ കാല്പനികതയുടെ പ്രതിനിധികള്‍. അടുത്ത ദശകത്തിന്റെ അവസാനത്തോടെ ആ കാവ്യരീതിയില്‍ നിന്ന് ഈ കവികള്‍ പിന്മാറിയതായി കാണാം.

നവകാല്പനികത
അരുണയുഗത്തിന്റെ കവികള്‍ ആത്മാനുഭൂതി കേന്ദ്രിതമായ ഭാവഗീതങ്ങളിലേക്കാണു പിന്മാറിയത്. നവകാല്പനികതയുടെ പിറവിയായിരുന്നു അത്. 1960-കളില്‍ ആവിര്‍ഭവിച്ച ആധുനിക കവിതയ്ക്കു സമാന്തരമായി അതു മുന്നേറി. എന്‍. വി. കൃഷ്ണവാരിയര്‍, ഒ. എന്‍. വി. കുറുപ്പ്, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവരിലാണ് നവകാല്പനികതയുടെ ചിറകൊച്ച ഏറ്റവും നന്നായി കേള്‍ക്കാനാവുക. ആര്‍. രാമചന്ദ്രനില്‍ അത് ആധുനികതയോട് അടുപ്പം കാട്ടി. എന്‍. എന്‍. കക്കാടിലും മാധവന്‍ അയ്യപ്പത്തിലും ഈ സവിശേഷത കാണാം.

ആധുനികതയിലേക്ക്
പാരമ്പര്യവിരുദ്ധവും പരീക്ഷണോന്മുഖവുമായ ആധുനിക കവിതാപ്രസ്ഥാനം 1960-കളില്‍ ആവിര്‍ഭവിച്ചു. അടുത്ത ദശകത്തിലാണ് അത് തീവ്രസാന്നിധ്യമായിത്തീര്‍ന്നത്. അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്ര'ത്തെയാണ് പൊതുവേ ആധുനികതയുടെ തുടക്കമായി കണക്കാക്കുന്നത്. എന്‍. വി. കൃഷ്ണവാരിയരുടെ ചില കവിതകളും ആധുനികഭാവുകത്വത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നതായി കാണാം. അയ്യപ്പപ്പണിക്കര്‍, എം ഗോവിന്ദന്‍, ആര്‍. രാമചന്ദ്രന്‍, ആറ്റൂര്‍ രവിവര്‍മ, എം. എന്‍. പാലുര്, എന്‍. എന്‍. കക്കാട്, ചെറിയാന്‍ കെ. ചെറിയാന്‍, മാധവന്‍ അയ്യപ്പത്ത്, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, കെ. ജി. ശങ്കരപ്പിള്ള, ഡി. വിനയചന്ദ്രന്‍, ദേശമംഗലം രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മുതല്‍ എ. അയ്യപ്പനും ബാലചന്ദ്രന്‍ ചുള്ളിക്കാടും വരെ നീളുന്നതാണ് ആധുനികരുടെ തലമുറ. ഛന്ദോമുക്തതയും ഗദ്യവും വിരുദ്ധോക്തിയും ശിഥില ബിംബങ്ങളും സ്വഭാവമായ ആധുനിക കവിത ആധുനിക കാലഘട്ടത്തിലെ സ്വത്വപ്രതിസന്ധി, ഗ്രാമജീവിതത്തകര്‍ച്ച, നഗരവത്കരണം, വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, ശൂന്യതാബോധം തുടങ്ങിയ പ്രശ്‌നങ്ങളാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. അങ്ങേയറ്റത്തെ വ്യക്തികേന്ദ്രിതത്വത്തിനു സമാന്തരമായി തീവ്ര ഇടതുപക്ഷ സൗന്ദര്യബോധവും ആധുനികതയിലുണ്ടായിരുന്നു.

ഉത്തരാധുനികത
1990-കള്‍ മുതല്‍ ഉരുത്തിരിഞ്ഞു വന്ന ഭാവുകത്വമാണ് ഉത്തരാധുനികത. ആധുനികതയില്‍ നിന്നു വിട്ടുമാറാനുള്ള യത്‌നമാണ് പ്രധാനമായും ഈ കാവ്യധാരയിലുള്ളത്. അന്‍വര്‍ അലി, പി. പി. രാമചന്ദ്രന്‍, വിജയലക്ഷ്മി, കെ. ആര്‍. ടോണി, വി. എം. ഗിരിജ, റഫീക് അഹമ്മദ്, മനോജ് കുറൂര്‍, എസ്. ജോസഫ് തുടങ്ങിയ ഒട്ടേറെ കവികള്‍ എഴുതിക്കൊണ്ടിരിക്കുന്നതാണ് ഉത്തരാധുനിക തലമുറ. 


 

Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia