സി. കൃഷ്‌ണന്‍

സി. കൃഷ്‌ണന്‍

നാരായണഗുരുവിന്റെ സിദ്ധാന്തങ്ങള്‍ പ്രായോഗിക തലത്തിലെത്തിക്കുവാന്‍ വേണ്ടി പരിശ്രമിച്ച പ്രഗത്ഭനായ പത്രാധിപരും സാമൂഹികപ്രവര്‍ത്തകനുമാണ്‌ മിതവാദി കൃഷ്‌ണന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന സി. കൃഷ്‌ണന്‍. കേരളത്തിലെ അവര്‍ണ്ണ സമുദായങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ആയുധമായിരുന്നു `മിതവാദി' പത്രം. വിദ്യ കൊണ്ട്‌ സ്വതന്ത്രരാവുക എന്ന ഗുരു സന്ദേശമായിരുന്നു അതിന്റെ ആപ്‌തവാക്യം. തീയരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിഷേധിക്കുവാന്‍ സ്‌ഥാപിച്ച കോഴിക്കോട്ടെ തളിറോഡിലെ `തീണ്ടല്‍ പലക' എടുത്തു മാറ്റാനും സഹോദരന്‍ അയ്യപ്പനുമായി ചേര്‍ന്ന്‌ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ `കോഴിവെട്ടു'നിര്‍ത്തലാക്കാനും അദ്ദേഹം മുന്നോട്ടുവന്നു.

ഉയര്‍ന്ന ആദര്‍ശബോധവും, സേവനതൃഷ്‌ണയും, മികച്ച അഭിപ്രായ ധീരതയും ഒത്തിണങ്ങിയ വ്യക്‌തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. മതാചാരങ്ങളിലും മറ്റും അദ്ദേഹത്തിന്‌ വിശ്വാസമില്ലെങ്കിലും ഗുരുവില്‍ അടിയുറച്ച വിശ്വാസവും, ആദരവുമായിരുന്നു. പത്രമാണ്‌ ഏറ്റവും നല്ല സമരായുധമെന്ന്‌ മനസ്സിലാക്കിയ അദ്ദേഹം `കേരള സഞ്ചാരി'യുടെ പത്രാധിപത്യം ഏറ്റെടുത്തു.

സ്വന്തം നിലയില്‍ `ബാലപ്രബോധിനി' എന്ന പേരില്‍ ഒരു സംസ്‌കൃതപാഠശാല കോഴിക്കോട്ട്‌ അദ്ദേഹം നടത്തിയിരുന്നു. ബുദ്ധമതത്തില്‍ വിശ്വസിക്കുകയും അത്‌ ജീവിത വ്രതമായി കാണുകയും ചെയ്‌ത ഗുരുദേവ ശിഷ്യനായിരുന്നു സി.കൃഷ്‌ണന്‍.

മൂര്‍ക്കോത്തു കുമാരന്‍

മൂര്‍ക്കോത്തു കുമാരന്‍

നാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ പരിശ്രമിച്ച ശിഷ്യനായിരുന്നു മൂര്‍ക്കോത്തു കുമാരന്‍. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഒരു ലോഹ പ്രതിമ സ്‌ഥാപിച്ചുകൊണ്ടാണ്‌ ഗുരുവിനോടുള്ള ഭക്‌തി അദ്ദേഹം കാട്ടിയത്‌. മലയാള ഭാഷയില്‍ പത്രപ്രവര്‍ത്തനം ശൈശവദശയിലായിരുന്ന കാലത്ത്‌ അതിന്റെ പുരോഗതിയ്‌ക്കു വേണ്ടി അദ്ദേഹം ചെയ്‌തിട്ടുള്ള സേവനങ്ങള്‍ മഹത്താണ്‌. കേരള സഞ്ചാരി, ഗജകേസരി, കേരള ചിന്താമണി, ആത്മപോഷിണി തുടങ്ങിയവയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്ന വേളയിലാണ്‌ എസ്‌.എന്‍.ഡി.പി. യോഗവുമായും, കുമാരനാശാനുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിനവസരം കിട്ടിയത്‌.

പൗരോഹിത്യത്തിന്റെ തെറ്റായ പ്രവണതകളോട്‌ കലഹിച്ച്‌ ബുദ്ധമതത്തിനനുകൂലമായ നിലപാടെടുത്തെങ്കിലും ഗുരുവിന്റെ വാക്കുകള്‍ ചെവിക്കൊണ്ട്‌ പിന്നീട്‌ ഹിന്ദുമതത്തില്‍ തന്നെ ഉറച്ചു നിന്നു. ബ്രഹ്‌മവിദ്യാസംഘത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വേളയിലാണ്‌ ഗുരുവിന്റെ ആദര്‍ശങ്ങളില്‍ അദ്ദേഹം ആകൃഷ്‌ടനായത്‌. വടക്കേ മലബാറിലെ ജനങ്ങളില്‍ നിലനിന്നിരുന്ന അനാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും എതിര്‍ക്കുവാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. തലശ്ശേരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ ദളിതര്‍ക്ക്‌ പ്രവേശനം അനുവദിക്കുവാന്‍ മുന്നിട്ടു നിന്നതും ഇദ്ദേഹം തന്നെയാണ്‌.

ഗുരുവിന്റെ ജീവചരിത്രം രണ്ടു ഭാഗങ്ങളായി എഴുതി പ്രസിദ്ധീകരിച്ചു. സാഹിത്യത്തിന്റെ സമസ്‌ത മേലയിലും അദ്ദേഹം തന്റെ കഴിവ്‌ തെളിയിച്ചു. കവിയും, നാടകകൃത്തും, ചെറുകഥാകാരനും, സാഹിത്യനിരൂപകനും എല്ലാം കൂടിച്ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ സര്‍ഗ്ഗമണ്ഡലം. മലയാള കഥാസാഹിത്യം വികസിപ്പിച്ചെടുത്ത ആദ്യകാല കഥാകൃത്തുക്കളില്‍ അനിഷേധ്യമായ സ്‌ഥാനമാണ്‌ മൂര്‍ക്കോത്തിനുള്ളത്‌. ഗുരുവിന്റെ സന്ദേശങ്ങള്‍ കേരളത്തിനകത്തും, പുറത്തും പ്രചരിപ്പിക്കുന്നതിനു വേണ്ടി ആയുഷ്‌ക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചു.

മറ്റ് വിഷയങ്ങൾ