ടി.കെ. മാധവന്‍

സംഘടന കൊണ്ട്‌ ശക്‌തരാവുക എന്ന ഗുരുവിന്റെ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ മുന്നില്‍ നിന്ന ഗുരുവിന്റെ ശിഷ്യനായിരുന്നു ടി. കെ. മാധവന്‍. ആലുവയില്‍ സംസ്‌കൃത പാഠശാല തുടങ്ങുന്നതിനായി ഗുരുവിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ പങ്കാളിയായി. ഈ പ്രവര്‍ത്തനത്തിലൂടെ നേടിയ അനുഭവമാണ്‌ `ദേശാഭിമാനി' പത്രത്തിന്റെ രൂപീകരണത്തിലേയ്‌ക്ക്‌ അദ്ദേഹത്തെ നയിച്ചത്‌. ദേശാഭിമാനിയിലൂടെ അദ്ദേഹം തന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട്‌ സാമൂഹികനീതിയ്‌ക്കു വേണ്ടി പ്രവര്‍ത്തിച്ചു.

പൗരസമത്വവാദമായിരുന്നു സാമൂഹികരംഗത്ത്‌ ടി.കെ.മാധവന്‍ ഉയര്‍ത്തിവിട്ട പ്രധാന ആശയങ്ങളിലൊന്ന്‌. ജാതി-മത വ്യത്യാസമില്ലാതെ വിദ്യാലയങ്ങള്‍, പൊതുനിരത്തുകള്‍, പൊതുസ്‌ഥാപനങ്ങള്‍, എന്നിവിടങ്ങളിലുള്ള അവകാശ നിഷേധത്തിനെതിരെയായിരുന്നു പൗരസമത്വവാദം അദ്ദേഹം അവതരിപ്പിച്ചത്‌. കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പ്രവര്‍ത്തനത്തിലെ ഒന്നാമത്തെ ഇനമായി അയിത്തോച്ചാടനം ഉള്‍പ്പെടുത്തുവാന്‍ പ്രേരണ ചെലുത്തി. ഗുരുവിന്റെ അയിത്തോച്ചാടന പ്രവര്‍ത്തനത്തെ ടി.കെ. മാധവന്‍ ഏറ്റെടുത്തു.

വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസൂത്രധാരന്‍ ടി.കെ. മാധവന്‍ ആയിരുന്നു. കേരള രാഷ്‌ട്രീയത്തില്‍ ചെറുത്തു നില്‍പ്പിന്റെ ശബ്ദം മുഴങ്ങിയത്‌ വൈക്കം സത്യാഗ്രഹത്തിലൂടെയാണ്‌. 1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹം, 1936-ലെ തിരുവിതാംകൂര്‍ ക്ഷേത്ര പ്രവേശനം എന്നിവയ്‌ക്കും ടി.കെ. മാധവന്റെ സത്യാഗ്രഹാശയങ്ങളായിരുന്നു പ്രചോദനം. എസ്‌.എന്‍.ഡി.പി യുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രായോഗിക തലത്തിലെത്തിക്കുവാനുള്ളതാണെന്ന്‌ ഈഴവ സമുദായത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നു.

ഏതു സദസ്സിനെയും തന്റെ വാക്‌ചാതുര്യത്താല്‍ വശികരിക്കുവാനുള്ള അസാമാന്യ കഴിവ്‌ അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന അവസരത്തില്‍ തീണ്ടലും, തൊടീലും വിളംബരം മൂലം നിര്‍ത്തല്‍ ചെയ്യണമെന്ന്‌ വാദിക്കുവാന്‍ അദ്ദേഹം ധൈര്യം കാട്ടി. ക്ഷേത്രങ്ങളില്‍ പ്രവേശിച്ച്‌ അയിത്തത്തെ ബഹിഷ്‌ക്കരിച്ചാല്‍ മാത്രമേ അധ:സ്‌ഥിതരുടെ സകല അവകാശവാദങ്ങളും സഫലമാകൂ എന്ന്‌ അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ഒരു സാമുദായികവാദി എന്നതിനപ്പുറം ഒരു ദേശീയവാദി ആയിരുന്നു ടി.കെ. മാധവന്‍. ഈഴവസമുദായത്തെ ദേശീയ ധാരയില്‍ കൊണ്ടു വരുവാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെയും, ഗാന്ധിജി ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ നേതാക്കളെയും കേരളത്തിലെ അധ:കൃതരുടെ സ്വാതന്ത്ര്യത്തിനായി ബന്ധപ്പെടുത്തി എന്നത്‌ അദ്ദേഹം കൈവരിച്ച മികച്ച നേട്ടമായി കാണാം. നാരായണ ഗുരുവിന്റെ മദ്യവര്‍ജ്‌ജന സന്ദേശത്തിന്‌ ദേശീയ പ്രാധാന്യം നല്‍കിയതും ടി.കെ. മാധവനായിരുന്നു.

മറ്റ് വിഷയങ്ങൾ